This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേലീസ് (ബി.സി. 7-6 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേലീസ് (ബി.സി. 7-6 ശ.)

Thales

അറിയപ്പെടുന്ന ആദ്യത്തെ ഗ്രീക്ക് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനും. സൈദ്ധാന്തിക ജ്യാമിതിയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. ഗ്രീസിലെ സപ്തജ്ഞാന പ്രഥമനായും തത്ത്വചിന്തയുടെ പിതാവായും കണക്കാക്കപ്പെടുന്നു.

തേലീസ് :ശില്‍പ്പം (ക്യാപിറ്റോലൈന്‍ മ്യൂസിയം,റോം)

തേലീസിന്റെ ജനനം എവിടെയായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. ഏഷ്യാമൈനറിലെ മിലെറ്റസിലെ പൗരനായിരുന്ന ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഗ്രീക്കുകാരായിരുന്നു. ഈജിപ്തിലായിരുന്നു വിദ്യാഭ്യാസം. അവിടെവച്ച് പിരമിഡുകളുടെ ഉയരം ജ്യാമിതീയ ഗണിതസൂത്രങ്ങള്‍ ഉപയോഗിച്ചു കണക്കാക്കാനുള്ള മാര്‍ഗം ഇദ്ദേഹം കണ്ടെത്തുകയുണ്ടായി.

ഇദ്ദേഹത്തിന്റെ ശാസ്ത്രീയവും ദാര്‍ശനികവുമായ വീക്ഷണങ്ങള്‍ പുസ്തകരൂപത്തിലാക്കപ്പെട്ടിട്ടില്ല എന്നൊരഭിപ്രായം നിലനില്ക്കുന്നുണ്ടെങ്കിലും 'നോട്ടിക്കല്‍ അസ്റ്റ്രോണമി', 'ഓണ്‍ ബിഗിനിങ്സ്', 'ഓണ്‍ ദ് സോള്‍സ്റ്റൈസ്', 'ഓണ്‍ ദി ഇക്വിനോക്സ്' എന്നീ പ്രബന്ധങ്ങള്‍ പുരാതനകാലത്തുതന്നെ ഇദ്ദേഹത്തിന്റേതായി കണക്കാക്കപ്പെട്ടിരുന്നു. തേലീസിന്റെ വീക്ഷണങ്ങള്‍ വാച്യരൂപേണ പ്രചരിക്കുകയും ഗ്രീക്ക് പണ്ഡിതന്മാര്‍ പിന്നീട് ഇവ സമാഹരിക്കുകയുമാണുണ്ടായത്.

ഏഷ്യാമൈനറിലെ രാഷ്ട്രീയ വികാസങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്ന തേലീസ് അയോണിയരെ പേര്‍ഷ്യക്കാര്‍ ക്കെതിരായി സംഘടിക്കുവാന്‍ പ്രേരിപ്പിച്ചു. ഇത് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തെ സൂചിപ്പിക്കുന്നു.

വൃത്തത്തെ അതിന്റെ മധ്യരേഖ രണ്ടായി ഛേദിക്കുന്നുവെന്നും സമദ്വിഭുജ ത്രികോണത്തിന്റെ പാദത്തിലുള്ള കോണങ്ങള്‍ സമമാണെന്നും പരസ്പരം ഛേദിക്കുന്ന നേര്‍രേഖകള്‍ വിരുദ്ധവും സമവുമായ കോണങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അര്‍ധവൃത്തത്തിന്റെ കോണം സമകോണമാണെന്നും ഇദ്ദേഹം തെളിയിക്കുകയുണ്ടായി. അയനം മുതല്‍ അയനം വരെയുള്ള സൂര്യന്റെ ഗതി തിട്ടപ്പെടുത്തുവാനും സൗര-ചാന്ദ്ര ചക്രങ്ങളെ ആസ്പദമാക്കി സൂര്യചന്ദ്രന്മാരുടെ ആപേക്ഷിക വലുപ്പം നിര്‍ണയിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ബി.സി. 585 മേയ് 28-ന് നടന്ന പൂര്‍ണ സൂര്യഗ്രഹണം ഏറെക്കുറെ കൃത്യമായി ഇദ്ദേഹം പ്രവചിച്ചു.

തേലീസാണ് ഭൗതിക പ്രപഞ്ചത്തെ മനസ്സിലാക്കുവാന്‍ ശ്രമിച്ച അയോണിയന്‍ തത്ത്വചിന്താസരണിയുടെ സ്ഥാപകന്‍. പ്രപഞ്ചം ജലത്തില്‍നിന്ന് ഉദ്ഭവിച്ച്, അതില്‍ത്തന്നെ നിലനിന്ന്, ജലത്തില്‍ വിലയിക്കുന്നു എന്ന് ഇദ്ദേഹം പ്രസ്താവിച്ചു. എല്ലാ ജീവജാലങ്ങളുടെയും പോഷണം ഈര്‍പ്പമുള്ളതാണ്, ഈര്‍പ്പത്തില്‍നിന്ന് താപം ഉത്പാദിപ്പിക്കപ്പെടുന്നു, ജലത്തില്‍ ജന്തുക്കള്‍ ജീവിക്കുന്നു, വിത്തുകള്‍ക്ക് ഈര്‍പ്പമുള്ള പ്രകൃതിയാണ്, ഈര്‍പ്പമുള്ള എല്ലാ വസ്തുക്കളുടെയും പ്രഥമതത്ത്വം ജലമാണ് എന്നീ വസ്തുതകളാണ് തേലീസിന്റെ വീക്ഷണത്തിന് പ്രചോദനമായത് എന്ന് അരിസ്റ്റോട്ടല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രാകൃതമെങ്കിലും പ്രകൃതിതത്ത്വങ്ങളെ ആസ്പദമാക്കി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുവാനുള്ള പ്രഥമ ശ്രമമായാണ് തേലീസിന്റെ വീക്ഷണങ്ങള്‍ കണക്കാക്കപ്പെടുന്നത്. വൈവിധ്യമാര്‍ന്ന പ്രാകൃതിക പ്രതിഭാസങ്ങളുടെ അടിസ്ഥാനതത്ത്വം കണ്ടെത്തുവാന്‍ ശ്രമിച്ചതിലുടെ ബി.സി. 5-ാം ശ.-ത്തിന്റെ മധ്യകാലം വരെയുള്ള ഗ്രീക്ക് തത്ത്വചിന്തയുടെ ഗതിയും സ്വഭാവവും ഇദ്ദേഹം നിര്‍ണയിക്കുകയുണ്ടായി. മിലേറ്റസില്‍ ഒരു വിശ്വവിദ്യാലയം ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. 78 വയസ്സുവരെ ജീവിച്ചിരുന്നെന്നു കരുതപ്പെടുന്നു. അവസാനകാലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 58-ാമത് ഒളിമ്പിക്സ് നടന്ന കാലത്തായിരിക്കണം (ബി.സി. 548-545) ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതെന്ന് അഭിപ്രായമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍