This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊടിക്കളം ശിവക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊടിക്കളം ശിവക്ഷേത്രം

കേരളത്തിലെ ഒരു ശിവക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ കണ്ണവം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂത്തുപറമ്പില്‍നിന്ന് ഇടുമ്പറയിലേക്കുള്ള മാര്‍ഗമധ്യേയാണ് ഇതിന്റെ സ്ഥാനം. ഇവിടത്തെ പ്രധാനമൂര്‍ത്തി മൃത്യുഞ്ജയനായ ശിവനാണ്. കിഴക്കോട്ടാണ് ദര്‍ശനം. ഉപദേവതമാര്‍ ഗണപതിയും അയ്യപ്പനും. ക്ഷേത്രത്തിനു പുറത്തും ഒരു അയ്യപ്പ പ്രതിഷ്ഠയുണ്ട്. ഇവിടത്തെ ശ്രീകോവില്‍ ചതുരാകൃതിയുള്ളതും രണ്ട് നിലകളോടുകൂടിയതുമാണ്. മൂന്ന് പൂജ നടത്തിവരുന്നു. വൃശ്ചികമാസത്തിലെ അഷ്ടമി ഇവിടെ ആഘോഷിക്കാറുണ്ട്.

ഇത് കോട്ടയം രാജാക്കന്മാരുടെ ക്ഷേത്രമായിരുന്നു. കോട്ടയം രാജവംശ സ്ഥാപകനായ ഹരിശ്ചന്ദ്ര പെരുമാളാണ് മൂലക്ഷേത്രം സ്ഥാപിച്ചതെന്ന് ഐതിഹ്യമുണ്ട്. മറ്റൊരു ഐതിഹ്യമനുസരിച്ച് ഇത് മൂഷികവംശകാലത്തെ ക്ഷേത്രമാണ്. തുളുനാടുമായുള്ള യുദ്ധത്തില്‍ സഹായിച്ചതിന് കോലത്തിരി കോട്ടയം രാജവംശത്തിന് വിട്ടുകൊടുത്തതാണെന്നാണ് മറ്റൊരു കഥ. ക്ഷേത്രക്കുളത്തില്‍ നീലത്താമര വിരിഞ്ഞിരുന്നു എന്ന് ഒരു വിശ്വാസം നിലവിലുണ്ട്. മകന് പാമ്പുകടി ഏല്ക്കുന്നത് ഒഴിവാക്കാന്‍ ഇവിടെ കൊണ്ടുവന്ന് ഭജനമിരുത്തിയ തമിഴ്നാട്ടിലെ മായാപുരത്തില്‍പ്പെട്ട ഒരു ബ്രാഹ്മണന്‍ മകന്‍ രക്ഷപ്പെട്ടപ്പോള്‍ ക്ഷേത്രം പുതുക്കിപ്പണിത് മാലൂര്‍പ്പടിവരെയുള്ള സ്വത്തുക്കള്‍ കാണിക്കയായി അര്‍പ്പിച്ചു എന്ന കഥയും പ്രചാരത്തിലുണ്ട്. ഈ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ കാണുന്ന അപൂര്‍വമായ ചുവര്‍ചിത്രങ്ങള്‍ അക്കാലത്ത് വരപ്പിച്ചതാണ് എന്നും കരുതപ്പെടുന്നു.

പഴശ്ശിരാജാവിനെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ബ്രിട്ടിഷ് സൈന്യം ഈ ക്ഷേത്രം നശിപ്പിച്ചു എന്നും ശ്രീകോവില്‍ മാത്രം അവശേഷിച്ചു എന്നും വിശ്വസിച്ചുപോരുന്നു. പഴശ്ശിരാജാവിന്റെ യുദ്ധതന്ത്രങ്ങള്‍ ഈ ക്ഷേത്രത്തിലും പരിസരപ്രദേശത്തുമായിട്ടാണ് രൂപംകൊണ്ടതെന്നും ഇതിനടുത്തുള്ള ഒരു കിണറ്റിലിരുന്നാണ് പഴശ്ശിരാജാവിന്റെ വിശ്വസ്തനായിരുന്ന മന്ത്രി കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍ ഒളിവില്‍ യുദ്ധം നിയന്ത്രിച്ചിരുന്നതെന്നും ഒറ്റുകാരുടെ അറിയിപ്പ് ലഭിച്ചപ്പോള്‍ പിടിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തുവെന്നും ചരിത്രസൂചനകളുണ്ട്.

(പ്രൊഫ. കെ.എസ്. നാരായണപിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍