This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേമ്പാവണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേമ്പാവണി

തമിഴ് ക്രൈസ്തവ കാവ്യം. ക്രിസ്തുമത പ്രവര്‍ത്തകനായ വീരമാമുനിവര്‍ (1680-1746) 1726-ല്‍ രചിച്ചു. ക്രിസ്തുമതത്തെ അധികരിച്ച് ക്ളാസ്സിക് രീതിയില്‍ രചിക്കപ്പെട്ട ഈ കാവ്യത്തില്‍ ക്രിസ്തുദേവന്റെ വളര്‍ത്തച്ഛനായ ജോസഫിന്റെ ചരിത്രം, ക്രിസ്തുദേവന്റെ കുരിശുമരണം, പ്രാചീനകാലത്തെ ആചാരവിശേഷങ്ങള്‍ തുടങ്ങിയവ ലളിതവും ശ്രേഷ്ഠവുമായ രീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

'തേമ്പാവണി' എന്നതിന് വാടാത്ത മലര്‍ എന്നാണ് അര്‍ഥം. മഹാകാവ്യ ലക്ഷണങ്ങള്‍ എല്ലാം ഒത്തിണങ്ങിയ ഈ കൃതിയില്‍ 36 പടലങ്ങളിലായി 3615 വിരുത്തപ്പാക്കളുണ്ട്. 1665-ല്‍ സ്പെയിനില്‍ ജീവിച്ചിരുന്ന വിശുദ്ധ മേരി അഗിര്‍താള്‍ രചിച്ച വിശുദ്ധ മാതാവിന്റെ ജീവചരിത്രമാണ് തേമ്പാവണിക്ക് ആധാരം. ഇതില്‍ മോക്ഷത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളിടത്ത് പ്രയോഗിച്ചിരിക്കുന്ന കല്പനകള്‍ക്ക് ദാന്തെയുടെ കല്പനകളോട് സാദൃശ്യമുണ്ട്. ക്രിസ്തുമതതത്ത്വങ്ങളുടെ ചുരുക്കം എന്നാണ് ഈ കൃതിയെ പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നതെങ്കിലും ജീവകചിന്താമണി, കമ്പരാമായണം, തിരുക്കുറള്‍ എന്നിവയെ കവി പിന്തുടര്‍ന്നിട്ടുള്ളതായി കാണാം. ക്രിസ്തുമത ഗ്രന്ഥമാണെങ്കിലും തമിഴ്നാട്ടില്‍ പ്രചാരത്തിലുള്ള ഹൈന്ദവകഥകളും ഉള്‍ പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഹൈന്ദവ ദര്‍ശനങ്ങളെ ക്രൈസ്തവ ദര്‍ശനങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളും ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതും പ്രത്യേകതയാണ്. വീരമാമുനിവര്‍ എന്ന സന്ന്യാസിയുടെ സന്ന്യാസിത്വവും അവിടവിടെ ഉപമകളായി പ്രത്യക്ഷപ്പെടുന്നുണ്ട്.

തേമ്പാവണിയിലെ പ്രതിപാദ്യം ഒരു വിദേശീയ കഥയാണെങ്കിലും നാട്-നഗര വര്‍ണനകളില്‍ തമിഴ് രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. 'ഉഴുതുണ്ടു വാഴ്വാരേ വാഴ്വാര്‍ മറ്റെല്ലാം-തൊഴുതുണ്ടു പിന്‍ ചെല്‍പവര്‍' എന്ന തിരുവള്ളുവരുടെ ചൊല്ല് 'ഉഴുതുണ്‍പാര്‍ ഉയിര്‍വാഴ്വാര്‍ മറ്റെല്ലാം തൊഴുതുണ്‍പാര്‍ എനില്‍' എന്ന ഒരു പദ്യത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുപോലെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ഈ കൃതിയില്‍ കാണാന്‍ കഴിയും. ഉയര്‍ന്ന ഭാവനയും തന്മയത്വമാര്‍ന്ന ആവിഷ്കരണ രീതിയും ഈ കാവ്യത്തിന്റെ പ്രത്യേകതകളാണ്. എന്നാല്‍ ഗ്രന്ഥകര്‍ത്താവ് വിദേശി ആയതിനാല്‍ വാചകങ്ങള്‍ സ്വാഭാവികതയോടെ പൂര്‍ത്തിയാക്കാന്‍ വിഷമിക്കുന്നതു കാണാം.

തമിഴ് ഇതിഹാസ കാവ്യങ്ങള്‍ വായിച്ചിട്ടുള്ള വീരമാമുനിവര്‍ അതേ രീതിയില്‍ ഒരു ക്രിസ്തുമതഗ്രന്ഥം രചിച്ചു വിജയം വരിച്ചതാണ് തേമ്പാവണി എന്നു പറയാം. 1729-ല്‍ അദ്ദേഹംതന്നെ ഇതിനൊരു വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍