This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍, എഡ്വേര്‍ഡ് ഹെര്‍ബെര്‍ട്ട് (1856 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോംസണ്‍, എഡ്വേര്‍ഡ് ഹെര്‍ബെര്‍ട്ട് (1856 - 1935)

Thompson,Edward Herbert

അമേരിക്കന്‍ പുരാവസ്തു ഗവേഷകന്‍. മെക്സിക്കോയിലെ ചിച്ചന്‍ ഇറ്റ്സയിലെ മായന്‍ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മസാച്യുസെറ്റ്സില്‍ 1856 സെപ്. 28-ന് ജനിച്ചു. പുരാവസ്തു പഠനത്തില്‍ ഔപചാരികമായ യാതൊരു ശിക്ഷണവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. എങ്കിലും മായന്‍ സംസ്കാരത്തിലുള്ള അതീവ താത്പര്യം ഇദ്ദേഹത്തെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചു. യുക്കാറ്റനില്‍ അമേരിക്കന്‍ കോണ്‍സലായിരിക്കവേ ഒഴിവുസമയം പുരാവസ്തു ഗവേഷണത്തിനായിട്ടാണ് ഇദ്ദേഹം വിനിയോഗിച്ചത്. ചിച്ചന്‍ ഇറ്റ്സയിലെ പുണ്യതീര്‍ഥം എന്നു വിശേഷിപ്പിക്കപ്പെട്ട ശിലാഗഹ്വരത്തില്‍ ഇദ്ദേഹം നടത്തിയ ഉത്ഖനനത്തിലൂടെ അമൂല്യമായ നിധിശേഖരം കണ്ടെത്താനായി. മഴദേവന്റെ ആവാസകേന്ദ്രമായിട്ടാണ് മായന്‍ ഐതിഹ്യങ്ങളില്‍ ഈ പുണ്യതീര്‍ഥം പരാമര്‍ശിക്കപ്പെടുന്നത്. മഴദേവനെ പ്രീതിപ്പെടുത്തുന്നതിനായി യുവസുന്ദരികളെയും അമൂല്യരത്നങ്ങളെയും പുണ്യതീര്‍ഥത്തിലേക്ക് എറിഞ്ഞുകൊടുക്കുന്ന പതിവ് മായന്മാര്‍ക്കുണ്ടായിരുന്നു. ഈ ഉത്ഖനനത്തിലൂടെ നിധിക്കു പുറമേ, ഐതിഹ്യങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന വസ്തുതകളെ സാധൂകരിക്കുന്ന വിധത്തില്‍ അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു. ദ് പീപ്പിള്‍ ഒഫ് ദ് സെര്‍പന്റ് (1932) എന്ന ഗ്രന്ഥത്തില്‍ തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം വിവരിച്ചിട്ടുണ്ട്. ന്യൂ ജെഴ്സിയില്‍ 1935 മേയ് 11-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍