This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴില്‍ വിഭജനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴില്‍ വിഭജനം

Division of Labour

മനുഷ്യാധ്വാനത്തിന്റെയും ഉത്പാദനത്തിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് തൊഴിലിന്റെയും പ്രവര്‍ത്തനക്രമത്തിന്റെയും ഘടനയെ പലതായി വിഭജിക്കുന്ന സമ്പ്രദായം. ക്ളാസ്സിക്കല്‍ ധനശാസ്ത്രജ്ഞനായ ആഡം സ്മിത്ത് രാഷ്ട്രസമ്പത്തിനെക്കുറിച്ചുള്ള തന്റെ പ്രബന്ധത്തില്‍ തൊഴില്‍ വിഭജനത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഒരു സമൂഹത്തിലെ വ്യക്തികള്‍ പല തരക്കാരാണ്. അവരുടെ സ്വഭാവം, ജന്മവാസനകള്‍, അഭിരുചികള്‍, കരകൗശല-ബൗദ്ധിക കഴിവുകള്‍, പ്രവര്‍ത്തനശൈലികള്‍ എന്നിവ വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് എല്ലാവര്‍ക്കും എല്ലാ പ്രവൃത്തികളും ഒരുപോലെ യോജിക്കുകയില്ലെന്നും ആ പ്രവൃത്തികളില്‍ ഒരേപോലെ ശോഭിക്കാന്‍ കഴിയുകയില്ലെന്നും ആഡം സ്മിത്ത് സൂചിപ്പിച്ചത്. ഓരോ വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും ഉത്പാദനം പരമാവധിയാക്കാന്‍ ഓരോ വ്യക്തിയും രാഷ്ട്രവും തങ്ങള്‍ക്കു മെച്ചമുള്ള അഥവാ കൂടുതല്‍ ശോഭിക്കാന്‍ കഴിവുള്ള പ്രവര്‍ത്തന മേഖലയും പ്രവര്‍ത്തന രീതികളും തിരഞ്ഞെടുക്കണമെന്നാണ് അദ്ദേഹം വാദിച്ചത്. ഈ രീതിയാണ് 'സ്പെഷ്യലൈസേഷന്‍'. ഇതിന്റെ ഒരു വകഭേദമാണ് തൊഴില്‍ വിഭജനം എന്നു പറയാം.

ഉദാഹരണത്തിന്, ഒരാള്‍ ഒരു നല്ല തൊപ്പിനിര്‍മാതാവാണെന്നു കരുതുക. എന്നാല്‍ അയാള്‍ക്ക് വേണമെങ്കില്‍ തൊപ്പിക്കു പകരം ചെരുപ്പ് നിര്‍മിക്കാനും കഴിയും. എന്നാല്‍ പ്രവൃത്തിപരിചയം കൊണ്ടും ജന്മവാസനകൊണ്ടും അഭിരുചികൊണ്ടും നിരന്തരമായ ശ്രദ്ധകൊണ്ടും മികവ് കാട്ടുന്ന ഒരു യഥാര്‍ഥ ചെരുപ്പുകുത്തിയുമായി മത്സരിക്കാന്‍ ഈ തൊപ്പിനിര്‍മാതാവിന് കഴിയില്ല. അതുപോലെതന്നെ മികവ് കാട്ടുന്ന ചെരുപ്പുകുത്തിക്കും മികവ് കാട്ടുന്ന തൊപ്പിനിര്‍മാതാവിനോട് മത്സരിക്കാന്‍ കഴിയില്ല. തൊപ്പി നിര്‍മാണവും ചെരുപ്പ് നിര്‍മാണവും രണ്ട് വ്യത്യസ്ത തൊഴിലുകളാണ്. ഒരാള്‍തന്നെ രണ്ടും ചെയ്യുന്നത് ഭൂഷണമല്ല, അത് കാര്യക്ഷമതയും ഉത്പാദനവും കുറയ്ക്കുകയേയുള്ളൂ. ഇവിടെ രണ്ട് തൊഴിലുകളെ രണ്ടായിത്തന്നെ കണ്ട് തരം തിരിച്ചിരിക്കുകയാണ്. ഇതിനെയും 'തൊഴില്‍ വിഭജനം' എന്ന നിര്‍വചനത്തില്‍ കൊണ്ടുവരാം. ഈ ആശയം വ്യത്യസ്ത പ്രദേശങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ബാധകമാണെന്ന് ആഡം സ്മിത്തും തുടര്‍ന്ന് ഡേവിഡ് റിക്കാര്‍ഡോയും സിദ്ധാന്തിച്ചു. പോര്‍ച്ചുഗല്‍ വീഞ്ഞും, ഇംഗ്ലണ്ട് തുണിയും ഉത്പാദിപ്പിക്കുന്നത് രണ്ടു കൂട്ടര്‍ക്കും നല്ലതാണ്. അതിനുപകരം രണ്ടു കൂട്ടരും രണ്ട് ചരക്കുകളും ഒരേ സമയത്ത് ഉത്പാദിപ്പിക്കുന്നത് രാഷ്ട്രസമ്പത്തിനെ ക്ഷയിപ്പിക്കുന്ന പ്രവൃത്തിയാകും. ലാഭകരമായ അന്താരാഷ്ട്ര കച്ചവടത്തിന്റെ അടിസ്ഥാനവും ഒരുതരത്തില്‍ പറഞ്ഞാല്‍ പ്രാദേശിക-അന്താരാഷ്ട്ര തലത്തിലുള്ള തൊഴില്‍ വിഭജനമാണ്.

എന്നാല്‍ തൊഴില്‍ വിഭജനം എന്ന ആശയത്തിന് പ്രചുരപ്രചാരം കിട്ടിയത് ആഡം സ്മിത്തിന്റെ മറ്റൊരു പ്രസിദ്ധമായ വിശകലനത്തില്‍ക്കൂടിയാണ്. അത് പിന്നീട് വ്യവസായ വിപ്ളവത്തിന്റെ അടിസ്ഥാനശിലയായി മാറി. തൊപ്പി നിര്‍മിക്കുന്നവന്റെയും ചെരുപ്പുകുത്തിയുടെയും കാര്യത്തില്‍ വ്യക്തിപരമായ തൊഴില്‍ വിഭജനമാണ് അടിസ്ഥാന ആശയം. തൊഴില്‍ വിഭജനത്തിന് മറ്റൊരു മാനവും ഉണ്ട്. മൊട്ടുസൂചിയുടെ നിര്‍മാണം ആഡം സ്മിത്ത് വിവരിക്കുന്നത് ഇങ്ങനെയാണ്. ഒരാള്‍ തനിയെ മൊട്ടുസൂചി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു ദിവസം പത്തോ പതിനഞ്ചോ എണ്ണം ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, അതിന്റെ നിര്‍മാണത്തെ പല ഘട്ടങ്ങളായി വിഭജിച്ച് പത്ത് പേര്‍ക്കായി നല്കിയാല്‍, ഒരാള്‍ തനിയെ ഉണ്ടാക്കുന്നതിന്റെ പത്തിരട്ടിയില്‍ കൂടുതല്‍ മൊട്ടുസൂചികള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ആഡം സ്മിത്ത് പറഞ്ഞു. കമ്പി വലിക്കുക, തേച്ച് മിനുസപ്പെടുത്തുക, മുറിക്കുക, അറ്റം കൂര്‍പ്പിക്കുക, സൂചിക്ക് മൊട്ടിടുക എന്നിങ്ങനെ മൊട്ടുസൂചിനിര്‍മാണത്തെ പല ഘട്ടങ്ങളായി വിഭജിക്കാം. ഒരോ ഘട്ടത്തിലേയും ജോലിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ പ്രത്യേക ജോലിയില്‍ മാത്രം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ കഴിയും. ഇത് കാര്യക്ഷമതയെയും ഉത്പാദനത്തെയും വര്‍ധിപ്പിക്കും. ആധുനിക വ്യവസായോത്പാദനത്തില്‍ പ്രവൃത്തിയടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം ഇന്ന് സാര്‍വത്രികമാണ്. ഇന്ന് ഫാക്റ്ററിയടിസ്ഥാനത്തില്‍ ഒരു ചെരുപ്പിന്റെ നിര്‍മാണം ഏകദേശം നൂറിലധികം ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഒരു കാറിന്റെ നിര്‍മാണത്തില്‍ ഇന്ന് അനേകം തൊഴിലാളികള്‍ അനേകം ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ചുരുക്കത്തില്‍, തൊഴില്‍ വിഭജനം വഴി പലര്‍ പല ഘട്ടങ്ങളില്‍ സംയോജിതമായി പ്രവര്‍ത്തിച്ചാണ് ഇന്ന് മിക്കവാറും എല്ലാ ചരക്കുകളും ഉത്പന്നങ്ങളും നിര്‍മിക്കുന്നത്. ഒരു പ്രവൃത്തിതന്നെ പല ഘട്ടങ്ങളിലായി വിഭജിച്ച്, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഉത്പാദനം നടത്തുകയും ഓരോ വ്യക്തിയും അഭിരുചിക്കനുസരിച്ച് അതില്‍ ഒന്നില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ കാര്യക്ഷമത കൂട്ടാനും ആകെ ഉത്പാദനം, വരുമാനം, സമ്പത്ത് എന്നിവ പരമാവധിയാക്കാനും കഴിയുമെന്നാണ് തൊഴില്‍ വിഭജനം എന്ന അടിസ്ഥാന ആശയം സൂചിപ്പിക്കുന്നത്. പുത്തന്‍ സാങ്കേതികവിജ്ഞാനവിപ്ളവത്തിന്റെ ഫലമായി ഇന്ന് തൊഴില്‍ വിഭജനം, സ്പെഷ്യലൈസേഷന്‍ എന്നിവ ഒഴിച്ചുകൂടാന്‍ വയ്യാത്തതായിത്തീര്‍ന്നിരിക്കുന്നു.

തൊഴില്‍ വിഭജനത്തിന് മറ്റൊരു മാനം കൂടിയുണ്ട്. ഇന്ന് ലോകത്തെവിടെയായാലും ഏത് ചരക്കുത്പാദിപ്പിക്കാനും ഒന്നിലധികം വ്യക്തികള്‍, വിഭവങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒത്തുചേര്‍ന്നേ പറ്റൂ. ഒരു തുണിമില്ലില്‍ തുണി ഉത്പാദിപ്പിക്കണമെങ്കില്‍ ആരുടെയൊക്കെ സഹായം വേണമെന്നു നോക്കാം. പരുത്തി കര്‍ഷകര്‍ അധ്വാനിച്ചാലേ പരുത്തി ഉണ്ടാകൂ. അത് നൂലാക്കണം; പിന്നീട് അതില്‍നിന്ന് വസ്ത്രമുണ്ടാക്കണമെങ്കില്‍ യന്ത്രങ്ങളും രാസവസ്തുക്കളും വിദ്യുച്ഛക്തിയും വേണം. ഈ മേഖലകളിലൊക്കെ പ്രവൃത്തിയെടുക്കാന്‍ തൊഴിലാളികള്‍ വേണം. ഇവിടേയും യഥാര്‍ഥത്തില്‍ തൊഴില്‍ വിഭജനം എന്ന ആശയമാണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍, തൊഴില്‍ വിഭജനവും പരസ്പരാശ്രയത്വവും ബന്ധപ്പെട്ടു കിടക്കുന്നു. ഇവയില്‍ ഏതെങ്കിലും ഘടകമോ കണ്ണിയോ തെറ്റുകയോ അപകടപ്പെടുകയോ ചെയ്താല്‍ ഉത്പാദനംതന്നെ നിലയ്ക്കും. അതുകൊണ്ട് തൊഴില്‍ വിഭജനത്തെ ശ്രദ്ധയോടെ ക്രമപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

തൊഴില്‍ വിഭജനത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. തൊഴില്‍ വിഭജനം തൊഴിലിന്റെയും മനുഷ്യപ്രയത്നത്തിന്റെയും കാര്യക്ഷമത വളരെയേറെ വര്‍ധിപ്പിക്കും. അതുവഴി ചരക്കുകളുടെ വര്‍ധിച്ച ഉത്പാദനം മാത്രമല്ല അവയുടെ ഉയര്‍ന്ന ഗുണനിലവാരവും ഉറപ്പു വരുത്താനാകും. ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ആ ജോലിയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടാനും തൊഴില്‍ വിഭജനം വഴി ഒരു വ്യക്തിക്ക് അവസരം കിട്ടുന്നു. ഒപ്പം അത് അധ്വാനഭാരം കുറയ്ക്കുകയും ചെയ്യും. തൊഴില്‍ വിഭജനം വഴി ഉത്പാദന പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി യന്ത്രങ്ങളുടെ ഉപയോഗം സാധ്യമാക്കാം. അതുവഴി ഉത്പാദനച്ചെലവ് കുറയ്ക്കാം. ഓരോ വ്യക്തിയുടെയും കഴിവുകള്‍, വൈദഗ്ധ്യം, അഭിരുചി, സാങ്കേതിക പരിജ്ഞാനം, കര്‍മകുശലത എന്നിവ പരമാവധി ഉപയോഗപ്പെടുത്താന്‍ തൊഴില്‍ വിഭജനം സഹായിക്കും. സാമര്‍ഥ്യം, കൈപ്പഴക്കം അഥവാ ഹസ്തലാഘവം, നിപുണത, വേഗം എന്നിവ നോക്കി ഒരു വ്യക്തിയെ അയാള്‍ക്ക് ഏറ്റവും യോജിച്ച ജോലിയില്‍ നിയോഗിക്കാന്‍ തൊഴില്‍ വിഭജനം സഹായിക്കുന്നു. ചെയ്യുന്ന തൊഴിലില്‍ പ്രാവീണ്യം നേടാന്‍ തൊഴില്‍ വിഭജനം സഹായിക്കുന്നതുകൊണ്ട്, തൊഴിലുടമകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അധികം പണവും സമയവും ചെലവഴിക്കേണ്ടി വരുന്നില്ല. ഒരു പ്രവൃത്തിയില്‍നിന്ന് മറ്റൊന്നിലേക്ക് ഒരാളെ മാറ്റി നിയോഗിക്കുമ്പോള്‍ മാത്രമേ തൊഴില്‍ പരിശീലനം വേണ്ടിവരികയുള്ളൂ.

തൊഴില്‍ വിഭജനം നിരവധി ദോഷഫലങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഒരേ ജോലിതന്നെ തുടര്‍ച്ചയായി ചെയ്യുന്ന ഒരു വ്യക്തിക്ക് ആ ജോലിയില്‍ ശുഷ്കാന്തി വേഗം നഷ്ടപ്പെടും. താന്‍ ചെയ്യുന്ന ജോലി മറ്റൊരാളുടെ ജോലിയുടെ ഒരു അനുബന്ധഘടകമായതുകൊണ്ട്, ഇത് മറ്റു ഘട്ടങ്ങളിലേക്ക് അതിവേഗം വ്യാപിക്കും. സ്വന്തം കഴിവുകളും ക്രിയാത്മകതയും പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന തോന്നല്‍ ഒരു വ്യക്തിക്ക് ഉണ്ടാകാം. അതുകൊണ്ടാണ് തൊഴില്‍ജീവിതത്തിലുണ്ടാകുന്ന സന്തോഷവും തൃപ്തിയും തൊഴില്‍ വിഭജനം മൂലം ഇല്ലാതാകുന്നത്. പലര്‍ക്കും തൊഴില്‍ ഒരു യാന്ത്രികമായ പ്രക്രിയയായി മാറുന്നു. താന്‍ ഉത്പാദന പ്രക്രിയയില്‍ വ്യക്തിത്വം നഷ്ടപ്പെട്ട ഒരു ചെറുകണ്ണി മാത്രമല്ലേ എന്ന ബോധം അയാളില്‍ ജനിപ്പിക്കാന്‍ തൊഴില്‍ വിഭജനം ഇടയാക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. തൊഴിലില്‍ ഒരു പ്രത്യേക തരത്തിലുള്ള അന്യതാബോധം അയാള്‍ക്ക് അനുഭവപ്പെട്ടേക്കാം. അതുവഴി വ്യക്തിത്വംതന്നെ നഷ്ടപ്പെടുന്നു എന്ന ഭയാശങ്കയുമുണ്ടാകാം. മാനസികവും ശാരീരികവുമായ ക്ഷീണം, ഇടുങ്ങിയ വീക്ഷണം, നഷ്ടപ്പെടുന്ന സൃഷ്ടിപരത, മന്ദീഭവിപ്പിക്കുന്ന ബുദ്ധി എന്നിവ തൊഴില്‍ വിഭജനത്തിന്റെ ദോഷങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പരസഹായം കൂടാതെ പ്രവര്‍ത്തിക്കാനുള്ള അന്തഃശക്തിപോലും ഒരു വ്യക്തിക്ക് നഷ്ടപ്പെട്ടേക്കാം. തൊഴില്‍ വിഭജനം കൂട്ടായ ഉത്പാദന പ്രവര്‍ത്തനത്തിന് സഹായകമാണെങ്കിലും, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒരേപോലെ ചുമതലാബോധം ഉണ്ടാകണമെന്നില്ല. ഇത് ചരക്കിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഗുണനിലവാരം കുറഞ്ഞത് തന്റെ കുറ്റമല്ല എന്നു പറഞ്ഞ് മറ്റുള്ളവരെ പഴിക്കാന്‍ എല്ലാവരും ശ്രമിക്കും. ഒരേ ജോലിതന്നെ എല്ലായ്പ്പോഴും ചെയ്യുന്നതുകൊണ്ട്, മറ്റൊരു ജോലിക്ക് താന്‍ അപ്രാപ്തനാണ് എന്ന തോന്നല്‍ വ്യക്തികള്‍ക്കുണ്ടാകും. സാമ്പത്തികമാന്ദ്യം ഉണ്ടാകുന്ന അവസരത്തില്‍ ഒരു ജോലി നഷ്ടപ്പെട്ടാലും മറ്റൊരു ജോലി തേടിപ്പോകാന്‍ അയാള്‍ക്ക് സാധിച്ചുവെന്നു വരില്ല. അനുഭവത്തില്‍, തൊഴില്‍ വിഭജനം ഫാക്റ്ററി പ്രസ്ഥാനത്തെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഫാക്റ്ററി നഗരങ്ങളിലെ ജനപ്പെരുപ്പം, ജീവിത സമ്മര്‍ദങ്ങള്‍, അനാരോഗ്യകരമായ അന്തരീക്ഷം, മോശമായ തൊഴില്‍ ബന്ധങ്ങള്‍, പൊതുവായ ധാര്‍മിക അധഃപതനം എന്നിവയ്ക്ക് ആക്കം കൂട്ടാന്‍ തൊഴില്‍ വിഭജനം ഒരു കാരണമായിത്തീര്‍ന്നിട്ടുണ്ട്. തൊഴില്‍ വിഭജനം പരസ്പരാശ്രയത്വത്തെ ശക്തിപ്പെടുത്തുന്നതുകൊണ്ട്, ഉത്പാദന പ്രവര്‍ത്തനപ്രക്രിയയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു വ്യക്തിയുടെ വീഴ്ചമൂലം ഉത്പാദനം തന്നെ മന്ദീഭവിക്കാനോ നിശ്ചലമാകാനോ ഇട വന്നേക്കാം. ഇന്ന്, ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള 'ക്രാഫ്റ്റ് യൂണിയനുകള്‍' എന്നറിയപ്പെടുന്ന തൊഴിലാളി സംഘടനകള്‍ ഉത്പാദനം തന്നെ നിശ്ചലമാക്കാന്‍ കഴിവുള്ളവയാണ്.

ആഡം സ്മിത്ത് തന്നെ തൊഴില്‍ വിഭജനത്തിന്റെ പരിമിതികള്‍ വിവരിച്ചിട്ടുണ്ട്. കമ്പോളത്തിന്റെ വ്യാപ്തി തൊഴില്‍ വിഭജനത്തിന്റെ പരിധി നിര്‍ണയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴില്‍ വിഭജനം ഉത്പാദന വര്‍ധനവുണ്ടാക്കുന്നതുകൊണ്ട് ചരക്കിന്റെ കമ്പോളവും അതിന് അനുസൃതമായി വികസിപ്പിക്കണം. കമ്പോളവികാസമില്ലെങ്കില്‍ തൊഴില്‍ വിഭജനം ഉണ്ടാകില്ല. ഇതിനു പുറമേ ചരക്കിന്റെ ചോദനത്തിലുള്ള വര്‍ധന, തൊഴില്‍ സമ്പത്ത്, മൂലധനത്തിന്റെ ലഭ്യത, തൊഴില്‍ വിഭജനത്തില്‍ പങ്കുചേരുന്നവര്‍ക്കിടയിലുള്ള സഹകരണം എന്നിവയും തൊഴില്‍ വിഭജനത്തിന്റെ പരിമിതികള്‍ നിര്‍ണയിക്കുന്നു.


(ഡോ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍