This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍, ഇ.പി. (1924 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോംസണ്‍, ഇ.പി. (1924 - 93)

Thompson,E.P

ബ്രിട്ടിഷ് ചരിത്രകാരനും മാര്‍ക്സിസ്റ്റ് ചിന്തകനും. 1924-ല്‍ ഓക്സ്ഫഡില്‍ ജനിച്ച എഡ്വേഡ് പാമര്‍ തോംസണിന്റെ മാതാപിതാക്കള്‍ ഉത്പതിഷ്ണുക്കളും ഇടതുപക്ഷാനുഭാവികളുമായിരുന്നു. തന്റെ ജ്യേഷ്ഠനായ ഫ്രാങ്കിനെ ബള്‍ഗേറിയന്‍ ഫാസിസ്റ്റുകള്‍ കൊലപ്പെടുത്തിയത് തോംസണിന്റെ ജീവിതത്തിലെ വഴിത്തിരിവായി. കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1942-ല്‍ സര്‍വകലാശാലാ സോഷ്യലിസ്റ്റ് ക്ളബ്ബിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തന്റെ ജ്യേഷ്ഠന്റെ വിപ്ലവാശയങ്ങളെക്കുറിച്ച് മാതാവുമായിച്ചേര്‍ന്ന് 1947-ല്‍ ദേര്‍ ഈസ് എ സ്പിരിറ്റ് ഇന്‍ യൂറോപ്പ്: എ മെമ്മയര്‍ ഒഫ് ഫ്രാങ്ക് തോംസണ്‍ എന്ന കൃതി രചിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. യുദ്ധാനന്തരം കേംബ്രിജില്‍ പഠനം തുടര്‍ന്ന തോംസണ്‍, 1948-ല്‍ കമ്യൂണിസ്റ്റ് ലീഗ് പ്രവര്‍ത്തകയായ ഡോറതി ടവേഴ്സിനെ വിവാഹം കഴിച്ചു.

ഇ.പി.തോംസണ്‍

ലീഡ്സ് സര്‍വകലാശാലയില്‍ ലക്ചറര്‍ ആയി ചേര്‍ന്ന തോംസണ്‍, 19-ാം ശ.-ത്തിലെ കവിയും സോഷ്യലിസ്റ്റുമായിരുന്ന വില്യം മോറിസിനെക്കുറിച്ച് ഗവേഷണപഠനത്തിലേര്‍പ്പെട്ടു. 1955-ല്‍ വില്യം മോറിസ്: റൊമാന്റിക് റ്റു റെവലൂഷണറി എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. സ്വന്തം വീക്ഷണങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നതിനുള്ള ഒരു മാധ്യമമായി മോറിസ് കലയെ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതാണ് ഈ കൃതിയില്‍ ചര്‍ച്ചചെയ്യുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടതിനുശേഷം 1977-ല്‍ ഇദ്ദേഹം ഈ കൃതി പരിഷ്കരിക്കുകയും സ്റ്റാലിനിസത്തോടുള്ള വിമര്‍ശനം അവതരിപ്പിക്കുകയും ചെയ്തു. 'മാനവികതയുടെ അഭാവ'മാണ് സ്റ്റാലിനിസമെന്ന് തോംസണ്‍ ഈ കൃതിയില്‍ സൂചിപ്പിച്ചു. 1956-ല്‍ സ്റ്റാലിന്റെ ഭരണകാലത്തെക്കുറിച്ചുള്ള ക്രൂഷ്ചേവിന്റെ വെളിപ്പെടുത്തലുകളോട് ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് ജോണ്‍ സവുല്ലെയുമായിച്ചേര്‍ന്ന് ന്യൂ റീസണര്‍ എന്നൊരു പ്രസിദ്ധീകരണമാരംഭിച്ചു. ഇതാണ് പില്ക്കാലത്ത് വിഖ്യാതമായ ന്യൂ ലെഫ്റ്റ് റിവ്യു ആയി മാറിയത്. 'സോഷ്യലിസ്റ്റ് ഹ്യൂമനിസം' എന്ന ആശയമാണ് ഈ പ്രസിദ്ധീകരണത്തിലൂടെ തോംസണ്‍ പ്രചരിപ്പിച്ചത്.

1963-ല്‍ പ്രസിദ്ധീകരിച്ച ദ് മേക്കിങ് ഒഫ് ദി ഇംഗ്ലീഷ് വര്‍ക്കിങ് ക്ലാസ്സ് എന്ന കൃതിയാണ് ചരിത്രകാരന്‍ എന്ന നിലയ്ക്ക് തോംസണിനെ പ്രശസ്തനാക്കിയത്. 1790-നും 1830-നുമിടയില്‍ പല വിഭാഗങ്ങളില്‍പ്പെട്ട ബ്രിട്ടിഷ് തൊഴിലാളികള്‍ ഒരു വര്‍ഗമായി ഒന്നിക്കുകയും തൊഴിലാളി വര്‍ഗബോധം ആര്‍ജിക്കുകയും ചെയ്തതിന്റെ ചരിത്രമാണ് ഈ കൃതിയില്‍ അപഗ്രഥിക്കുന്നത്. പ്രതിഷേധവാസന വളര്‍ത്തുക, സംഘടിക്കുക, ജനകീയ നീതിയെക്കുറിച്ചുള്ള പരാതികള്‍ക്കും സ്വതന്ത്രമായ അഭിപ്രായപ്രകാശനത്തിനും നിയമപരിരക്ഷ നല്കുക എന്നിവ വ്യാവസായികവിപ്ലവത്തിലൂടെ ബ്രിട്ടിഷ് തൊഴിലാളിവര്‍ഗം ആര്‍ജിച്ച പാരമ്പര്യങ്ങളാണെന്ന് ഈ കൃതിയുടെ ഒന്നാം ഭാഗത്ത് തോംസണ്‍ വിശദീകരിക്കുന്നു. തൊഴിലാളികളുടെ ഭൗതിക ജീവിത സാഹചര്യങ്ങളിലുണ്ടായ അപചയത്തെയും രാഷ്ട്രീയ-സാമൂഹിക-മതപരമായ അടിച്ചമര്‍ത്തലിനെയും കുറിച്ചാണ് രണ്ടാം ഭാഗത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. ഈ മാറ്റങ്ങളോടുള്ള തൊഴിലാളിവര്‍ഗത്തിന്റെ പ്രതികരണമാണ് അവസാന ഭാഗത്തിന്റെ പ്രമേയം. ഇത്തരം മാറ്റങ്ങളോടുള്ള പ്രതികരണങ്ങളിലൂടെ തൊഴിലാളികള്‍ വര്‍ഗബോധമാര്‍ജിക്കുന്ന ചരിത്രപ്രക്രിയയെക്കുറിച്ചുള്ള സൂക്ഷ്മവിശകലനമാണ് ഈ കൃതിയെ ശ്രദ്ധേയമാക്കിയത്. മനുഷ്യരുടെ പരസ്പര ബന്ധങ്ങളിലൂടെ രൂപംകൊള്ളുന്ന മൂര്‍ത്തമായ ഒരു ചരിത്ര പ്രതിഭാസമാണ് വര്‍ഗമെന്ന് തോംസണ്‍ ഈ കൃതിയിലൂടെ സിദ്ധാന്തിക്കുന്നു. കൈകാര്യം ചെയ്യുന്ന പ്രമേയത്തോടുള്ള പ്രതിബദ്ധത, ഗവേഷണവൈഭവം, രചനാശൈലി, പ്രത്യയശാസ്ത്രനിലപാടുകളുടെ തുറന്ന പ്രഖ്യാപനം തുടങ്ങിയവയൊക്കെ വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ചരിത്രകൃതികളില്‍ ഒരു ക്ലാസ്സിക്ക് ആയിട്ടാണ് ഈ പുസ്തകം പരിഗണിക്കപ്പെടുന്നത്. 18, 19 ശ.-ങ്ങളിലെ ബ്രിട്ടിഷ് ചരിത്രം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഗവേഷകര്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ഗവേഷണ സഹായിയായി ഈ കൃതി മാറിയിട്ടുണ്ട്. സാമൂഹികചരിത്രം, താഴെത്തട്ടില്‍നിന്നുള്ള ചരിത്രം (History from below) തുടങ്ങിയ നൂതന ചരിത്രരചനാസമ്പ്രദായങ്ങളുടെ വികാസത്തില്‍ ഈ കൃതിയുടെ സംഭാവന ഗണനീയമാണ്. മാത്രവുമല്ല തൊഴിലാളിചരിത്രം, സ്ത്രീവിമോചന ചരിത്രം, സംസ്കാരം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളിലും പുതിയ അന്വേഷണങ്ങള്‍ക്ക് ഈ കൃതി പ്രചോദകമായിട്ടുണ്ട്.

1965-ല്‍ വാര്‍വിക്ക് സര്‍വകലാശാല പുതിയതായി തുടങ്ങിയ 'സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഒഫ് സോഷ്യല്‍ ഹിസ്റ്ററി'യുടെ ഡയറക്ടര്‍ ആയി തോംസണ്‍ നിയമിതനായി. 1975-ല്‍ വിഗ്സ് ആന്‍ഡ് ഹണ്ടേഴ്സ്: ദി ഒറിജിന്‍ ഒഫ് ദ് ബ്ളാക്ക് ആക്റ്റ് എന്ന കൃതി രചിച്ചു. 1723-ലെ ബ്ലാക്ക് ആക്റ്റ് എന്ന നിയമ നിര്‍മാണമാണ് ഇതിന്റെ പ്രമേയം. ഫ്രഞ്ച് മാര്‍ക്സിസ്റ്റ് ചിന്തകനായ ലൂയി അല്‍ത്തൂസ്സറിന്റെ ആശയങ്ങള്‍ക്ക് 1970-കളില്‍ ബ്രിട്ടനില്‍ പ്രചാരം ലഭിച്ചതിനെത്തുടര്‍ന്ന്, തോംസണ്‍ ദ് പോവര്‍ട്ടി ഒഫ് തിയറി ആന്‍ഡ് അദര്‍ എസ്സേയ്സ് എന്ന കൃതി പ്രസിദ്ധീകരിച്ചു. സൈദ്ധാന്തികമായ മാനവികതാവാദ വിരുദ്ധതയാണ് മാര്‍ക്സിസം എന്ന അല്‍ത്തൂസ്സേറിയന്‍ വീക്ഷണത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് ഈ കൃതി. സ്വയം വിമര്‍ശനത്തിനും ധാര്‍മിക വ്യവഹാരത്തിനുമുള്ള ധൈഷണിക ശേഷി മാര്‍ക്സിസത്തിനുണ്ടാകണമെന്ന് തോംസണ്‍ വാദിച്ചു. ആണവായുധീകരണം മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാകുന്നതിനെക്കുറിച്ചാണ് അവസാന നാളുകളില്‍ തോംസണ്‍ ചിന്തിച്ചത്. ദ് മേയ് ഡേ മാനിഫെസ്റ്റോ (1968), സീറോ ഓപ്ഷന്‍ (1982), പ്രൊട്ടസ്റ്റ് ആന്‍ഡ് സര്‍വൈവ് (1980), സ്റ്റാര്‍ വാഴ്സ് (1985), പ്രോസ്പെക്റ്റ്സ് ഫോര്‍ എ ഹാബിറ്റബിള്‍ പ്ളാനറ്റ് (1987) എന്നിവയാണ് തോംസണിന്റെ മറ്റു കൃതികള്‍.

1993-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍