This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴിലില്ലായ്മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴിലില്ലായ്മ

നിലവിലുള്ള വേതനനിരക്കില്‍ ജോലിചെയ്യാന്‍ തയ്യാറാവുകയും ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയും എന്നാല്‍ ജോലി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. വളരെ സങ്കീര്‍ണവും പരസ്പര വിരുദ്ധങ്ങളുമായ സമീപനങ്ങള്‍ 'തൊഴിലില്ലായ്മ' എന്ന പ്രതിഭാസം ജനിപ്പിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ അളക്കുന്നതിലും സങ്കീര്‍ണതയുണ്ട്. തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ ചോദ്യം ചെയ്യപ്പെടുക പതിവാണ്. ഇന്ന് മിക്ക രാജ്യങ്ങളെയും അലട്ടുന്ന ഒന്നാണ് തൊഴിലില്ലായ്മ എന്ന പ്രശ്നം. തൊഴില്‍ ഇല്ലെങ്കില്‍ വരുമാനമില്ല; തുടര്‍ന്ന് ജീവസന്ധാരണം തന്നെ വിഷമത്തിലാകും.

പല ഘടകങ്ങള്‍ പരിഗണിച്ചശേഷമാണ് തൊഴിലില്ലായ്മ തിട്ടപ്പെടുത്തുന്നത്. ജനസംഖ്യ സംബന്ധിച്ച സെന്‍സസ് ഒരു രാജ്യത്തെ ആകെ ജനസംഖ്യ എത്രയെന്നു തിട്ടപ്പെടുത്തുന്നു. ആകെ ജനസംഖ്യയില്‍ 15 വയസ്സിനു താഴെയുള്ളവരെയും 60 വയസ്സിനു മുകളിലുള്ളവരെയും ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിവരുന്നവരാണ് യഥാര്‍ഥത്തില്‍ ആ രാജ്യത്തെ തൊഴില്‍ ശക്തി (Labour force). തൊഴില്‍ ശക്തിയില്‍ വരുന്നവരെ തൊഴിലുള്ളവര്‍, തൊഴിലില്ലാത്തവര്‍ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. സെന്‍സസ് എടുക്കുന്ന അവസരത്തില്‍ ആ തീയതിക്ക് ഓരാഴ്ചമുമ്പ് ഒരാള്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നാല്‍ അയാളെ തൊഴിലുള്ള ആളായി കണക്കാക്കും. എന്നാല്‍ ഈ നിര്‍ദിഷ്ട കാലയളവില്‍ ഒരാള്‍ തൊഴില്‍രഹിതനാണെന്ന് പറഞ്ഞാല്‍ അയാളെ പൂര്‍ണമായും തൊഴിലില്ലാത്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് ശാസ്ത്രീയമല്ല. അയാള്‍ പറയുന്ന പല കാരണങ്ങളാല്‍ അയാള്‍ തൊഴില്‍ അന്വേഷിക്കുന്നില്ല എന്നതാകാം കാരണം. പെന്‍ഷന്‍പറ്റിയവര്‍, ദീര്‍ഘകാലത്തെ തൊഴില്‍ അവസാനിപ്പിച്ച് ജോലിയില്‍നിന്നു പിരിഞ്ഞവര്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രായം അനുവദിക്കുന്നുവെങ്കിലും ജോലിയെടുക്കാന്‍ കഴിയാത്തവര്‍, വെക്കേഷന്‍ ആസ്വദിക്കുന്നവര്‍, അവധിയില്‍ പ്രവേശിച്ചവര്‍, തൊഴില്‍ തര്‍ക്കം മൂലം സ്ഥാപനത്തില്‍നിന്നും ജോലിയില്‍നിന്നും താത്കാലികമായി വിട്ടുനില്ക്കുന്നവര്‍, കുട്ടികളെയും കുടുംബത്തെയും നോക്കാന്‍വേണ്ടി ജോലിയില്‍നിന്ന് വിട്ടുനില്ക്കുന്നവര്‍, കുടുംബപ്രശ്നങ്ങള്‍മൂലം ജോലിയെടുക്കാന്‍ വയ്യാത്തവര്‍, പ്രസവം സംബന്ധിച്ച് ജോലിയില്‍നിന്ന് മാറിനില്ക്കുന്ന സ്ത്രീകള്‍, അക്കാര്യത്തില്‍ ഭാര്യയെ സഹായിക്കാന്‍വേണ്ടി ജോലിയില്‍നിന്ന് മാറിനില്ക്കുന്ന പുരുഷന്മാര്‍, പ്രതികൂല കാലാവസ്ഥ കാരണം ജോലിയെടുക്കാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ പലരെയും നമുക്ക് യഥാര്‍ഥജീവിതത്തില്‍ കാണാം. തൊഴിലില്ലായ്മാകണക്കുകള്‍ ശേഖരിക്കുന്ന സമയത്ത് തൊഴില്‍ അന്വേഷിക്കുന്നില്ല എന്ന കാരണത്താല്‍ ഈ വിഭാഗങ്ങളെ യഥാര്‍ഥത്തില്‍ തൊഴിലില്ലാത്തവരായി കണക്കാക്കാനാവില്ല. ചുരുക്കത്തില്‍ മൂന്ന് സുപ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍വേണം 'തൊഴിലില്ലായ്മ' എന്ന പ്രതിഭാസത്തെ വിലയിരുത്താന്‍: (1) ആള്‍ നിലവിലുള്ള വേതനത്തിന് ജോലിയെടുക്കാന്‍ തയ്യാറാണോ? (2) ജോലിക്കുവേണ്ടി കാര്യമായി ശ്രമിക്കുന്നുണ്ടോ ? (3) ജോലി നല്കിയാല്‍ സ്വീകരിക്കുമോ ? ഇവയൊക്കെയുണ്ടെങ്കിലും ജോലി ലഭിക്കാത്തവരെ 'തൊഴിലില്ലായ്മ' കണക്കില്‍ ഉള്‍പ്പെടുത്താം.

ആധുനിക സമ്പദ്വ്യവസ്ഥയില്‍ പ്രത്യേകിച്ച് വ്യവസായ മേഖലയില്‍ തൊഴിലാളികളെ താത്കാലികമായി ലേ ഓഫ് ചെയ്യുക പതിവാണ്. ഒരു ഹ്രസ്വകാലത്തേക്കായിരിക്കും അവരെ പറഞ്ഞുവിടുന്നത്. തൊഴിലാളി സംഘടനകളുടെ സമ്മര്‍ദംമൂലം തൊഴിലുടമ ലേ ഓഫിന്റെ കാലാവധി കൃത്യമായി നിശ്ചയിച്ച് അറിയിച്ചിരിക്കും. കാലാവധി കഴിയുമ്പോള്‍ തൊഴിലാളികള്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കും. ഈ ലേ ഓഫ് കാലത്ത് അവരെ തൊഴിലില്ലാത്തവരായി പരിഗണിക്കാന്‍ പാടില്ല. സാമ്പത്തിക - ബിസിനസ്സ് പ്രശ്നങ്ങള്‍, വിദ്യുച്ഛക്തിലഭ്യതയില്‍ വന്ന കുറവ്, യന്ത്രസാമഗ്രികളുടെ ബ്രേക്ക് ഡൗണ്‍, അസംസ്കൃത വസ്തുക്കളുടെ ലഭ്യതയില്ലായ്മ, ചരക്കിന്റെ ഡിമാന്‍ഡ് കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ ലേ ഓഫിനു കാരണമാകാം.

തൊഴിലില്ലാതിരിക്കുന്നവര്‍ വളരെ സജീവമായി തൊഴില്‍ അന്വേഷിക്കുന്നവരായിരിക്കണം. അവര്‍ തൊഴില്‍ സംബന്ധിച്ച പരസ്യങ്ങള്‍ നോക്കുന്നുണ്ടോ, തൊഴിലിനുവേണ്ടി അപേക്ഷകള്‍ അയയ്ക്കുന്നുണ്ടോ, മുഖാമുഖത്തിന് വിളിച്ചാല്‍ പോകുന്നുണ്ടോ, എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും രജിസ്റ്റ്രേഷന്‍ യഥാസമയം പുതുക്കുകയും ചെയ്യുന്നുണ്ടോ, ജോലികിട്ടുന്നത് ഉറപ്പാക്കുന്നതിനായി തൊഴില്‍ അന്വേഷണത്തിന്റെ സമയത്ത് കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള പരിശീലനം നടത്തുന്നുണ്ടോ എന്നിങ്ങനെ പലതും പരിശോധിക്കേണ്ടതുണ്ട്. ഇതൊക്കെ നിരന്തരമായി ചെയ്തിട്ടും തൊഴില്‍ കിട്ടാത്തവരെയാണ് തൊഴിലില്ലായ്മ കണക്കില്‍ ഉള്‍പ്പെടുത്തുന്നത്. ചുരുക്കത്തില്‍, തൊഴിലില്ലായ്മയുടെ രൂപവും ഭാവവും പഠിക്കണമെങ്കില്‍ ഒരു വ്യക്തിയുടെ തൊഴില്‍ സംബന്ധിച്ച പൂര്‍ണചരിത്രം പരിശോധിക്കേണ്ടിവരും. ജോലിയുണ്ടായിരുന്നുവെങ്കില്‍ അത് എങ്ങനെ നഷ്ടപ്പെട്ടു, സ്വമേധായാ പിരിഞ്ഞതാണോ, ആദ്യം കിട്ടിയ ജോലി സ്ഥിരമായിരുന്നോ താത്കാലികമായിരുന്നോ, എന്തുകൊണ്ട് ജോലി അന്വേഷണത്തില്‍നിന്നു വിട്ടുനില്ക്കുന്നു എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയെങ്കില്‍ മാത്രമേ യഥാര്‍ഥത്തില്‍ തൊഴിലില്ലായ്മ എന്ന പ്രതിഭാസത്തെ വ്യക്തമായി അപഗ്രഥിക്കാനാവൂ.

പല രാജ്യങ്ങളിലും ഇന്നു കണ്ടുവരുന്ന ഒരു പ്രത്യേകതകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തി ജോലികിട്ടില്ല എന്ന വിശ്വാസത്തില്‍ കാര്യമായി ജോലി അന്വേഷിക്കുന്നില്ല എന്നു കരുതുക. ഒരു പ്രത്യേക മാനസികാവസ്ഥയുടെ ഫലമാണത്. അവര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കും. പക്ഷേ ലക്ഷ്യം ജോലിയല്ല മറിച്ച് തൊഴില്‍ രഹിതര്‍ക്കുള്ള സഹായധനം കിട്ടുമെന്ന പ്രതീക്ഷയാണ്. യഥാര്‍ഥത്തില്‍ അവര്‍ തൊഴില്‍രഹിതരാണെങ്കിലും അവരെ തൊഴിലില്ലാത്തവരുടെ കണക്കില്‍ ചേര്‍ക്കാറില്ല. അവര്‍ തികച്ചും നിരാശരായ വ്യക്തികളാണ്, തൊഴില്‍ കമ്പോളത്തില്‍നിന്ന് വേറിട്ടുനില്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരെ 'നിരാശരായ തൊഴിലാളികള്‍' (discouraged workers) എന്നാണ് തൊഴില്‍ സാമ്പത്തികശാസ്ത്രം നിര്‍വചിക്കുന്നത്. യഥാര്‍ഥത്തില്‍ ജോലിയൊന്നും ഇല്ലെങ്കിലും, ജോലിയുണ്ടെന്ന് ഭാവിക്കുന്നവര്‍ മറ്റൊരു വിഭാഗമാണ്.

ഇനി ഒരു വിഭാഗം ഭാഗിക ജോലി നോക്കുന്നവരാണ്. മുഴുവന്‍ സമയം ജോലികിട്ടാത്തതുകൊണ്ടുമാത്രം ഭാഗിക ജോലി സ്വീകരിക്കാന്‍ തയ്യാറായവര്‍, ഭാഗിക ജോലി മാത്രം മതിയെന്നു പറഞ്ഞ് അത് സ്വീകരിക്കുന്നവര്‍, എന്നിവരെയും തൊഴിലില്ലായ്മയുടെ കണക്കില്‍പ്പെടുത്താന്‍ പാടില്ല. മനസ്സിനിണങ്ങിയ ജോലികിട്ടുന്നതുവരെ തൊഴില്‍രഹിതരായി ഇരിക്കാന്‍ തയ്യാറുള്ളവരുണ്ട്. അവരെയും കണക്കില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ചുരുക്കത്തില്‍ നിലവിലുള്ള വേതനത്തിന് ജോലിചെയ്യാന്‍ തയ്യാറാവുകയും കാര്യമായി ജോലി അന്വേഷിക്കുകയും മറ്റും ചെയ്തിട്ടും ജോലി ലഭിക്കാത്തവരാണ് തൊഴിലില്ലാത്തവര്‍. അവരെ മാത്രമേ തൊഴിലില്ലായ്മാ കണക്കില്‍പ്പെടുത്താവൂ.

വിവിധ തരത്തിലുള്ള 'തൊഴിലില്ലായ്മ' നിലവിലുണ്ട്.

1. തുറന്ന തൊഴിലില്ലായ്മ (Open unemployment). നേരത്തേ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുന്നതാണ് തുറന്ന തൊഴിലില്ലായ്മ. നിലവിലുള്ള വേതനത്തില്‍ മാത്രമല്ല വേണമെങ്കില്‍ അതിലും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാവുകയും അതിനുവേണ്ടി കാര്യമായ അന്വേഷണങ്ങള്‍ (Job search) നടത്തുകയും എന്നിട്ടും ഒരു ജോലി കിട്ടാതിരിക്കുകയും ചെയ്യുന്നവര്‍ തുറന്ന തൊഴിലില്ലായ്മക്ക് ഉദാഹരണമാണ്.

2. പ്രച്ഛന്ന തൊഴിലില്ലായ്മ (Disguised ). വികസ്വര രാജ്യങ്ങളില്‍ പ്രത്യേകിച്ച് കാര്‍ഷികമേഖലയില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമാണിത്. കാര്‍ഷികമേഖലയുടെ പ്രവര്‍ത്തനത്തിനും നിലവിലുള്ള ഉത്പാദനം നിലനിര്‍ത്തുന്നതിനും 300 ദശലക്ഷം തൊഴിലാളികള്‍ മതിയാകുമെന്ന് അനുമാനിക്കുക. ഇതില്‍ 50 ദശലക്ഷം തൊഴിലാളികളെ കാര്‍ഷികമേഖലയില്‍നിന്നു മാറ്റി വ്യവസായമേഖലയില്‍ വിന്യസിച്ചാലും കാര്‍ഷിക ഉത്പാദനത്തില്‍ ഒട്ടും കുറവ് വരില്ലായെങ്കില്‍, യഥാര്‍ഥത്തില്‍ ഈ 50 ലക്ഷം തൊഴിലാളികളുടെ ഉത്പാദനക്ഷമത പൂജ്യമാണെന്നു കരുതുന്നതില്‍ തെറ്റില്ല. മറ്റൊരു തരത്തില്‍ നോക്കിയാല്‍ കാര്‍ഷികമേഖലയില്‍ അവര്‍ അധികപ്പറ്റാണ്. ഇവരെയാണ് പ്രച്ഛന്ന തൊഴിലില്ലായ്മയുടെ നിര്‍വചനത്തില്‍ കൊണ്ടുവരുന്നത്. ഇതിന്റെ മറ്റൊരു വശം നോക്കാം. കാര്‍ഷികമേഖലയില്‍നിന്ന് വ്യവസായമേഖലയിലേക്കു മാറ്റുന്ന 50 ദശലക്ഷം തൊഴിലാളികള്‍ക്ക് അവിടെ പുതുതായി ജോലി കൊടുത്താല്‍ സാമ്പത്തിക വികസനം ത്വരിതപ്പെടും. ഈ രീതിയിലൂടെ മൂലധനശേഖരം വളര്‍ത്താന്‍ കഴിയുമെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ രഗ്നാര്‍ നര്‍ക്സ് (Ragnar Nurkse) വാദിച്ചു. ഇന്ത്യയോടും ഈ രീതി സ്വീകരിക്കാന്‍ അദ്ദേഹം ഒരവസരത്തില്‍ നിര്‍ദേശിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ അങ്ങനെ വ്യവസായ മേഖലയിലേക്കു മാറ്റുന്ന കാര്‍ഷിക തൊഴിലാളികള്‍ക്ക് ആ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കഴിവുകള്‍, പണിയായുധങ്ങള്‍, മൂലധനം, തൊഴിലവസരങ്ങള്‍ എന്നിവ ഉണ്ടാക്കിക്കൊടുക്കാന്‍ ഗവണ്മെന്റ് മുന്‍കൈയെടുക്കണം. വികസ്വര-കാര്‍ഷിക രാജ്യങ്ങളിലൊക്കെ പ്രച്ഛന്ന തൊഴിലില്ലായ്മ വ്യാപകമാണ്.

3. തൊഴില്‍ക്കുറവ് സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ (Under employment). ഇത് തൊഴില്‍ കമ്പോളത്തില്‍ കാണുന്ന ഒരു പ്രതിഭാസമാണ്. സമ്പദ്വ്യവസ്ഥയില്‍ രണ്ട് മേഖലകള്‍ ഉണ്ടെന്ന് കരുതുക - കാര്‍ഷികമേഖല, വ്യവസായമേഖല. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കാര്‍ഷികമേഖലയില്‍ ദൈനംദിന ജീവസന്ധാരണത്തിന് ആവശ്യമായ ഉത്പാദനം മാത്രമേ നടക്കുന്നുള്ളൂ. അതായത് അവിടെ മിച്ച ഉത്പാദനം ഇല്ല. ഉത്പാദനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഉപകരണങ്ങളും കാര്യക്ഷമതയില്ലാത്തതോ കാര്യക്ഷമത തുലോം കുറഞ്ഞതോ ആണ്. എന്നാല്‍ വ്യവസായമേഖലയില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. അവിടെ വേതന നിലവാരം മെച്ചമാണ്. ഉത്പാദനക്ഷമത ഉയര്‍ന്നതാണ്. ഈ സ്ഥിതിവിശേഷംമൂലം കാര്‍ഷികമേഖലയില്‍നിന്ന് വ്യവസായമേഖലയിലേക്ക് തൊഴിലുള്ളവരും തൊഴിലില്ലാത്തവരും കുടിയേറുക പതിവാണ്.ഇതിന്റെ ഫലമായി വ്യവസായ നഗരങ്ങളില്‍ ചേരികള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നു. മുംബൈയിലെ ധരാവിയിലെ ചേരികളില്‍ താമസിക്കുന്ന ഭൂരിപക്ഷവും ഇങ്ങനെ ഗ്രാമപ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ്. അവരില്‍ പലര്‍ക്കും മുഴുവന്‍സമയ തൊഴിലില്ല. ഭാഗിക ജോലി, വ്യത്യസ്തതയുള്ള ഒന്നിലധികം ജോലികള്‍, ഒരു നിശ്ചിത സ്ഥാപനത്തിലോ പ്രദേശത്തോ തൊഴിലില്‍ ഏര്‍പ്പെടാതെ പലതിലും പല പ്രദേശത്തും ചെയ്യുന്ന ജോലികള്‍, കഴിവിനനുസരിച്ച് തൊഴില്‍ ചെയ്യാന്‍ കഴിയാതെ അപൂര്‍ണമായി ചെയ്യുന്ന ജോലികള്‍ എന്നിവയൊക്കെ തൊഴില്‍ക്കുറവ് സൃഷ്ടിക്കുന്ന തൊഴിലില്ലായ്മക്ക് ഉദാഹരണങ്ങളാണ്. ഈ പ്രതിഭാസത്തിന് മറ്റൊരു മാനം കൂടിയുണ്ട്. തൊഴില്‍ക്കുറവ് അനുഭവിക്കുന്നവര്‍ എപ്പോഴും കൂടുതല്‍ സമയം ജോലിയെടുക്കാന്‍ തയ്യാറാണ്. ഇതിനായി വേണ്ടിവന്നാല്‍ നിശ്ചിത സമയത്തിനു മുകളില്‍ ഓവര്‍ ടൈം ജോലി ചെയ്യാനും അവര്‍ ഉത്സാഹം കാണിക്കുന്നു. വേതനവര്‍ധനവിനുവേണ്ടി മാത്രമല്ല, ഇപ്പോള്‍ ചെയ്യുന്ന ജോലിക്കു പുറമേ കൂടുതല്‍ സമയം അധിക തൊഴില്‍ ചെയ്യാന്‍ തൊഴില്‍ക്കുറവ് അനുഭവിക്കുന്നവര്‍ തയ്യാറാകും. അവര്‍ക്ക് നിലവില്‍ ആവശ്യത്തിന്, അഥവാ ചെയ്യാന്‍ കഴിയുന്നത്ര തൊഴിലില്ല എന്നതാണ് പ്രശ്നം. രാവിലെ പാല്‍, പത്രം എന്നിവ വിതരണം ചെയ്യുന്നവര്‍ക്ക് കഷ്ടിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ യഥാര്‍ഥത്തില്‍ ജോലിയുള്ളൂ. അവര്‍ തൊഴില്‍ക്കുറവ് അനുഭവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ തൊഴില്‍ അന്വേഷിക്കുന്നവരാണ്. അവരാണ് തൊഴില്‍ക്കുറവ് സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ എന്ന വിഭാഗത്തില്‍ വരുന്നത്.

ദ്വന്ദ്വതൊഴില്‍ കമ്പോള സിദ്ധാന്തം (Dual Labour Market Hypothesis) അനുസരിച്ച് രണ്ട് മേഖലകളെ വേര്‍തിരിച്ച് കാണാവുന്നതാണ്. ഒന്ന്: 'നല്ല ജോലികള്‍' (good jobs) നല്കുന്ന മേഖല, രണ്ട:് മോശപ്പെട്ട ജോലികള്‍ (bad jobs) നല്കുന്ന മേഖല. ഒന്നാം മേഖലയിലെ ജോലികള്‍ നല്ലതാകുന്നത് അവിടെ നിലനില്ക്കുന്ന ഉയര്‍ന്ന വേതനം, ജോലി സുരക്ഷ, മറ്റാനുകൂല്യങ്ങള്‍ എന്നിവ മൂലമാണ്. സാധാരണയായി രണ്ടാം മേഖലയിലെ മോശപ്പെട്ട ജോലികള്‍ ഉപേക്ഷിച്ച് ഒന്നാം മേഖലയിലെ മെച്ചപ്പെട്ട ജോലികള്‍ അന്വേഷിച്ചുപോകുന്നതിന് അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എന്നാല്‍ അങ്ങനെ ആ മേഖലയില്‍ കടന്നുകയറാന്‍ പല തടസ്സങ്ങളും തൊഴില്‍ കമ്പോളത്തില്‍ സൃഷ്ടിക്കപ്പെടുന്നു. വേതന നിരക്കില്‍ മത്സരം, തൊഴില്‍ കഴിവുകള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍, ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുകള്‍, സാങ്കേതികവിദ്യയുടെ കാര്യത്തിലെ അന്തരം എന്നിവ രണ്ടാം മേഖലയില്‍ തൊഴിലില്ലായ്മ ഉണ്ടാക്കും. ഇതിന് പരിഹാരം സ്റ്റേറ്റ് തന്നെ മുന്‍കൈയെടുത്ത് പുതിയ തൊഴിലവസരങ്ങള്‍ അത്തരക്കാര്‍ക്കു വേണ്ടി സൃഷ്ടിക്കുകയാണ്.

4. സ്വമേധയായുള്ള തൊഴിലില്ലായ്മ (Voluntary unemployment). ജോലി തേടേണ്ട, കിട്ടിയാലും വേണ്ട എന്ന മനഃസ്ഥിതിയുള്ള അവസ്ഥയാണിത്. സ്വന്ത ഇഷ്ടപ്രകാരം തൊഴില്‍ രഹിതരായിരിക്കുന്നവരെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കില്‍ ഉള്‍പ്പെടുത്താറില്ല.

5. ഇച്ഛാരഹിത തൊഴിലില്ലായ്മ (Involuntary unemployment). സാമ്പത്തികശാസ്ത്രജ്ഞനായ ജെ.എം. കെയിന്‍സ് ആണ് ഇത് ശ്രദ്ധേയമാക്കിയത്. മുതലാളിത്ത വ്യവസ്ഥിതിയില്‍ ചരക്കിന്റെ ചോദനം വഴിമുട്ടിനില്ക്കുമ്പോള്‍, അല്ലെങ്കില്‍ ചോദനം കുറയുമ്പോള്‍, തൊഴിലുടമകള്‍ ഉത്പാദനം കുറയ്ക്കുകയും അതിനുവേണ്ടി തൊഴിലവസരങ്ങളില്‍ കുറവുവരുത്തുകയും ചെയ്യുക സര്‍വസാധാരണമാണ്. 1930-കളില്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക മാന്ദ്യം ഉദാഹരണമാണ്. ഇത്തരം തൊഴിലില്ലായ്മ തൊഴിലാളികളുടെ ഇഷ്ടപ്രകാരമല്ല എന്ന് സ്പഷ്ടം. കൂലി വെട്ടിക്കുറച്ച് തൊഴിലില്ലായ്മക്കു പരിഹാരം ഉണ്ടാക്കാമെന്നാണ് ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ വാദിച്ചത്. എന്നാല്‍ കൂലികുറച്ചാല്‍, സാമ്പത്തികമാന്ദ്യം കൂടുമെന്നാണ് കെയിന്‍സ് പറഞ്ഞത്. കാരണം, കൂലിയില്‍വന്ന കുറവ് ചരക്കുകളുടെ ചോദനം കുറയ്ക്കും. ഇത് തൊഴിലുടമയ്ക്ക് സഹായകരമല്ല. ചുരുക്കത്തില്‍ ഇച്ഛകൂടാത്ത തൊഴിലില്ലായ്മയ്ക്കു പരിഹാരമായി കൂലി കുറയ്ക്കുന്നതിനു പകരം മൊത്ത ചോദനം വര്‍ധിപ്പിക്കുന്ന നയങ്ങളാണ് ഉണ്ടാകേണ്ടത്. യഥാര്‍ഥ കൂലി കുറച്ചാല്‍ തൊഴിലില്ലാത്തവര്‍ അത് സ്വീകരിക്കും. പക്ഷേ, അവര്‍ പണമായി നല്കുന്ന കൂലി കുറയ്ക്കുന്ന നടപടിയെ എതിര്‍ക്കും. വിലകള്‍ കൂടിയാല്‍ യഥാര്‍ഥ കൂലി കുറയും. എന്നാല്‍ ഏറ്റവും പറ്റിയ പരിഹാരം മൊത്ത ചോദനം വര്‍ധിപ്പിക്കുകയാണ്. അതിന് പൊതുനിക്ഷേപം (Public Investment) ഉയര്‍ത്തണം. ഇത് ഗവണ്മെന്റിനു മാത്രമേ കഴിയൂ.

6. സ്ഥിരം തൊഴിലില്ലായ്മയും താത്കാലിക തൊഴിലില്ലായ്മയും (Permanent and temporary unemployment). ഒരു നിശ്ചിത ദീര്‍ഘകാലയളവില്‍ തൊഴിലില്ലാത്ത അവസ്ഥയാണ് സ്ഥിരം തൊഴിലില്ലായ്മയായി പരിഗണിക്കുന്നത്. അതേ സമയം നിരവധി കാരണങ്ങള്‍ കൊണ്ട് താത്കാലിക തൊഴിലില്ലായ്മയും ഉണ്ടാകാം. അത്തരത്തിലുള്ളതാണ് ഫാക്റ്ററികളില്‍ കണ്ടുവരുന്ന താത്കാലികമായ ലേ ഓഫുകള്‍. ഇത് ഒരു നിശ്ചിത കാലയളവിലേക്കായിരിക്കും. തൊഴില്‍ നിയമമനുസരിച്ച് ഈ കാലയളവില്‍ ജോലി ചെയ്തില്ലെങ്കിലും തൊഴിലാളിക്ക് വേതനം കിട്ടും. ഏത് തീയതിയില്‍ വീണ്ടും ജോലിക്കു കയറാം എന്നുള്ളതിനെക്കുറിച്ചും വ്യക്തതയുണ്ടാകും.

7. കാലിക തൊഴിലില്ലായ്മ (Seasonal unemployment). കാര്‍ഷിക തൊഴില്‍മേഖയിലെ ഒരു പ്രത്യേകതയാണിത്. വിളവെടുപ്പ് കഴിഞ്ഞാല്‍ അടുത്ത കൃഷി ഇറക്കുന്നതുവരെ തൊഴിലവസരങ്ങള്‍ ഉണ്ടാകില്ല. ഇക്കാലത്ത് ജീവസന്ധാരണത്തിന് മറ്റു തൊഴില്‍ തേടി പോകേണ്ടിവരും. അതുപോലെ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രത്യേകിച്ചും മാറിമാറി വരുന്ന കടുത്ത വര്‍ഷപാതം അല്ലെങ്കില്‍ വരള്‍ച്ച എന്നീ അവസരങ്ങളില്‍ ഉണ്ടായേക്കാവുന്ന തൊഴിലില്ലായ്മ കാലികമാണ്. കാലത്തിന്റെ അഥവാ പ്രകൃതിയുടെ ഗതിവിഗതികളനുസരിച്ച് ഉണ്ടാകുന്ന തൊഴിലില്ലായ്മയാണ് കാലിക തൊഴിലില്ലായ്മ. മഴക്കാലത്ത് കുടയുടെ ചോദനം ഉയരുന്നു. കുടനിര്‍മാണവ്യവസായത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ മഴയില്ലാത്ത കാലത്ത് ഈ തൊഴിലവസരങ്ങള്‍ സാധാരണയായി കുറയും. അത് കാലികമായ ഒരു പ്രതിഭാസമാണ്.

8. ചാക്രിക തൊഴിലില്ലായ്മ (Cyclical unemployment). എല്ലാ സമ്പദ്വ്യവസ്ഥകളിലും ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് വ്യാപാര-സാമ്പത്തിക ചക്രങ്ങള്‍ (Trade / economic cycles). ദേശീയവരുമാനം, കയറ്റുമതി എന്നീ മേഖലകളിലൊക്കെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. സാമ്പത്തിക മാന്ദ്യം, സാമ്പത്തിക വളര്‍ച്ച, സാമ്പത്തിക വളര്‍ച്ചയിലുണ്ടാകുന്ന താത്കാലിക തളര്‍ച്ച അഥവാ പിന്‍വാങ്ങല്‍ (recession) എന്നിവയൊക്കെ ഒരു പ്രത്യേക താളക്രമത്തില്‍ വന്നും പോയും ഇരിക്കുക സര്‍വസാധാരണമാണ്. അതുകൊണ്ടാണ് സാമ്പത്തിക നയത്തിന്റെ മുഖ്യലക്ഷ്യമായി 'സാമ്പത്തിക സ്ഥിരത'യെ (economic stability) പരിഗണിക്കുന്നത്. സാമ്പത്തിക സ്ഥിരതയ്ക്കു തന്നെ ചാക്രിക സ്വഭാവമുണ്ട്. വിലനിലവാരം ക്രമം വിട്ട് ഉയരുമ്പോള്‍ അതിനെ നിയന്ത്രിക്കുന്നതും വിലനിലവാരം ക്രമം വിട്ട് താഴുമ്പോള്‍ അത് ഉയര്‍ത്താനുള്ള നടപടികള്‍ എടുക്കുന്നതും ചാക്രിക സാമ്പത്തിക നയമാണ്. അതുപോലെ സമ്പദ് വ്യവസ്ഥയില്‍ ചാക്രിക സ്വഭാവത്തോടെ തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ (1930-ലെ ആഗോള മാന്ദ്യത്തില്‍ സംഭവിച്ചതുപോലെ) തൊഴിലവസരങ്ങള്‍ നിലനിര്‍ത്തിയും പുതുതായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുംകൊണ്ടുള്ള നയങ്ങള്‍ നടപ്പിലാക്കാം. ചുരുക്കത്തില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്ന അവസരത്തില്‍ ചാക്രിക തൊഴിലില്ലായ്മ വര്‍ധിക്കും. അപ്പോള്‍ പൊതുനിക്ഷേപം ഉയര്‍ത്തി, തൊഴിലവസരങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം. ചാക്രിക തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചാക്രിക സാമ്പത്തിക നയ ഇടപെടലുകള്‍ (Counter cyclical economic) ഉണ്ടാക്കുക അനിവാര്യമാണ്.

9. ഘര്‍ഷണ തൊഴിലില്ലായ്മ (Frictional unemployment). ഏര്‍പ്പെടുന്ന ജോലി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത ജോലി കിട്ടുന്നതുവരെ തൊഴിലില്ലാത്ത അവസ്ഥയുണ്ടാകാം. അതിനെയാണ് ഘര്‍ഷണ തൊഴിലില്ലായ്മ എന്നു പറയുന്നത്. ഉദാഹരണത്തിന് കെട്ടിടംപണിയില്‍ ഏര്‍പ്പെടുന്ന ആശാരി മുതലായ പണിക്കാര്‍ക്ക് കെട്ടിടംപണി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അവരുടെ ജോലി കഴിഞ്ഞു. ഇനി മറ്റൊരു കെട്ടിടത്തിന്റെ പണി വരുന്നതുവരെ അവര്‍ കാത്തിരിക്കണം. അത് കിട്ടുന്നതുവരെ അവരെ തൊഴില്‍രഹിതരായി കണക്കാക്കും. സിനിമാലോകത്തെ നടീനടന്മാര്‍, ഗാനമേളയും കച്ചേരികളും നടത്തുന്നവര്‍ എന്നിവരൊക്കെ ഘര്‍ഷണ തൊഴിലില്ലായ്മ പലപ്പോഴും നേരിടുന്നവരാണ്. ഇത്തരം തൊഴിലില്ലായ്മ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുകയില്ല എന്നതാണതിന്റെ പ്രത്യേകത.

10. ഘടനാപരമായ തൊഴിലില്ലായ്മ (Structural unemployment). തൊഴിലുടമകളുടെ തൊഴില്‍ ചോദനവും തൊഴിലന്വേഷകരുടെ പ്രദാനവും തമ്മിലുണ്ടാകുന്ന പൊരുത്തക്കേടുകളാണ് ഘടനാപരമായ തൊഴിലില്ലായ്മയ്ക്കു വഴിതെളിക്കുന്നത്. പലപ്പോഴും തങ്ങളുടെ ആവശ്യമനുസരിച്ചുള്ള കഴിവുകള്‍ (skilla) ഉള്ള തൊഴിലാളികളെ കിട്ടാന്‍ തൊഴിലുടമകള്‍ ബുദ്ധിമുട്ടാറുണ്ട്. പല തവണ പരസ്യങ്ങള്‍ കൊടുത്തിട്ടും ഇക്കാര്യത്തില്‍ വിജയിക്കാത്തവര്‍ ഏറെയുണ്ട്. പ്രത്യേകിച്ചും സമ്പന്നരാജ്യങ്ങളിലാണ് ഇതുണ്ടാകുന്നത്. സമ്പദ്വ്യവസ്ഥയുടെ ഘടനാപരമായ സ്വഭാവങ്ങള്‍ക്കനുസരിച്ചും ഉത്പാദനരീതികള്‍ക്കനുസരിച്ചും സാങ്കേതിക വിദ്യയനുസരിച്ചും ഉണ്ടായിരിക്കേണ്ട തൊഴിലാളികളില്ലെങ്കില്‍, മറ്റു തരത്തിലുള്ള തൊഴിലാളികള്‍ തൊഴില്‍രഹിതരായി ഇരിക്കേണ്ടിവരും. ഇത് പരിഹരിക്കണമെങ്കില്‍ സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, സാങ്കേതിക പുരോഗതി, പുത്തന്‍ ഉത്പാദനരീതികള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാക്കി തൊഴില്‍ശക്തിയെ സജ്ജരാക്കേണ്ടത് ഗവണ്മെന്റിന്റെ മാത്രമല്ല, സ്വകാര്യ തൊഴിലുടമകളുടെയും അവരുടെ സംഘടനകളുടെയും ചുമതലയാണ്. തൊഴില്‍ശക്തിയുടെ ചോദനവും പ്രദാനവും പൊരുത്തപ്പെടാതെവരുമ്പോള്‍ ഒന്നുകില്‍ ചെയ്യേണ്ട ജോലികള്‍ പുറത്തുനിന്ന് രാജ്യത്ത് കുടിയേറിവരുന്ന അഥവാ ഇറക്കുമതിചെയ്യപ്പെടുന്ന തൊഴിലാളികളെ ഏല്പിക്കുകയോ അല്ലെങ്കില്‍ നാട്ടില്‍ ആഭ്യന്തരമായി ചെയ്യേണ്ട ജോലികള്‍ വിദേശത്തേക്കയച്ച് മറ്റുളളവരെക്കൊണ്ട് പൂര്‍ത്തീകരിക്കുകയോ ചെയ്യണം. രണ്ടാമതു പറഞ്ഞതാണ് ഔട്ട് സോഴ്സിങ് (out soursing). ഇന്ന് പാശ്ചാത്യ സമ്പന്ന രാജ്യങ്ങളിലെ സോഫ്റ്റ്വെയര്‍ സംബന്ധിച്ച ജോലികളൊക്കെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലേക്കയച്ച് നിര്‍വഹിക്കപ്പെടുന്ന രീതിയാണുള്ളത്.

11. സാങ്കേതിക തൊഴിലില്ലായ്മ (Technological unemployment). പഴയ സാങ്കേതികവിദ്യയുടെ സ്ഥാനത്ത് പുത്തന്‍ സാങ്കേതികവിദ്യ പ്രതിഷ്ഠിതമാകുമ്പോള്‍ പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴില്‍ ചെയ്തിരുന്നവര്‍ തൊഴില്‍രഹിതരാകും. ഇന്ന് മിക്ക സാമ്പത്തിക പ്രവര്‍ത്തന മേഖലകളിലും സാങ്കേതിക വിദ്യയില്‍ വമ്പിച്ച മുന്നേറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയിലാകുമ്പോള്‍ അവിടെ തൊഴിലില്ലായ്മ വര്‍ധിക്കുന്നു. ചില അവസരങ്ങളില്‍ നൂതന സാങ്കേതികവിദ്യ വരുമ്പോള്‍ അതില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ വന്‍തോതില്‍ അടച്ചിടാന്‍ നിര്‍ബന്ധിതമാകുന്നു. പുത്തന്‍ സാങ്കേതിക വിദ്യ മിക്കപ്പോഴും മൂലധന സാന്ദ്രമാണ് (capital intensive). അതായത് കൂടുതല്‍ മൂലധനം ഉപയോഗിക്കുമ്പോള്‍ തൊഴില്‍ശക്തിക്കു വേണ്ടിയുള്ള ചോദനം കുറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പുത്തന്‍ സാങ്കേതിക വിദ്യയുടെ പ്രയോഗം, സാങ്കേതിക വൈദഗ്ധ്യമില്ലാത്തവരുടെ തൊഴിലില്ലായ്മ രൂക്ഷമാക്കും. ഇന്ന് ഉത്പാദനത്തില്‍ തൊഴിലിനെക്കാള്‍ മൂലധനമാണ് പ്രധാനം. ഇന്ത്യയെപ്പോലെ വര്‍ധിച്ച തൊഴിലില്ലായ്മയുള്ള രാജ്യത്ത് പുത്തന്‍ സാങ്കേതികവിദ്യയെ ട്രേഡ് യൂണിയനുകള്‍ എതിര്‍ക്കുന്നതിനു പിന്നിലുള്ള വികാരം ഇതില്‍നിന്നു വ്യക്തമാകും.

12. അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴിലില്ലായ്മ (Educated unemployment). തൊഴിലില്ലാത്തവരില്‍ വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇന്ന് എല്ലാ രാജ്യങ്ങളിലും സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയങ്ങളുടെ ഫലമായി മൊത്തത്തില്‍ തൊഴില്‍ശക്തിയുടെ വിദ്യാഭ്യാസ നിലവാരം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയില്‍പ്പോലും സാര്‍വത്രികമായിക്കൊണ്ടിരിക്കുകയാണ്. തൊഴിലന്വേഷകരില്‍ വിദ്യാഭ്യാസമില്ലാത്തവര്‍ തുലോം കുറവാണ്. അതുകൊണ്ടാണ് കാലം ചെല്ലുന്തോറും വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മയിലുണ്ടാകുന്ന വര്‍ധനവ് ശ്രദ്ധേയമാകുന്നത്. ഇതിന് മറ്റൊരു മാനം കൂടിയുണ്ട്. ഉദാഹരണത്തിന്, തൊഴിലുടമയുടെ കാഴ്ചപ്പാടില്‍ അയാള്‍ക്ക് പത്താം ക്ളാസ്സ് പാസ്സായവരെ മാത്രമേ വേണ്ടൂ. എന്നാല്‍ ജോലിക്ക് അപേക്ഷിക്കുന്നവരൊക്കെ, അല്ലെങ്കില്‍ ബഹുഭൂരിപക്ഷവും ബിരുദാനന്തരബിരുദം നേടിയവരാണെങ്കില്‍ അയാള്‍ അവരെ പത്താം ക്ളാസ്സുകാര്‍ക്ക് കൊടുക്കാനുദ്ദേശിക്കുന്ന വേതനത്തിന് ജോലിക്ക് എടുക്കും. കേരളത്തിലെപ്പോലെ ഒരു പ്രദേശത്ത് ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തള്ളല്‍ തൊഴിലില്ലായ്മയുണ്ടാക്കുന്ന സമ്മര്‍ദം കൊണ്ടുണ്ടാകുന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത നേടിയാലും തൊഴില്‍ ലഭിക്കാത്ത സ്ഥിതി കേരളത്തില്‍ ഇന്നുണ്ട്. ഇതിനെ 'പേപ്പര്‍ ക്വാളിഫിക്കേഷന്‍ സിന്‍ഡ്രോം' എന്നു വിളിക്കാം.

തൊഴിലില്ലായ്മ ഏതൊക്കെ തരത്തിലുണ്ടെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അടുത്ത നടപടി അത് എങ്ങനെ അളക്കാമെന്നതാണ്. സെന്‍സസ് എടുക്കുമ്പോള്‍ തൊഴിലില്ലായ്മയുടെ വിവിധ സ്വഭാവങ്ങളെക്കുറിച്ചുള്ള ലഘുവായ ചോദ്യങ്ങള്‍വഴി ആരൊക്കെ, എത്രപേര്‍, അവരില്‍ പുരുഷന്മാര്‍ എത്ര, സ്ത്രീകള്‍ എത്ര എന്ന് കണ്ടെത്തുന്നു. അവരുടെ എണ്ണത്തിനു പുറമേ വയസ്സ്, വിദ്യാഭ്യാസം മുതലായ വിവരങ്ങളും ശേഖരിക്കുക പതിവാണ്. ഇന്ത്യയില്‍ പത്തുവര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് എടുക്കുക. സെന്‍സസിനു പുറമേ നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ കാലാകാലങ്ങളില്‍ തൊഴിലില്ലായ്മയുടെ കണക്കുകള്‍ ശേഖരിച്ച് പ്രസിദ്ധപ്പെടുത്താറുണ്ട്.

ഇന്ത്യയുടെ കാര്‍ഷികമേഖലയില്‍ തൊഴില്‍ കാലികമാണ്. അതുകൊണ്ട് മൂന്ന് വ്യത്യസ്ത രീതികളിലാണ് സാംപിള്‍ സര്‍വേയില്‍ തൊഴിലില്ലായ്മയുടെ കണക്കുകള്‍ എടുക്കുന്നത്. (1) സാധാരണ പദവി ( Usual Status-US) (2) നിലവിലുള്ള പ്രതിവാരപദവി (Current Weekly Satus-CWS) (3) നിലവിലുള്ള പ്രതിദിനപദവി. (Current Daily Stautus). തൊഴിലില്ലാത്ത സ്ഥിതി പതിവാണോ, സര്‍വേ നടത്തുന്ന ആഴ്ചയിലാണോ, ദിവസത്തിലാണോ എന്നൊക്കെ മനസ്സിലാക്കാന്‍ ഈ മൂന്ന് രീതികള്‍ സഹായിക്കും. ഈ രീതികള്‍ ആദ്യം നിര്‍ദേശിച്ചത് 1968-ലെ ദാന്തവാലാ സമിതിയാണ് (Dantwala Committe). കേന്ദ്ര ആസൂത്രണ കമ്മീഷനാണ് സമിതിയെ നിയോഗിച്ചത്. ഒരു വ്യക്തിയുടെ പ്രവൃത്തി സംബന്ധിച്ച പദവിയാണ് ഈ രീതികളിലുള്ള കണക്കെടുപ്പില്‍ തെളിയുന്നത്. പ്രതിദിന പദവിയനുസരിച്ച് അര മണിക്കൂറില്‍ താഴെ മാത്രം പ്രവൃത്തിയെടുക്കുന്നവര്‍ തൊഴിലില്ലാത്തവരാണ്. അതുപോലെ ഒരാഴ്ചയില്‍ ഒരു മണിക്കൂറില്‍ താഴെ പ്രവൃത്തിയെടുക്കുന്നവരും തൊഴില്‍രഹിതരാണ്. സാംപിള്‍ സര്‍വേകളില്‍ മുഖ്യതൊഴിലും അനുബന്ധ തൊഴിലും വേര്‍തിരിച്ച് കാണാറുണ്ട്. പ്രവൃത്തി പദവി കൃത്യമായി ഗണിക്കാനാണിത്. പ്രവൃത്തി വഴി എത്ര മണിക്കൂര്‍, എത്ര ദിവസം, എത്ര ആഴ്ച പണിയുണ്ടെന്നാണ് കണക്കാക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് മിനിമം പ്രവൃത്തിസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെയാണ് യഥാര്‍ഥത്തില്‍ തൊഴിലില്ലായ്മ കണക്കില്‍ ഉള്‍പ്പെടുത്താറുള്ളത്.

1999-2000-ല്‍ നടത്തിയ നാഷണല്‍ സാംപിള്‍ സര്‍വേ അനുസരിച്ച് 2000 ജനു. 1-ന് ആകെ തൊഴില്‍ശക്തി 410 ദശലക്ഷമായിരുന്നു. ഇതില്‍ 401 ദശലക്ഷം തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് കണക്ക്. എന്നാല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് കണക്കാക്കിയാല്‍ തൊഴില്‍രഹിതരുടെ എണ്ണം 41 ദശലക്ഷം വരുമെന്നു കണക്കാക്കുന്നു. 1994-2000 കാലത്ത് ഇന്ത്യയില്‍ തൊഴില്‍ശക്തി പ്രതിവര്‍ഷം 1.10 ശതമാനം കണ്ട് വര്‍ധിച്ചപ്പോള്‍ തൊഴിലവസരങ്ങള്‍ 1.05 ശതമാനമാണ് വര്‍ധിച്ചത്. ജനസംഖ്യയുടെയും തൊഴില്‍ശക്തിയുടെയും വര്‍ധനവനുസരിച്ച് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ല. 1998-99-ലെ ലോക തൊഴില്‍ റിപ്പോര്‍ട്ട് (World Employment Report) അനുസരിച്ച് 1997-ല്‍ ലോകജനസംഖ്യ 6 ബില്യനും തൊഴില്‍ ശക്തി 3 ബില്യനും തൊഴിലില്ലായ്മ 160 ദശലക്ഷവുമായിരുന്നു.

സാമ്പത്തിക വളര്‍ച്ചയ്ക്ക് ആനുപാതികമായി തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നില്ല. അതിന് ഒരു കാരണം തൊഴില്‍ സൃഷ്ടിക്കാത്ത വളര്‍ച്ചാനയമാണ് (jobless growth). സംഘടിതമേഖലയെക്കാള്‍ അസംഘടിതമേഖലയിലാണ് ഇന്ത്യയില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം, പ്രത്യേകിച്ചും കാര്‍ഷികമേഖലയില്‍. തൊഴിലില്ലായ്മയുടെ കണക്കിന്റെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് (unemployment rate) കണക്കാക്കാറുണ്ട്. ഇന്ത്യയെ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ താഴെ കൊടുക്കുന്നു.

2007-ഓടുകൂടി ജനസംഖ്യ 1112.9 ദശലക്ഷം, തൊഴില്‍ശക്തി 478.8 ദശലക്ഷം, തൊഴിലവസരങ്ങള്‍ 474.7 ദശലക്ഷം, തൊഴില്‍രഹിതര്‍ 4.1 ദശലക്ഷം, തൊഴിലില്ലായ്മ നിരക്ക് 0.86 ശതമാനം എന്നിങ്ങനെയാകുമെന്നാണ് കേന്ദ്രആസൂത്രണ കമ്മീഷന്‍ കണക്കാക്കിയിട്ടുള്ളത്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും തൊഴില്‍ സൃഷ്ടി ദുര്‍ബലമാണ്. കാര്‍ഷികമേഖലയുടെ തളര്‍ച്ച മറ്റൊരു വിപത്താണ്. 2005-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി തൊഴില്‍ ഉറപ്പ് നിയമവും പാസ്സാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ ഇന്നത്തെ മുഖ്യപ്രശ്നം. ഇത് അതിരൂക്ഷമാകാത്തതിന് ഒരു കാരണം സ്വയം തൊഴില്‍ കണ്ടെത്താന്‍ ജനങ്ങള്‍ തയ്യാറായിരിക്കുന്നു എന്നതാണ്.

(പ്രൊഫ. കെ. രാമചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍