This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍, ജോസഫ് ജോണ്‍ (1856 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോംസണ്‍, ജോസഫ് ജോണ്‍ (1856 - 1940)

Thomson,Joseph John

ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞന്‍. വാതകങ്ങളില്‍ക്കൂടി വൈദ്യുതിയുടെ ചാലകതയെക്കുറിച്ചുള്ള ഗവേഷണഫലങ്ങള്‍ക്കായി 1906-ല്‍ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം തോംസണിനു ലഭിച്ചു. ഇലക്ട്രോണ്‍ കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 'ജെ.ജെ. തോംസണ്‍' എന്ന പേരില്‍ പ്രസിദ്ധനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാവന്‍ഡിഷ് ലബോറട്ടറി ഭൌതികശാസ്ത്രരംഗത്ത് അന്താരാഷ്ട്ര ഗവേഷണകേന്ദ്രമായി ഉയര്‍ന്നു. മകനായ ജോര്‍ജ് പേജറ്റ് തോംസണ്‍ ഉള്‍പ്പെടെ ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച എട്ടുപേര്‍ക്ക് പില്ക്കാലത്ത് നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

ജോസഫ് ജോണ്‍ തോംസണ്‍

ജെ.ജെ. തോംസണ്‍ 1856 ഡി. 18-ന് മാഞ്ചസ്റ്ററിനടുത്ത് ജനിച്ചു. 1876-ല്‍ കേംബ്രിജിലെ ട്രിനിറ്റി കോളജില്‍നിന്ന് സ്കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കി. ബിരുദം നേടിയശേഷം കാവന്‍ഡിഷ് ലബോറട്ടറിയില്‍ ചേര്‍ന്നു. വളരെ ചെറുപ്പത്തിലേ ശാസ്ത്രപരീക്ഷണങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച തോംസണ്‍ 27-ാം വയസ്സില്‍ റോയല്‍ സൊസൈറ്റിയില്‍ അംഗവും 28-ാം വയസ്സില്‍ കാവന്‍ഡിഷ് ലബോറട്ടറിയില്‍ ഭൗതികശാസ്ത്ര പരീക്ഷണവിഭാഗത്തിന്റെ പ്രൊഫസറും ആയി. മികച്ച അധ്യാപകന്‍, കഴിവുറ്റ ഗവേഷണ ഡയറക്ടര്‍ എന്നീ നിലകളില്‍ കീര്‍ത്തിയാര്‍ജിച്ച ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഗവേഷണം നടത്താനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശാസ്ത്രജ്ഞര്‍ എത്തിയിരുന്നു.

കാഥോഡ് കിരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്ന് അവഋണ (negative) ചാര്‍ജ് വഹിക്കുന്ന കണങ്ങളാണെന്ന് തോംസണ്‍ കണ്ടെത്തി (പിന്നീട് സ്റ്റോണി എന്ന ശാസ്ത്രജ്ഞന്‍ ഈ കണത്തെ ഇലക്ട്രോണ്‍ എന്നു നാമകരണം ചെയ്തു). വൈദ്യുത, കാന്തിക മണ്ഡലങ്ങളില്‍ ഇത്തരം കണങ്ങള്‍ക്കുണ്ടാകുന്ന വ്യതിയാനം അളന്ന് ഇലക്ട്രോണിന്റെ ചാര്‍ജും ദ്രവ്യമാനവും തമ്മിലുള്ള അനുപാതം (charge to mass ratio:&frac em;) നിര്‍ണയിക്കാനും തോംസണിനു കഴിഞ്ഞു. ഇലക്ട്രോണിന്റെ കണ്ടുപിടിത്തം ആറ്റത്തെക്കുറിച്ച് അന്നേവരെ നിലനിന്ന ആശയങ്ങളെ മാറ്റിമറിച്ചു. എല്ലാ ദ്രവ്യങ്ങളുടെയും സാര്‍വത്രിക ഘടകമാണ് ഇലക്ട്രോണ്‍ എന്ന് അംഗീകരിക്കപ്പെട്ടു.

1906-മുതല്‍ തോംസണിന്റെ ശ്രദ്ധ ധന (positive) കിരണങ്ങളെക്കുറിച്ചായി. ധന കിരണങ്ങളുപയോഗിച്ച് വ്യത്യസ്ത ദ്രവ്യമാനമുള്ള ആറ്റങ്ങളെ വേര്‍തിരിക്കാമെന്ന് ഇദ്ദേഹം തെളിയിച്ചു. സമസ്ഥാനികങ്ങളെ(isotopes)ക്കുറിച്ചും മാസ്സ് സ്പെക്ട്രോസ്കോപ്പിയെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്ക് ഇത് തുടക്കമിട്ടു. നിയോണ്‍ 20, നിയോണ്‍ 22 എന്നീ രണ്ട് സമസ്ഥാനികങ്ങള്‍ അടങ്ങുന്നതാണ് നിയോണ്‍ എന്ന് പിന്നീട് തോംസണ്‍ കണ്ടെത്തി.

ഔദ്യോഗികജീവിതത്തിനിടയ്ക്ക് തോംസണ്‍ 13 പുസ്തകങ്ങളും 200-ല്‍പ്പരം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. കണ്ടക്ഷന്‍ ഒഫ് ഇലക്ട്രിസിറ്റി ത്രൂ ഗ്യാസസ് (1903), ആത്മകഥയായ റീകളക്ഷന്‍സ് ആന്‍ഡ് റിഫ്ളക്ഷന്‍സ് (1936) എന്നിവയാണ് രചനകളില്‍ മുഖ്യമായവ. 1906-ല്‍ നോബല്‍ സമ്മാനം ലഭിച്ച ഇദ്ദേഹത്തിന് 1908-ല്‍ 'നൈറ്റ്'പദവി നല്കപ്പെട്ടു.

1940 ആഗ. 30-ന് കേംബ്രിജില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍