This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമാക്കത്തനാര്‍, പാറേമ്മാക്കല്‍ (1736 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോമാക്കത്തനാര്‍, പാറേമ്മാക്കല്‍ (1736 - 99)

മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യകൃതിയായി അറിയപ്പെടുന്ന വര്‍ത്തമാനപ്പുസ്തകത്തിന്റെ കര്‍ത്താവും ക്രിസ്തീയ പുരോഹിതനും. പാലായിലെ രാമപുരത്തുള്ള കടനാട്ടുകരയില്‍ പാറേമ്മാക്കല്‍ വീട്ടില്‍ 1736-ല്‍ (കൊ.വ. 912 കന്നിമാസം 10-ാം തീയതി) കുരുവിളയുടെയും അന്നയുടെയും നാലാമത്തെ പുത്രനായി ജനിച്ചു. മീനച്ചല്‍ ശങ്കരന്‍ കര്‍ത്താവില്‍നിന്ന് സംസ്കൃതം, കാണാട് അയ്പു കത്തനാരില്‍നിന്ന് സുറിയാനി, വൈദികപഠനത്തിന്റെ ഭാഗമായി ലത്തീന്‍, പോര്‍ച്ചുഗീസ് എന്നിവയും തമിഴും പഠിച്ചു. ആലങ്ങാട്ടു സെമിനാരിയില്‍ പഠിച്ച് 1761-ല്‍ കത്തനാരായി. 1768-ല്‍ കടനാട്ടു പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചു. 1778 മുതല്‍ 86 വരെ കരിയാറ്റില്‍ യൗസേപ്പു മല്പാനുമൊന്നിച്ച് വിദേശപര്യടനം നടത്തി. യൗസേപ്പു മെത്രാന്‍ മരിക്കുന്നതിനു മുമ്പ് കത്തനാരെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ വ്യാപിച്ചുകിടന്ന കൊടുങ്ങല്ലൂര്‍ രൂപതയുടെ ഗവര്‍ണറാക്കി. ടിപ്പുവിന്റെ ആക്രമണത്തെത്തുടര്‍ന്ന് രൂപതയുടെ ആസ്ഥാനം അങ്കമാലിയില്‍നിന്ന് വടയാറ്റ് പള്ളിയിലേക്കു മാറ്റി. 1798-ല്‍ വാതരോഗം കൂടിയതിനാല്‍ കത്തനാര്‍ സ്വദേശമായ രാമപുരത്തേക്കു പോയി.

പാറേമ്മാക്കല്‍ തോമാക്കത്തനാര്‍

യാത്രാവിവരണം എന്നുകൂടി പേരുള്ള വര്‍ത്തമാനപ്പുസ്തകം, ക്രിസ്ത്വാനുകരണം എന്നിവയാണ് തോമാക്കത്തനാരുടേതായി ലഭിച്ചിട്ടുള്ള കൃതികള്‍. വര്‍ത്തമാനപ്പുസ്തകത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. 560-ല്‍പ്പരം പേജുകളുള്ള ഒന്നാം ഭാഗത്തില്‍ '1773 കാലം മാര്‍പ്ലൊരെന്‍സിയോസ് അരയപ്പോലിസ് എന്ന മെത്രാന്‍ മലങ്കര ഇടവകയിലുണ്ടായിരുന്ന കാലം തൊട്ട്' 1786-ല്‍ മെത്രാനും കത്തനാരും ഗോവയില്‍ എത്തുന്നതുവരെയുള്ള ചരിത്രം പ്രതിപാദിച്ചിരിക്കുന്നു. അതിനുശേഷമുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിലെ ഉള്ളടക്കം. ഒന്നാം ഭാഗത്തിലെ 74 അധ്യായങ്ങളേ ലഭിച്ചിട്ടുള്ളൂ. 'ഇടയ്ക്കു ചില പൊടിവുകളുള്ളതുകൊണ്ട് 80 അധ്യായങ്ങളോളം കണ്ടേയ്ക്കാമെന്ന് ചിലര്‍ ഊഹിക്കുന്നതായി' ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാംഭാഗം മുഴുവനും നഷ്ടപ്പെട്ടിരിക്കുകയാണ്. ഓരോ ഭാഗവും വിഷയമനുസരിച്ച് പദങ്ങളായി (അധ്യായം) തിരിച്ചിരിക്കുന്നു. പദങ്ങളില്‍ വിശേഷാഭിപ്രായം പറയാന്‍ അനുചിന്തനം എന്നൊരു ഭാഗവും ചേര്‍ത്തിട്ടുണ്ട്.

മലയാളത്തിലെന്നല്ല അറിവില്‍പ്പെട്ടിടത്തോളം ഭാരതീയ ഭാഷകളില്‍ത്തന്നെ ലഭിച്ചിട്ടുള്ള ആദ്യത്തെ സഞ്ചാരസാഹിത്യകൃതിയാണ് വര്‍ത്തമാനപ്പുസ്തകം. ചരിത്രപരമായും ഭാഷാപരമായും ഏറെ പ്രാധാന്യം ഇതിനുണ്ട്. ഗ്രന്ഥകാരന്റെ നിരീക്ഷണപാടവം, ത്യാജ്യഗ്രാഹ്യവിവേചനസാമര്‍ഥ്യം, വിവരണവൈദഗ്ധ്യം എന്നിവ കൃതിയിലുടനീളം കാണാം. 18-ാം ശ.-ത്തിലെ കേരളത്തെയും ദക്ഷിണേന്ത്യയെയും തെക്കെ അമേരിക്കയെയും പോര്‍ച്ചുഗല്‍, ഇറ്റലി മുതലായ രാജ്യങ്ങളെയും കണ്‍മുന്നില്‍ കാണുന്നതുപോലെ വര്‍ണനാവൈഭവത്തോടെ ഈ കൃതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കരയിലും കടലിലും നടത്തിയ ദുരിതപൂര്‍ണമായ വിദൂരസഞ്ചാരം, വത്തിക്കാന്‍വരെ കടന്നുകൂടിയിരുന്ന അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ ഒട്ടും മറച്ചുവയ്ക്കാതെ പ്രതിപാദിച്ചിരിക്കുന്നു. വിദൂരങ്ങളായ വിഭിന്നദേശങ്ങളിലെ വ്യത്യസ്ത ജീവിതരീതികളുടെ സജീവ ചിത്രങ്ങള്‍ ഇതില്‍ കാണാം. വിദേശാധിപത്യത്തിനു നേരെ ഇന്ത്യയില്‍ ആദ്യമായി പൊന്തിവന്ന സ്വാതന്ത്യ്രാഭിവാഞ്ഛ, അക്കാലത്തെ ദേശചരിത്രം, സാമൂഹിക ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു എന്നത് സവിശേഷതയാണ്.

ആധുനിക മലയാള ഗദ്യത്തിന് അടിത്തറ പാകിയ മഹിമയും വര്‍ത്തമാനപ്പുസ്തകത്തിനുണ്ട്. മലയാളഭാഷയുടെ സ്വാഭാവികത വിടാതെ സാധാരണ ജനങ്ങളുടെ വ്യവഹാരഭാഷയോട് അടുത്തുനില്ക്കുന്ന ഭാഷാരീതിയാണ് ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രമുണ്ടായിരുന്ന പദങ്ങള്‍ കൃതിയില്‍ അങ്ങിങ്ങു കാണാം. ഭിഷ്ടതി (ഭയം), വേസ്ത (വ്യവസ്ഥ), ഏറക്കുറയ, മനസ്സല്ലാ മനസ്സോടെ, മുനന്‍, നന്നി തുടങ്ങിയ പദപ്രയോഗങ്ങളും വര്‍ത്തമാനപ്പുസ്തകത്തിലുണ്ട്. വര്‍ത്തമാനപ്പുസ്തകത്തിന്റെ രചനാരീതി ഇപ്രകാരമാണ്:

'തമ്പുരാനെയുള്ള പേടികൂടാതെ ചുക്കാനില്ലാത്ത കപ്പല്‍ തനിക്കുള്ള വഴിയറിയാതെ കാറ്റൂതുന്ന പുറത്തേക്കു പോകുമാറാകുന്നതു പോലെ'

'ആടുമാടുകള്‍ തങ്ങളുടെ നല്ല മേച്ചില്‍സ്ഥലമാകുന്ന പട്ടാങ്ങയെ ഉപേക്ഷിച്ച് ഇടത്തൂടാകുന്ന കാട്ടുമലയില്‍ പിണങ്ങിപ്പോയി വ്യാഘ്രത്തിന് ഇരയാകാതിരിപ്പാന്‍'

'അര്‍ധരാത്രിയില്‍ ഒരു കള്ളനെ കൊണ്ടുപോകുമ്പോലെ ശോഭകേടോടെ'. ഇത്തരം വാക്യങ്ങള്‍ ഗ്രന്ഥത്തില്‍ ധാരാളം കാണാം.

18-ാം ശ.-ത്തില്‍ രചിക്കപ്പെട്ട ഈ കൃതി 1936-ല്‍ അതിരമ്പുഴ സെന്റ് മേരീസ് പ്രസ്സില്‍ നിന്നാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 1947-ല്‍ തേവര ജനതാ ബുക്ക്സ്റ്റാളും 1983-ല്‍ ഡീസി ബുക്ക്സും ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. 1971-ല്‍ റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധപ്പെടുത്തി.

തോമസ് അക്വിനാസ് ലത്തീന്‍ ഭാഷയില്‍ രചിച്ചിട്ടുള്ള ഇമിറ്റേഷന്‍ ഒഫ് ക്രൈസ്റ്റ് എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ ഭാഷാനുവാദമാണ് ക്രിസ്ത്വാനുകരണം. ഇവയ്ക്കു പുറമേ ക്രിസ്തുമതസംബന്ധമായ വേറെയും ചില ഗദ്യപ്രബന്ധങ്ങള്‍ തോമാക്കത്തനാര്‍ രചിച്ചിട്ടുള്ളതായി പണ്ഡിതന്മാര്‍ കരുതുന്നു. 1799 മാ. 20-ന് (കൊ.വ. 974) തോമാക്കത്തനാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍