This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേയില വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേയില വ്യവസായം

ഒരു തോട്ടവിള വ്യവസായം. മുഖ്യമായും സ്വകാര്യ മേഖലയിലാണ് തേയില വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്. തേയിലയുടെ ഉപയോഗത്തിന് അയ്യായിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബി.സി. 2737-ല്‍ ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍നോങ് ആണ് തേയില കണ്ടുപിടിച്ചതെന്ന് ചരിത്ര പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. തിളപ്പിച്ചുകൊണ്ടിരുന്ന വെള്ളത്തില്‍ യാദൃച്ഛികമായി അടുത്തുള്ള ചെടികളില്‍നിന്ന് ഇലകള്‍ പറന്നുവീണപ്പോള്‍ വെള്ളത്തില്‍ തവിട്ടുനിറം പടരുന്നതായി ചക്രവര്‍ത്തിയുടെ ശ്രദ്ധയില്‍പ്പെട്ടു. ജിജ്ഞാസുവായ ചക്രവര്‍ത്തി ഈ വെള്ളം രുചിച്ചുനോക്കി. ഇത് വളരെ ഉന്മേഷദായകമായ ലായനിയായി ചക്രവര്‍ത്തിക്ക് അനുഭവപ്പെട്ടു. അങ്ങനെയാണ് തേയില കണ്ടുപിടിക്കപ്പെട്ടതെന്ന് ചൈനീസ് ചരിത്രരേഖകള്‍ പറയുന്നു. ക്രമേണ തേയിലയുടെ ഉപഭോഗം ചൈനക്കാരുടെ ആഹാരരീതിയുടെ അവിഭാജ്യ ഭാഗമായി മാറുകയുണ്ടായി. എ.ഡി. 800-ല്‍ ചൈനക്കാരനായ ലൂയു, 'ഷാങ് ചിംഗ്' എന്ന പേരില്‍ തേയിലയെക്കുറിച്ച് ഒരു കൃതി രചിച്ചു. തേയിലക്കൃഷി, തേയില നിര്‍മാണം എന്നിവയുടെ വിവിധ വശങ്ങള്‍ ഈ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. സെന്‍ബുദ്ധിസ്റ്റ് പാരമ്പര്യത്തില്‍ ചായസല്‍ക്കാരത്തിനുള്ള അനുഷ്ഠാനപരമായ പ്രാധാന്യം ഈ കൃതിയുടെ രചനയെ സ്വാധീനിച്ചിട്ടുണ്ട്.

ഇടുക്കിയിലെ ഒരു തേയിലത്തോട്ടം

സെന്‍ബുദ്ധിസത്തോടൊപ്പമാണ് ജപ്പാനിലേക്ക് തേയില എത്തിയത്. ജപ്പാനില്‍ തേയിലയുടെ പ്രചരണത്തിന് കാരണക്കാരനായ യെയ്സു എന്ന സെന്‍ബുദ്ധിസ്റ്റ്, 'തേയിലയുടെ പിതാവ്' എന്നറിയപ്പെടുന്നു. ജാപ്പനീസ് ചക്രവര്‍ത്തിമാരുടെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതുകൊണ്ട് വളരെ പെട്ടെന്നുതന്നെ തേയില കര്‍ഷകരുടെ പ്രിയപ്പെട്ട പാനീയമായിത്തീര്‍ന്നു. ജപ്പാന്‍കാരുടെ ചായസല്‍ക്കാരച്ചടങ്ങ് വളരെ പ്രസിദ്ധമാണ്. അതിഥികള്‍ക്ക് ചായ വിളമ്പുന്ന ചടങ്ങിനെ ജപ്പാന്‍കാര്‍ ഒരു കലാരൂപവും അനുഷ്ഠാനവുമാക്കി മാറ്റി. ഇന്ന് ചായസല്‍ക്കാരമെന്നത് ജാപ്പനീസ് സംസ്കാരത്തിന്റെ ഒരു ഉജ്ജ്വല പൈതൃകമായി ലോകമെമ്പാടും പരിഗണിക്കപ്പെടുന്നു.

17-ാം ശ.-ത്തിന്റെ ആരംഭത്തില്‍ യൂറോപ്പിലും അമേരിക്കന്‍ കോളനികളിലും തേയില പ്രചരിച്ചു. അമേരിക്കന്‍ സംസ്കാരത്തിലും ആചാര വിശേഷങ്ങളിലും തേയില വമ്പിച്ച സ്വാധീനമുളവാക്കിയിട്ടുണ്ട്. 'ബോസ്റ്റണ്‍ ടീ പാര്‍ട്ടി' എന്ന പേരിലറിയപ്പെടുന്ന സംഭവം, അമേരിക്കന്‍ ചരിത്രത്തിലെ അതിപ്രധാനമായ ഒരധ്യായമാണ്. തേയിലയ്ക്കുമേല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് നികുതി ഏര്‍ പ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്ന കലാപത്തിലേക്ക് നയിച്ചത്. 1773 ഡി. 16-ന് ബോസ്റ്റണിലെ ജനങ്ങള്‍, ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതിചെയ്ത ആയിരക്കണക്കിന് തേയിലപ്പെട്ടികള്‍ ബോസ്റ്റണ്‍ തുറമുഖത്തേക്കു വലിച്ചെറിഞ്ഞുകൊണ്ടാരംഭിച്ച കലാപമാണ് ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്നറിയപ്പെടുന്നത്.

തേയില വ്യവസായ രംഗത്ത് അമേരിക്കയുടെ പ്രധാന സംഭാവനകളുണ്ടായത് 20-ാം ശ.-ത്തിലാണ്. 1904-ല്‍ ഐസ് ചേര്‍ത്തു തണുപ്പിച്ച തേയിലയും 1908-ല്‍ തേയില സഞ്ചി(റ്റീ ബാഗ്)യും അമേരിക്കന്‍ വ്യവസായികള്‍ വികസിപ്പിച്ചു. തേയില പ്രധാനമായും മൂന്ന് തരമുണ്ട്; 1) കറുത്ത തേയില (ബ്ളാക്ക് റ്റീ), 2) പച്ചത്തേയില (ഗ്രീന്‍ റ്റീ) 3) ഊലങ് (Oolong). അമേരിക്കയിലെ മൊത്തം തേയില ഉപഭോഗത്തിന്റെ 90 ശതമാനവും കറുത്ത തേയിലയാണ്. ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ്, ഡാര്‍ജിലിങ് തേയില, ഓറഞ്ച് പീക്കോക്ക് എന്നിവയാണ് ലോകപ്രസിദ്ധമായ പ്രധാന തേയില ബ്രാന്‍ഡുകള്‍.

യൂറോപ്പിലേക്ക് തേയില എത്തിച്ചത് പോര്‍ച്ചുഗീസുകാരാണ്. പോര്‍ച്ചുഗീസ് ജെസ്യൂട്ട് പുരോഹിതനായ ജാസ്പെര്‍ ദ് ക്രൂസ് 1560-ല്‍ തേയിലയുടെ സവിശേഷതകളെക്കുറിച്ചു നടത്തിയ രചനയെത്തുടര്‍ന്നാണ് യൂറോപ്പില്‍ തേയിലയ്ക്ക് പ്രചാരം ലഭിക്കുന്നത്. ചൈനയുമായി വ്യാപാര ബന്ധത്തില്‍ ഏര്‍ പ്പെട്ട പോര്‍ച്ചുഗീസുകാര്‍ ഫ്രാന്‍സ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് തേയില കയറ്റുമതി ചെയ്തു. തേയിലയുടെ അമിതമായ വില കാരണം അത് രാജകീയ സദസ്സുകളിലും ധനികര്‍ക്കിടയിലും മാത്രമാണ് പ്രചരിച്ചത്. എന്നാല്‍ യൂറോപ്പിലേക്കുള്ള ഇറക്കുമതിയുടെ അളവ് വര്‍ധിച്ചതിന്റെ ഫലമായി തേയിലയുടെ വില ഗണ്യമായി കുറഞ്ഞു. 17-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സാധാരണക്കാര്‍ക്കിടയില്‍ തേയിലയുടെ പ്രചാരം വര്‍ധിച്ചു. തേയിലയുടെ ഉപയോഗത്തില്‍ മുന്നിട്ടുനിന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഫ്രാന്‍സും ഹോളണ്ടുമാണ്. പൗരസ്ത്യനാടുകളില്‍നിന്നുള്ള വസ്തുക്കളോട് യൂറോപ്യന്മാര്‍ക്കുണ്ടായ ഭ്രമവും തേയിലയുടെ ജനപ്രീതിക്കു കാരണമായിട്ടുണ്ട്. തേയില ഉപയോഗിച്ചുള്ള പാനീയങ്ങള്‍ വില്ക്കുന്ന ഹോട്ടലുകള്‍ ആദ്യമായി സ്ഥാപിച്ചത് ഡച്ചുകാരാണ്. ചായ സ്വയം ചൂടാക്കി കഴിക്കാനുള്ള പാത്രങ്ങള്‍ രൂപകല്പന ചെയ്യപ്പെട്ടതും ഈ കാലയളവിലാണ്.

ഏറ്റവും അവസാനം തേയില എത്തിയ യൂറോപ്യന്‍ രാജ്യം ഇംഗ്ലണ്ടാണ്. 17-ാം ശ.-ത്തിന്റെ മധ്യത്തില്‍ ഇംഗ്ലണ്ടിലേക്ക് തേയില ഇറക്കുമതി ചെയ്യപ്പെട്ടു. വളരെ പെട്ടെന്നുതന്നെ അത് ജനപ്രിയമാവുകയും ചെയ്തു. 1600-ല്‍ രൂപവത്കൃതമായ 'ദ് ജോണ്‍ കമ്പനി' എന്ന സ്ഥാപനമാണ് ഇംഗ്ലീഷ് തേയില വ്യാപാരത്തില്‍ കുത്തക സ്ഥാപിച്ചത്. സ്വന്തമായി നിയമനിര്‍മാണം നടത്താനും നിയമലംഘകരെ ശിക്ഷിക്കാനും യുദ്ധംചെയ്യാനുമുള്ള അധികാരങ്ങള്‍ ഈ കമ്പനിക്ക് ലഭിച്ചിരുന്നു. തേയിലയുടെ ഇറക്കുമതി ഈ കമ്പനിയുടെ വ്യാപര കുത്തകയുടെയും സാമ്പത്തിക ശക്തിയുടെയും ലക്ഷണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 1773-ല്‍ ജോണ്‍ കമ്പനി, ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ലയിക്കുകയുണ്ടായി. ഇന്ത്യയും ചൈനയുമായുള്ള വ്യാപാരത്തിന്റെ കുത്തകാവകാശം പുതിയ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു ലഭിച്ചു.

ലോകത്തെ മൊത്തം തേയില ഉത്പാദനത്തിന്റെ 76 % ബ്ളാക്ക് റ്റീയാണ്. പച്ചത്തേയില, ഊലങ് എന്നിവ ഉള്‍ പ്പെടെയുള്ള ഇതര വിഭാഗങ്ങളെല്ലാംകൂടി 24 %-വും. അഞ്ച് ഭൂഖണ്ഡങ്ങളിലായി ഏതാണ്ട് 30 രാജ്യങ്ങളില്‍ തേയില കൃഷിചെയ്യുന്നു. സമീപകാലത്തായി ആഫ്രിക്കയിലും ദക്ഷിണ അമേരിക്കയിലും തേയിലത്തോട്ടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

തേയില ഉത്പാദക രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ലോകത്ത് മൊത്തത്തില്‍ 2.3 മുതല്‍ 2.4 വരെ ദശലക്ഷം ഹെക്ടര്‍ ഭൂമി തേയിലക്കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. ഓരോ രാജ്യത്തെയും ഉത്പാദനക്ഷമത വ്യത്യസ്തമാണ്. ലോകത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന തേയിലയുടെ ഏറിയ ഭാഗവും ആഭ്യന്തര ഉപയോഗത്തിനാണ്. ചൈനയില്‍ മൊത്തം തേയില ഉത്പാദനത്തിന്റെ 66% ആഭ്യന്തരമായി ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ഇത് 77% ആണ്. എന്നാല്‍ ശ്രീലങ്ക മൊത്തം ഉത്പാദനത്തിന്റെ 94%-വും കയറ്റുമതി ചെയ്യുന്നു. കെനിയ, ശ്രീലങ്ക, ചൈന, ഇന്ത്യ, അര്‍ജന്റീന എന്നിവയാണ് പ്രധാനപ്പെട്ട തേയില കയറ്റുമതി രാജ്യങ്ങള്‍.

തേയില വിപണിയും ലേല സമ്പ്രദായവും. തേയിലയുടെ വിപണിയില്‍ മാനകീകൃതമായ ഒരു വ്യാപാരക്കരാര്‍ നിലനില്ക്കുന്നില്ല. കാലാവസ്ഥ, മണ്ണിന്റെ പ്രത്യേകതകള്‍, സീസണ്‍, കൃഷി, നിര്‍മാണരീതി എന്നിവയിലെ ഭിന്നത കാരണം ഓരോ രാജ്യത്തിലെയും തേയില ഗുണത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. തേയില വാങ്ങി ദീര്‍ഘകാലത്തേക്ക് സംഭരിച്ചുവയ്ക്കുക താരതമ്യേന അസാധ്യമാണ്.

കൊളംബോ, കെനിയയിലെ മൊംബാസ, ജക്കാര്‍ത്ത, ചിറ്റഗോങ്, കൊച്ചി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ നടക്കുന്ന ലേലങ്ങളിലൂടെയാണ് തേയിലയുടെ സിംഹഭാഗവും വിപണനം ചെയ്യുന്നത്. 1998 ജൂണില്‍ ലണ്ടനിലെ ലേല കേന്ദ്രം അടച്ചുപൂട്ടി. ഔദ്യോഗിക ലേല കേന്ദ്രങ്ങളുടെ അംഗീകാരമുള്ള സംഭരണ കേന്ദ്രങ്ങളിലേക്ക് ഉത്പാദകര്‍ തേയില എത്തിക്കുകയാണ് വിപണനത്തിന്റെ ആദ്യ ഘട്ടം. ഇത്തരം സംഭരണ കേന്ദ്രങ്ങളില്‍വച്ച് പ്രൊഫഷണല്‍ ബ്രോക്കര്‍മാര്‍ തേയില രുചിച്ചു നോക്കുകയും ഗുണപരിശോധന നടത്തുകയും ചെയ്യുന്നു. ലേലത്തിന് 10 ദിവസം മുമ്പെങ്കിലും അംഗീകൃത കച്ചവടക്കാര്‍ക്ക് തേയിലയുടെ സാമ്പിളുകള്‍ എത്തിക്കേണ്ടതുണ്ട്. ലേല ദിവസം ഏറ്റവും കൂടുതല്‍ തുക വിളിക്കുന്നവര്‍ക്ക് തേയില ഒന്നിച്ചു വില്ക്കുകയാണു ചെയ്യുന്നത്. കച്ചവടമുറപ്പിച്ച് 14 ദിവസത്തിനകം പണം നല്കിയാല്‍ മതി. ലോകത്തെല്ലായിടത്തുമുള്ള ലേല കേന്ദ്രങ്ങളിലും ഒരേ സമ്പ്രദായമാണ് പിന്തുടരുന്നത്.

തേയില വ്യവസായം ഇന്ത്യയില്‍. ഇന്ത്യയില്‍ തേയിലച്ചെടിയുടെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത് രാമായണത്തില്‍ പരാമര്‍ശിക്കുന്ന സഞ്ജീവനിച്ചെടി തേയിലച്ചെടി ആയിരിക്കാമെന്നാണ്. ജപ്പാനിലും ചൈനയിലും പ്രചാരത്തിലുള്ള ചില പുരാവൃത്തങ്ങള്‍ തേയിലയുടെ ഉത്പത്തിയെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. ഈ പുരാവൃത്തങ്ങളനുസരിച്ച് ഇന്ത്യയില്‍നിന്നു കൊണ്ടുവന്ന തേയിലച്ചെടികളാകാം ചൈനയില്‍ കൃഷി ചെയ്തത്. ചായ കുടിക്കുന്ന ശീലം പ്രാചീന, മധ്യകാല ഇന്ത്യയില്‍ പ്രചരിച്ചതിന്റെ കാലഗണന കൃത്യമായി കണക്കാക്കാനാവില്ല. എ.ഡി. 1630-ല്‍ പേര്‍ഷ്യയിലേക്കു സഞ്ചരിച്ച ജര്‍മന്‍ പര്യവേക്ഷകനായ ജോണ്‍ പ്രചിറ്റ് ഫോണ്‍ മണ്‍ഡെലിസ് ലോ (John Prechit Von Mandelislo) ഇന്ത്യക്കാരുടെ ചായകുടിശീലത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. രോഗബാധിതനായ ജോണ്‍ പ്രചിറ്റ് ചികിത്സാര്‍ഥം സൂററ്റിലെത്തിയിരുന്നു. അവിടെനിന്നു ലഭിച്ച ചായയെക്കുറിച്ച് ഇദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് ചായ കുടിക്കുന്നത് ഒരു ശീലമായെന്നും ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 17-ാം ശ.-ത്തിന്റെ ആരംഭത്തോടെ ഇന്ത്യയിലെ ധനികര്‍ക്കിടയില്‍ 'മാങ്' രീതിയനുസരിച്ച് തയ്യാറാക്കുന്ന ചൈനീസ് ചായ കുടിക്കുന്നത് ശീലമായിട്ടുണ്ടെന്ന് പൊതുവേ കരുതപ്പെടുന്നു. ബ്രിട്ടിഷ് കോളനിവാഴ്ചയെത്തുടര്‍ന്നാണ് ചൈനയില്‍നിന്ന് യൂറോപ്പിലേക്കുള്ള തേയില കയറ്റുമതിയുടെ ഒരു ഇടത്താവളമായി ഇന്ത്യ മാറുന്നത്. ചൈനീസ് തേയില കച്ചവടത്തിന്റെ കുത്തകയുണ്ടായിട്ടും ഇന്ത്യയില്‍ തേയിലക്കൃഷി പ്രചരിപ്പിക്കുന്നതില്‍ ആദ്യകാലങ്ങളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി കാര്യമായ താത്പര്യം പ്രകടിപ്പിച്ചില്ല. ബ്രിട്ടനില്‍ ചൈനീസ് തേയില വെള്ളിയുമായിട്ടായിരുന്നു വിനിമയം ചെയ്യപ്പെട്ടത്. ഇത് ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയില്‍ ഗണ്യമായ ചോര്‍ച്ചയുണ്ടാക്കി. മാത്രവുമല്ല, ചൈനീസ് ഭരണാധികാരികളും ബ്രിട്ടിഷ് കച്ചവടക്കാരും തമ്മില്‍ തേയില വ്യാപാരത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ 18-ാം ശ.-ത്തിന്റെ അന്ത്യമായപ്പോഴേക്കും തേയിലക്കൃഷിയുടെ ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്താന്‍ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കി. 1774-ല്‍ ഒരു കപ്പല്‍ നിറയെ തേയിലച്ചെടികള്‍ ഇന്ത്യയിലെത്തിച്ചു. തുടര്‍ന്ന് അസം വനങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിതമായി.

വന്‍തോതിലുള്ള തേയിലക്കൃഷിക്ക് അനുയോജ്യമായ ഭൂപ്രദേശമാണ് അസമിലെ വനപ്രദേശങ്ങള്‍ എന്നു മനസ്സിലാക്കിയ ബ്രിട്ടിഷ് അധികൃതര്‍, വ്യാപകമായി തേയിലത്തോട്ടങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലും തേയിലത്തോട്ടങ്ങള്‍ വ്യാപിച്ചു. ഇന്ത്യയില്‍ തേയിലത്തോട്ടങ്ങള്‍ സജീവമായതിനെത്തുടര്‍ന്ന് ലോകത്തെ ഏറ്റവും ഗുണമേന്മയുള്ള തേയില എന്ന ബഹുമതി ഇന്ത്യന്‍ തേയിലയ്ക്കു ലഭിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തോട്ടവിള തേയിലയാണ്. ലോകത്തിലെ മൊത്തം തേയില ഉത്പാദനത്തിന്റെ 31 ശതമാനവും ഇന്ത്യയില്‍നിന്നുള്ളതാണ്. കഴിഞ്ഞ 150 വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമുള്ള വ്യവസായവും തേയില വ്യവസായമാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഡാര്‍ജിലിങ്, നീലഗിരി തേയിലകള്‍ ലോകപ്രശസ്തങ്ങളാണ്. തേയില വ്യവസായ മേഖലയുടെ മൊത്തം വിറ്റുവരവ് ഏതാണ്ട് 10,000 കോടി രൂപയാണ്. സ്വാതന്ത്രത്തിനുശേഷം തേയില ഉത്പാദനത്തില്‍ 250% വര്‍ധനവുണ്ടായി. തേയില കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണത്തിന് 40% വര്‍ധനവുണ്ടായിട്ടുണ്ട്. തേയില കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന അറ്റ പ്രതിവര്‍ഷ വിദേശ നാണയം 1847 കോടി രൂപയാണ്. അധ്വാനസാന്ദ്രമായ തേയില വ്യവസായ മേഖലയില്‍ ഏതാണ്ട് 11 ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നു. കൂടാതെ 10 ദശലക്ഷം പേരുടെ വരുമാന സ്രോതസ്സായും തേയില വ്യവസായ മേഖല പ്രവര്‍ത്തിക്കുന്നു. ഈ മേഖലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളില്‍ 50% സ്ത്രീകളാണ്.

ഇന്ത്യയിലെ തേയില വിപണി പ്രധാനമായും രണ്ട് രീതികള്‍ പിന്തുടരുന്നു. ലേല സമ്പ്രദായവും സ്വകാര്യ വിപണനവും. കൊല്‍ക്കത്ത, ഗുവാഹത്തി (ഗോഹട്ടി), നീലഗിരി, കൊച്ചി, ഊട്ടി, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളാണ് ഇന്ത്യയിലെ പ്രധാനലേല കേന്ദ്രങ്ങള്‍. കേരളത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലാണ് തേയിലത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍