This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍, ജോണ്‍ ഗ്രിഗ്സ് (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോംസണ്‍, ജോണ്‍ ഗ്രിഗ്സ് (1932 - )

Thompson,John Griggs


അമേരിക്കന്‍ ബീജഗണിതശാസ്ത്രജ്ഞന്‍. പരിമിത ഗ്രൂപ്പ് സിദ്ധാന്തത്തില്‍ (Finite group theory) നടത്തിയ ഗവേഷണങ്ങള്‍ 1970-ലെ ഫീല്‍ഡ്സ് മെഡലിന് തോംസണിനെ അര്‍ഹനാക്കി.

1932 ഒ. 13-ന് കാന്‍സസിലെ ഒട്ടാവയില്‍ തോംസണ്‍ ജനിച്ചു. യേല്‍ സര്‍വകലാശാലയില്‍നിന്ന് ബി.എ. ബിരുദവും (1955) ഷിക്കാഗോ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ബിരുദവും (1959) നേടിയ ഇദ്ദേഹം ഹാര്‍വാഡ് (1961-62), ഷിക്കാഗോ (1962-68), കേംബ്രിജ് (1968-70) എന്നീ സര്‍വകലാശാലകളില്‍ ഗണിതശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

ജോണ്‍ ഗ്രിഗ്സ് തോംസണ്‍

അമൂര്‍ത്ത ബീജഗണിത (Abstract Algebra) ശാഖയായ ഗ്രൂപ്പ് സിദ്ധാന്തം, വിശേഷിച്ചും പരിമിത ഗ്രൂപ്പ് സിദ്ധാന്തം ആയിരുന്നു തോംസണിന്റെ പ്രധാന പഠനമേഖല. നിര്‍ധാരണം ചെയ്യുവാന്‍ ശ്രമകരമായിരുന്ന ഫ്രൊബെനിയസിന്റെ (1849-1917) അനുമാനം തെളിയിക്കുവാന്‍ സാധിച്ചത് തോംസണിന്റെ പ്രധാന നേട്ടമായി ഗണിക്കപ്പെടുന്നു. ഏതൊരു അംഗത്തെയും സ്ഥിരപ്പെടുത്താത്ത ഏകൈകസമാകാരിത (automorphism) ഉള്ള പരിമിത ഗ്രൂപ്പ് ശൂന്യസ്ഥാനീയം (nil potent) ആയിരിക്കുമെന്നാണ് ഇദ്ദേഹം തെളിയിച്ചത്. തുടര്‍ന്ന് പരിമിത സരള ഗ്രൂപ്പുകളെ (finite simple groups) കുറിച്ചുള്ള ഗവേഷണങ്ങളില്‍ മുഴുകിയ തോംസണ്‍ 1963-ല്‍ വാള്‍ട്ടര്‍ ഫൈറ്റുമായിച്ചേര്‍ന്ന്, അബീലിയന്‍ അല്ലാത്ത (nonabelian) പരിമിത സരള ഗ്രൂപ്പുകളും യുഗ്മക്രമ(even order)ത്തിലായിരിക്കുമെന്നു കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ ഇവര്‍ക്ക് ഫീല്‍ഡ്സ് മെഡല്‍ നേടിക്കൊടുത്തു. കൂടാതെ, ഫ്രാങ്ക് നെല്‍സണ്‍ കോള്‍ പ്രൈസ് (1965) ഉള്‍പ്പെടെ പതിമൂന്നോളം അവാര്‍ഡുകളാണ് ഈ ഗവേഷണഫലത്തിന് അംഗീകാരമായി ലഭിച്ചത്.

ബെര്‍വിക് പ്രൈസ് (1982), സില്‍വെസ്റ്റര്‍ മെഡല്‍ (1985), വുള്‍ഫ് പ്രൈസ്, പ്വാന്‍കര്‍ പ്രൈസ് (1992) തുടങ്ങിയവ തോംസണിനു ലഭിച്ച മികച്ച അംഗീകാരങ്ങളാണ്. നാഷണല്‍ സയന്‍സ് അക്കാദമി അംഗം (1971), റോയല്‍ സൊസൈറ്റി അംഗം (1979) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളെ മാനിച്ച് യേല്‍ സര്‍വകലാശാല 1980-ലും ഷിക്കാഗോ സര്‍വകലാശാല 1985-ലും ഓക്സ്ഫഡ് സര്‍വകലാശാല 1987-ലും ബഹുമതിമുദ്രകള്‍ നല്കി ആദരിച്ചു. യു.എസ്സിന്റെ ദേശീയ സയന്‍സ് മെഡലായ മാത്ത് പ്രൈസും (Math Prize) തോംസണിനു ലഭിച്ചിട്ടുണ്ട് (2000).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍