This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊടുപുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊടുപുഴ

ഇടുക്കി ജില്ലയിലെ നഗരസഭയും ഒരു താലൂക്കും. 1978 സെപ്. 1-ന് നിലവില്‍വന്ന തൊടുപുഴ നഗരസഭയുടെ വ. കുമാരമംഗലം, കോടിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും കി. കരിമണ്ണൂര്‍, ഇടവെട്ടി ഗ്രാമപഞ്ചായത്തുകളും തെ.കരിങ്കുന്നം പഞ്ചായത്തും പ. പുറപ്പുഴ, മണക്കാട്, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തുകളും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നു. വിസ്തൃതി: 35.43 ച.കി.മീ.; വാര്‍ഡുകളുടെ എണ്ണം: 28; ആസ്ഥാനം: തൊടുപുഴ.

തൊടുപുഴ പട്ടണം

'പുഴ തൊട്ടൊഴുകുന്ന പ്രദേശം' എന്നതില്‍ നിന്നാകാം തൊടുപുഴ എന്ന സ്ഥലനാമം നിഷ്പന്നമായിട്ടുള്ളതെന്നു കരുതപ്പെടുന്നു. തൊടുപുഴയാറിന്റെ ഇരുവശങ്ങളിലുമായി വ്യാപിച്ചിരിക്കുന്ന തൊടുപുഴപട്ടണത്തിന് ശ്രദ്ധേയമായ ചരിത്രമാണുള്ളത്. പ്രാചീന കേരളത്തിലെ ഒരു പ്രധാന ബുദ്ധമത കേന്ദ്രമായിരുന്നു ഈ പ്രദേശം എന്നു തെളിയിക്കുന്ന നിരവധി ചരിത്രാവശിഷ്ടങ്ങള്‍ തൊടുപുഴയിലെ കാരിക്കോട്ട് കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴയുടെ ലിഖിത ചരിത്രം ആരംഭിക്കുന്നത് കൊ.വ. 1-ാം ശ. മുതലാണ്. കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കീഴ്മലൈനാടിന്റെ ആസ്ഥാനം കാരിക്കോടായിരുന്നു. എ.ഡി. 1600 വരെ ഈ നാട്ടുരാജ്യം നിലനിന്നിരുന്നു. 1600-ല്‍ വടക്കുംകൂര്‍ നാട്ടുരാജ്യം കീഴ്മലൈനാടിനെ ആക്രമിച്ചു കീഴടക്കി. കീഴ്മലൈനാട്ടുരാജ്യത്തിന്റെ കാലഘട്ടത്തില്‍ നിര്‍മിച്ച ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാരിക്കോട്ട് കാണാം. ദ്രാവിഡ ശില്പകലയുടെ സ്വാധീനം പ്രതിഫലിപ്പിക്കുന്ന അണ്ണാമല ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തൊടുപുഴയിലെ മറ്റൊരു ആകര്‍ഷണകേന്ദ്രമാണ്. നിരവധി ക്രിസ്ത്യന്‍, മുസ്ലിം ദേവലായങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കോലാനിക്കടുത്തുള്ള അമരങ്കാവ് നൈസര്‍ഗികവനവും ഒളമറ്റത്തെ മലയാളപ്പഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ ശ്രീസുബ്രഹ്മണ്യക്ഷേത്രവും തദ്ദേശീയരായ ഹിന്ദുക്കളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്. മലങ്കര ഡാം, തൊമ്മന്‍കുത്ത്, കീഴാര്‍കുത്ത്, ഇലവീഴാപൂഞ്ചിറ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തൊടുപുഴയ്ക്കടുത്ത് സ്ഥിതിചെയ്യുന്നു.

പട്ടണമധ്യത്തിലൂടെ ഒഴുകുന്ന പുഴ

ഇടുക്കി ജില്ലയിലെ ഏക നഗരസഭയായ തൊടുപുഴയെ ഭൂപ്രകൃതിയനുസരിച്ച് നാല് പ്രധാന മേഖലകളായി വിഭജിക്കാം: (1) ഉയര്‍ന്ന പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം (2) കുന്നിന്‍പുറങ്ങള്‍ (3) മലഞ്ചരിവുകള്‍ (4) സമതലപ്രദേശം. 6.5 കി.മീ. ദൂരം ഒഴുകുന്ന തൊടുപുഴയാറും ചെറുതോടുകളുമാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സുകള്‍. വര്‍ഷത്തില്‍ ശരാശരി 3,248 മി.മീ. മഴ ലഭിക്കുന്ന തൊടുപുഴ കാര്‍ഷികോത്പാദനത്തില്‍ ഏറെ മുന്നിലാണ്.

ഇടുക്കി ജില്ലയിലെ ഒരു പ്രധാന പട്ടണം കൂടിയാണ് തൊടുപുഴ. എറണാകുളം, കോട്ടയം ജില്ലകളില്‍നിന്ന് ഇടുക്കി ജില്ലയിലേക്കുള്ള പ്രധാന കവാടമായി വര്‍ത്തിക്കുന്ന തൊടുപുഴയുടെ മധ്യഭാഗത്തുകൂടി തൊടുപുഴയാറ് പ്രവഹിക്കുന്നു. പട്ടണപ്രദേശം ഉള്‍പ്പെടെ നഗരസഭയുടെ ഭൂരിഭാഗവും ചരിഞ്ഞ ഭൂപ്രദേശമാണ്. കൃഷിയും വ്യാപാരവും തദ്ദേശീയരുടെ മുഖ്യ തൊഴില്‍മേഖലയില്‍പ്പെടുന്നു.

ഒരു കാര്‍ഷിക മേഖലയാണ് തൊടുപുഴ. തോട്ടവിളയായ റബ്ബറിനാണ് കൃഷിയില്‍ പ്രഥമ സ്ഥാനം. റബ്ബറിനു പുറമേ തെങ്ങും മിശ്രിത വിളയായി കുരുമുളക്, കൊക്കോ, കമുക്, ജാതി, കശുമാവ് തുടങ്ങിയവയും ചിലയിടങ്ങളില്‍ തേക്ക്, മാഞ്ചിയം എന്നിവയും കൃഷിചെയ്യുന്നുണ്ട്. മൂവാറ്റുപുഴ ജലസേചനപദ്ധതിയുടെ ഇടതും വലതും കനാലുകള്‍ നഗരസഭയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം മുനിസിപ്പാലിറ്റിക്ക് ലഭ്യമല്ല. അരിക്കുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷിത്തോട്ടത്തിലെ നഴ്സറിയും സ്വകാര്യ നഴ്സറികളുമാണ് തൊടുപുഴയ്ക്കാവശ്യമായ തൈകളും വിത്തുകളും ഉത്പാദിപ്പിക്കുന്നത്. നഗരസഭയുടെ മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളും ഏറെ സജീവമാണ്. വ്യാവസായിക രംഗത്ത് ചെറുകിട വ്യവസായങ്ങള്‍ക്കാണ് പ്രാമുഖ്യം.

1964-ല്‍ സ്ഥാപിതമായ ന്യൂമാന്‍ കോളജ്, എന്‍ജിനീയറിങ് കോളജ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവ തൊടുപുഴയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. നിരവധി സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭാകാര്യാലയം, സര്‍ക്കാര്‍ താലൂക്കാശുപത്രി (കാരിക്കോട്), സര്‍ക്കാര്‍ ആയുര്‍വേദാശുപത്രി, സഹകരണസംഘങ്ങള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന പൊതുസ്ഥാപനങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍