This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, ഡോണല്‍ എഡ്വേഡ് (1920 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോമസ്, ഡോണല്‍ എഡ്വേഡ് (1920 - )

Thomas,Donnall Edward

നോബല്‍ പുരസ്കാരം ലഭിച്ച അമേരിക്കന്‍ ഭിഷഗ്വരന്‍. അസ്ഥിമജ്ജ (bone marrow) മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മനുഷ്യരിലെ രക്താര്‍ബുദവും രക്തസംബന്ധിയായ മറ്റു രോഗങ്ങളും ചില ജനിതകരോഗങ്ങളും സുഖപ്പെടുത്താനാകുമെന്ന കണ്ടുപിടിത്തത്തിനാണ് 1990-ല്‍ ശരീരശാസ്ത്രം അഥവാ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം ജോസഫ് മുറേയോടൊപ്പം ഇദ്ദേഹത്തിനു ലഭിച്ചത്. എഡ്വേഡ് ഇ. തോമസ് എന്ന ഭിഷഗ്വരന്റെ മകനായി 1920 മാ. 15-ന് ടെക്സാസിലെ മാര്‍ട്ട് എന്ന സ്ഥലത്ത് ഡോണല്‍ ജനിച്ചു. 1937-ല്‍ ഡോണല്‍ ഉപരിപഠനാര്‍ഥം ഓസ്റ്റിനിലെ ടെക്സാസ് സര്‍വകലാശാലയില്‍ ചേര്‍ന്നു. രസതന്ത്രവും കെമിക്കല്‍ എന്‍ജിനീയറിങ്ങുമായിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍. 1941-ല്‍ ബിരുദവും 43-ല്‍ ബിരുദാനന്തരബിരുദവും നേടിയശേഷം ഡോണല്‍ തുടര്‍പഠനത്തിനായി ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളില്‍ ചേര്‍ന്നു. 1946-ല്‍ ഇവിടെ നിന്ന് എം.ഡി. ബിരുദം നേടി. തുടര്‍ന്ന് ക്ളെമന്റ് ഫിഞ്ച് (Clement Finch) എന്ന ഭിഷഗ്വരന്റെ കീഴില്‍ ഡോണല്‍ രക്തശാസ്ത്ര (Haematology)ത്തില്‍ ഗവേഷണം ആരംഭിച്ചു. ഗവേഷണാനന്തരം രണ്ടുവര്‍ഷത്തോളം ഇദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. സൈന്യത്തില്‍നിന്നു വിരമിച്ച ഡോണല്‍ ഒരു വര്‍ഷം പോസ്റ്റ് ഡോക്റ്ററല്‍ ഗവേഷകനായും രണ്ടുവര്‍ഷം മെഡിക്കല്‍ റെസിഡന്‍സി ആയും ബോസ്റ്റണിലെ പീറ്റര്‍ബെന്റ് ബ്രിഗ്ഹാം ആശുപത്രിയില്‍ മെഡിക്കല്‍ റെസിഡന്റ് ആയും പ്രവര്‍ത്തിച്ചു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലുള്ള ഡോണലിന്റെ താത്പര്യം മനസ്സിലാക്കിയ ബ്രിഗ്ഹാം ആശുപത്രിയിലെ ജോസഫ് മുറേ അവിടെ നടത്തിയ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പങ്കെടുക്കാന്‍ ഡോണലിന് അവസരം നല്കി. ഇക്കാലഘട്ടത്തിലാണ് മനുഷ്യരിലെ രക്താര്‍ബുദത്തിന്റെ കാരണങ്ങളെയും അസ്ഥിമജ്ജയുടെ പ്രാധാന്യത്തെയും കുറിച്ചുള്ള പഠനങ്ങളില്‍ ഇദ്ദേഹം വ്യാപൃതനാകുന്നത്.

ഡോണല്‍ എഡ് വേഡ് തോമസ്

1955-ല്‍ ജോസഫ് ഫെറിബീയുടെ ക്ഷണപ്രകാരം ന്യൂയോര്‍ക്കിലെ മേരി ഇമോജീന്‍ ബാസെറ്റ് ആശുപത്രിയിലെത്തിയ ഡോണല്‍ മനുഷ്യരിലും നായ്ക്കളിലും അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെപ്പറ്റിയുള്ള ഗവേഷണം ആരംഭിച്ചു.

മാരകമായ രക്താര്‍ബുദം ബാധിച്ച ഇരട്ടകളിലൊന്നിന് രോഗബാധയില്ലാത്ത മറ്റേ ആളുടെ അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഡോണലും കൂട്ടരും 1955-ല്‍ വിജയകരമായി നടത്തി. മജ്ജ സ്വീകരിച്ച ഇരട്ടയുടെ പുതിയ മജ്ജ രോഗബാധിതമല്ലാത്ത പുതിയ രക്തകോശങ്ങളും പ്രതിരക്ഷാവ്യൂഹ കോശങ്ങളും ഉത്പാദിപ്പിച്ചതിനാല്‍ ആ വ്യക്തി രക്താര്‍ബുദത്തില്‍നിന്ന് മോചിതനായി. ഇതോടെ രക്താര്‍ബുദബാധിതരായി ഡോണലിനെ സമീപിച്ച പകുതിയിലേറെ രോഗികളെയും മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ രോഗവിമുക്തരാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1975-ല്‍ സ്വീഡിഷ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്ററിന്റെ സഹായത്തോടെ ഫ്രെഡ് ഹച്ചിന്‍സണ്‍ അര്‍ബുദ ഗവേഷണ കേന്ദ്രത്തിലെ അത്യപൂര്‍വ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഗവേഷണം തുടരാനുള്ള അവസരം ഡോണലിനു ലഭിച്ചു. ഡോണലും കൂട്ടരും ഇക്കാലയളവില്‍ നാലായിരത്തോളം വ്യക്തികളില്‍ അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. ബോബ് എപ്സ്റ്റെയിന്‍, റെയ്നെര്‍ സ്റ്റോര്‍ബ്, ടെഡ് ഗ്രഹാം, ഡീന്‍ ബക്നര്‍, റെജ് ക്ലിഫ്റ്റ്, പോള്‍ നെയ്മാന്‍, അലക്സ് ഫെഫര്‍, ജോയല്‍ മേയേഴ്സ്, ഫ്രെസ് അപ്പെല്‍ ബോം, ജോണ്‍ ഹാന്‍സെന്‍ തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞര്‍ ഡോണലിന്റെ സഹപ്രവര്‍ത്തകരായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍