This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ് ഐസക്, ടി.എം. (1952 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോമസ് ഐസക്, ടി.എം. (1952 - )

സാമ്പത്തികശാസ്ത്രജ്ഞനും സാമൂഹ്യപ്രവര്‍ത്തകനും ഭരണകര്‍ത്താവും. 1952 സെപ്. 26-ന് തുണ്ടുപറമ്പില്‍ ടി.പി. മാത്യുവിന്റെയും സാറാമ്മയുടെയും മകനായി തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും (1974) കേരള സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദവും (1977) കരസ്ഥമാക്കി. തുടര്‍ന്ന് ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് എം.ഫില്‍.-ഉം പിഎച്ച്.ഡി.യും (1985) നേടി. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ (CDS) റിസര്‍ച്ച് അസോസിയേറ്റ് ആയി ചേര്‍ന്ന തോമസ് ഐസക് തുടര്‍ന്ന് അവിടെത്തന്നെ ഫെലോ ആയി. ഇപ്പോള്‍ (2007) ഓണററി ഫെലോ ആണ്.

ടി.എം.തോമസ് ഐസക്

വിദ്യാഭ്യാസകാലത്തുതന്നെ തോമസ് ഐസക് പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ.യുടെ എറണാകുളം ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989-ല്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന തോമസ് ഐസക് അതിന്റെ നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996-2001 കാലഘട്ടത്തില്‍ സംസ്ഥാന പ്ളാനിങ് ബോര്‍ഡ് അംഗമായിരുന്നു. 1996 മുതല്‍ കേരള നിയമസഭയില്‍ അംഗവും 2006 മുതല്‍ കേരളത്തിലെ ധനകാര്യമന്ത്രിയുമാണ്. ഇപ്പോള്‍ ഇന്ത്യയിലെ പഞ്ചായത്ത്രാജ് മന്ത്രിമാരുടെ കമ്മിറ്റി ചെയര്‍മാന്‍ ആയും പ്രവര്‍ത്തിക്കുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പഠനഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് തോമസ് ഐസക്. പൊളിറ്റിക്കല്‍ ഇക്കോണമി ഒഫ് പോവര്‍ട്ടി (1985), കേരളം: മണ്ണും മനുഷ്യനും (1988), ലോകബാങ്കും ഐ.എം.എഫും (1988), മോഡേണൈസേഷന്‍ ആന്‍ഡ് എംപ്ളോയ്മെന്റ്: ദ് കൊയര്‍ ഇന്‍ഡസ്ട്രി ഇന്‍ കേരള (1992), ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ രാഷ്ട്രീയം (2005) തുടങ്ങിയവ ഇതില്‍ എടുത്തുപറയേണ്ടവയാണ്. ഇതിനുപുറമേ, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയിലും മറ്റു ജേര്‍ണലുകളിലുമായി നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍