This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോം, ഫ്രെഡറിക് റെനെ (1923 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോം, ഫ്രെഡറിക് റെനെ (1923 - 2002)

Thoma,Frederic Rene

ഫീല്‍ഡ്സ് മെഡല്‍ ലഭിച്ച (1958) ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞന്‍. ഇദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകള്‍ ജ്യാമിതിയുടെ ആധുനിക വിഭാഗമായ ടോപ്പോളജിയിലാണ്. 1923 സെപ്. 2-ന് ഫ്രാന്‍സിലെ മൊണ്ടേബെല്യാഡില്‍ ജനിച്ചു. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ഇദ്ദേഹം സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ സ്കോളര്‍ഷിപ്പിന് അര്‍ഹനായി. മൊണ്ടേബെല്യാഡിലെ പ്രൈമറി സ്കൂള്‍ (1931), ബെയര്‍ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഗണിതശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദപഠനം നടത്തി. 1951-ല്‍ ഡോക്ടറേറ്റ് ബിരുദം നേടി. തുടര്‍ന്ന് ഫ്രാന്‍സിലെ ഗ്രേനോബിള്‍ (1953-54), സ്ട്രാസ്ബര്‍ഗ് (1954-63) എന്നിവിടങ്ങളിലും 1964 മുതല്‍ ബുര്‍സ്-സുര്‍-വൈവെറ്റെയിലെ ഹൗട്ട്സ് ഇറ്റുഡ്സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ഗണിതശാസ്ത്ര പ്രൊഫസറായി തോം ഔദ്യോഗിക സേവനമനുഷ്ഠിച്ചു.

ഫ്രെഡറിക് റെനെ തോം

അവകലന ടോപ്പോളജി (Differential topology) ആയിരുന്നു തോമിന്റെ പ്രധാന ഗവേഷണമേഖല. ചില പ്രത്യേകതകള്‍ പാലിക്കുന്ന ടോപ്പോളജീയ തലങ്ങള്‍ക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളിലാണ് ഇദ്ദേഹം തത്പരനായത്. ഈ പഠന നിരീക്ഷണങ്ങളില്‍നിന്ന് ആവിഷ്കരിക്കപ്പെട്ടതാണ് ഇദ്ദേഹത്തിന്റെ കറ്റാസ്ട്രഫി സിദ്ധാന്തം (Catastrophic theory). ഭൂപ്രകൃതിയില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നവിധം ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രത്യേക പ്രക്രിയകളുടെ ഗണിതീയ മാതൃകകളെ സംബന്ധിച്ച പഠനമാണ് കറ്റാസ്ട്രഫി സിദ്ധാന്തം. നിരവധി വ്യത്യസ്ത പ്രതിഭാസങ്ങളില്‍ ഈ സിദ്ധാന്തം പ്രയോഗിക്കാവുന്നതാണ്. കടലില്‍ കപ്പലുകള്‍ നിലയുറപ്പിക്കുന്നതും മറിയുന്നതുമായ അവസ്ഥകള്‍, പാലങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ച, ജന്തുക്കളുടെ ചില പ്രത്യേക സ്വഭാവവിശേഷങ്ങള്‍, ജയിലുകളില്‍ തടവുപുള്ളികളിലെ അനിയന്ത്രിതമായ അക്രമാസക്തി തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഈ സിദ്ധാന്തം പ്രയോജനപ്പെടുന്നു. ടോപ്പോളജിയിലെ ചില സവിശേഷ വിഭാഗങ്ങളെക്കുറിച്ചുള്ള തോമിന്റെ പഠനങ്ങളാണ് കോബോര്‍ഡിസം തിയറിയില്‍ അടങ്ങിയിട്ടുള്ളത്. ഈ മേഖലയിലെ തോമിന്റെ പ്രമേയമാണ് തോം ട്രാന്‍സ്വേഴ്സാലിറ്റി തിയറം. ഈ ഗവേഷണ നിരീക്ഷണങ്ങളാണ് ഇദ്ദേഹത്തെ ഫീല്‍ഡ്സ് മെഡലിന് അര്‍ഹനാക്കിയത്. ഇതു കൂടാതെ 1974-ല്‍ ഡി ലാ വില്ലെ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്രാന്‍ഡ് പ്രൈസും നേടിയിട്ടുണ്ട്. 1990-ല്‍ ലണ്ടന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ വിശിഷ്ടാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സ്ട്രക്ചറല്‍ സ്റ്റബിലിറ്റി ആന്‍ഡ് മോര്‍ഫോജനിസിസ് (1972) ആണ് പ്രധാന കൃതി.

2002 ഒ. 25-ന് ഫ്രാന്‍സിലെ ബുര്‍സ്-സുര്‍-വൈവെറ്റെയില്‍ തോം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍