This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോറ്റംപാട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോറ്റംപാട്ടുകള്‍

കേരളത്തിലെ ഒരു അനുഷ്ഠാനഗാനം. തോറ്റം എന്നത് സ്തോത്രത്തിന്റെ തദ്ഭവരൂപമായാണ് പൊതുവേ പരിഗണിക്കപ്പെട്ടുപോരുന്നത്. എന്നാല്‍ തോന്നുക, ഉത്പാദിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അര്‍ഥങ്ങളുള്ള പഴയൊരു ക്രിയാരൂപമാണ് തോറ്റം എന്നാണ് ഗുണ്ടര്‍ട്ടിന്റെ അഭിപ്രായം.

ശരീരത്തിലോ ദേവതാരൂപം ചിത്രീകരിച്ച കളത്തിലോ ആരാധനാസങ്കേതത്തിലോ ദേവചൈതന്യം ആവാഹിക്കുവാന്‍വേണ്ടി നടത്തുന്ന ഗാനങ്ങളാണ് തോറ്റംപാട്ടുകള്‍ എന്നു നിര്‍വചിക്കാം.

വ്യത്യസ്ത തരം തോറ്റംപാട്ടുകള്‍ കേരളത്തില്‍ നിലവിലുണ്ട്. ദക്ഷിണകേരളത്തില്‍ മുടിയേറ്റ്, കാളിയൂട്ട് എന്നിവയോടനുബന്ധിച്ചാണ് തോറ്റംപാട്ട് നടത്തുക. കുറുപ്പന്മാര്‍ മുടി എഴുന്നള്ളിച്ചിരുത്തുന്ന താത്കാലിക പന്തലിനു മുന്നില്‍ ചെറിയ ഓലപ്പുര കെട്ടി കൈമണികൊട്ടിപ്പാടുന്ന ഈ തോറ്റംപാട്ടിലെ ഇതിവൃത്തം ദാരികവധമാണ്. ഉത്തരകേരളത്തില്‍ തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനകലകള്‍ക്ക് പാടിവരുന്ന തോറ്റംപാട്ടുകള്‍ മറ്റു പ്രദേശങ്ങളിലെ പാട്ടുകളില്‍ നിന്നു വ്യത്യസ്തമാണ്. ഈ പ്രദേശത്തെ ചില പ്രധാന തോറ്റംപാട്ടുകളാണ് ദാരികവധംതോറ്റം, മഹിഷവധംതോറ്റം, യക്ഷിത്തോറ്റം, നാഗത്തോറ്റം, അയ്യപ്പന്‍തോറ്റം എന്നിവ.

തെക്കന്‍കേരളത്തിലെ ദേവീക്ഷേത്രങ്ങളിലുള്ള തോറ്റംപാട്ട്

മധ്യകേരളത്തില്‍ മണ്ണാന്‍ സമുദായക്കാരാണ് ഭഗവതിത്തോറ്റം പാടുന്നത്. കണ്ണകിയുടെ കഥ പറയുന്ന മണിമങ്കത്തോറ്റം ഇവരുടെ പ്രധാന പാട്ടുകളില്‍ ഒന്നാണ്. ഇടപ്പാള്‍, കൊച്ചി എന്നിവിടങ്ങളില്‍ വേലന്മാരുടെ തോറ്റംപാട്ടുണ്ട്. കളം വരച്ചശേഷം, ഭഗവതിയെ കുടിയിരുത്തുന്നു എന്ന സങ്കല്പത്തില്‍ പാടുന്ന തോറ്റംപാട്ടാണ് ഇത്. ദാരികവധം തോറ്റവും കണ്ണകിത്തോറ്റവും ഇക്കൂട്ടത്തില്‍ പ്രധാനങ്ങളാണ്.

ഭദ്രകാളിപ്പാട്ടും ശാസ്താംപാട്ടും നടത്തുന്ന കുറുപ്പന്മാര്‍ക്കും ഭദ്രകാളിത്തീയാട്ടു നടത്തുന്ന തീയാട്ടുണ്ണികള്‍ക്കും അയ്യപ്പന്‍ തീയാട്ട് നടത്തുന്ന തീയാടി നമ്പ്യാന്‍മാര്‍ക്കും തെയ്യംപാടികള്‍, പുള്ളുവര്‍ എന്നിവര്‍ക്കും തങ്ങളുടേതായ തോറ്റംപാട്ടുകളുണ്ട്. കുറുപ്പന്മാര്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കളമെഴുത്തുതോറ്റം, വടക്കുപുറത്തുപാട്ട് എന്നാണറിയപ്പെടുന്നത്.

പാന എന്ന അനുഷ്ഠാനകലയുമായി ബന്ധപ്പെട്ടും തോറ്റംപാട്ടുണ്ട്. ഇത് പാനത്തോറ്റം എന്നറിയപ്പെടുന്നു. പാനത്തോറ്റത്തിന്റെ മട്ടില്‍ എഴുതിയിട്ടുള്ള ചില പ്രാചീന ഗാനകൃതികളാണ് കരുവൂര്‍ത്തോറ്റം, പാണ്ഡവര്‍തോറ്റം, ശാസ്താവുതോറ്റം, കുറത്തോറ്റം, കലിത്തോറ്റം എന്നിവ. കോഴിക്കോടു ഭാഗത്തുള്ള 'ബലിക്കള' എന്ന മാന്ത്രിക കര്‍മത്തോടനുബന്ധിച്ചുള്ള തോറ്റംപാട്ടാണ് ബലിക്കളത്തോറ്റം എന്നറിയപ്പെടുന്നത്. പാണന്മാര്‍ അവതരിപ്പിക്കാറുള്ള ഒരു തോറ്റംപാട്ടാണ് കന്നിത്തോറ്റം.


ചില തോറ്റംപാട്ടുകളുടെ മാതൃകകള്‍:

ഭഗവതി തോറ്റം

'അരിയ ചെഞ്ചിട ചുകന്നമുക്കണ്ണില്‍

തിരുമുമ്പില്‍ പൊടിച്ചെഴുന്നവള്‍

അധിവാസം ചെയ്വാന്‍ തിരുമനസ്സിനാല്‍

പൊരുതപോര്‍ക്കൊല്ലികളരിയില്‍

അവിടപുക്ക്പോയൊളിച്ചാന്‍ ദാരികന്‍

എരിയ പാറമ്മല്‍ പുറപ്പെട്ടാരെ'

കാളീനാടകം

'കയില തന്റെ മുടിവില്‍ നിന്നും

കടുതായ് വന്നിങ്ങുറുകും മുമ്പേ

നടമാടുന്നു മഹാദേവരുടെ

മകളല്ലോ നീ കാളിമങ്ക-

നടവുമാടി വിടയും കൊണ്ടു

കാളീ നീയെന്തങ്ങിവിടവന്നു

വന്നവരൊട്ടറിവെനോ ഞാന്‍'

കുരിക്കള്‍ തോറ്റം

'കരിമുഖന്‍ ഗണേശന്‍താനും

കവിമാതും കൃഷ്ണന്‍ താനും

കവിയെന്നില്‍ വരുവതിനായ്

കരുണയില്‍ കടാക്ഷിക്കേണം'

തലച്ചില്‍ തോറ്റം

'വരികവേണം വയനാട്ടിലേയ്ക്കന്‍പുള്ള

മേലുതലച്ചിലെ വരികവേണം ദൈവം

ചാര്‍ത്തും വയനാടല്ലെ, തട്ടിലെ വടക്കെനാടെ

വാഴ്കാണ് വയനാട്ടിലേക്കിടവയാണെന്നല്ലന്ന്'

മടയില്‍ച്ചാമുണ്ഡി തോറ്റം

'കണപതിയുദിക്കും പിറക്കുന്ന

പിണിഞ്ഞമൂര്‍ത്തിനഴകോടെ

തനപുത്രന്‍ ചെന്നറിഞ്ഞു

ഭഗവന്‍ അവിരന്തലന്‍

തിറപ്പിറന്തറന്‍ റായ്'

വിവിധ കാലഘട്ടങ്ങളിലുണ്ടായിട്ടുള്ള തോറ്റംപാട്ടുകളുടെ ഭാഷാവൈവിധ്യവും പ്രാധാന്യവും പരാമര്‍ശ വിഷയമാണ്. ശുദ്ധ

മലയാളത്തിലും സംസ്കൃതപദബഹുലമായും തുളു-കര്‍ണാടക മിശ്രിതശൈലിയിലും തുളു-മലയാള ശൈലിയിലും മലബാറിലെ തനതു ഗ്രാമീണശൈലിയിലും മണിപ്രവാളത്തിലും ഇവ കാണപ്പെടുന്നുണ്ട്. ഭക്തിഭാവ പ്രകടനത്തില്‍ അങ്ങേയറ്റം ആത്മാര്‍ഥത പുലര്‍ത്തുന്ന തോറ്റംപാട്ടുകള്‍ നൂറ്റാണ്ടുകളോളം പഴക്കമുള്ളവയും ഭാവനാവിലാസംകൊണ്ട് സമ്പന്നവുമാണ്.

കേരളത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സമുദായങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ സമ്പ്രദായങ്ങളെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നതിന് തോറ്റംപാട്ടുകള്‍ ഒട്ടേറെ സഹായകമാകുന്നു. അവയുടെ ഭാഷാപരമായ പ്രാധാന്യവും ശ്രദ്ധേയമാണ്. നോ: തെയ്യം

(ദേശമംഗലം രാമകൃഷ്ണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍