This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, നോര്‍മന്‍ (1884 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോമസ്, നോര്‍മന്‍ (1884 - 1968)

Thomas,Norman

അമേരിക്കയിലെ സോഷ്യലിസ്റ്റ് നേതാവും സാമൂഹിക പരിഷ്കര്‍ത്താവും. തോമസ് 1884 ന. 20-ാം തീയതി മാരിയോണിലെ ഒഹിയോവില്‍ ജനിച്ചു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് വേദപഠനത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഈസ്റ്റ് ഹര്‍ലം ചര്‍ച്ചിന്റെ ചുമതല ഏറ്റെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുതവണ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. തൊഴില്‍ സുരക്ഷിതത്വത്തിനും ബാലവേല നിരോധനത്തിനും വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനും വേണ്ടി വാദിച്ചു. ആ കാലഘട്ടത്തില്‍ വിപ്ളവകരമെന്നു കരുതപ്പെട്ട ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ പില്ക്കാലത്ത് സാധാരണ നിയമങ്ങളായി മാറി.

നോര്‍മന്‍ തോമസ്

ഒന്നാം ലോകയുദ്ധത്തില്‍ അമേരിക്ക പങ്കെടുത്തതിനെ എതിര്‍ത്ത ഇദ്ദേഹം ഒരു സമാധാനപ്രവര്‍ത്തകനായി മാറി. 1918-ല്‍ ഈസ്റ്റ് ഹര്‍ലം ചര്‍ച്ചിന്റെ ചുമതല ഒഴിഞ്ഞ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1921-ല്‍ ദ് നേഷന്‍ എന്ന സ്വതന്ത്ര വാരികയില്‍ അസോസിയേറ്റ് എഡിറ്ററായി. അടുത്തവര്‍ഷം ഹാരി.ഡബ്ളിയു. ലെയ്ഡ്ലറോടൊപ്പം ലീഗ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെമോക്രസി എന്ന സംഘടനയുടെ ഡയറക്ടറായി ചുമതലയേറ്റു. പത്തുവര്‍ഷം ഈ പദവി വഹിച്ചു. 1917-ല്‍ ഇദ്ദേഹം സ്ഥാപിച്ച നാഷണല്‍ സിവില്‍ ലിബര്‍ട്ടീസ് ബ്യൂറോയാണ് പില്ക്കാലത്ത് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനായി മാറിയത്.

സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി 1924-ല്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കും 1925, 29 വര്‍ഷങ്ങളില്‍ മേയര്‍ സ്ഥാനത്തേക്കും 1928 മുതല്‍ 48 വരെ തുടര്‍ച്ചയായി ആറുതവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചു. ഒരു തവണയും വിജയിച്ചില്ലെങ്കിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമരത്തിന് നേതൃത്വം നല്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

1935-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ന്യൂ ലീഡര്‍ എന്ന മാസികയില്‍ ചേര്‍ന്നു. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്ക പങ്കെടുത്തതിനെ ഇദ്ദേഹം നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചതോടെ അമേരിക്കയുടെ യുദ്ധ സംരംഭങ്ങള്‍ക്ക് ഇദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. എങ്കിലും വിനാശകരമായ ബോംബിങ്ങിനെയും അമേരിക്കയിലെ ജപ്പാന്‍കാരെ ആക്രമിക്കുന്നതിനെയും എതിര്‍ത്തു. പിന്നീട് കൊറിയയിലെ യു.എന്‍. ഇടപെടലിനെ അംഗീകരിച്ച ഇദ്ദേഹം അമേരിക്കയുടെ വിയറ്റ്നാം അധിനിവേശത്തിന് എതിരായിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം പോസ്റ്റ് വാര്‍ വേള്‍ഡ് കൌണ്‍സിലിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടു. ലോകസമാധാന പ്രസ്ഥാനത്തിന്റെ വക്താവായി പ്രവര്‍ത്തിച്ച ഇദ്ദേഹം 1968 ഡി. 19-ന് ന്യൂയോര്‍ക്കിലെ ഹണ്ടിങ്ടണില്‍ അന്തരിച്ചു.

ആസ് ഐ സീ ഇറ്റ് (1932), എ സോഷ്യലിസ്റ്റ്സ് ഫെയ്ത്ത് (1951), ദ് ടെസ്റ്റ് ഒഫ് ഫ്രീഡം (1954), മിസ്റ്റര്‍ ചെയര്‍മാന്‍ ലേഡീസ് ആന്‍ഡ് ജന്റില്‍മെന്‍ (1955), ഗ്രേറ്റ് ഡിസന്റേഴ്സ് (1961), സോഷ്യലിസം റീഎക്സാമിന്‍ഡ് (1963) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

(ജോണ്‍ എസ്.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍