This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോറൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോറൈറ്റ്

Thorite

തോറിയത്തിന്റെ അയിര്. രാസഘടന: ThSiO4. യുറേനിയം ദുര്‍ലഭമൃത്തുക്കള്‍, കാല്‍സിയം, ഇരുമ്പ് എന്നിവ തോറിയത്തിനെ ഭാഗികമായി പ്രതിസ്ഥാപിക്കുക മൂലം പ്രകൃതിയില്‍ ശുദ്ധമായ തോറൈറ്റ് ലഭ്യമല്ല. ഓര്‍തോസിലിക്കേറ്റ് ധാതുഗണത്തില്‍ ഉള്‍പ്പെടുന്ന തോറൈറ്റ് ടെട്രഗണല്‍ ക്രിസ്റ്റല്‍ വ്യൂഹത്തിലാണ് ക്രിസ്റ്റലീകരിക്കപ്പെടുന്നത്. എന്നാല്‍ തോറൈറ്റില്‍ അടങ്ങിയിട്ടുള്ള യുറേനിയത്തിനും തോറിയത്തിനും റേഡിയോആക്റ്റീവ് അപചയം സംഭവിക്കുന്നതുമൂലം പലപ്പോഴും തോറൈറ്റ് അക്രിസ്റ്റലീകരണത്തിനു വിധേയമാകുന്നു. ഒരു പ്രധാന ധാതുഇന്ധനം കൂടിയാണ് തോറൈറ്റ്. തവിട്ടുകലര്‍ന്ന മഞ്ഞ, മഞ്ഞ, ഓറഞ്ച്, തവിട്ടുകലര്‍ന്ന കറുപ്പ് എന്നിവ തോറൈറ്റിന്റെ നൈസര്‍ഗിക നിറങ്ങളാണ്. ജലാംശത്തിന്റെ പരിമാണം വര്‍ധിക്കുന്നതിന് ആനുപാതികമായി ധാതുവിന്റെ ആപേക്ഷിക ഘനത്വം 4.1 മുതല്‍ 6.7 വരെ വ്യത്യാസപ്പെടുന്നു. മോവിന്റെ കാഠിന്യമാപകപ്രകാരം 4.5 ആണ് തോറൈറ്റിന്റെ കാഠിന്യം. സ്ഫടികസമാനമായ പിളര്‍പ്പ്, ശംഖിന്റെ പൊട്ടലിനു സമാനമായ പൊട്ടല്‍, ഓറഞ്ചോ തവിട്ടോ കലര്‍ന്ന ചൂര്‍ണാഭ എന്നിവയാണ് ധാതവത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഭൗതിക ഗുണങ്ങള്‍. തോറൈറ്റ് പരലുകളുടെ സൂക്ഷ്മ തരികള്‍ സുതാര്യമാണെങ്കിലും പിണ്ഡാവസ്ഥയില്‍ ധാതുവിന് അതാര്യത വര്‍ധിക്കുന്നു.

ഡയറൈറ്റ്, ഡയറൈറ്റ് പെഗ്മറ്റൈറ്റ്, പെഗ്മറ്റൈറ്റ് എന്നീ ശിലകളിലും താപീയ കായാന്തരീകരണത്തിനു വിധേയമായ അശുദ്ധ മണല്‍ക്കല്ലുകളിലെ പ്രത്യേക ഭാഗങ്ങളിലുമാണ് തോറൈറ്റിന്റെ ഉപസ്ഥിതി നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ജലതാപീയ കായാന്തരീകരണത്തിന് വിധേയമായ ശിലാപാളികളിലും അവക്ഷിപ്ത നിക്ഷേപങ്ങളിലും തോറൈറ്റ് പരലുകള്‍ കണ്ടെത്തിയിട്ടുണ്ട്. തോറൈറ്റിന്റെ റേഡിയോആക്റ്റീവത ഇതിനെ ഒരു ധാതുഇന്ധനമാക്കി മാറ്റുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍