This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴില്‍ നിയമങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴില്‍ നിയമങ്ങള്‍

Labour laws

തൊഴില്‍ സംബന്ധിയായ ചട്ടങ്ങളും നിയമങ്ങളും. തൊഴിലാളികളും തൊഴിലുടമകളും തമ്മിലും തൊഴിലാളികള്‍ തമ്മില്‍ത്തമ്മിലുമുള്ള തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമത്തിനും വ്യവസായമേഖലയെ രക്ഷിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമാണ് തൊഴില്‍ നിയമങ്ങള്‍.

തൊഴിലാളികളും തൊഴില്‍ ഉടമകളും തമ്മിലുള്ള തര്‍ക്കങ്ങളും തൊഴിലാളി ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങളും വളരെ പഴയകാലത്തുതന്നെ ഉണ്ടായിട്ടുള്ളതാണ്. കോളനി ഭരണകാലത്ത് ബ്രിട്ടനും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും അടിമകളെക്കൊണ്ട് തൊഴില്‍ ചെയ്യിച്ചുവന്നു. അവര്‍ക്ക് ശരിയായ ആഹാരത്തിനോ വിശ്രമത്തിനോ വിനോദത്തിനോ ഉള്ള സൌകര്യം നല്കിയിരുന്നില്ല. കല്ക്കരിഖനികളിലും തോട്ടങ്ങളിലും പായ്ക്കപ്പലുകളിലും ഫാക്റ്ററികളിലും രാപ്പകല്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചുവന്നു.

ഗ്രേറ്റ് ബ്രിട്ടനില്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയര്‍ എന്നിവിടങ്ങളിലുള്ള തുണിമില്ലുകളിലും മറ്റും തൊഴിലാളികള്‍ സംഘടിതരായി അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുകയുണ്ടായി. വ്യാവസായിക വിപ്ലവം, കാര്‍ഷിക വിപ്ളവം, ലൈസേസ് ഫെയര്‍ വ്യവസ്ഥകള്‍, ഫ്രഞ്ച് വിപ്ലവം, ഷിക്കാഗോ നഗരത്തിലെ തൊഴിലാളി സമരം, റഷ്യന്‍ വിപ്ളവം, രണ്ട് ലോകയുദ്ധങ്ങള്‍ എന്നിവ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വളരാന്‍ സഹായിച്ചു. തൊഴിലാളികളുടെ കൂട്ടായ വിലപേശലിന് തൊഴില്‍ നിയമങ്ങള്‍ രൂപംകൊള്ളുന്നതില്‍ ഗണ്യമായ പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ജനാധിപത്യം, സോഷ്യലിസം എന്നീ സിദ്ധാന്തങ്ങള്‍ ഉദയം ചെയ്തതും റൂസ്സോ, മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, മാവോ തുടങ്ങിയ നേതാക്കളുടെ സന്ദേശങ്ങളും പ്രവര്‍ത്തനവും ലോക തൊഴിലാളിവര്‍ഗത്തിന് വമ്പിച്ച പ്രചോദനമായി. മേയ്ദിനം ലോക തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തിനും മുന്നേറ്റത്തിനും ഉത്തേജനം നല്കി. തൊഴിലാളികള്‍ ഇന്ന് അനുഭവിക്കുന്ന പരിരക്ഷകളും വ്യവസായമേഖലയിലെ സമാധാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളിവര്‍ഗം നടത്തിയ സമരങ്ങളുടെ ഫലമായി നേടിയെടുത്തതാണ്. ഇന്ത്യയില്‍ തൊഴിലാളികളുടെ ക്ഷേമത്തിനും വ്യവസായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും കേന്ദ്രഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും പല നിയമങ്ങളും ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. 1819-ലെ ബംഗാള്‍ റഗുലേഷന്‍ ആക്റ്റ് ഇന്ത്യയിലെ തൊഴില്‍ നിയമരംഗത്തെ പ്രധാനമായ ഒരു കാല്‍വയ്പാണ്. അന്നുമുതല്‍ 1947-ല്‍ വ്യവസായത്തര്‍ക്ക നിയമം (Industrial Disputes Act) പ്രാബല്യത്തില്‍ വരുന്നതുവരെ ഒരു പരീക്ഷണകാലഘട്ടമായിരുന്നു. വളരെ പ്രധാനപ്പെട്ട ചില തൊഴില്‍ നിയമങ്ങള്‍ ആ കാലയളവില്‍ ഉണ്ടായി. 1920-ലെ വ്യാപാരത്തര്‍ക്ക നിയമം, ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്റ്റ് - 1926, 1929-ലും 34-ലും 38-ലും നടപ്പിലാക്കിയ വ്യാപാരത്തര്‍ക്ക നിയമങ്ങള്‍ എന്നിവയാണ് ആ കാലഘട്ടത്തിലുണ്ടായ പ്രധാന തൊഴില്‍ തര്‍ക്ക നിയമങ്ങള്‍. ഈ നിയമങ്ങള്‍ പലപ്പോഴും തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കു വിഘാതം ഉണ്ടാക്കിയിട്ടുണ്ട്.

1947-ലെ വ്യവസായത്തര്‍ക്ക നിയമത്തില്‍ തൊഴില്‍മേഖലയെക്കുറിച്ചു പഠിച്ച് പരിഹാരമുണ്ടാക്കാനും തൊഴില്‍ത്തര്‍ക്കത്തിനും മറ്റു കാര്യങ്ങള്‍ക്കും തൊഴിലാളി - തൊഴിലുടമാബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകളുണ്ട്. വ്യവസായത്തര്‍ക്ക നിയമത്തിലെ പീഠിക(preamble)യില്‍ത്തന്നെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് അര്‍ഥശങ്കയ്ക്ക് ഇടനല്കാതെ വ്യക്തമാക്കിയിരിക്കുന്നു. വ്യവസായത്തര്‍ക്കങ്ങള്‍ ഉദ്ഭവിക്കുമ്പോള്‍ അവയെക്കുറിച്ചുള്ള അന്വേഷണം, അവയുടെ പരിഹാരം, ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ എന്നിവയാണ് പ്രസ്തുത നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അനുശാസിച്ചിരിക്കുന്ന ഉദ്ദേശ്യലക്ഷ്യം സാധിതപ്രായമാക്കുന്നതിനുവേണ്ടി രണ്ടുതരത്തിലുള്ള നിയമസംവിധാനം (machinery) ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാപനതലത്തില്‍ തൊഴിലുടമയുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ അടങ്ങുന്ന വര്‍ക്ക്സ് കമ്മിറ്റിക്ക് രൂപംനല്കിക്കൊണ്ട് ഭാവിയില്‍ ഉത്പാദനത്തെ ദോഷമായി ബാധിക്കാവുന്നതും പ്രത്യക്ഷത്തില്‍ നിസ്സാരവുമായ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ഉടനടി പരിഹരിക്കുക, അനുരഞ്ജനോദ്യോഗസ്ഥന്റെ (Concilation Officer) അല്ലെങ്കില്‍ അനുരഞ്ജന സമിതിയുടെ (Concilation Board) സഹായത്തോടെ വ്യവസായത്തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കുക, അനുരഞ്ജനം പരാജയപ്പെടുമ്പോള്‍ നിര്‍ബന്ധിത തീരുമാനത്തിന് (adjudication) വിടുക അല്ലെങ്കില്‍ ഉഭയകക്ഷിസമ്മതപ്രകാരം ആര്‍ബിട്രേഷനു വിടുക എന്നീ മാര്‍ഗങ്ങളാണ് വ്യവസായത്തര്‍ക്ക നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഓരോ സംവിധാനത്തിനും എങ്ങനെയാണ് രൂപം നല്കേണ്ടത്. അവയുടെ അധികാരപരിധികള്‍ ഏതൊക്കെയാണ്, അവയില്‍ക്കൂടി ഉരുത്തിരിയുന്ന തീര്‍പ്പുകള്‍ എങ്ങനെയാണ് നടപ്പിലാക്കേണ്ടത് എന്നിവയെക്കുറിച്ചെല്ലാം വിശദമായി വ്യവസായത്തര്‍ക്ക നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ബന്ധിത തീരുമാനത്തിനു വിടുന്ന വ്യവസായത്തര്‍ക്കം അവസാനിക്കുന്നത് ലേബര്‍ കോടതിയുടെ തീര്‍പ്പ് അനുസരിച്ചോ വ്യവസായത്തര്‍ക്ക ട്രൈബൂണലോ കേന്ദ്ര ഗവണ്മെന്റ് രൂപവത്കരിച്ചിട്ടുള്ള വ്യവസായ ട്രൈബൂണലോ പ്രഖ്യാപിക്കുന്ന അവാര്‍ഡുകളില്‍ക്കൂടിയോ ആണ്. അവാര്‍ഡുകള്‍ മറ്റു കോടതികളില്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഭരണഘടനാദത്തമായ റിട്ട് പെറ്റിഷന്‍ മുഖാന്തരം ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അവ ചോദ്യം ചെയ്യാവുന്നതാണ്. ചില വ്യവസ്ഥകള്‍ക്കു വിധേയമായി ആര്‍ബിട്രേഷന്‍ അവാര്‍ഡിനെതിരെയും റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്യാം.

യാതൊരു പരപ്രേരണയുമില്ലാതെ തൊഴിലാളിപ്രതിനിധിയും തൊഴിലുടമാപ്രതിനിധിയും മാത്രം ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്ത് തൊഴില്‍ത്തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്ന സംവിധാന(collective bargaining)ത്തെക്കുറിച്ച് വ്യവസായത്തര്‍ക്ക നിയമത്തില്‍ ഒന്നുംതന്നെ നേരിട്ട് പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ 1956-ലെ വ്യവസായത്തര്‍ക്ക നിയമഭേദഗതി അനുസരിച്ച്, ഉഭയകക്ഷിസമ്മതപ്രകാരം എത്തിച്ചേരുന്ന ഒത്തുതീര്‍പ്പ് ലേബര്‍ കോടതി മുഖാന്തരം നടപ്പിലാക്കാമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.

പണിമുടക്ക്, ലോക്ക് ഔട്ട് എന്നിവ യഥാക്രമം തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും ലഭ്യമാകുന്ന സമ്മര്‍ദ ആയുധങ്ങള്‍ (coercive weapon) ആണെന്ന് വ്യവസായത്തര്‍ക്ക നിയമം ഭംഗ്യന്തരേണ അംഗീകരിക്കുന്നു. കൂട്ടായ വിലപേശല്‍ പരാജയത്തെ നേരിടുമ്പോള്‍, ഒരു ഭാഗം മറ്റൊരു ഭാഗത്തിനെതിരായി ഉപയോഗിക്കുന്ന പ്രസ്തുത സമ്മര്‍ദ തന്ത്രം ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ചില നിയന്ത്രണങ്ങളെക്കുറിച്ചും, അവ ലംഘിക്കപ്പെട്ടാല്‍ വന്നുചേരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നിയമം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുടമയുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാല്‍ താത്ക്കാലികമായി ഉത്പാദനം നിലച്ചുപോകാവുന്ന സ്ഥിതിവിശേഷം, തൊഴില്‍ശാലയുടെ അടച്ചുപൂട്ടല്‍, ഒരു തൊഴിലാളിയെയോ ഒരു വിഭാഗം തൊഴിലാളികളെയോ തൊഴിലില്‍നിന്നു സ്ഥിരമായി വിടുതല്‍ ചെയ്യല്‍ എന്നിവയെക്കുറിച്ചും അത്തരം അവസരങ്ങളില്‍ തൊഴിലാളിക്കു ലഭ്യമായ ആനുകുല്യങ്ങളെക്കുറിച്ചും വ്യവസായത്തര്‍ക്ക നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

ഇന്ത്യയില്‍ സുപ്രീം കോടതിയും മറ്റും യഥാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള പല വിധികളും തൊഴില്‍നിയമമേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടായിത്തീര്‍ന്നിട്ടുണ്ട്. തൊഴിലാളി എന്നാല്‍ തൊഴില്‍ശാലകള്‍, ഫാക്റ്ററികള്‍, വ്യവസായങ്ങള്‍, തോട്ടങ്ങള്‍, ഖനികള്‍, മില്ലുകള്‍ എന്നിവയില്‍ പണിയെടുക്കുന്ന ആളുകള്‍ എന്നാണ് വിവക്ഷ. പട്ടാളം, പൊലീസ്, നേവി, അര്‍ധസൈനിക വിഭാഗങ്ങള്‍, ജയില്‍ എന്നീ വിഭാഗങ്ങളൊന്നും തൊഴിലാളികളുടെ നിര്‍വചനത്തില്‍ വരുന്നില്ല.

വ്യവസായമേഖലയില്‍ സമാധാനം നിലനിര്‍ത്തുകയും അനാവശ്യമായ പണിമുടക്കുകള്‍, ലോക്ക് ഔട്ടുകള്‍ തുടങ്ങിയവ ഇല്ലാതാക്കുകയുമാണ് തൊഴില്‍ത്തര്‍ക്ക നിയമങ്ങളുടെ ഉദ്ദേശ്യം. തൊഴിലാളികളുടെ കൂലി നിര്‍ണയിക്കുക, അവര്‍ക്കുള്ള ബോണസ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നിര്‍ണയിക്കുക മുതലായ കാര്യങ്ങള്‍ക്കുള്ള നിയമങ്ങളും തൊഴില്‍ നിയമങ്ങളാണ്.

തൊഴില്‍ത്തര്‍ക്കപരിഹാരത്തിനുള്ള കമ്മിറ്റികള്‍, ലേബര്‍-ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലുകള്‍, ആര്‍ബിട്രേഷന്‍, കണ്‍സീലിയേഷന്‍ കമ്മിറ്റികള്‍, നാഷണല്‍ ട്രിബ്യൂണല്‍ എന്നിവയുടെ രൂപവത്കരണം, അവയുടെ പ്രവര്‍ത്തനവും അധികാരവും, ജഡ്ജിമാരുടെയും മറ്റും നിയമനം തുടങ്ങിയ കാര്യങ്ങളെല്ലാം തൊഴില്‍ നിയമങ്ങളിലാണ് വ്യവസ്ഥ ചെയ്യുന്നത്.

തൊഴിലാളിക്ക് പണിമുടക്കുന്നതിനുള്ള അവകാശംപോലെ തൊഴിലുടമയ്ക്ക് ലോക്ക് ഔട്ട് പ്രഖ്യാപിക്കാനുള്ള അവകാശവുമുണ്ട്. എന്നാല്‍ അത്യാവശ്യ സര്‍വീസിലും മറ്റും പണിമുടക്കും ലോക്ക് ഔട്ടും നടത്തുമ്പോള്‍ നോട്ടീസ് നല്കണമെന്ന് വ്യവസ്ഥയുണ്ട്. കോടതികള്‍, അനുരഞ്ജന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിഗണനയിലിരിക്കുന്ന പ്രശ്നങ്ങളില്‍ പണിമുടക്കോ ലോക്ക് ഔട്ടോ പാടില്ല. ഏതു വ്യവസായത്തെ പബ്ളിക് യൂട്ടിലിറ്റി സര്‍വീസായി പ്രഖ്യാപിക്കണമെന്നു തീരുമാനിക്കുന്നത് ഗവണ്മെന്റാണ്.

നിയമവിരുദ്ധമായ പണിമുടക്കുകളും ലോക്ക് ഔട്ടുകളും തൊഴിലാളികളുടെ അന്യായമായ പിരിച്ചുവിടലും ശിക്ഷാര്‍ഹമാണ്. തൊഴിലാളികള്‍ക്ക് തൊഴില്‍സ്ഥാപനത്തില്‍നിന്ന് സ്വയം പിരിഞ്ഞുപോകാന്‍ നിയമപരമായ വ്യവസ്ഥകളുണ്ട്. തൊഴില്‍സ്ഥാപനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊഴില്‍ നിറുത്തിവയ്ക്കുക (ലേ ഓഫ്) എന്നത് തൊഴിലുടമയുടെ അവകാശമാണ്. ലേ ഓഫ്, പിരിച്ചുവിടല്‍ എന്നീ നടപടികളില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ വ്യവസ്ഥയുണ്ട്. നൂറിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന തൊഴില്‍സ്ഥാപനങ്ങളില്‍ പല നടപടികളും സ്വീകരിക്കുന്നതിനുമുമ്പ് ഗവണ്മെന്റിന്റെ അനുവാദം വാങ്ങിയിരിക്കണം. കോടതിവിധിയിന്മേലോ ആര്‍ബിട്രേഷന്‍ തീരുമാനങ്ങളിലോ തൊഴിലാളികള്‍ക്ക് തുക ഈടാക്കാനുണ്ടെങ്കില്‍ അത് ഈടാക്കിക്കൊടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമുണ്ട്.

തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഉണ്ടാകുന്ന അപകടത്തിനും മറ്റും നഷ്ടപരിഹാരം നല്കുന്ന നിയമമാണ് വര്‍ക്ക് മെന്‍സ് കോമ്പന്‍സേഷന്‍ ആക്റ്റ് - 1923. തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്ന അവസരത്തില്‍ മരണമടയുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ മരിച്ച ആളിന്റെ അവകാശികള്‍ക്കും അപകടത്തില്‍പ്പെടുന്ന തൊഴിലാളിക്കും നഷ്ടപരിഹാരം ലഭിക്കുന്നതാണ്. അപകടത്തിന് നഷ്ടപരിഹാരം നല്കുന്നത് അപകടത്തിന്റെ ഗുരുത്വമനുസരിച്ചാണ്. തൊഴിലാളികളുടെ വേതനം, കുറഞ്ഞ വേതനം എന്നിവ നിശ്ചയിക്കുന്നതിന് യഥാക്രമം 1936, 1948 എന്നീ വര്‍ഷങ്ങളില്‍ പ്രാബല്യത്തില്‍വന്ന പേമെന്റ് ഒഫ് വേജസ് ആക്റ്റ്, മിനിമം വേജസ് ആക്റ്റ് എന്നിവയും നിലവിലുണ്ട്. വേതനം എന്നാല്‍ പ്രതിമാസം ലഭിക്കുന്ന ശമ്പളം, അലവന്‍സ് എന്നിവയാണ്. അതില്‍ പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട്, യാത്രാബത്ത ഇവയൊന്നും ഉള്‍പ്പെടുന്നില്ല.

കുട്ടികളായ ജോലിക്കാരുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 1986-ലെ ചൈല്‍ഡ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്റ്റ് നിലവിലുണ്ട്. കൂടാതെ ഫാക്റ്ററീസ് ആക്റ്റ്, ബോയിലേഴ്സ് ആക്റ്റ്, ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് ആക്റ്റ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ആക്റ്റ്, പ്രോവിഡന്റ് ഫണ്ട് നിയമം, തോട്ടംതൊഴിലാളി നിയമം, പത്രപ്രവര്‍ത്തക നിയമം എന്നിവ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവ നല്കുന്നതിനും തൊഴില്‍ സ്ഥാപനങ്ങളോടനുബന്ധിച്ചും മറ്റും ലേബര്‍ ഓഫീസര്‍മാരെയും വെല്‍ഫെയര്‍ ഓഫീസര്‍മാരെയും നിയമിക്കുന്നതിനും വ്യവസ്ഥയുള്ള നിയമങ്ങളുമുണ്ട്.

പേമെന്റ് ഒഫ് ബോണസ് ആക്റ്റ്, എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്റ്റ്, ഷോപ്പ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്റ്റ്, കണ്ടിഷന്‍ ഒഫ് എംപ്ളോയ്മെന്റ് ആക്റ്റ്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ആക്റ്റ്, കേരളാ ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്റ്റ് എന്നീ നിയമങ്ങളും നിലവിലുണ്ട്. തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയന്‍ ഉണ്ടാക്കുന്നതിനുള്ള അടിസ്ഥാന നിയമമായ ട്രേഡ് യൂണിയന്‍ ആക്റ്റ് 1926-ല്‍ നിലവില്‍വന്നു.

കേരളസംസ്ഥാനവും കേന്ദ്രഗവണ്മെന്റും ആവിഷ്കരിച്ചിട്ടുള്ള അനേകം നിയമങ്ങളും ചട്ടങ്ങളും ഓര്‍ഡറുകളും ക്ഷേമനിധി നിയമങ്ങളും തൊഴില്‍മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ മൊത്തത്തില്‍ തൊഴിലാളി ക്ഷേമത്തിന് മുന്‍തൂക്കം നല്കിയിട്ടുള്ളവയാണ്.


കുട്ടികളെ ജോലിക്കു നിയമിക്കുന്നതിന് നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യരക്ഷയെ അടിസ്ഥാനമാക്കിയുള്ള ചട്ടങ്ങളും സഹായപദ്ധതികളും നിലവിലുണ്ട്.

തൊഴില്‍ നിയമമനുസരിച്ച് ഒരു തൊഴിലാളിക്കു നല്കാവുന്ന പരമാവധി ശിക്ഷ ജോലിയില്‍നിന്നു പിരിച്ചുവിടുക എന്നതാണ്. സസ്പെന്‍ഷനില്‍ നില്ക്കുന്ന തൊഴിലാളി കുറ്റക്കാരനെന്നു കണ്ടാല്‍ സസ്പെന്‍ഷന്‍ കാലത്തെ ശമ്പളം നല്കാതിരിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സസ്പെന്‍ഡ് ചെയ്യാനുണ്ടായ കാരണങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണെങ്കില്‍ സസ്പെന്‍ഷന്‍ കഴിയുമ്പോള്‍ ആ കാലത്തെ ശമ്പളം നല്കേണ്ടതാണ്.

തൊഴിലാളികള്‍ക്ക് തൊഴിലിനോടനുബന്ധിച്ചുള്ള അപകടത്തിനും മറ്റും നഷ്ടപരിഹാരം ലഭിക്കാന്‍ വര്‍ക്ക്മെന്‍സ് കോമ്പന്‍സേഷന്‍ ആക്റ്റില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഒരേ സമയം സിവില്‍ കോടതികളില്‍നിന്നും വര്‍ക്ക്മെന്‍സ് കോമ്പന്‍സേഷന്‍ നിയമമനുസരിച്ച് ലേബര്‍ വ്യവസായത്തര്‍ക്ക കോടതിയില്‍നിന്നും പരിഹാരം ലഭിക്കുന്നതല്ല. സിവില്‍ കോടതിയില്‍ പരിഹാരം തേടിയാല്‍ ലേബര്‍ കോടതികളില്‍നിന്ന് പരിഹാരം ലഭിക്കുന്നതിന് വിലക്കുണ്ട്. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടല്‍ അനുവദിക്കുന്നില്ല.

തൊഴില്‍മേഖലയില്‍ തൊഴിലാളികള്‍ക്കുണ്ടായിട്ടുള്ള പുരോഗതി വളരെ വലുതാണ്. സ്ത്രീ തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യങ്ങളും പ്രത്യേക സംരക്ഷണവും നല്കാനുള്ള വ്യവസ്ഥകളുണ്ട്.

(ആര്‍. ലക്ഷ്മണയ്യര്‍, എന്‍.ടി. ഗോപാലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍