This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, പി.ജെ. (1895 - 1965)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോമസ്, പി.ജെ. (1895 - 1965)

സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും. 1945 മുതല്‍ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച ഇദ്ദേഹം കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്വദേശിയാണ്. തൃശ്ശിനാപ്പള്ളിയില്‍നിന്ന് ബിരുദം നേടിയതിനുശേഷം തിരുവനന്തപുരം മഹാരാജാസ് കോളജില്‍ അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ബി.ലിറ്റ്., ഡി.ഫില്‍. ബിരുദങ്ങള്‍ കരസ്ഥമാക്കി. മദ്രാസ് സര്‍വകലാശാലയില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കുമ്പോഴാണ് വ്യവസായങ്ങളെക്കുറിച്ചു പഠിക്കാന്‍ ബ്രിട്ടിഷ് ഗവണ്മെന്റ് പി.ജെ. തോമസിന്റെ അധ്യക്ഷതയില്‍ ഒരു കമ്മിഷന്‍ രൂപവത്കരിച്ചത്. രാജ്യസഭയിലും മദ്രാസ് നിയമനിര്‍മാണസഭയിലും അംഗമായിരുന്നിട്ടുണ്ട്. ഇദ്ദേഹം 1919-ല്‍ രചിച്ച ധനതത്ത്വശാസ്ത്രം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥം. ക്രൈസ്തവസാഹിത്യരംഗത്തും ഇദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്രീയസാഹിത്യം, മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു മുമ്പുതന്നെ കേരളത്തിലെ നസ്രാണികളുടെ പക്കല്‍ സുറിയാനിഭാഷയിലുള്ള വേദപുസ്തകങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിരുന്നുവെന്നും അത് കുട്ടികളെ പഠിപ്പിച്ചിരുന്നുവെന്നും പി.ജെ.തോമസ് സമര്‍ഥിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസിന്റെ ഫലമായി, ചില കേരളീയ ക്രൈസ്തവ ഗ്രന്ഥങ്ങള്‍ നിരോധിക്കപ്പെട്ടിരുന്നതായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മിശിഹായുടെ തിരുബാല പുസ്തകം അഥവാ കന്നിമാതാവിന്റെ ചരിത്രം, യോഹന്നാന്‍ ബരിയല്‍ദോന്റെ പുസ്തകം, പിതാക്കന്മാരുടെ പുസ്തകം, പവിഴത്തിന്റെ പുസ്തകം (അബ്ദിശോ), മാക്കമാത്ത് (പറുദീസാ), സൂനഹദോസുകളുടെ പുസ്തകം, സ്വര്‍ഗത്തില്‍നിന്നു വന്ന എഴുത്ത്, കമിസിന്റെ പാട്ടുകള്‍, നര്‍സയുടെ പുസ്തകം, പുണ്യവാളന്മാരുടെ ചരിത്രം, പാര്‍സിമാന്‍, ശകുനപുസ്തകം എന്നിവയാണ് നിരോധിച്ച കൃതികള്‍. കേരളത്തിലെ സഞ്ചാരസാഹിത്യത്തെക്കുറിച്ചും ഇദ്ദേഹം ഗവേഷണപഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതിയെന്നു കരുതപ്പെടുന്ന വര്‍ത്തമാനപ്പുസ്തകം അഥവാ റോമായാത്ര രചിക്കപ്പെട്ടത് എ.ഡി. 1790-നും 99-നുമിടയ്ക്കാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ രചിച്ച ഈ കൃതി ആദ്യമായി അച്ചടിച്ചത് 1936-ലാണ്.

പി.ജെ. തോമസ് 1965 ജൂല. 26-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍