This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈച്ചുങ് നേറ്റീവ്-1

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൈച്ചുങ് നേറ്റീവ്-1

Taichung Native-1

ഒരിനം നെല്ല്. തായ്വാനില്‍ ഉത്പാദിപ്പിക്കപ്പെട്ട ആദ്യത്തെ ഉയരം കുറഞ്ഞ സങ്കരയിനം നെല്ലാണിത്. 1960-നുശേഷമാണ് നെല്ല് ഉത്പാദനത്തില്‍ വലിയൊരു പരിവര്‍ത്തനത്തിനു തുടക്കം കുറിച്ചുകൊണ്ട് നിരവധി പുതിയ നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുത്തത്. തായ്വാനിലെ നെല്‍വയലുകളില്‍ അപ്രതീക്ഷിതമായി കണ്ടെത്തിയ 'ഡീ ജെ വൂ ജെന്‍' (Dee-geo-woo-gen) എന്ന കുറുകിയ ഇനം നെല്‍ച്ചെടിയാണ് നെല്‍കൃഷിയില്‍ ഹരിതവിപ്ലവം സാധ്യമാക്കിയത്. ഈ നെല്ലിനത്തെ തായ്വാനിലെ തൈച്ചുങ് ജില്ലാ കൃഷിഗവേഷണകേന്ദ്രത്തില്‍വച്ച് 'ടായ് യുവാന്‍ ചുങ്' എന്ന ഉയരം കൂടിയ നെല്ലിനവുമായി സങ്കരണം നടത്തി ഉത്പാദിപ്പിച്ച ആദ്യത്തെ കുറുകിയ ഇന്‍ഡിക്കാ നെല്ലിനമാണിത്.

70-75 സെ.മീ. ഉയരത്തില്‍ വളരുന്ന ഈ ഇനം നെല്ലിന് കടും പച്ച നിറമുള്ള ഇലകളാണുള്ളത്. ധാരാളം ചിനപ്പുകള്‍ ഒരുമിച്ചു പൊട്ടി വളരുന്ന ഈ ഇനത്തിന് കടുത്ത വേനലിനെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. 115 ദിവസംകൊണ്ട് മൂപ്പെത്തും. ഹെക്ടറിന് 4-5 ടണ്‍ വരെ വിളവു ലഭിക്കുന്ന അത്യുത്പാദന ശേഷിയുള്ള ഇനമാണിത്. വിത്തിന് സുപ്താവസ്ഥയില്ല. ഏതു കാലാവസ്ഥയിലും കൃഷിചെയ്യാമെന്നുള്ളതാണ് ഇതിന്റെ സവിശേഷത.

1964-ല്‍ ഈ നെല്ലിനം ഇന്ത്യയില്‍ കൊണ്ടുവന്ന് കൃഷി തുടങ്ങി. പിന്നീട് തൈച്ചുങ് നേറ്റീവ്-1-ന്റെയും 'ഡീ ജെ വൂ ജെന്‍' എന്ന ഇനത്തിന്റെയും കുറുകിയ സ്വഭാവത്തിനാധാരമായ ജീനുകളെ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ നെല്ലു ഗവേഷണ കേന്ദ്രങ്ങളില്‍ നടത്തിയ പ്രജനന പരീക്ഷണ ഗവേഷണങ്ങളിലൂടെ അത്യുത്പാദനശേഷിയുള്ള മുപ്പതോളം പുതിയ നെല്ലിനങ്ങള്‍ ഉത്പാദിപ്പിക്കുകയുണ്ടായി.

(ഡോ. ഡി. വിത്സന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍