This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴിലാളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴിലാളി

ഉപജീവനത്തിനായി അധ്വാനശക്തി വില്ക്കുന്ന വ്യക്തി. കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, കൈത്തൊഴിലുകാര്‍ തുടങ്ങിയവരെയൊക്കെ സാധാരണയായി തൊഴിലാളികള്‍ എന്നു പറയാറുണ്ടെങ്കിലും നിഷ്കൃഷ്ടമായ അര്‍ഥത്തില്‍ ആധുനിക വ്യവസായത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയാണ് ഈ സംജ്ഞകൊണ്ട് വിവക്ഷിക്കുന്നത്. അധ്വാനം ചരക്കിന്റെ സ്വഭാവം ആര്‍ജിക്കുകയും തൊഴില്‍ക്കമ്പോളത്തില്‍ ക്രയവിക്രയത്തിനു വിധേയമാവുകയും ചെയ്യുന്നത് വ്യവസായ മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തോടെയാണ്. തൊഴില്‍ക്കമ്പോളം നിലവില്‍വന്നതോടെ, പരമ്പരാഗത കാര്‍ഷികബന്ധങ്ങള്‍ അതിനു വിധേയമാവുകയും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ കാര്‍ഷിക തൊഴിലാളികളായി മാറുകയും ചെയ്തു. അതുകൊണ്ടാണ് ഒരേ തൊഴില്‍ നിര്‍വഹിക്കുന്നവരാണെങ്കിലും ചെറുകിട-ഇടത്തരം കര്‍ഷകര്‍, കാര്‍ഷികതൊഴിലാളികളില്‍നിന്നു വ്യത്യസ്തരാകുന്നത്.

തൊഴിലാളിയുടെ അധ്വാനത്തിനു ലഭിക്കുന്ന പ്രതിഫലത്തെ കൂലി അഥവാ വേതനം എന്നു പറയുന്നു. ഈ അര്‍ഥത്തിലാണ് വ്യവസായമുതലാളിത്തത്തിലെ തൊഴിലാളികളെ 'കൂലിവേലക്കാര്‍' എന്നു നിര്‍വചിക്കുന്നത്. കൂലിവേലയുടെ ഒരു പ്രധാന സവിശേഷത അതിന്റെ അസ്ഥിരതയാണ്. തൊഴില്‍ശാലയിലെ അച്ചടക്കം ലംഘിക്കപ്പെടുകയോ തൊഴില്‍വൈദഗ്ധ്യം കാലഹരണപ്പെടുകയോ ചെയ്താല്‍ തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടാനിടയുണ്ട്. തൊഴിലാളിയൂണിയനുകളുടെ സംഘടിതമായ വിലപേശലിന്റെ ഫലമായി തൊഴില്‍സുരക്ഷിതത്വം ഉറപ്പാക്കുന്ന നിയമങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സാങ്കേതികവിദ്യയിലും ഉത്പാദനസമ്പ്രദായത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ അരക്ഷിതത്വത്തിനിടയാക്കിയിട്ടുണ്ട്. ആഗോളവത്കരണത്തിന്റെ ഫലമായി ഉത്പാദനം വികേന്ദ്രീകൃതവും ശകലീകൃതവുമായിരിക്കുകയാണ്. മാത്രവുമല്ല, സ്വന്തം സ്ഥാപനത്തിലെ ജോലികള്‍ പുറത്തുള്ള ഏജന്‍സികളെക്കൊണ്ടു നിര്‍വഹിക്കുന്ന സമ്പ്രദായം (ഔട്ട്സോഴ്സിങ്) കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ വ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. ഇത് തൊഴിലാളികളുടെ സംഘടിതശക്തിയില്‍നിന്നു രക്ഷപ്പെടാനുള്ള അവസരം മാനേജ്മെന്റുകള്‍ക്കു നല്കുന്നു. തൊഴിലാളി-മുതലാളി വൈരുധ്യങ്ങള്‍ ഇപ്രകാരം അപ്രത്യക്ഷീകരിക്കപ്പെടുന്നതിന്റെ ഫലമായി, ആഗോള തൊഴില്‍ക്കമ്പോളത്തില്‍ തൊഴിലാളികളുടെ വര്‍ഗപരമായ ശക്തി ക്ഷയിക്കുന്നു.

ഉത്പന്നങ്ങളുടെ അഥവാ ചരക്കുകളുടെ മൂല്യം നിര്‍ണയിക്കുന്നത് തൊഴിലാളിയുടെ അധ്വാനമാണെങ്കിലും, ഉത്പാദനോപാധികള്‍ക്കുമേല്‍ നിയന്ത്രണമില്ലാത്തതിനാല്‍ സ്വന്തം അധ്വാനഫലം അവരില്‍നിന്ന് അന്യമാകുന്നു. ഉത്പാദനോപാധികളുടെ ഉടമസ്ഥതയും നിയന്ത്രണവും മുതലാളിമാരില്‍ നിക്ഷിപ്തമാണ്. അതിനാല്‍, മറ്റേതൊരു അസംസ്കൃതവസ്തുവുംപോലെ തൊഴിലാളിയുടെ അധ്വാനവും വിലയ്ക്കുവാങ്ങാന്‍ മുതലാളിക്കു കഴിയുന്നു. യഥാര്‍ഥ മൂല്യസ്രഷ്ടാക്കള്‍ തൊഴിലാളികളാണെങ്കിലും, മുതലാളിത്ത ഉത്പാദന സമ്പ്രദായത്തില്‍ അവര്‍ക്ക് ഇതര ഭൗതിക ഉത്പാദന ഘടകങ്ങളുടെ സ്ഥാനമേ ലഭിക്കുന്നുള്ളൂ. സംഘടിതമായ ഇടപെടലിലൂടെയാണ് തൊഴിലാളികള്‍ ഇത്തരം അന്യവത്കരണങ്ങളെയും നിസ്സാരവത്കരണങ്ങളെയും നേരിട്ടുപോന്നത്. എന്നാല്‍, ആഗോള ഉത്പാദന സമ്പ്രദായങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍, ബദലുകള്‍ അന്വേഷിക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.

തൊഴില്‍ അഥവാ അധ്വാനശക്തി ഒരു ചരക്കാണെങ്കിലും അത് ഇതര ചരക്കുകളില്‍നിന്നു വ്യത്യസ്തമാണ്. മറ്റു ചരക്കുകളുടെ കാര്യത്തില്‍, അവയ്ക്കു നല്ല വില ലഭിക്കുന്നില്ലെങ്കില്‍ വില്പന മാറ്റിവയ്ക്കാന്‍ കഴിയും. നല്ല വില കിട്ടുന്നതുവരെ സൂക്ഷിച്ചുവയ്ക്കാനും ദൌര്‍ലഭ്യമുണ്ടാക്കാനും സാധിക്കും. എന്നാല്‍, നല്ല വില കിട്ടാത്തതുകൊണ്ട് അധ്വാനശക്തി വില്ക്കാതിരുന്നാല്‍, അത്രയും നേരത്തെ അധ്വാനമാണ് ലഭ്യമാകാതെ പോകുന്നത്. ഇങ്ങനെ നഷ്ടമാകുന്ന അധ്വാനസമയം വീണ്ടെടുക്കാനാവുകയില്ല. മറ്റു ചരക്കുകളെപ്പോലെ, അധ്വാനശക്തി സംഭരിച്ചുവയ്ക്കാനും കഴിയില്ല. അതുകൊണ്ടാണ്, വില കുറവാണെങ്കിലും അധ്വാനശക്തി വില്ക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവുന്നത്.

തൊഴിലാളികളുടെ അധിക ലഭ്യത തൊഴിലിന്റെ ചോദനവും കൂലിയും കുറയ്ക്കുന്ന ഘടകങ്ങളാണ്. തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവരുടെ എണ്ണത്തിനനുസരിച്ച് തൊഴിലാളികളെ ആവശ്യമുള്ളവരുടെ എണ്ണം കൂടണമെന്നില്ല. ഇത് തൊഴിലാളികളുടെ വിലപേശാനുള്ള ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍, സാമ്പത്തിക വളര്‍ച്ച നേടിയ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ ധാരാളമുള്ളതിനാല്‍ ഇത് തൊഴിലിനെ കാര്യമായി ബാധിക്കുന്നില്ല. അതുപോലെതന്നെ, അധ്വാനശക്തിയുടെ വില്പനയും മറ്റു ചരക്കുകളുടെ വില്പനയില്‍നിന്നു വ്യത്യസ്തമാണ്. അധ്വാനശക്തി മാത്രമായി തൊഴിലാളിക്കു വില്ക്കുവാനോ മുതലാളിക്ക് വാങ്ങുവാനോ സാധ്യമല്ല. അധ്വാനശക്തി വില്ക്കണമെങ്കില്‍ തൊഴിലാളി തൊഴില്‍സ്ഥലത്ത് നേരിട്ട് ഹാജരാകണം. ഇത് തൊഴില്‍ എന്ന ചരക്കിന് മനഃശാസ്ത്രപരവും സാംസ്കാരികവുമായ മാനങ്ങള്‍കൂടി നല്കുന്നു. തൊഴില്‍സ്ഥലത്തെ ഭൌതിക സാഹചര്യങ്ങളും തൊഴില്‍ബന്ധങ്ങളും തൊഴിലാളികളെ ശാരീരികവും മാനസികവുമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മാനസികവും സാംസ്കാരികവുമായ ഉല്ലാസത്തിനും ക്രിയാത്മകതയ്ക്കും അവസരം ലഭിക്കാത്ത തൊഴില്‍ബന്ധങ്ങള്‍, തൊഴിലിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. കാര്യക്ഷമമായ തൊഴില്‍ ഉറപ്പുവരുത്തണമെങ്കില്‍, തൊഴിലാളികള്‍ സംതൃപ്തരായിരിക്കണമെന്ന മുതലാളിത്ത തത്ത്വം തന്നെയാണ് സാമൂഹ്യസുരക്ഷിതത്വ നിയമങ്ങള്‍ക്ക് ഒരു പരിധിവരെ പ്രേരകമായിട്ടുള്ളത്. തൊഴിലാളിസമരങ്ങള്‍ മറ്റൊരു പ്രേരക ഘടമായിരുന്നു.

സമകാലീന ആഗോളവത്കരണം നല്കുന്ന അനുകൂല ഘടകങ്ങള്‍ സാമൂഹ്യ സുരക്ഷിതത്വസംവിധാനത്തെ മറികടക്കാന്‍ മുതലാളിമാരെ പ്രാപ്തരാക്കിയിട്ടുണ്ട്. ഒരേ ചരക്കിന്റെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളിലായി വികേന്ദ്രീകരിക്കാനും കുറഞ്ഞ കൂലിയുള്ള രാജ്യങ്ങളിലേക്ക് ഉത്പാദനത്തെ കയറ്റുമതി ചെയ്യാനും കഴിയുമെന്നു വന്നതോടെ, മുതലാളിമാര്‍ക്ക് സ്വന്തം രാജ്യങ്ങളിലെ തൊഴില്‍സുരക്ഷിതത്വ നിയമങ്ങളില്‍നിന്നു രക്ഷപെടാന്‍ സാധിക്കുന്നു. ക്ളാസ്സിക്കല്‍ മുതലാളിത്തത്തില്‍ ഉടമസ്ഥതയും നിയന്ത്രണവും ഒരേ ശക്തികളില്‍ കേന്ദ്രീകരിച്ചിരുന്നുവെങ്കില്‍, ഇന്ന് അവ വിഭജിതമാണ്. ഇതും ഒരു വര്‍ഗമെന്ന നിലയ്ക്കുള്ള തൊഴിലാളികളുടെ സംഘടിത ശേഷിയെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ദേശീയ ഗവണ്മെന്റുകള്‍ക്കുണ്ടായിരുന്ന അധികാരശക്തി കുറയുകയും ലോകവ്യാപാരസംഘടന പോലെ ഒരു രാജ്യത്തിന്റെയും നിയന്ത്രണത്തിലല്ലാത്ത ആഗോള സാമ്പത്തിക വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളവ്യാപകമായി തൊഴിലാളികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണിത്.

സാമ്പത്തികശാസ്ത്രപരമായ മാനദണ്ഡത്തില്‍നിന്നു വ്യത്യസ്തമായാണ്, നിയമം തൊഴിലാളിയെ നിര്‍വചിക്കുന്നത്. തൊഴിലാളിയുടെ നിര്‍വചനത്തെ സംബന്ധിച്ച് പല നിയമപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു സ്ഥാപനത്തിന്റെ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സഞ്ചരിക്കുന്ന പ്രതിനിധിയെ തൊഴിലാളിയായി കണക്കാക്കാനാവില്ലെന്ന് 1970-ല്‍ ഇന്ത്യന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ സഹകരണസംഘത്തിന്റെ സെക്രട്ടറിയും തൊഴിലാളിയാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗവണ്മെന്റ് ജീവനക്കാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എന്നീ വിഭാഗങ്ങളൊന്നും തൊഴിലാളിയുടെ നിര്‍വചനത്തില്‍ വരുന്നില്ല. നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലാളിയുടെ സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിച്ചു നടപ്പാക്കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍