This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേള്‍

Scorpion

അരാക്നിഡ (Arachnida) പ്രാണിവര്‍ഗത്തിലെ സ്കോര്‍പിയോനിഡ ഗോത്രത്തില്‍പ്പെടുന്ന വിഷജന്തു. ശാസ്ത്രനാമം: പലമ്മിയുസ് സ്വമ്മെര്‍ഡാമി (Palammaeus swammerdami). ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് തേളുകളെ സാധാരണ കാണപ്പെടുന്നത്. എന്നാല്‍ ന്യൂസിലന്‍ഡിലും വടക്കേഅമേരിക്കയിലെ പറ്റഗോണിയയിലും ചില ദ്വീപുകളിലും തേളുകളെ കാണുന്നില്ല. പകല്‍സമയങ്ങളില്‍ മണലിനകത്തും കുഴികളിലും മരപ്പൊത്തുകളിലും അവശിഷ്ടങ്ങള്‍, ജീര്‍ണിച്ച തടികള്‍, കല്ലുകള്‍ എന്നിവയ്ക്കടിയിലും പാറക്കെട്ടുകള്‍ക്കിടയിലും ഇവ ഒളിഞ്ഞിരിക്കുന്നു.

13 മി.മീ. മുതല്‍ 20 സെ.മീ. വരെ നീളമുള്ള നിരവധി ഇനം തേളുകളുണ്ട്. മൈക്രോബുത്തസ് പസില്ലസിന് (Microbuthus pusillus) 13 മി.മീ. മാത്രം നീളമുള്ളപ്പോള്‍ പാന്‍ഡിനസ് ഇംപെറേറ്റര്‍ (Pandinus imperator) എന്നയിനത്തിന് 20 സെന്റിമീറ്ററോളം നീളമുണ്ട്. 15 സെ.മീ. നീളമുള്ള പലമ്മിയുസ് സ്വമ്മെര്‍ഡാമി ഇനമാണ് ഇന്ത്യയില്‍ കാണപ്പെടുന്നതില്‍ ഏറ്റവും വലുപ്പം കൂടിയ തേള്‍ ഇനം. വിവിധ നിറത്തിലുള്ള തേളുകളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലുള്ളവയ്ക്ക് പൊതുവേ തിളക്കമുള്ള കറുപ്പുനിറമാണ്; ഇവയുടെ പൃഷ്ഠഭാഗ(dorsal)ത്തിന് അധരഭാഗത്തെക്കാള്‍ കറുപ്പ് കൂടുതലായിരിക്കും. മണലില്‍ ജീവിക്കുന്നവയ്ക്ക് ഇളം മഞ്ഞനിറമാണ്.

തേള്‍

തേളുകളുടെ ശരീരം കൈറ്റിന്‍ എന്ന പദാര്‍ഥത്താല്‍ നിര്‍മിതമായ ബാഹ്യാസ്ഥികൂടം (exoskeleton) കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. തേളിന്റെ മെലിഞ്ഞു നീളംകൂടി ദ്വിപാര്‍ശ്വ സമമിതമായി പരന്നിരിക്കുന്ന ശരീരത്തിന് 16 ഖണ്ഡങ്ങളുണ്ട്. തലയും വക്ഷവും കൂടിച്ചേര്‍ന്നതാണ് ശിരോവക്ഷം (cephalothorax or prosoma); ഇതിന് നീളം കുറഞ്ഞ ആറ് ഖണ്ഡങ്ങളുണ്ട്. ഇതിനു പിന്നിലാണ് നീളം കൂടിയ അഞ്ച് ഖണ്ഡങ്ങളുള്ള ഉദരം (abdomen or opisthosoma) സ്ഥിതിചെയ്യുന്നത്. ഉദരത്തിനു പിന്നിലുള്ള അഞ്ച് ഖണ്ഡങ്ങള്‍ (മീസോസോമ) സംയോജിച്ച് വാല്‍ ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. വാലിന്റെ അവസാന ഖണ്ഡത്തിനു പിന്നിലായി ടെല്‍സന്‍ (Telson) എന്നറിയപ്പെടുന്ന മുള്ള് (spine) കാണപ്പെടുന്നു. ഇതിന് ഒരു വീര്‍ത്ത ഭാഗവും (ampulla) അതിനുള്ളിലായി രണ്ട് വിഷസഞ്ചികളുമുണ്ട്. വിഷസഞ്ചികളില്‍നിന്നുമുള്ള സൂക്ഷ്മനാളികള്‍ മുള്ളിന്റെ അറ്റത്തുള്ള ചെറിയ സുഷിരത്തിലൂടെയാണ് പുറത്തേക്കു തുറക്കുന്നത്. തേളുകള്‍ വാല്‍ ഉയര്‍ത്തിപ്പിടിച്ചാണ് സഞ്ചരിക്കുന്നത്.

തേളുകളുടെ അധരഭാഗത്ത് ആറുജോഡി ഉപാംഗങ്ങള്‍ (appendages) കാണാം. ഇവ ശിരോവക്ഷത്തിലെ ആറ് ഖണ്ഡങ്ങളില്‍ നിന്നുള്ളവയാണ്. ശിരോവക്ഷത്തിന്റെ പൃഷ്ഠഭാഗം ഏതാണ്ട് ചതുരാകൃതിയിലുള്ള വലുപ്പം കൂടിയ കാരപേസ് (carapace) അഥവാ സെഫാലോതോറാസിക് ഷീല്‍ഡുകൊണ്ട് ആവരണം ചെയ്തിരിക്കുന്നു. കാരപേസിന്റെ മധ്യഭാഗത്ത് അടുത്തടുത്തായി ഒരു ജോഡി നേത്രങ്ങളും (median eyes) 2-5 ജോഡി ചെറിയ പാര്‍ശ്വനേത്രങ്ങളും (lateral eyes) ഉണ്ടായിരിക്കും. സരളഘടനയാണ് നേത്രങ്ങളുടെ പ്രത്യേകത. കാഴ്ചശേഷിയില്ലാത്ത തേള്‍ ഇനങ്ങളുണ്ട്. കേള്‍വിശക്തിയില്ലാത്തവയും കാഴ്ചശേഷി കുറഞ്ഞവയുമായതിനാല്‍ ഇവയ്ക്ക് ശരീരത്തിന്റെ പിന്‍ഭാഗത്ത് സ്പര്‍ശനേന്ദ്രിയമായി പ്രത്യേക സ്പര്‍ശനാവയവങ്ങള്‍ (pectines) ഉണ്ടായിരിക്കും. തേളിന്റെ ശ്വസനാവയവങ്ങള്‍(നാല് ജോഡി) ബുക്ക്ലങ്സ് (book lungs) അഥവാ പള്‍മണറി അറകള്‍ എന്നറിയപ്പെടുന്നു.

രാത്രികാലങ്ങളിലാണ് തേളുകള്‍ ഇരതേടാനിറങ്ങുന്നത്. ചെറു പ്രാണികളും ചിലന്തികളുമാണ് ഇവയുടെ മുഖ്യ ആഹാരം. ഇവ ഉപാംഗങ്ങളായ പാദസ്പര്‍ശികൊണ്ട് ഇരയെ പിടിച്ചെടുത്ത് വിഷം കുത്തിവച്ചു കൊന്നശേഷം ദംശികള്‍കൊണ്ട് ഭദ്രമായി പിടിച്ച് പാദസ്പര്‍ശികളുടെ സഹായത്തോടെ കീറി ഇരയുടെ കോശദ്രവം ഊറ്റിക്കുടിക്കുന്നു. ശരീരത്തിന്റെ മുന്നറ്റത്തുള്ള വായ് കീഴ്ഭാഗത്തേക്ക് തുറന്നിരിക്കുന്നു.

നീണ്ട കുഴലുകള്‍ പോലെയുള്ള ഒരു ജോഡി വൃഷണങ്ങളാണ് ആണ്‍ തേളിന്റെ പ്രത്യുത്പാദനാവയവങ്ങള്‍. പെണ്‍ തേളിന് ഒരു അണ്ഡാശയം (overy) മാത്രമേയുള്ളൂ. ഇതിനുള്ളിലാണ് അണ്ഡം ഉണ്ടാകുന്നത്. ബീജസങ്കലനശേഷം അണ്ഡം വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ അണ്ഡാശയത്തിന്റെ വശങ്ങളിലുള്ള സഞ്ചികളില്‍ സ്ഥിതിചെയ്യുന്നു. മറ്റ് ആര്‍ത്രോപോഡുകളില്‍നിന്ന് വ്യത്യസ്തമായി പെണ്‍ തേളുകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണു പതിവ് (viviparous). കുഞ്ഞുങ്ങള്‍ക്ക് വെളുത്ത നിറമാണ്. കുഞ്ഞുങ്ങളെ പെണ്‍ തേളുകള്‍ കുറേനാള്‍ ചുമലിലേറ്റി നടക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുന്നതിനുമുമ്പ് കുഞ്ഞുങ്ങള്‍ പലപ്രാവശ്യം പടം പൊഴിക്കാറുണ്ട് (moulting).

ശത്രുക്കളില്‍നിന്ന് രക്ഷനേടാനായി മുള്ള് (sting) പ്രയോജനപ്പെടുന്നു. തേള്‍ കടിക്കുന്ന ഭാഗത്ത് വേദനയും തടിപ്പും നിറം മാറ്റവുമുണ്ടാകും. മരണഹേതുവാകത്തക്ക വിഷമുള്ള തേള്‍ ഇനങ്ങളുമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍