This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍, ജിം (1906 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:59, 16 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തോംസണ്‍, ജിം (1906 - 77)

Thompson,Jim

അമേരിക്കന്‍ നോവലിസ്റ്റ്. 1906-ല്‍ ഓക്ലഹോമയില്‍ ജനിച്ചു. നെബ്രാസ്ക യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. എണ്ണക്കിണര്‍ തൊഴിലാളിയായി ജീവിതം ആരംഭിച്ചു. 1930-കളിലെ സാമ്പത്തികമാന്ദ്യകാലത്ത് ഓക്ലഹോമയിലെ ഫെഡറല്‍ റൈറ്റേഴ്സ് പ്രോജക്റ്റുമായി ബന്ധപ്പെടുകയും ഗൈഡ് ബുക്കുകള്‍ എഴുതാനാരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് സമൂഹത്തിലെ എല്ലാത്തരത്തിലുള്ള ആളുകളുമായും അടുത്തിടപഴകാന്‍ അവസരം ലഭിക്കുകയും പില്ക്കാലത്ത് ഇവരുടെ ജീവിതം നോവലുകളില്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 1931-ല്‍ ആല്‍ബെര്‍ട്ടാ തോംസണിനെ വിവാഹം ചെയ്തു. ഇക്കാലത്ത് തോംസണ്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയും വുഡി ഗുത്രി തുടങ്ങിയ നാടോടിഗായകരുമായി സൗഹൃദത്തിലാവുകയും ചെയ്തു.

ജിം തോംസണ്‍

1940-കളില്‍ തോംസണ്‍ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി കുറ്റകൃത്യകഥാരചനയിലേക്കു തിരിഞ്ഞു. ആദ്യനോവലായ നൗ ആന്‍ഡ് ഓണ്‍ എര്‍ത് 1942-ല്‍ പുറത്തുവന്നു. നായകന്റെ പിതാവ് ഒരു ഭ്രാന്താശുപത്രിയില്‍ ആത്മഹത്യ ചെയ്യുന്നതായാണ് ഇതില്‍ ചിത്രീകരിക്കുന്നത്. തന്റെ പിതാവിന്റെ അന്ത്യവും ഇതുപോലെയായിരുന്നുവെന്ന് തോംസണ്‍ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. 1953-ല്‍ ഇദ്ദേഹത്തിന്റെ ആത്മകഥ ബാഡ് ബോയ് എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1950-കളില്‍ ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ്, ലോസ് ഏഞ്ചലസ് ടൈംസ് മിറര്‍ എന്നീ ആനുകാലികങ്ങളില്‍ ജോലി ചെയ്യാന്‍ തോംസണിന് അവസരം ലഭിച്ചു. ജോസഫ് മക്കാര്‍ത്തിയുടെ കമ്യൂണിസ്റ്റ് വേട്ട ഇക്കാലത്തായിരുന്നു. മറ്റു പലരുടെയും കൂട്ടത്തില്‍ തോംസണും സര്‍ക്കാരിന് അനഭിമതനായിത്തീര്‍ന്നു. എന്നാല്‍ സാഹിത്യരചനയ്ക്ക് ഇതൊന്നും തടസ്സമായില്ല. കൊള്ളയും കൊലപാതകവും വിഷയമാക്കിക്കൊണ്ടുള്ള ദ് കില്ലിങ് എന്ന നോവല്‍ 1956-ല്‍ പ്രസിദ്ധീകരിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് ഫ്രഞ്ച് മുന്നണിയില്‍ നടക്കുന്ന ചില സംഭവങ്ങളാണ് 1957-ല്‍ പുറത്തുവന്ന പാത്സ് ഒഫ് ഗ്ളോറിയിലെ വിഷയം.

1950-കളില്‍ ഇരുപതോളം നോവലുകള്‍ തോംസണ്‍ രചിക്കുകയുണ്ടായി. ദ് കില്ലര്‍ ഇന്‍സൈഡ് മി (1952), ദ് നത്തിങ് മാന്‍ (1954), ദി ആല്‍ക്കഹോളിക്ക്സ് (1953) എന്നിവയാണ് ഇക്കാലത്തെ നോവലുകളില്‍ പ്രധാനം. പല നോവലുകളുടെയും പശ്ചാത്തലം അമേരിക്കന്‍ ഐക്യനാടുകളിലെ ദക്ഷിണദേശത്തിന്റെ ഉള്‍പ്രദേശങ്ങളാണ്. ഫോക്നറുടെ നോവലുകളിലെപ്പോലെ ദക്ഷിണദേശത്തിന്റെ അപചയവും ബീഭത്സാന്തരീക്ഷവുമാണ് തോംസണിന്റെ കൃതികളിലും ചിത്രീകരിക്കപ്പെടുന്നത്. ദ് ഗ്രിഫ്റ്റേഴ്സ് (1963), സൗത്ത് ഒഫ് ഹെവന്‍ (1967), ചൈല്‍ഡ് ഒഫ് റെയ്ജ് (1972), ഹാര്‍ഡ് കോര്‍ (1986) എന്നിവ ഇദ്ദേഹത്തിന്റെ പില്ക്കാല കൃതികളില്‍ മികച്ചുനില്ക്കുന്നു.

1977 ഏ. 7-ന് ലോസ് ആഞ്ചലസില്‍ തോംസണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍