This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോഡി രാഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോഡി രാഗം

ജനകരാഗങ്ങളില്‍ ഒന്ന്. എട്ടാമത്തെ മേളകര്‍ത്താരാഗമാണ് തോഡി. കടപയാദി സംഖ്യാനിര്‍ണയത്തിനുവേണ്ടി ഇതിന് ഹനുമത്തോഡി എന്ന പേര് നല്കപ്പെട്ടു. പൂര്‍വമേളത്തില്‍ രണ്ടാമത്തെ ചക്രത്തില്‍ രണ്ടാമത്തെ രാഗം അതായത് നേത്ര-ശ്രീ. ഈ രാഗത്തില്‍ ആരോഹണം 'സ രി ഗ മ പ ധ നി സ'എന്ന ക്രമത്തിലും അവരോഹണം 'സ നി ധ പ മ ഗ രി സ' എന്ന ക്രമത്തിലുമാണ്. ഷഡ്ജ പഞ്ചമ സ്വരങ്ങള്‍ക്കു പുറമേ കോമള ഋഷഭം, കോമള ഗാന്ധാരം, കോമള മധ്യമം, കോമള ധൈവതം, കോമള നിഷാദം എന്നിവ രാഗത്തില്‍ വരുന്ന സ്വരങ്ങളാണ്.

 പുരാണപ്രസിദ്ധമായ ഈ രാഗത്തില്‍ പലരും കൃതികള്‍ രചിച്ചിട്ടുണ്ട്. ഇതൊരു മൂര്‍ച്ഛനാകാരക രാഗമാണ്. ഇതിലെ രി, ഗ, മ, ധ, നി എന്നീ സ്വരങ്ങളില്‍ ഓരോന്നിനെയും ആധാരഷഡ്ജമായി സ്വീകരിച്ചുകൊണ്ട് ശ്രുതിഭേദം ചെയ്യുന്നപക്ഷം വഴിക്കുവഴിയെ കല്യാണി, ഹരികാംബോജി, നാഭൈരവി, ശങ്കരാഭരണം, ഖരഹരപ്രിയ തുടങ്ങിയ രാഗങ്ങള്‍ പുതുതായി ജനിക്കും.
 ഇതൊരു രക്തിരാഗമാണ്. പഞ്ചമവര്‍ജമായി പാടുമ്പോള്‍ ഈ രാഗത്തിന് കൂടുതല്‍ ഭാവാത്മകത കൈവരുന്നു. വിസ്തരിച്ച് എത്രനേരമെങ്കിലും ആലപിക്കുവാന്‍ സൌകര്യമുള്ള മേജര്‍ രാഗങ്ങളില്‍പ്പെട്ടതാണ് ഈ രാഗം. തോഡി സീതാരാമയ്യ ഈ രാഗം എട്ടുദിവസം ആലപിച്ചതായി പറയപ്പെടുന്നു. ഗ, മ, ധ എന്നിവ ഇതിലെ ജീവസ്വരങ്ങളാണ്.
 ഹിന്ദുസ്ഥാനി സംഗീതത്തിലും തോഡി എന്നൊരു രാഗമുണ്ട്. അതു പത്ത് ഥാട്ടുകളില്‍ ഒന്നാണ്. പക്ഷേ, അതും കര്‍ണാടക സംഗീതത്തിലെ തോഡിയും ഒന്നല്ല. ഹിന്ദുസ്ഥാനി സംഗീതത്തിലെ തോഡിക്ക് കര്‍ണാടക സംഗീതത്തിലെ ശുഭപന്തുവരാളിയുമായി വളരെ സാമ്യമുണ്ട്. ഈ രാഗത്തിലുള്ള ചില കൃതികള്‍:
 കൊലുവരദ		-	ആദി	-	ത്യാഗരാജസ്വാമി
 കമലാംബികെ		-	രൂപകം	-	മുത്തുസ്വാമി ദീക്ഷിതര്‍
 നിന്നെനമ്മിനാനു	-	ചാപ്പ്	-	ശ്യാമശാസ്ത്രി
 സാരസാക്ഷ		-	രൂപകം	-	കെ.സി. കേശവപിള്ള
 സരസിജനാഭ		-	ചാപ്പ്	-	സ്വാതിതിരുനാള്‍
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍