This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോങ്ബ്രാം, ജി.സി. (1913 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോങ്ബ്രാം, ജി.സി. (1913 - )

മണിപ്പുരി നാടകകൃത്ത്. ഗീത് ചന്ദ്ര തോങ്ബ്രാം സിങ് എന്നാണ് പൂര്‍ണമായ പേരെങ്കിലും ഇദ്ദേഹം ജി.സി. തോങ്ബ്രാം എന്ന പേരിലാണ് അറിയപ്പെടുന്നത്. 1913 ഫെ. 6-ന് ഇംഫാലില്‍ ജനിച്ചു. അന്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുള്ള തോങ്ബ്രാം മണിപ്പൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഗുവാഹത്തി സര്‍വകലാശാലയില്‍നിന്ന് ബി.റ്റി. ബിരുദം നേടി. സ്കൂളുകളിലും കോളജിലും അധ്യാപകനായി. ഇംഫാല്‍ കോളജിലെ മണിപ്പുരി ഭാഷാവിഭാഗത്തിന്റെ അധ്യക്ഷനും തുടര്‍ന്ന് കോളജ് വൈസ് പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചു.

നാടകകൃത്ത് എന്ന നിലയിലാണ് തോങ്ബ്രാം പ്രശസ്തനായത്. സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഇദ്ദേഹം രചിച്ച പ്രശ്നനാടകങ്ങള്‍ മണിപ്പൂരിലെ നാടകസാഹിത്യത്തെ സമ്പന്നമാക്കി. മാനിമമോവ് (അമ്മായിഅമ്മയും മരുമകളും), ചെങ്കിഖുജായ് (യാചകപാത്രം), ഹിങ്മിന്നാബ (ഒരുമിച്ചുള്ള ജീവിതം), ഉപൂബക്സി (പെട്ടി), ഇംഫാല്‍തോയിബി, മെട്രിക്പാസ് ആന്ദോളന്‍, എന്നിവയാണ് തോങ്ബ്രാമിന്റെ പ്രധാന നാടകങ്ങള്‍. രാജകുമാര്‍ ഷോലിബി (മൃദുലഹൃദയനായ രാജകുമാരന്‍), കാവുഫാബി (കാളപാപ്പാന്‍), ശിക്കാറി (നായാട്ടുകാരന്‍), തപ്താ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ലഘുനാടകങ്ങള്‍.

ആധുനികമായ ഭാവബോധം ഇദ്ദേഹത്തിന്റെ നാടകങ്ങളുടെ പ്രത്യേകതയാണ്. അസ്തിത്വവാദ ദര്‍ശനത്തില്‍ ഇദ്ദേഹം ആകൃഷ്ടനായിരുന്നു. അയനെസ്കോ, സാമുവല്‍ ബെക്കറ്റ് തുടങ്ങിയവര്‍ തോങ്ബ്രാമിനെ സ്വാധീനിച്ചു. തന്റെ നാടകങ്ങള്‍ അവതരിപ്പിച്ചതോടൊപ്പം ഷെയ്ക്സ്പിയറിന്റെയും ബര്‍ണാഡ് ഷായുടെയും നാടകങ്ങളും അനുകല്പനം ചെയ്ത് അവതരിപ്പിച്ചു. ഇബ്സന്റെ നാടകങ്ങളും ഇദ്ദേഹത്തെ സവിശേഷമായി സ്വാധീനിച്ചിട്ടുണ്ട്. നര്‍മത്തിന്റെ പരിവേഷത്തോടും ആക്ഷേപഹാസ്യത്തിന്റെ ശക്തിയോടുംകൂടി അവതരിപ്പിക്കപ്പെട്ട തോങ്ബ്രാമിന്റെ നാടകങ്ങള്‍ പ്രചുരപ്രചാരം നേടി.

മണിപ്പുരി സാഹിത്യ പരിഷദ് അവാര്‍ഡ് (1973), കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1978), പദ്മശ്രീ (1975) തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.


(ഡോ. സുധാ വാര്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍