This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോട്ടിക്കഴുകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോട്ടിക്കഴുകന്‍

Indian scavenger vulture

ചക്കിപ്പരുന്തിനോളം വലുപ്പമുള്ള പക്ഷി. അസിപിട്രിഡെ (Accipitridae) പക്ഷികുടുംബത്തില്‍പ്പെടുന്ന തോട്ടിക്കഴുകന്റെ ശാസ്ത്രനാമം നിയോഫ്രോണ്‍ പെര്‍ക്നോടീറസ് (Neophron percnopterus) എന്നാണ്. കറുപ്പുനിറത്തിലുള്ള ചിറകുതൂവലുകളും തൂവലുകളില്ലാത്ത തിളക്കമുള്ള മഞ്ഞക്കഴുത്തും കൂര്‍ത്ത ചുണ്ടുകളും ത്രികോണാകൃതിയില്‍ അറ്റം കൂര്‍ത്ത വാലുമാണ് തോട്ടിക്കഴുകന്റെ മുഖ്യ സവിശേഷതകള്‍. പക്ഷിയുടെ വാലിന് വെളുപ്പുനിറമാണ്. ചിറകുകളുടെ പാര്‍ശ്വഭാഗത്തുള്ള നീണ്ട തൂവലുകളെല്ലാം കറുത്തതായതിനാല്‍ ചിറകുവിടര്‍ത്തി ഉയരത്തില്‍ പറക്കുമ്പോള്‍ ചിറകുകളുടെ പിന്‍പകുതി കറുപ്പുനിറത്തിലും ബാക്കിഭാഗം തൂവെള്ള നിറത്തിലുമാണ് കാണപ്പെടുന്നത്.

കേരളത്തില്‍ വളരെ വിരളമായി മാത്രമേ തോട്ടിക്കഴുകനെ കാണാറുള്ളൂ. കേരളത്തിനു വെളിയില്‍ അധികം മഴ ലഭിക്കാത്ത പാറക്കുന്നുകള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ അമ്പതിലധികമുള്ള കൂട്ടങ്ങളായിട്ടാണ് ഇവയെ സാധാരണ കാണാറുള്ളത്. കന്യാകുമാരി, തിരുനെല്‍വേലി, ചെന്നൈ എന്നിവിടങ്ങളില്‍ തോട്ടിക്കഴുകനെ സാധാരണയായി കണ്ടുവരുന്നു. വളരെ ഉയരത്തില്‍ പറക്കാന്‍ കെല്പുള്ള ഈ പക്ഷികള്‍ ആഹാരം തേടി വളരെ വേഗത്തില്‍ നടക്കുകയും ചെയ്യും. കാലുകള്‍ ഉയര്‍ത്തിവച്ചാണ് ഇവ നടന്നു നീങ്ങുന്നത്.

തോട്ടിക്കഴുകന്‍

പാറയിടുക്കുകളിലും വെള്ളച്ചാട്ടങ്ങള്‍, ഉയര്‍ന്ന കെട്ടിടങ്ങള്‍- കോട്ടകള്‍ എന്നിവയിലെ ജനല്‍ത്തട്ടുകളിലും മറ്റുമാണ് തോട്ടിക്കഴുകന്‍ കൂടുകെട്ടുന്നത്. കൂടുകെട്ടാന്‍ സൌകര്യപ്രദമായ സ്ഥലങ്ങളില്‍ അടുത്തടുത്തായി എട്ടും പത്തും കൂടുകള്‍ നിര്‍മിക്കുക ഇവയുടെ പതിവാണ്. ചപ്പുചവറുകള്‍, ചുള്ളിക്കമ്പുകള്‍, തുണിക്കഷണങ്ങള്‍, മൃഗങ്ങളുടെ തൊലിക്കഷണങ്ങള്‍, രോമം മുതലായ വസ്തുക്കള്‍ കൊണ്ടാണ് ഇവ കൂട് നിര്‍മിക്കുന്നത്. ഒരു പ്രജനനകാലത്ത് ഇവ രണ്ട് മുട്ടകളിടുന്നു. വെള്ളയോ മങ്ങിയ ചുവപ്പോ നിറമുള്ള മുട്ടയില്‍ കടുംതവിട്ടോ കറുപ്പോ നിറത്തിലുള്ള പുള്ളികളുണ്ടായിരിക്കും. പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് കടുംതവിട്ടുനിറമാണ്. തോട്ടിക്കഴുകന്റെ മുഖ്യഭക്ഷണം മനുഷ്യമലമാണ്. അതിനാല്‍ ഇവ നല്ലൊരു ശുചീകരണകാരിയാണ്; ഇക്കാരണത്താലാകാം ഇവയ്ക്ക് തോട്ടിക്കഴുകന്‍ എന്ന പേരു ലഭിച്ചതും.

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തിരുക്കഴക്കുന്റം ക്ഷേത്രത്തില്‍ തോട്ടിക്കഴുകനെ ഒരു പുണ്യ പക്ഷിയായി കരുതി ആരാധിക്കുന്നു. ഈജിപ്തിലും മുന്‍കാലങ്ങളില്‍ ഇവയെ പൂജിച്ചിരുന്നു. തോട്ടിക്കഴുകന് 'ഈജിപ്ത് രാജാവിന്റെ കോഴി' എന്നര്‍ഥം വരുന്ന 'ഫറവോയുടെ കോഴി' (Pharoah's Chicken) എന്നും പേരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍