This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴിലില്ലായ്മ വേതനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴിലില്ലായ്മ വേതനം

തൊഴില്‍ രഹിതര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ഗവണ്മെന്റ് നല്കുന്ന സഹായധനം. ക്ഷേമരാഷ്ട്ര സംവിധാനത്തിന്റെ ഭാഗമായി ഗവണ്മെന്റുകള്‍ ആവിഷ്കരിച്ച ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയാണിത്. വികസിത രാജ്യങ്ങളില്‍ ഉപജീവനത്തിനാവശ്യമായത്ര തുക തൊഴിലില്ലായ്മ വേതനമായി നല്കുന്നു. തൊഴിലില്ലാത്ത വ്യക്തിയുടെ പദവി, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ആവശ്യങ്ങള്‍ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. തൊഴിലില്ലാത്തവര്‍ എന്ന് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും തൊഴിലന്വേഷകര്‍ക്കുമാണ് ഇത് നല്കുന്നത്.

പാശ്ചാത്യരാജ്യങ്ങളില്‍ സമഗ്രമായ സാമൂഹ്യസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് തൊഴിലില്ലായ്മ വേതന പദ്ധതി നടപ്പാക്കുന്നത്. അമേരിക്കയില്‍ ഈ സംവിധാനം 'തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്' എന്ന പേരിലാണറിയപ്പെടുന്നത്. 1935-ലെ 'സോഷ്യല്‍ സെക്യൂരിറ്റി ആക്റ്റ്' അനുസരിച്ച് നിലവില്‍വന്ന ഈ പദ്ധതിക്കാവശ്യമായ പണം ഫെഡറല്‍ ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കു നല്കുന്നു. ഇംഗ്ളണ്ടില്‍ ഇതറിയപ്പെടുന്നത് 'തൊഴിലന്വേഷകരുടെ അലവന്‍സ്' (ജോബ് സീക്കേഴ്സ് അലവന്‍സ്-ജെ.എസ്.എ.) എന്നാണ്. ഗുണഭോക്താക്കളുടെ വരുമാനത്തിന്റെയും ഇന്‍ഷുറന്‍സ് വിഹിതത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്.

കേരളത്തില്‍ തൊഴിലില്ലായ്മ വേതനം ഏര്‍പ്പെടുത്തിയത് 1982-ലാണ്. 18 വയസ്സിനുമേല്‍ 35-ല്‍ താഴെ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്കാണ് ഇത് നല്കുന്നത്. പ്രതിമാസം 60 രൂപയായിരുന്നു ആദ്യഘട്ടത്തില്‍ നല്കിയിരുന്നത്. പിന്നീട് ഇത് പ്രതിമാസം 120 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജില്ലാ എംപ്ളോയ്മെന്റ് ഓഫീസുകള്‍ വഴി നേരിട്ടു വിതരണം ചെയ്തിരുന്ന ഈ വേതനം 2000-മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് ഗുണഭോക്താക്കള്‍ക്കു നല്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇതേ പേരില്‍ പദ്ധതിയില്ലെങ്കിലും, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായമെന്ന നിലയ്ക്ക് തൊഴില്‍ രഹിതര്‍ക്ക് ഗവണ്മെന്റുകളില്‍നിന്ന് സഹായം ലഭിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍