This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊലുബൊമ്മലാട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊലുബൊമ്മലാട്ട

ഭാരതത്തില്‍ പ്രചാരത്തിലുള്ള പാവകളി. ഏഷ്യന്‍ പാവനാടകവേദിയില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. ആന്ധ്രപ്രദേശിലാണ് ഈ കളിക്ക് ഏറെ പ്രചാരമുളളത്. 'തൊലു' എന്നതിന് തോലെന്നും 'ബൊമ്മലു' എന്നതിന് പാവയെന്നും അര്‍ഥം. എ.ഡി. 200-ല്‍ ശതവാഹന ഭരണകൂടമാണ് പാവനാടകത്തിന് നാന്ദി കുറിച്ചത്. 16-ാം ശ.-ത്തില്‍ വിജയനഗര സാമ്രാജ്യത്തിലെ കോനറെഡ്ഡിയുടെ ഭരണകാലത്ത് ഇത് കൂടുതല്‍ പ്രചാരം നേടി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 'രാമായണ രംഗനാഥന' എന്ന പേരില്‍ ഒരു കഥ പാവനാടകത്തിനുവേണ്ടി രചിക്കപ്പെട്ടു. രാമായണ കഥയ്ക്കു പുറമേ പാവകളുടെ നിര്‍മാണത്തിനും അലങ്കാരത്തിനും വേണ്ട നിര്‍ദേശങ്ങള്‍ ഈ രചനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാവനാടകക്കാര്‍ ഈ കൃതി ഒരു സ്വകാര്യസ്വത്തായി സൂക്ഷിച്ചിരുന്നതുകാരണം ഇതിനെ സംബന്ധിച്ച് കാര്യമായ ഗവേഷണ പഠനങ്ങളൊന്നും നടന്നിരുന്നില്ല.

പ്രത്യേക രീതിയില്‍ സംസ്കരിച്ചെടുക്കുന്ന ആട്ടിന്‍തോലില്‍ നിന്നാണ് തൊലുബൊമ്മലാട്ടയ്ക്ക് ആവശ്യമായ പാവകളെ നിര്‍മിക്കുന്നത്. മാന്‍, പോത്ത് എന്നിവയുടെ തോലുകളും ഇതിനായി ഉപയോഗപ്പെടുത്താറുണ്ട്. ഓരോ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ കണക്കിലെടുത്താണ് പാവകള്‍ക്കുള്ള തോല്‍ തിരഞ്ഞെടുത്തിരുന്നതെന്നും സൂചന കാണുന്നു. മനുഷ്യരൂപങ്ങള്‍ക്ക് ആടിന്റെ തോലും ചെകുത്താനും മറ്റും പോത്തിന്റെ തോലും ദൈവങ്ങള്‍ക്ക് മാനിന്റെ തോലുമാണ് ഉപയോഗിച്ചിരുന്നത്. വിവിധ വര്‍ണങ്ങളിലുള്ള വലുപ്പമേറിയ പാവകളെയാണ് പാവനാടകത്തിനായി രൂപപ്പെടുത്തുന്നത്. ഇവയ്ക്ക് നാല്-അഞ്ച് അടി ഉയരമുണ്ടാകും.

തൊലുബൊമ്മലാട്ടയിലെ രാവണന്‍

നെടുകെ പിളര്‍ന്ന മുളകളിലാണ് പാവകളെ പിടിപ്പിക്കുന്നത്. തല മുതല്‍ അരക്കെട്ട് വരെയുള്ള ഭാഗം മുളയോട് ചേര്‍ത്തുകെട്ടി ഉറപ്പുവരുത്തുന്നു. കഥാപാത്രത്തിന്റെ സവിശേഷതകള്‍ക്കനുസൃതമായി ഒരു കഥാപാത്രത്തിനുവേണ്ടി ചിലപ്പോള്‍ ഒന്നിലധികം പാവകള്‍ ഉപയോഗിക്കാറുണ്ട്. ചില പാവകള്‍ക്കു ചുറ്റുമായി ചിലപ്പോള്‍ പ്രകൃതിദൃശ്യങ്ങളും നിര്‍മിക്കാറുണ്ട്. ഉദാഹരണത്തിന് അശോകവനത്തിലെ സീതയുടെ പാവ നിര്‍മിക്കുമ്പോള്‍ അശോകമരവും മറ്റും അതിനോടു ചേര്‍ത്തുതന്നെ നിര്‍മിക്കുന്നു. പല പാവകളുടെയും കൈകാലുകള്‍ അനക്കാവുന്നവയായിരിക്കും. ചിലതിന്റെ തലയും കഴുത്തും ഉറപ്പിച്ചവയായിരിക്കില്ല. പാവകളെ ചലിപ്പിക്കാനായി ചെറിയ മുളന്തണ്ടുകള്‍ നൂല്‍ ഉപയോഗിച്ച് കൈയില്‍ പിടിപ്പിക്കുന്നു. പാവകളുടെ കാലുകള്‍ താഴേക്കു തൂങ്ങിക്കിടക്കുന്നു. നൃത്തം വയ്ക്കുന്ന പാവയുടെ അരക്കെട്ടില്‍ ഒരു പാവാട ഉടുപ്പിക്കുകയും ചരടുകളും മറ്റും ഉപയോഗിച്ച് അതിവിദഗ്ധമായി പാവയെ ചലിപ്പിക്കുകയും ചെയ്യുന്നു.

പരുത്തി സാരികളും മറ്റും ഉപയോഗിച്ച് തയ്യാറാക്കിയ വെളുത്ത തിരശ്ശീലയിലാണ് വിവിധ നിറങ്ങളിലുള്ള നിഴലുകള്‍ പതിയുന്നത്. ആറു മുതല്‍ പന്ത്രണ്ടുവരെ അടി അകലത്തില്‍ സ്ഥാപിച്ച തൂണുകളിലാണ് തിരശ്ശീല വലിച്ചുകെട്ടുന്നത്. പാവകളുടെ ദൈര്‍ഘ്യത്തെ ആശ്രയിച്ചായിരിക്കും തിരശ്ശീലയുടെ ദൈര്‍ഘ്യം നിര്‍ണയിക്കുക. അതിന്റെ അടിഭാഗത്തുനിന്ന് ഒരടി പൊക്കത്തില്‍ വലിച്ചുകെട്ടിയ കയറിലാണ് പാവകള്‍ നിലകൊള്ളുന്നത്. മരത്തിന്റെ മുള്ളുകള്‍ ഉപയോഗിച്ച് പാവകളെ നിശ്ചിത സ്ഥാനങ്ങളില്‍ തറച്ചുവയ്ക്കുന്നു. തിരശ്ശീലയില്‍ നിഴലുകള്‍ വീഴ്ത്താനായി എണ്ണവിളക്കുകളും മറ്റുമാണ് പരമ്പരാഗതമായി ഉപയോഗിക്കുന്നത്. ആധുനികവത്കരണത്തിന്റെ ഭാഗമായി പെട്രോമാക്സ് വിളക്കുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. നിഴലുകള്‍ക്ക് ശരിയായ നിറം പകരാന്‍ കഴിയുന്നത് പരമ്പരാഗത മാര്‍ഗത്തിനാണ്. തിരശ്ശീലയ്ക്കു താങ്ങ് നല്കുന്ന മുളയില്‍ പാവകളിക്കാരുടെ തലയ്ക്കു മുകളിലായി പെട്രോമാക്സ് തൂക്കിയിടുന്നു. പ്രധാന കളിക്കാരന്‍ പാവകളെ തിരശ്ശീലയോടു ചേര്‍ത്തുപിടിച്ച് ചരടുകള്‍ അനക്കുന്നു. അപ്പോള്‍ തിരശ്ശീലയില്‍ പതിയുന്ന നിഴല്‍ കാണികള്‍ക്ക് കാണുവാനാകുന്നു. പാവകള്‍ തമ്മിലുള്ള യുദ്ധത്തിലും മറ്റും ഓരോ പാവയെ ഓരോരുത്തരാണ് കൈകാര്യം ചെയ്യുന്നത്. വിസ്താരമേറിയ തിരശ്ശീലയിലൂടെ നീങ്ങുന്ന പാവകളെ ഒരു കൈയില്‍ നിന്നു മറ്റൊരു കൈയിലേക്കു മാറ്റിയാണ് ചലിപ്പിക്കുന്നത്. പാവകളുടെ നൃത്തത്തിന് മാറ്റുകൂട്ടാനായി പാവകളിക്കാരന്‍ കൈമുട്ടില്‍ മണികള്‍ കെട്ടിത്തൂക്കി കിലുക്കുന്നു.

സാധാരണയായി ഒരു പാവനാടകത്തില്‍ ആറു മുതല്‍ പത്തുവരെ കളിക്കാര്‍ പങ്കെടുക്കുന്നു. പലപ്പോഴും പാട്ടുകള്‍ മാത്രമേ എഴുതി തയ്യാറാക്കാറുള്ളൂ. സംഭാഷണത്തില്‍ പ്രേക്ഷകരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ വരുത്താറുണ്ട്. മൃദംഗവും ഡ്രമ്മുമാണ് മുഖ്യ വാദ്യോപകരണങ്ങള്‍. നാടോടി ഗാനങ്ങള്‍ക്കു പ്രാമുഖ്യം ലഭിച്ചിരുന്ന പാവനാടകങ്ങളില്‍ അടുത്തകാലത്ത് സിനിമാസംഗീതവും കടന്നുവരുന്നുണ്ട്. പാവനാടകത്തിന്റെ ദേവനായി ആരാധിക്കപ്പെടുന്നത് പരമശിവനാണ്. നോ: തോല്‍പ്പാവക്കൂത്ത്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍