This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോലിയാത്തി, പാല്‍മിറോ (1893 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോലിയാത്തി, പാല്‍മിറോ (1893 - 1964)

Togliatti,Palmiro

ഇറ്റലിയിലെ കമ്യൂണിസ്റ്റ് നേതാവ്. ജനോവയിലെ ഒരു ഇടത്തരം കുടുംബത്തില്‍ 1893 മാ. 26-ന് ജനിച്ചു. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം മാര്‍ക്സിസത്തില്‍ ആകൃഷ്ടനായിരുന്നു. ടൂറിന്‍ സര്‍വകലാശാലയില്‍ നിയമപഠനം നടത്തി. അന്റോണിയോ ഗ്രാംഷ്ചിയോടൊപ്പം തോലിയാത്തി സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുപോന്നു.

തോലിയാത്തി, പാല്‍മിറോ

ഇറ്റലിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കുന്നതിന് നേതൃത്വം നല്കിയവരില്‍ ഒരാളായിരുന്നു തോലിയാത്തി. മുസ്സോളിനിയുടെ ഭരണകൂടത്തിന്റെ പീഡനങ്ങള്‍ക്ക് ഇദ്ദേഹത്തിനു വിധേയനാകേണ്ടിവന്നു. 1926-ല്‍ ഇദ്ദേഹം ഫ്രാന്‍സിലേക്കു രക്ഷപെട്ടു. തുടര്‍ന്ന് 18 വര്‍ഷത്തോളം വിദേശത്തു ചെലവഴിച്ചു. ഈ കാലയളവില്‍ ഏറെക്കാലവും ഇദ്ദേഹം മോസ്കോയില്‍ ആയിരുന്നു. ഇറ്റലിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കേ ഒളിവിലിരുന്നുകൊണ്ട് ഇദ്ദേഹം 1926-ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ജോസഫ് സ്റ്റാലിന്റെ പിന്തുണയോടെ 1935-ല്‍ കോമിന്റേണിന്റെ (കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) സെക്രട്ടറിയായി. 1936 മുതല്‍ 39 വരെ നടന്ന സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കോമിന്റേണിന്റെ സ്പെയിനിലെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് തോലിയാത്തി സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്നു. 1944-ല്‍ ഇറ്റലിയില്‍ മടങ്ങിയെത്തി. പിന്നീട് ഇറ്റലിയില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത് അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. തോലിയാത്തിയുടെ നേതൃത്വത്തില്‍ ഇറ്റലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചിമ യൂറോപ്പിലെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകമായി വളര്‍ന്നു. ഇറ്റലിയില്‍ കൂട്ടുകക്ഷി മന്ത്രിസഭ രൂപവത്കരിക്കുന്നതിനും ഇദ്ദേഹം നേതൃത്വം നല്കിയിരുന്നു. ഭൂരിപക്ഷമുണ്ടായിരുന്ന ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റുകള്‍ കമ്യൂണിസ്റ്റുകാരെ ഭരണത്തില്‍നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് തോലിയാത്തി സോഷ്യലിസ്റ്റുകളുമായിച്ചേര്‍ന്ന് ഗവണ്മെന്റിനെതിരെ ശക്തമായ പോരാട്ടത്തിനു മുതിര്‍ന്നു. 1950-നുശേഷം ഇദ്ദേഹം പലതവണ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു. സോവിയറ്റ് യൂണിയനില്‍ അവധിക്കാലം ചെലവഴിക്കവേ 1964 ആഗ. 21-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍