This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈത്തിരീയസംഹിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൈത്തിരീയസംഹിത

കൃഷ്ണ യജുര്‍വേദത്തിലുള്‍പ്പെട്ട വേദസംഹിത. ആപസ്തംബ സംഹിത, ഹിരണ്യകേശിസംഹിത എന്നീ രണ്ടു പാഠങ്ങള്‍ ഈ സംഹിതയ്ക്ക് ഉപലബ്ധമാണ്. 'സംഹിത' എന്നാല്‍ 'സമാഹാരം' എന്നാണ് പദാര്‍ഥം. ദേവസ്തുതികള്‍, യാഗവിധികളില്‍ ജപിക്കുന്ന മന്ത്രഗീതങ്ങള്‍, പ്രാര്‍ഥനാശ്ളോകങ്ങള്‍ എന്നിവയുടെ സമാഹാരമാണ് വേദസംഹിതകള്‍. ഓരോ വേദത്തിനും പ്രത്യേകം സംഹിതകള്‍ ഉണ്ട്. അര്‍ച്ചനാമന്ത്രങ്ങളോടൊപ്പമുള്ള യാഗവിധികളുടെ പ്രയോഗക്രമങ്ങളും തൈത്തിരീയസംഹിതയില്‍ സൂചിതമായിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സംഹിതകള്‍ ഉള്ളത് യജുര്‍വേദത്തിനാണ്. 101 സംഹിതകളാണ് യജുര്‍വേദത്തിന്റേതായി കണക്കാക്കപ്പെടുന്നത്. അവയില്‍ അഞ്ച് ശാഖകളില്‍പ്പെട്ട സംഹിതകളാണ് ലഭ്യമായിട്ടുള്ളത്. അക്കൂട്ടത്തിലൊന്നാണ് തൈത്തിരീയസംഹിത. മറ്റുള്ളവ കാഠകസംഹിത, കപിഷ്ഠലസംഹിത, മൈത്രായണീസംഹിത, വാജസനേയീസംഹിത എന്നിവയാണ്. യജുര്‍വേദസംഹിതകള്‍ രൂപപ്പെടുത്തിയിട്ടുള്ളത് യാജ്ഞവല്ക്യന്‍, വൈശമ്പായനന്‍, ആപസ്തംബന്‍ തുടങ്ങിയവരാണ്.

തൈത്തിരീയം എന്ന പേരില്‍ ഉപനിഷത്ത്, ബ്രാഹ്മണം, ആരണ്യകം എന്നിവയും ഉണ്ട്. തെത്തിരീയം എന്ന പേരു ലഭിക്കാനുള്ള കാരണത്തെക്കുറിച്ചും ഒന്നിലേറെ കഥകള്‍ പ്രസിദ്ധമായുണ്ട്. തിത്തിരിപ്പക്ഷി ഭക്ഷിച്ചശേഷം ഛര്‍ദിച്ചതിനാലാണ് ഈ പേരു ലഭിച്ചതെന്ന പരാമര്‍ശം പുരാണങ്ങളിലുണ്ട്. വൈശമ്പായനന്‍ യാജ്ഞവല്ക്യന് യജുര്‍വേദം ഉപദേശിക്കുകയും ഗുരുവിന്റെ അപ്രീതിക്കു പാത്രമാകേണ്ടിവന്നപ്പോള്‍ അത് ഛര്‍ദിച്ചുകളയേണ്ടിവരികയും ചെയ്തത്രേ. എന്നാല്‍ മറ്റു വൈശമ്പായന ശിഷ്യന്മാര്‍ തിത്തിരിപ്പുള്ളുകളുടെ രൂപത്തില്‍ വന്ന് അവ കൊത്തിത്തിന്നതിനാലാണ് പ്രസ്തുത വേദശാഖയ്ക്ക് തൈത്തിരീയം എന്ന പേരുണ്ടാകാന്‍ കാരണമെന്നാണ് കഥ.

യജുര്‍വേദത്തില്‍ മന്ത്രങ്ങളും ബ്രാഹ്മണങ്ങളും ഇടകലര്‍ന്നാണ് കാണപ്പെടുന്നത്. സംഹിതയുടെ ഭാഗമായും ഈ ബ്രാഹ്മണങ്ങളെ പരിഗണിക്കുന്നു. തൈത്തിരീയസംഹിത മൂന്ന് ഖണ്ഡങ്ങളായി വിഭക്തമായ തൈത്തിരീയബ്രാഹ്മണവുമായി ചേര്‍ന്നു കാണപ്പെടുന്നു. ഇരുപത്തെട്ട് പ്രപാഠങ്ങളായി ഇവയെ വിഭജിച്ചിട്ടുണ്ട്. ഏഴ് ഭാഗങ്ങളിലായി 44 പാഠങ്ങളായും തൈത്തിരീയസംഹിതയ്ക്ക് വിഭാഗം കല്പിച്ചിട്ടുണ്ട്. തൈത്തിരീയബ്രാഹ്മണത്തിന്റെ അവസാനഭാഗം തൈത്തിരീയാരണ്യകമാണ്. അതിലെ അവസാനത്തെ നാല് ഭാഗങ്ങളില്‍ തൈത്തിരീയോപനിഷത്തും മഹാനാരായണോപനിഷത്തും ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍