This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊണ്ടൈമണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊണ്ടൈമണ്ഡലം

സംഘകാലത്ത് തമിഴകത്തിന്റെ ഭാഗമായിരുന്ന ഒരു പ്രദേശം. പില്ക്കാലത്ത് പല്ലവ രാജ്യമെന്ന നിലയില്‍ തൊണ്ടൈമണ്ഡലം പ്രസിദ്ധമായി. ഇന്നത്തെ വെല്ലൂര്‍, കാഞ്ചീപുരം, ചെന്നൈ, തിരുവണ്ണാമല എന്നീ ജില്ലകള്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. കാഞ്ചീപുരമായിരുന്നു തൊണ്ടൈമണ്ഡലത്തിന്റെ തലസ്ഥാനം.

ക്രിസ്ത്വബ്ദാരംഭത്തിനു മുമ്പ് തൊണ്ടൈമണ്ഡലം അശോകന്റെ മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. മൗര്യര്‍ക്കുശേഷം ഇവിടം ശതവാഹനരുടെ അധീനതയിലായി. ക്രിസ്ത്വബ്ദത്തിന്റെ ആദ്യ ശതകങ്ങളില്‍ തൊണ്ടൈമണ്ഡലം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ബുദ്ധകേന്ദ്രമായി അറിയപ്പെട്ടു. ശതവാഹനരുടെ ഭരണം ദുര്‍ബലമായതോടെ തൊണ്ടൈമണ്ഡലം ചോളരുടെ നിയന്ത്രണത്തിലായി. ചോളരാജാവായ കരികാലനായിരുന്നു ചോളരുടെ ആധിപത്യം ഇവിടെ സ്ഥാപിച്ചത് (എ.ഡി. 3-ാം ശ.). ചോളരാജാക്കന്മാരായ കളര്‍കിള്ളിയും ഇളം കിള്ളിയും കാഞ്ചിയില്‍ ബുദ്ധചൈതന്യങ്ങള്‍ പണിയിച്ചതായി മണിമേഖലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കരികാലന്റെ മരണശേഷം ചോളന്മാരുടെ ശക്തി ക്ഷയിക്കുകയും പല്ലവര്‍ ക്രമേണ തൊണ്ടൈമണ്ഡലത്തിലെ അധീശശക്തിയായി മാറുകയും ചെയ്തു(എ.ഡി. 5-ാം ശ.). തൊണ്ടൈമണ്ഡലം എ.ഡി. 9-ാം ശ. വരെ പല്ലവരുടെ അധീനതയിലായിരുന്നു. പല്ലവരുടെ സാമന്തനായിരുന്ന ആദിത്യചോളന്‍ പല്ലവരാജാവായ അപരാജിതനെ പരാജയപ്പെടുത്തിയതോടെ തൊണ്ടൈമണ്ഡലത്തിലെ പല്ലവ ഭരണം അവസാനിക്കുകയും പല്ലവരാജ്യം (തൊണ്ടൈമണ്ഡലം) ചോളസാമ്രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍