This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, സി.ജെ. (1918 - 60)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോമസ്, സി.ജെ. (1918 - 60)

മലയാള നാടകകൃത്തും നിരൂപകനും. 1918 ന. 14-ന് കൂത്താട്ടുകുളത്ത് ചൊള്ളമ്പേല്‍ കുടുംബത്തില്‍ ജനിച്ചു. യോഹന്നാന്‍ കോര്‍ എപ്പിസ്കോപ്പയാണ് പിതാവ്. ആദ്യകാല വിദ്യാഭ്യാസം കൂത്താട്ടുകുളത്തും വടകരയിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിന് കോട്ടയം സി.എം.എസ്. കോളജില്‍ ചേര്‍ന്നു. ആലുവാ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളജില്‍നിന്ന് ബി.എ. പാസ്സായി. തിരുവനന്തപുരം ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. രണ്ട് വര്‍ഷക്കാലം വടകര ഹൈസ്കൂളില്‍ ജോലിനോക്കി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. പില്ക്കാലത്ത് രാഷ്ട്രീയം ഉപേക്ഷിക്കുകയും പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ ട്യൂട്ടോറിയലില്‍ അധ്യാപകനായി ജോലിനോക്കുകയും ചെയ്തു. എം.പി. പോളിന്റെ പുത്രിയും സാഹിത്യകാരിയുമായ റോസിയാണ് ഭാര്യ.

എം.പി. പോളിന്റെ നിര്യാണത്തിനുശേഷം ചിത്രോദയം, പ്രസന്ന കേരളം, ദീനബന്ധു, ഡെമോക്രാറ്റ് മുതലായ പല ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപസമിതിയില്‍ തോമസ് സേവനമനുഷ്ഠിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയുമായി സജീവബന്ധം പുലര്‍ത്തിയിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘംവക പുസ്തകങ്ങളുടെ പുറംചട്ടകള്‍ക്ക് ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ അത്യധികം ആകര്‍ഷകങ്ങളായിരുന്നു.

മതവും കമ്യൂണിസവും, അവന്‍ വീണ്ടും വരുന്നു, 1128-ല്‍ ക്രൈം 27, ഉയരുന്ന യവനിക, ആ മനുഷ്യന്‍ നീ തന്നെ, വിലയിരുത്തല്‍, ശലോമി, വിഷവൃക്ഷം, ആന്റിഗണി, കീടജന്മം, ലിസിസ്ട്രാറ്റ, ഈഡിപ്പസ്, പിശുക്കന്റെ കല്യാണം, ഇവനെന്റെ പ്രിയപുത്രന്‍, ധിക്കാരിയുടെ കാതല്‍, മനുഷ്യന്റെ വളര്‍ച്ച, ജനുവരി 9, രണ്ടു ചൈനയില്‍, നട്ടുച്ചയ്ക്കിരുട്ട് മുതലായവയാണ് തോമസിന്റെ ശ്രദ്ധേയമായ കൃതികള്‍. സ്വന്തം രചനകളോടൊപ്പം പരിഭാഷകളും ഇവയിലുള്‍പ്പെടുന്നു.

1949-ല്‍ രചിച്ച അവന്‍ വീണ്ടും വരുന്നു എന്ന നാടകത്തിലെ പ്രത്യക്ഷ പ്രമേയം ഒരു ക്രൈസ്തവ സാമുദായിക പ്രശ്നമാണെങ്കിലും അതിലൂടെ പ്രതിഫലിക്കുന്നത് എല്ലാ മനുഷ്യരെയും സ്പര്‍ശിക്കുന്ന സാര്‍വലൗകിക പ്രമേയമാണ്. പ്രാചീന യവന നാടകങ്ങളുടെ സ്വാധീനം ഈ കൃതിയില്‍ കാണാം. കേരള സാഹിത്യ അക്കാദമി ഈ കൃതിയുടെ ഇംഗ്ലീഷിലുള്ള പരിഭാഷ 1979-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

സി.ജെ.തോമസ് ‍

ഇബ്സനുശേഷം പാശ്ചാത്യ നാടകരംഗത്തുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട നാടകകൃത്താണ് സി.ജെ. തോമസ്. മൊണ്ടാഷിന്റെ സൗന്ദര്യശാസ്ത്രവും എക്സ്പ്രഷനിസ്റ്റ് ദര്‍ശനവും സ്വാംശീകരിക്കപ്പെട്ട നാടകങ്ങള്‍ സി.ജെ.യാണ് മലയാളത്തില്‍ അവതരിപ്പിച്ചുതുടങ്ങിയത്.

നാടകരചന, അവതരണം, സംവിധാനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ലേഖനസമാഹാരമാണ് 1950-ല്‍ പ്രസിദ്ധീകരിച്ച ഉയരുന്ന യവനിക. മലയാള നാടകപ്രസ്ഥാനത്തിന്റെ വേരുകള്‍, നാടകവും ഇതര കലകളും, മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങള്‍, ഭാഷയിലെ ഇബ്സന്‍ പ്രസ്ഥാനം, രംഗസംവിധാനം, കാഴ്ചക്കാര്‍ തുടങ്ങിയവയാണ് ഈ കൃതിയിലെ ചര്‍ച്ചാവിഷയങ്ങള്‍.

തോമസ് രചിച്ച പതിനഞ്ച് ഉപന്യാസങ്ങളുടെ മറ്റൊരു സമാഹാരമാണ് ഇവന്‍ എന്റെ പ്രിയ പുത്രന്‍ (1953). 'വേഷവും സദാചാരവും', 'കുറുക്കുവഴികള്‍', 'എ. ബാലകൃഷ്ണപിള്ള എന്തു ചെയ്തു?', 'എന്റെ ചങ്ങമ്പുഴ' തുടങ്ങിയവയാണ് ഇതിലെ ഉപന്യാസങ്ങള്‍.

നാല്പത്തിരണ്ടാമത്തെ വയസ്സില്‍ കഠിനരോഗിയായി വെല്ലൂരിലെത്തിയ തോമസ് 1960 ജൂല. 14-ാം തീയതി അന്തരിച്ചു. ഇദ്ദേഹത്തിന്റെ മരണാനന്തരം ഇവന്‍ എന്റെ പ്രിയ സി.ജെ. എന്ന പേരില്‍ ആത്മകഥാപരമായ ഒരു കൃതി റോസി തോമസ് പ്രസിദ്ധീകരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍