This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴിലധിഷ്ഠിത പുനരധിവാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴിലധിഷ്ഠിത പുനരധിവാസം

Vocational Rehabilitation

ശാരീരിക-മാനസിക വൈകല്യങ്ങളുള്ള വ്യക്തികള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുവാന്‍ സഹായിക്കുന്നതിനായി ഭരണകൂടമോ സന്നദ്ധസംഘടനകളോ ഇവര്‍ സംയുക്തമായോ നടത്തുന്ന പ്രവര്‍ത്തനം. വൈകല്യങ്ങളുള്ളവരെ തൊഴില്‍ ചെയ്യുവാന്‍ പ്രാപ്തരാക്കുക എന്നതാണ് തൊഴിലധിഷ്ഠിത പുനരധിവാസത്തിന്റെ ലക്ഷ്യം.

ചരിത്രം. ഒന്നാം ലോകയുദ്ധത്തിനു മുമ്പുതന്നെ യു.എസ്സില്‍ തൊഴിലധിഷ്ഠിത പുനരധിവാസത്തിന് നാന്ദികുറിച്ചിരുന്നു. വ്യവസായശാലകളിലെ അപകടങ്ങളില്‍ അംഗഭംഗമേല്ക്കുന്ന തൊഴിലാളികളെ ഉപജീവനമാര്‍ഗം കണ്ടെത്തുവാന്‍ സഹായിക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടതാണ് ഇതിനു പ്രചോദനമായത്. 1921-ല്‍ യു.എസ്സിലെ ആദ്യത്തെ ഫെഡറല്‍ തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതി നടപ്പിലായി. തുടര്‍ന്ന് രണ്ട് ലോകയുദ്ധങ്ങളില്‍ പരിക്കേറ്റ സൈനികരുടെ തൊഴില്‍പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിരവധി പുനരധിവാസ കേന്ദ്രങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍, പ്രത്യേകിച്ച് യു.എസ്സിലും ബ്രിട്ടനിലും സ്ഥാപിക്കപ്പെട്ടു. ഇന്ത്യ പോലെയുള്ള വികസ്വര രാഷ്ട്രങ്ങളില്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് തൊഴിലധിഷ്ഠിത പുനരധിവാസരംഗത്ത് ശ്രദ്ധ പതിഞ്ഞുതുടങ്ങിയത്. 1950-കളില്‍ ലോകമെമ്പാടും ഈ രംഗത്ത് വന്‍ മുന്നേറ്റമുണ്ടായി. 1962-ല്‍ തൊഴിലധിഷ്ഠിത പുനരധിവാസത്തെക്കുറിച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ വടക്കേ അമേരിക്ക, കിഴക്കന്‍ യൂറോപ്പ്, പടിഞ്ഞാറന്‍ യൂറോപ്പ്, മധ്യ ഏഷ്യ തുടങ്ങിയ മേഖലകളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. ഇന്ന് വികസിത രാജ്യങ്ങളില്‍ തൊഴിലധിഷ്ഠിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വളരെയധികം പുരോഗതി കൈവരിച്ചു കഴിഞ്ഞു. ഇന്ത്യയെ പോലെയുളള വികസ്വര രാജ്യങ്ങളിലും സ്ഥിതി മെച്ചപ്പെട്ടുവരുന്നു.

പുനരധിവാസ പ്രക്രിയ. പുനരധിവാസ പ്രക്രിയയുടെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തികള്‍ പുനരധിവാസ സേവനത്തിന് നിയമപരമായി അര്‍ഹരാണോ എന്ന് നിര്‍ണയിക്കുന്നു. ഡോക്ടര്‍മാര്‍, ആശുപത്രികള്‍, വ്യാവസായികാപകടങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതികള്‍, സ്കൂളുകള്‍, ആരോഗ്യ- ക്ഷേമ സമിതികള്‍ തുടങ്ങിയവയുടെ സഹായം ഇക്കാര്യത്തില്‍ ഉപയോഗപ്പെടുന്നു. പ്രവര്‍ത്തനശേഷിയെ ബാധിക്കുന്ന രീതിയിലുള്ള ശാരീരികമോ മാനസികമോ ആയ വൈകല്യംമൂലം തൊഴില്‍ ലഭിക്കുവാന്‍ പ്രയാസം നേരിടുകയും, പുനരധിവാസ പ്രക്രിയയിലൂടെ തൊഴില്‍ ചെയ്യാനുള്ള പ്രാപ്തി കൈവരിക്കുമെന്ന പ്രതീക്ഷയുളവാക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കാണ് മുന്‍ഗണന നല്കിവരുന്നത്. അര്‍ഹതയുണ്ടെന്നു കണ്ടെത്തുന്ന ഓരോ വ്യക്തിക്കും ഒരു കൌണ്‍സലറെ നിയോഗിക്കുന്നു. വൈദ്യപരിശോധന നടത്തുകയും വൈദ്യസഹായംകൊണ്ടു മാറ്റാവുന്ന വൈകല്യമാണെങ്കില്‍ അത് മാറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

എല്ലാ തൊഴിലധിഷ്ഠിത പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം തൊഴില്‍ പുനഃസ്ഥാപിക്കുക എന്നതാണ്. കൌണ്‍സലിങ്ങിലൂടെയും മനഃശാസ്ത്ര പരീക്ഷകളിലൂടെയും ഏതു ജോലിയാണ് വ്യക്തിക്ക് അനുയോജ്യമെന്ന് കണ്ടുപിടിച്ചതിനുശേഷം ആ ജോലിക്ക് പ്രാപ്തനാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു. പ്രത്യേക പരിശീലനം ആവശ്യമുള്ള ജോലിയാണെങ്കില്‍ പുനരധിവാസ പ്രവര്‍ത്തനം നടത്തുന്ന ഏജന്‍സിതന്നെ പ്രത്യേക പരിശീലന സ്ഥാപനത്തിലേക്ക് വ്യക്തിയെ അയയ്ക്കുകയും പരിശീലനത്തിന്റെ ചെലവ് വഹിക്കുകയും ചെയ്യുന്നു. സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക ധനസഹായവും നല്കാറുണ്ട്.

പരിശീലനത്തിനുശേഷം വ്യക്തിക്കായി വരുമാനമുള്ള ഒരു തൊഴില്‍ കണ്ടെത്തുക എന്നതും പുനരധിവാസ പ്രവര്‍ത്തകരുടെതന്നെ ചുമതലയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുവാന്‍ സമഗ്ര പുനരധിവാസ കേന്ദ്രങ്ങളും വര്‍ക്ക്ഷോപ്പുകളും ഉപകരിക്കുന്നു. സാരമായ വൈകല്യങ്ങളുള്ളവര്‍ക്കാണ് ഇത്തരം കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുന്നത്. സാമൂഹികവും മനശ്ശാസ്ത്രപരവും തൊഴില്‍പരവുമായ മാര്‍ഗനിര്‍ദേശവും വൈദ്യപരിശോധനയും ആവശ്യമെങ്കില്‍ ചികിത്സയും ഇവിടെ ലഭിക്കുന്നു. പുനരധിവാസ വര്‍ക്ക്ഷോപ്പുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വ്യക്തികളെ ജോലി ചെയ്യിപ്പിക്കുകയും ജോലിയുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്ന് വിലയിരുത്തുകയും ചെയ്യുന്നു.

ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കാണ് ഇപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പ്രയോജനം പ്രധാനമായും ലഭിക്കുന്നത്. അസ്ഥി വൈകല്യങ്ങള്‍, ക്ഷയം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവമൂലം പ്രവര്‍ത്തനശേഷിക്കുണ്ടാകുന്ന കോട്ടം പരിഹരിക്കുവാന്‍ ഒരു പരിധിവരെ പുനരധിവാസ ശ്രമങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കിടയിലും മാനസികരോഗികള്‍ക്കിടയിലും ഫലപ്രദമായി പുനരധിവാസ പ്രവര്‍ത്തനം നടന്നിട്ടില്ല. ഇവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരായ, പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ദൗര്‍ലഭ്യമാണ് ഇതിനു കാരണം.

വ്യത്യസ്ത രാഷ്ട്രങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍. തൊഴിലധിഷ്ഠിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലവത്തായി നടക്കുന്നത് യു.എസ്സിലാണ്. ഇവിടെ പുനരധിവാസ പ്രവര്‍ത്തനത്തിന് ചെലവാക്കുന്ന തുകയുടെ പത്തിരട്ടിയോളം, പുനരധിവസിപ്പിക്കപ്പെട്ട വ്യക്തികള്‍ നല്കുന്ന നികുതികളില്‍നിന്നു ലഭിക്കുന്നുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എല്ലാ പ്രമുഖ സര്‍വകലാശാലകളിലും പുനരധിവാസ കൌണ്‍സലിങ് പാഠ്യവിഷയമാണ്. മാനസിക വൈകല്യങ്ങളുള്ളവര്‍ക്കിടയില്‍ പുനരധിവാസ പ്രവര്‍ത്തനം നടത്തുവാന്‍ ആവശ്യമായ പരിശീലനം നല്കുവാനുള്ള ശ്രമങ്ങളും ഊര്‍ജിതമായി നടക്കുന്നു.

എല്ലാ യൂറോപ്യന്‍ രാഷ്ട്രങ്ങളും തൊഴിലധിഷ്ഠിത പുനരധിവാസത്തിന് വളരെയധികം പ്രാധാന്യം നല്കിയിട്ടുണ്ട്. ബ്രിട്ടനില്‍ തൊഴില്‍ മന്ത്രാലയം തൊഴിലധിഷ്ഠിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ഇവര്‍ ജോലി ലഭിക്കുവാന്‍ അര്‍ഹതയുള്ള അംഗവൈകല്യമുള്ളവരുടെ പട്ടിക തയ്യാറാക്കുകയും തൊഴില്‍ദാതാക്കളെ അറിയിക്കുകയും ചെയ്യുന്നു. തൊഴില്‍ദാതാക്കള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം തസ്തികകളില്‍ ഈ പട്ടികയില്‍നിന്നുള്ളവരെ നിയമിക്കുന്നു. ആസ്റ്റ്രിയ, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇസ്രയേല്‍ തുടങ്ങിയ രാഷ്ട്രങ്ങളും അംഗവൈകല്യം സംഭവിച്ചവര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനില്‍ ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് തൊഴിലധിഷ്ഠിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ വികസ്വര രാഷ്ട്രങ്ങളില്‍ സന്നദ്ധസംഘടനകളുടെയും ഡബ്ള്യു.എച്ച്.ഒ., ഐ.എല്‍.ഒ. തുടങ്ങിയ യു.എന്‍.ഏജന്‍സികളുടെയും മേല്‍നോട്ടത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നു. പുനരധിവാസ പ്രവര്‍ത്തകരായ മനോരോഗ ചികിത്സകര്‍, മനഃശാസ്ത്രജ്ഞര്‍, ഫിസിയൊതെറാപ്പിസ്റ്റുകള്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് വിദഗ്ധ പരിശീലനം നല്കുന്നതിന് ധനസഹായം നല്കിവരുന്നു. ഗ്രാമീണ മേഖലയിലെ വികലാംഗര്‍ക്ക് കാര്‍ഷിക പരിശീലനം നല്കാനുള്ള പദ്ധതിക്കും സമാനസ്വഭാവമുള്ള മറ്റു പദ്ധതികള്‍ക്കും രൂപംനല്കിയിട്ടുണ്ട്. വികലാംഗര്‍ക്കായി തൊഴില്‍ സംവരണവും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കായി തൊഴിലധിഷ്ഠിത പുനരധിവാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മാനസിക വൈകല്യങ്ങളുള്ളവരുടെ പുനരധിവാസത്തിനുള്ള കേന്ദ്രങ്ങള്‍ താരതമ്യേന കുറവാണ്. തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ അശാസ്ത്രീയമായ രീതിയില്‍ മനോരോഗികളെ പാര്‍പ്പിച്ചിരുന്ന ഒരു ചികിത്സാലയത്തിലുണ്ടായ അഗ്നിബാധമൂലം അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദാരുണ സംഭവം ഈ രംഗത്തെ പോരായ്മകള്‍ തുറന്നു കാട്ടുകയും പുതിയ സംരംഭങ്ങള്‍ക്ക് പ്രേരകമാവുകയും ചെയ്തു. ജപ്പാന്‍ ഗവണ്മെന്റിന്റെ ധനസഹായത്തോടെ 2004-ല്‍ മധുരയില്‍ മാനസിക വൈകല്യങ്ങളുള്ളവര്‍ക്കായി ഒരു തൊഴിലധിഷ്ഠിത പുനരധിവാസകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍