This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമാശ്ലീഹാ (1-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോമാശ്ലീഹാ (1-ാം ശ.)

Thomas the Apostle

യേശുക്രിസ്തുവിന്റെ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാള്‍. പേര്‍ഷ്യയിലും ഇന്ത്യയിലും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിച്ച തോമാശ്ലീഹാ തമിഴ്നാട്ടിലെ മൈലാപ്പൂരില്‍വച്ച് രക്തസാക്ഷിത്വം വരിച്ചു. 1972-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ തോമാശ്ലീഹായെ 'ഭാരതത്തിന്റെ അപ്പോസ്തലന്‍' ആയി പ്രഖ്യാപിക്കുകയുണ്ടായി.

ജൂതനായ തോമാശ്ളീഹാ 1-ാം ശ.-ത്തില്‍ പലസ്തീനായിലെ ഗലീലിയില്‍ ജനിച്ചതായി കരുതപ്പെടുന്നു. തോമസ് എന്ന പേരിന് അരമായ ഭാഷയില്‍ 'ഇരട്ട' (twin) എന്നാണ് അര്‍ഥം. ദിദിമൂസ് (Didymus) എന്ന ഗ്രീക്ക് അപരനാമത്തിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. ക്രിസ്തുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള അധികാരം നേരിട്ടു ലഭിച്ചവരാണ് 'അപ്പോസ്തലന്മാര്‍' (Apostles) എന്നു വിളിക്കപ്പെടുന്നവര്‍. 'അപ്പോസ്തോലോ' എന്ന ഗ്രീക്ക് പദത്തിനും 'ശ്ലീഹാ' എന്ന അരമായ പദത്തിനും സ്ഥാനപതി എന്നാണ് അര്‍ഥം കല്പിക്കപ്പെട്ടിട്ടുള്ളത്. 'പരിശുദ്ധ' (Holy) എന്ന് അര്‍ഥമുള്ള 'മാര്‍' എന്ന അരമായ പദം വിശേഷണമായി ചേര്‍ത്ത് മാര്‍ത്തോമാശ്ലീഹാ എന്നും അറിയപ്പെടുന്നു.

മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നീ നാല് സുവിശേഷകരും ബൈബിളില്‍ വിശുദ്ധ തോമായെപ്പറ്റി പറയുന്നുണ്ട്. യോഹന്നാന്റെ സുവിശേഷത്തില്‍ നാല് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ തോമസിന്റെ പേര് പരാമര്‍ശിച്ചു കാണുന്നു. പ്രസ്തുത രംഗങ്ങള്‍ ഇവയാണ്:

1. ലാസറിനെ ഉയിര്‍പ്പിക്കുന്ന സന്ദര്‍ഭം (അധ്യായം-11: വാക്യം 16)

2. സ്വര്‍ഗസ്ഥനായ പിതാവിന്റെ വാസസ്ഥലത്തേക്കുള്ള വഴിയെപ്പറ്റി പറയുന്നയിടം (അധ്യായം-14: വാക്യം5)

3. മരിച്ച് അടക്കപ്പെട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ കണ്ടു എന്ന് മറ്റു ശിഷ്യന്മാര്‍ പറയുമ്പോള്‍ അവിശ്വസിക്കുന്ന സന്ദര്‍ഭം (അധ്യായം-20: വാക്യം 2425)

4.യേശുവിന്റെ മുമ്പാകെ വിശ്വാസം ഏറ്റുപറയുന്ന രംഗം (അധ്യായം-20: വാക്യം 28).

'സംശയാലുവായ തോമ' (Doubting Thomas) എന്ന പ്രയോഗം ഉണ്ടാകാനിടയായ സംഭവത്തെക്കുറിച്ചുള്ള ബൈബിള്‍ പരാമര്‍ശം ഇപ്രകാരമാണ്: ഉയിര്‍ത്തെഴുന്നേറ്റശേഷം യേശുക്രിസ്തു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. ആ ദിവസം തോമാശ്ലീഹാ അവരോടൊത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. ശിഷ്യന്മാരുടെ പ്രസ്താവന തോമാശ്ലീഹാ വിശ്വസിച്ചില്ല. അവന്‍ പറഞ്ഞു: അവന്റെ (യേശുവിന്റെ) കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ (വിലാപ്പുറത്ത്) എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. എട്ട് ദിവസങ്ങള്‍ക്കുശേഷം തോമായുംകൂടി ഉള്‍പ്പെട്ട ശിഷ്യഗണത്തിന് യേശു വീണ്ടും പ്രത്യക്ഷനായി. ശിഷ്യന്മാരുടെ മധ്യത്തില്‍ നിന്നുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം. അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോടു പ്രതിവചിച്ചു: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

മൂന്നാം ശ.-ത്തില്‍ രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന 'തോമായുടെ നടപടികള്‍' (Acts of Thomas:Acta Thomae) എന്ന കൃതിയില്‍ 'ഗുണ്ടഫര്‍' എന്ന ഇന്ത്യന്‍ രാജാവിനെക്കുറിച്ചുള്ള കഥ വിവരിച്ചുകാണുന്നു. മനോഹരമായ ഒരു കൊട്ടാരം പണിയുന്നതിനുവേണ്ടി ഗുണ്ടഫര്‍ രാജാവ് സമര്‍ഥനായ ഒരു ശില്പിയെ അന്വേഷിച്ചുകണ്ടെത്താന്‍ ഹാബാന്‍ എന്ന ദൂതനെ ശില്പികളുടെ നാടായ പലസ്തീനായിലേക്ക് അയയ്ക്കുകയും ഹാബാന്റെ ക്ഷണപ്രകാരം തോമസ് അപ്പോസ്തലന്‍ ഭാരതത്തിലേക്കു യാത്രതിരിക്കുകയും ചെയ്തു എന്നാണ് ഇതിന്‍പ്രകാരമുള്ള ഐതിഹ്യം. കൊട്ടാരം പണിയുവാന്‍ ഏല്പിച്ച പണം മുഴുവന്‍ തോമാശ്ലീഹാ ദരിദ്രര്‍ക്കു വിതരണം ചെയ്തു. രാജാവ് ശ്ലീഹായെ വിളിച്ച് അന്വേഷിച്ചപ്പോള്‍ കൊട്ടാരം സ്വര്‍ഗത്തിലാണു പണിതിരിക്കുന്നത് എന്ന് അദ്ദേഹം മറുപടി നല്കി. കുപിതനായ രാജാവ് ശ്ലീഹായെയും ഹാബാനെയും കാരാഗൃഹത്തില്‍ അടച്ചു. ആ സമയത്ത് രാജധാനിയില്‍ ഒരു ദുരന്തമുണ്ടായി. രാജാവിന്റെ അനുജന്‍ ഗാദ് മൃതിയടഞ്ഞു. സ്വര്‍ഗത്തില്‍ എത്തിയ ഗാദ് അവിടെ ശ്ലീഹാ പണിത മനോഹരമായ കൊട്ടാരം ദര്‍ശിച്ചു. ഗാദ് രാജാവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആ കൊട്ടാരം തനിക്കു നല്കണമെന്ന് അപേക്ഷിച്ചു. രാജാവ് അദ്ഭുതസ്തബ്ധനായി; ശ്ലീഹായെയും ഹാബാനെയും സ്വതന്ത്രരാക്കി. ശ്ലീഹായാകട്ടെ, മരിച്ച ഗാദിനെ ഉയിര്‍പ്പിച്ചു. രാജാവും കുടുംബവും മിശിഹായില്‍ വിശ്വസിച്ചു.

യേശുക്രിസ്തുവിന്റെ പ്രബോധനമനുസരിച്ച് സുവിശേഷ ദൗത്യവുമായി സഞ്ചരിച്ച തോമാശ്ലീഹാ പേര്‍ഷ്യ, മേദിയ, കിര്‍ക്കാനിയ, ബാക്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ എത്തി അനേകര്‍ക്ക് ക്രൈസ്തവ വിശ്വാസം പകര്‍ന്നുകൊടുത്തു. തോമാശ്ലീഹാ എ.ഡി. 52-ല്‍ കേരളത്തിലെ പ്രശസ്ത തുറമുഖപട്ടണമായ കൊടുങ്ങല്ലൂരില്‍ (മുസ്സിരിസ് അഥവാ മുജിരി പട്ടണം) കപ്പല്‍മാര്‍ഗം വന്നിറങ്ങി എന്നാണു വിശ്വസിക്കപ്പെടുന്നത്. പിന്നീട് പലയിടങ്ങളിലും സുവിശേഷ പ്രഘോഷണം നടത്തുകയും വിശ്വാസികളുടെ സമൂഹങ്ങള്‍ക്ക് രൂപംകൊടുക്കുകയും ചെയ്തു. കേരളത്തില്‍ ഇദ്ദേഹത്തില്‍നിന്നു വിശ്വാസം സ്വീകരിച്ചവര്‍ 'മാര്‍ത്തോമാ ക്രിസ്ത്യാനികള്‍' എന്ന് അറിയപ്പെട്ടു. മാര്‍ത്തോമാശ്ലീഹാ കേരളത്തില്‍ പ്രധാനമായും ഏഴ് പള്ളികള്‍ (സഭാ സമൂഹങ്ങള്‍) സ്ഥാപിച്ചു. കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, നിലയ്ക്കല്‍ (ചായല്‍), കൊക്കമംഗലം, കോട്ടക്കാവ്, പാലയൂര്‍ എന്നിവയാണ് അവ. ('ഏഴരപ്പള്ളികള്‍' എന്നും പറഞ്ഞുവരുന്നു. 'അരപ്പള്ളി' ഏതാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട തിരുവാംകോട്, ഈരാറ്റുപേട്ടയ്ക്കടുത്തുള്ള അരുവിത്തുറ, കാലടിക്കടുത്തുള്ള മലയാറ്റൂര്‍ എന്നിവ ആ സ്ഥാനം അവകാശപ്പെടുന്നു.) ഈ സ്ഥലങ്ങളെല്ലാം പില്ക്കാലത്ത് തീര്‍ഥാടന കേന്ദ്രങ്ങളായി മാറി.

തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് മൈലാപ്പൂരിലെ ചിന്നമലയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കവേ ശത്രുവിന്റെ കുന്തംകൊണ്ടുള്ള കുത്തേറ്റ് എ.ഡി. 72-ല്‍ തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചു എന്നാണ് വിശ്വാസം. തോമാശ്ളീഹായെ കബറടക്കിയിരിക്കുന്ന സ്ഥലത്ത് ഇന്ന് സാന്‍ തോം (San Thome) കത്തീഡ്രല്‍ സ്ഥിതിചെയ്യുന്നു. സെന്റ് തോമസ് മൗണ്ട് ദക്ഷിണേന്ത്യയിലെ പേരുകേട്ട ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമാണ്. 6-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ടതും മൈലാപ്പൂര്‍ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ കുരിശില്‍ തോമാശ്ലീഹായെക്കുറിച്ചുള്ള ലിഖിതം കാണാം. 9-ാം ശ.-ത്തില്‍ ഭാരതം സന്ദര്‍ശിച്ച മുസ്ലിം സഞ്ചാരികളും വെനീഷ്യന്‍ സഞ്ചാരി മാര്‍ക്കോ പോളോയും തോമാശ്ലീഹായുടെ കബറിടത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1545-ല്‍ 'ഇന്ത്യയുടെ ദ്വിതീയ അപ്പോസ്തലന്‍' എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ തോമാശ്ലീഹായുടെ കബറിടത്തിങ്കല്‍ നാലുമാസം പ്രാര്‍ഥിച്ചതായി അദ്ദേഹംതന്നെ രേഖപ്പെടുത്തിക്കാണുന്നു. 1986 ഫെ.-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഭാരതത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മൈലാപ്പൂരിലെ സാന്‍ തോം കത്തീഡ്രലിലും എത്തിയിരുന്നു.

തോമാശ്ലീഹായുടെ വരവിനെയും പാരമ്പര്യത്തെയും കുറിച്ചു പ്രതിപാദിക്കുന്ന പല തെളിവുകളും നിലവിലുണ്ട്. മൂന്നാം ശ.-ത്തില്‍ എദേസ്സായില്‍വച്ച് സുറിയാനി ഭാഷയില്‍ രചിക്കപ്പെട്ട 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥത്തില്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശനം, പ്രേഷിതപ്രവര്‍ത്തനങ്ങള്‍, രക്തസാക്ഷിത്വം തുടങ്ങിയവ പ്രതിപാദിച്ചിരിക്കുന്നു. പ്രാചീന ക്രിസ്ത്യന്‍ പാട്ടുകളില്‍ ഏറ്റവും പ്രധാനം 'തോമ്മാപര്‍വ്വം' ആണ്. തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനങ്ങളാണ് ഇതില്‍ മുഖ്യമായും വിവരിക്കുന്നത്. തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തെപ്പറ്റി 'തോമ്മാപര്‍വ്വ'ത്തില്‍ പറയുന്നത് ഇപ്രകാരമാണ്:

'അറബിയായില്‍ കപ്പല്‍കയറി

മല്യാന്‍കരെ വന്നെത്തിയിതാ

അറിവില്‍ പറവെന്‍ മിശിഹാക്കാലം

അമ്പതു ധനുവം രാശിയതില്‍.'

(അറേബ്യയില്‍നിന്നു കപ്പല്‍കയറി എ.ഡി. 50 ധനുവില്‍ മാല്യങ്കരെ വന്നെത്തി). റമ്പാന്‍ പാട്ട്, മാര്‍ഗംകളി പാട്ട്, വീരടിയാന്‍ പാട്ട് എന്നിവയിലും മാര്‍ത്തോമാചരിതമാണ് പ്രതിപാദ്യം. മൈലാപ്പൂരില്‍ നടന്ന പുരാവസ്തു ഗവേഷണം തോമാശ്ലീഹായുടെ കബറിടം 1-ാം ശ.-ത്തിലേതുതന്നെയാണെന്ന് തെളിയിക്കുന്നതായി അവകാശപ്പെടുന്നു.

തോമാശ്ലീഹായുടെ തിരുശേഷിപ്പുകളില്‍ ഒരു ഭാഗം മൈലാപ്പൂരിലെ പള്ളിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇതില്‍ നല്ലൊരു ഭാഗം പിന്നീട് ഇന്ത്യയില്‍നിന്ന് മെസപ്പൊട്ടേമിയയിലേക്കു കൊണ്ടുപോയതായി പരാമര്‍ശമുണ്ട്. ഗ്രീസ്സിലെ ഏദേസ്സയില്‍നിന്ന് കൊണ്ടുപോയശേഷം ഇപ്പോള്‍ ഇറ്റലിയിലെ ഒര്‍തോണ(Ortona)യിലാണ് ഇത് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പരിപാലകപുണ്യവാളനായും മധ്യസ്ഥനായും, വാസ്തുശില്പികളുടെയും അന്ധരുടെയും രക്ഷാധികാരിയായും തോമാശ്ലീഹാ ആദരിക്കപ്പെടുന്നു. ശില്പകലാരംഗത്ത്, വ്യത്യസ്ത ചിത്രീകരണങ്ങള്‍ തോമാശ്ളീഹായ്ക്കു നല്കിക്കാണുന്നു. 'മട്ടം കൈയിലേന്തിയ മധ്യവയസ്കനായ ആശാരി' ഇവയില്‍ പ്രസിദ്ധമാണ്. കൈയില്‍ കുന്തം പിടിച്ചുനില്ക്കുന്നത്, യേശുവിന്റെ തിരുമുറിവില്‍ സ്പര്‍ശിച്ചു നില്ക്കുന്നത്, കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണസമയത്ത് സ്വര്‍ഗത്തില്‍നിന്നു വീഴുന്ന അരപ്പട്ട (girdle) സ്വീകരിക്കുന്നത്, പിശാചുബാധിതയായ രാജപുത്രിയില്‍നിന്ന് പിശാചിനെ പുറത്താക്കുന്നത് എന്നിങ്ങനെ ഇതര ചിത്രീകരണങ്ങളും ഉണ്ട്.

പരിഷ്കരിച്ച റോമന്‍ കലണ്ടര്‍ പ്രകാരം ജൂലായ് 3 തോമാശ്ലീഹായുടെ തിരുനാളായി ആഘോഷിക്കപ്പെടുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസമനുസരിച്ച് ജൂലായ് 3 ആണ് തോമാശ്ലീഹായുടെ രക്തസാക്ഷിത്വദിനം. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ 'ദുക്റാന' എന്ന പേരില്‍ ഈ തിരുനാള്‍ ആചരിക്കുന്നു. ഓര്‍മ, സ്മരണ എന്നൊക്കെയാണ് ഈ സുറിയാനി വാക്കിന്റെ അര്‍ഥം. 'ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട്' ഡിസംബര്‍ 21-നും ഗ്രീക്ക് സഭ ഒക്ടോബര്‍ 6-നുമാണ് തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍