This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈക്കാട് അയ്യാസ്വാമി (1813 - 1909)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൈക്കാട് അയ്യാസ്വാമി (1813 - 1909)

കേരളത്തിലെ പ്രസിദ്ധ യോഗാചാര്യനും പണ്ഡിതനും ഗ്രന്ഥകാരനും. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥനായിരുന്നു അയ്യാസ്വാമികള്‍. കാശ്യപഗോത്രജനായ മുത്തുകുമാരന്റെയും ശൈവസമുദായാംഗമായ രുക്മിണി അമ്മാളുടെയും മകനായി 1813-ല്‍ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ചു. തമിഴില്‍ അസാമാന്യ പാടവമുണ്ടായിരുന്ന പിതാവില്‍ നിന്ന് ആ ഭാഷയില്‍ പാണ്ഡിത്യം നേടി. മാതാപിതാക്കള്‍ നല്കിയ പേര് സുബ്ബരായര്‍ എന്നായിരുന്നു. ഉദ്യോഗാര്‍ഥം ദീര്‍ഘകാലം തിരുവനന്തപുരത്ത് തൈക്കാട്ട് താമസമാക്കിയിരുന്നു. അങ്ങനെയാണ് തൈക്കാട് അയ്യാസ്വാമി എന്ന പേരില്‍ ഇദ്ദേഹം പില്ക്കാലത്ത് പ്രസിദ്ധനാകാന്‍ ഇടയായത്.

ചെറുപ്പത്തിലേ ആധ്യാത്മികവിദ്യയില്‍ ആകൃഷ്ടനായ സുബ്ബരായര്‍ 12 -ാം വയസ്സില്‍ മന്ത്രോപദേശം സ്വീകരിച്ചു. 16 വയസ്സായപ്പോള്‍ ശ്രീ സച്ചിദാനന്ദസ്വാമികള്‍, ശ്രീ ചട്ടിപരദേശി എന്നീ സിദ്ധന്മാരുടെ കൂടെ ദേശസഞ്ചാരത്തിന് പുറപ്പെട്ടു. മൂന്നുവര്‍ഷക്കാലം നീണ്ടുനിന്ന സഞ്ചാരത്തിനിടയില്‍ ബര്‍മ, സിംഗപ്പൂര്‍, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇക്കാലത്ത് ശ്രീ സച്ചിദാനന്ദ സ്വാമിയില്‍ നിന്നാണ് യോഗവിദ്യ അഭ്യസിച്ചത്. തമിഴില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം ആംഗലഭാഷയിലും പരിജ്ഞാനം നേടി.

അനന്തശയനം കാണാനായി തിരുവനന്തപുരത്ത് എത്തിയ അയ്യാസ്വാമി ബന്ധുവായ ചിദംബരപിള്ളയുടെ തൈക്കാട്ടുള്ള വസതിയില്‍ താമസമാക്കി. തിരുവനന്തപുരത്തുനിന്ന് പഴനിയില്‍ ഗുരുനാഥനെ കണ്ടെത്താനായി യാത്രയായ അയ്യാവ് ഗുരുനിര്‍ദേശമനുസരിച്ച് ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചു. കമലമ്മാള്‍ ആയിരുന്നു ഭാര്യ. അഞ്ച് സന്താനങ്ങള്‍ ഉണ്ടായി. രണ്ടാമനായ പഴനിവേല്‍ ഒരു അവധൂതനാവുകയും പില്ക്കാലത്ത് പിതാവിന്റെ ആധ്യാത്മിക ചിന്താപാരമ്പര്യം നിലനിര്‍ത്തുകയും ചെയ്തു.

തൈക്കാട് അയ്യാസ്വാമി

അയ്യാസ്വാമി ജീവിതവൃത്തിക്കായി പല തൊഴിലുകളും ചെയ്തിട്ടുണ്ട്. വെള്ളപ്പട്ടാളക്കാര്‍ക്ക് സാധനങ്ങള്‍ നല്കുന്ന സപ്ളയര്‍, മെസ് സെക്രട്ടറിയുടെ തമിഴ് ട്യൂട്ടര്‍, ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടത്തില്‍ റസിഡന്‍സി സൂപ്രണ്ട് (കൊ.വ. 1048-1084) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. അക്കാലംതൊട്ട് തൈക്കാട് അയ്യാ എന്നറിയപ്പെടാനും ആരംഭിച്ചു. റസിഡന്‍സി സൂപ്രണ്ടായിരിക്കെ ഇദ്ദേഹത്തിന്റെ അദ്ഭുതസിദ്ധികളെക്കുറിച്ച് കേള്‍ക്കാനിടയായ ധാരാളംപേര്‍ അയ്യാവിനെ കാണാനും ശിഷ്യത്വം സ്വീകരിക്കാനുമായി വന്നുചേര്‍ന്നു. ചിത്രമെഴുത്ത് രവിവര്‍മകോയിത്തമ്പുരാന്‍, കുഞ്ഞന്‍പിള്ള ചട്ടമ്പി (ചട്ടമ്പിസ്വാമി), നാണുവാശാന്‍ (ശ്രീനാരായണഗുരു) തുടങ്ങിയ പ്രസിദ്ധരും ഇക്കൂട്ടത്തില്‍ പ്പെടുന്നു.

ജ്ഞാനം, യോഗം, ഭക്തി എന്നിവയ്ക്ക് ആധ്യാത്മിക ജീവിതത്തില്‍ അതിപ്രധാനമായ സ്ഥാനം നല്കിയിരുന്ന സ്വാമിയുടെ ശിഷ്യത്വത്തില്‍ പല മഹാന്മാരും ജീവിതലക്ഷ്യം ജ്ഞാനസമ്പാദനമാണെന്നു കണ്ടെത്തുകയും വ്രതം, അനുഷ്ഠാനങ്ങള്‍, ഉപാസന എന്നീ മാര്‍ഗങ്ങളിലൂടെ കൈവല്യസിദ്ധിക്കായി അനവരതം യത്നിക്കുകയും ചെയ്തു. ശിവരാജയോഗമെന്ന വേദാന്ത തത്ത്വം സാധന ചെയ്യേണ്ട വിധത്തെക്കുറിച്ച് ഇദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തന്റെ യോഗസാധനയുടെയും സിദ്ധിമാര്‍ഗങ്ങളുടെയും വിവരണങ്ങള്‍ അടങ്ങുന്ന ഒട്ടേറെ കൃതികള്‍ ഇദ്ദേഹം രചിച്ചു. ബ്രഹ്മോത്തരകാണ്ഡം, പഴനിവൈഭവം, കുമാരകോവില്‍കുറവന്‍, ഉള്ളൂര്‍ അമര്‍ന്തഗുഹന്‍, തിരുപൊരുള്‍ മുരുകന്‍, ഹനുമാന്‍ പാമാ ലൈ, ഉജ്ജയിനി മഹാകാളീപഞ്ചരത്നം, രാമായണം പാട്ട് തുടങ്ങിയവയാണ് അയ്യാവിന്റെ പ്രധാന കൃതികള്‍.

തമിഴ് സിദ്ധന്മാരുടെ ശിവയോഗവും പതഞ്ജലി മഹര്‍ഷിയുടെ രാജയോഗവും രൂപ-അരൂപ ഉപാസനയും ചേര്‍ന്ന ശിവരാജയോഗവിദ്യയില്‍ നിഷ്ണാതനായിരുന്ന ഇദ്ദേഹം ലോകഗുരുക്കന്മാര്‍ക്കും ഗുരുവായി വിരാജിച്ചിരുന്നു. കൊ.വ. 1084 കര്‍ക്കടക മാസം മകം നാളില്‍ (1909) സമാധിസ്ഥനായി. ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമായ തൈക്കാട് കണ്ണേറ്റുമുക്കിനടുത്ത് ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍