This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, ടി.വി. (1910 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:07, 16 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തോമസ്, ടി.വി. (1910 - 77)

കേരളത്തിലെ രാഷ്ട്രീയ നേതാവും മുന്‍ മന്ത്രിയും. സ്വാതന്ത്ര്യ സമരത്തിലും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും ഭരണമണ്ഡലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്നു. ആലപ്പുഴയിലെ കത്തോലിക്കാ കുടുംബമായ തൈപ്പറമ്പുവീട്ടില്‍ ടി.സി. വര്‍ഗീസിന്റെയും പുറക്കാട് കദളിപ്പറമ്പില്‍ പെണ്ണമ്മയുടെയും മകനായി 1910 ജനു. 2-ന് ജനിച്ചു. ആലപ്പുഴയിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു പഠിച്ചത്. 1930-ല്‍ ബി.എ. ബിരുദവും 1935-ല്‍ നിയമബിരുദവും എടുത്തു. വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ രാഷ്ട്രീയകാര്യങ്ങളില്‍ ശ്രദ്ധാലുവായിരുന്ന തോമസ് ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തിരുവിതാംകൂര്‍ ഘടകവുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടേതായ റാഡിക്കല്‍ കോണ്‍ഗ്രസ്സിലും ഇദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചു. തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കൃതമായപ്പോള്‍ അതിന്റെ സജീവ പ്രവര്‍ത്തകരിലൊരാളായിത്തീര്‍ന്നു.

ടി.വി.തോമസ്

ആലപ്പുഴയില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് ടി.വി. തോമസ് പ്രവര്‍ത്തിച്ചു. കയര്‍ത്തൊഴിലാളികളുടെയും തുറമുഖത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റും സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ പല പ്രവര്‍ത്തനരീതികളെയും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റിലായി. എന്നാല്‍, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച് മറ്റു നേതാക്കളോടൊപ്പം ഇദ്ദേഹവും മോചിതനായി. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ വീണ്ടും ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1952-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഇദ്ദേഹം തിരു-കൊച്ചി നിയമസഭയില്‍ അംഗമായി. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പദവിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

കേരള സംസ്ഥാനം രൂപവത്കൃതമായശേഷം 1957-ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.വി.തോമസ് വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമാകുവാനും ഇതോടെ ഇദ്ദേഹത്തിനു കഴിഞ്ഞു. ഈ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു. കമ്യൂണിസ്റ്റ് നേതാവും ഇതേ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയുമായിരുന്ന കെ.ആര്‍. ഗൗരിയെ ഇദ്ദേഹം വിവാഹം കഴിച്ചു. ഈ മന്ത്രിസഭ 1959-ല്‍ അധികാരമൊഴിഞ്ഞു. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലയുറപ്പിക്കുകയാണുണ്ടായത്. പിന്നീട് 1967-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് വ്യവസായവകുപ്പു മന്ത്രിയായി. ആരോപണ വിധേയനായതോടെ മന്ത്രിസഭയില്‍നിന്ന് 1969-ല്‍ രാജിവച്ചു. പിന്നീട് 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായി സേവനമനുഷ്ഠിച്ചു. രോഗബാധിതനായ ടി.വി. തോമസ് 1977 മാ. 26-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍