This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊട്ടാവാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊട്ടാവാടി

Sensitive plant

മൈമോസേസീ (Mimosaeceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാസ്ത്രനാമം: മൈമോസ പ്യൂഡിക്ക (Mimosa pudica). സംസ്കൃതത്തില്‍ ലജ്ജാലു, സമംഗ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ചെടിക്ക് തൊട്ടാല്‍വാടി, തീണ്ടാര്‍മണി എന്നീ പേരുകളും ഉണ്ട്. തൊട്ടാവാടിസസ്യത്തില്‍ നേരിയ സ്പര്‍ശനമേറ്റാലുടന്‍ പത്രകങ്ങള്‍ മടങ്ങി കുറേസമയം വാടിത്തളര്‍ന്നിരിക്കും. അധികം താമസിയാതെതന്നെ ഇവ പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും. ഈ പ്രത്യേകതയാണ് തൊട്ടാവാടി എന്ന മലയാള നാമത്തിനും ലജ്ജാലു എന്ന സംസ്കൃത നാമത്തിനും കാരണം.

ഇന്ത്യയില്‍ എല്ലായിടങ്ങളിലും ഒരു കളസസ്യമായാണ് തൊട്ടാവാടി വളരുന്നത്. ചിരസ്ഥായിയായ ഈ ഔഷധി ധാരാളം ശാഖോപശാഖകളോടെ പടര്‍ന്നു വളരുന്നു. തണ്ടിന് കനം വളരെ കുറവാണ്. തൊട്ടാവാടിയുടെ വേരില്‍ നൈട്രജന്‍ യൌഗീകരണ ബാക്ടീരിയങ്ങളുള്ള മൂലാര്‍ബുദങ്ങളുണ്ട്. കാണ്ഡത്തില്‍ താഴേക്ക് വളഞ്ഞു വളരുന്ന മുള്ളുകള്‍ കാണാം. ഇലകള്‍ സംയുക്തമായിരിക്കും. തണ്ടിനും ഇലയ്ക്കും പച്ച കലര്‍ന്ന തവിട്ടുനിറമാണ്. 2.5-4 സെ.മീ. നീളമുള്ള പത്രവൃന്തത്തില്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്ന വളരെ ചെറിയ 10-20 ജോഡി പത്രകങ്ങള്‍ ഉണ്ട്.

തൊട്ടാവാടി

തൊട്ടാവാടിയുടെ ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് ഹെഡ്പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പൂഞെട്ടിലും മുള്ളുകള്‍ ഉണ്ടായിരിക്കും. ഓരോ പുഷ്പത്തിനും വളരെ ചെറിയ സഹപത്രകമുണ്ട്. ഇളം ചുവപ്പു പുഷ്പത്തിന് നാലുവീതം ബാഹ്യദളങ്ങളും ദളങ്ങളുമുണ്ട്. ബാഹ്യദളങ്ങള്‍ വളരെ ചെറുതാണ്. ദളങ്ങള്‍ക്ക് 2-2.5 മി.മീ. നീളമേ ഉള്ളൂ. ഇളം ചുവപ്പുനിറത്തിലുള്ള എട്ട് കേസരങ്ങള്‍ ഉണ്ടായിരിക്കും. ഒറ്റ അറ മാത്രമുള്ള അണ്ഡാശയത്തില്‍ അനേകം ബീജാണ്ഡങ്ങളുണ്ട്. കായ്കള്‍ 0.5-2.5 സെന്റിമീറ്ററോളം നീളവും മൂന്ന് മി.മീ. വീതിയുമുള്ള പരന്ന ലോമെന്റം (lomentam) ആണ്. ലോമാവൃതമായ കായ്കളില്‍ 3-5 വിത്തുകളുണ്ട്.

തൊട്ടാവാടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ വേരില്‍ 10% ടാനിന്‍ അടങ്ങിയിട്ടുണ്ട്. അര്‍ശസ്, മൂലക്കുരു, വാതം, പിത്തം, വയറിളക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക് തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു. മുറിവുണങ്ങാന്‍ തൊട്ടാവാടി ഇല ഇടിച്ചുപിഴിഞ്ഞ ചാറ് ലേപനം ചെയ്യാറുണ്ട്. സമൂലം ഇടിച്ചിട്ട് വെള്ളം തിളിപ്പിച്ചു കുടിക്കുന്നത് പ്രമേഹത്തിനും വാതത്തിനും ശമനം ഉണ്ടാക്കും. ആസ്ത്മയ്ക്കും അലര്‍ജിമൂലം ഉണ്ടാകുന്ന ചൊറിച്ചിലിനും ഇതിന്റെ ചാറ് ലേപനം ചെയ്യുന്നത് ആശ്വാസമുണ്ടാക്കും. തൊട്ടാവാടിച്ചാറ് എണ്ണകാച്ചി തേയ്ക്കുന്നത് ചര്‍മരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നു.

ഭാവപ്രകാശത്തില്‍ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:

'ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്

രക്തപിത്തമതിസാരം യോനിരോഗാല്‍ വിനാശയേതു.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍