This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേന്‍കിളികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേന്‍കിളികള്‍

Sunbirds

നെക്ടറിനിഡേ (Nectarinidae) പക്ഷികുടുംബത്തില്‍ പ്പെടുന്ന നീണ്ടുവളഞ്ഞ സൂചിക്കൊക്കുള്ള പക്ഷികളുടെ പൊതുനാമം. മിക്കപ്പോഴും പുഷ്പങ്ങളില്‍നിന്ന് തേന്‍ നുകര്‍ന്നുകൊണ്ടിരിക്കുന്നതിനാലാണ് ഇവയെ തേന്‍കിളികള്‍ എന്നു വിളിക്കുന്നത്. നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും സപുഷ്പികള്‍ പടര്‍ന്നു വളരുന്ന വേലിക്കെട്ടുകളിലും പൂന്തോട്ടങ്ങളിലുമാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. പെണ്‍പക്ഷികള്‍ക്ക് മങ്ങിയ നിറമാണ്; ആണ്‍ പക്ഷികള്‍ക്ക് ആകര്‍ഷണീയമായ തിളങ്ങുന്ന നിറവും. വിവിധയിനം തേന്‍കിളികളുണ്ട്. കറുപ്പന്‍ തേന്‍കിളി, വലിയ തേന്‍കിളി, മഞ്ഞത്തേന്‍കിളി, ചെറുതേന്‍കിളി എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്നവ.

കറുപ്പന്‍ തേന്‍കിളി

കറുപ്പന്‍ തേന്‍കിളി (Purple sunbird). നെക്ടറിനിയ ഏഷ്യാറ്റിക്ക (Nectarinia asiatica) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കറുപ്പന്‍ തേന്‍കിളിയുടെ നെറ്റിത്തടം മുതല്‍ വാലറ്റം വരെ മങ്ങിയ കറുപ്പും അടിഭാഗത്തിന് മങ്ങിയ വെളുപ്പുനിറവുമാണ്. താടി മുതല്‍ ഉദരം വരെ എത്തുന്ന ഒരു കറുത്ത പട്ട ഇതിനുണ്ട്. പ്രജനന കാലത്ത് ആണ്‍പക്ഷികളുടെ നിറം തിളങ്ങുന്ന കറുപ്പായി മാറുന്നു. എന്നാല്‍ പെണ്‍പക്ഷികളുടെ പുറംഭാഗത്തിന് എല്ലായ്പ്പോഴും പച്ചകലര്‍ന്ന ഇരുണ്ട തവിട്ടും അടിഭാഗത്തിന് മഞ്ഞനിറവുമായിരിക്കും.

വലിയ തേന്‍കിളി

വലിയ തേന്‍കിളി (Loten's sunbird). ശാ.നാ.: നെക്ടറിനിയ ലോട്ടെനിയ (Nectarinia lotenia). കൊക്കന്‍ തേന്‍കിളി (Long billed sunbird) എന്നും ഇത് അറിയപ്പെടുന്നു. കറുപ്പന്‍ തേന്‍കിളിയോടു സാദൃശ്യമുള്ള ഇവയെ തിരിച്ചറിയാന്‍ പ്രയാസമാണ്. ചുണ്ടിന്റെ നീളത്തിലും ആകൃതിയിലുമാണ് പ്രധാന വ്യത്യാസം. ഉടലിനു ചേരാത്ത കൊക്കാണ് മറ്റൊരു പ്രത്യേകത. ചുണ്ടിനു മധ്യഭാഗത്തുവച്ച് ഒടിഞ്ഞതുപോലെ പെട്ടെന്ന് താഴേക്ക് ഒരു വളവുണ്ടായിരിക്കും. ആണ്‍ പക്ഷിയുടെ ഉദരത്തിന് കരിമ്പിച്ച തവിട്ടുനിറമാണ്. മഴ കൂടുതലുള്ള പ്രദേശങ്ങളിലാണ് വലിയ തേന്‍കിളി കാണപ്പെടുന്നതെങ്കിലും കറുപ്പന്‍ തേന്‍കിളിയുമൊന്നിച്ച് ഇവയെ പലയിടങ്ങളിലും കാണാറുണ്ട്. ചില അവസരങ്ങളില്‍ ആണ്‍പക്ഷികളുടെ ഉദരം മങ്ങിയ വെളുപ്പും പുറംഭാഗം കറുപ്പും ആയി കാണപ്പെടുന്നു. തൊണ്ടയില്‍നിന്ന് അടിവയറുവരെ എത്തുന്ന ഒരു കറുത്തപട്ട ഇവയുടെ സവിശേഷതയാണ്. വലിയ തേന്‍കിളികളില്‍നിന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം സാദൃശ്യമുള്ള ഒരിനം തേന്‍കിളിയുമുണ്ട്. ഇവയുടെ മാറിടത്തില്‍ ചുവപ്പുകലര്‍ന്ന കടുത്ത തവിട്ടു നിറത്തിലുള്ള ഒരു പട്ട കാണാം; ഉദരത്തിന് കരിമ്പിച്ച തവിട്ടു നിറമായിരിക്കും.

മഞ്ഞത്തേന്‍കിളി (Purple rumped sunbird). തുന്നാരന്‍ പക്ഷിയോളം വലുപ്പമുള്ള പക്ഷിയാണ് ഇത്. നെക്ടറിനിയ സൈലോണിക്ക (Nectarinia zeylonica) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മഞ്ഞത്തേന്‍കിളിയെ സാധാരണ എല്ലായിടത്തും കാണാം. ആണ്‍പക്ഷിയുടെ തലയ്ക്കും പിന്‍കഴുത്തിനും തിളക്കമുള്ള പച്ച നിറമാണ്. ചിറകുകളുടെ ചുമലിനോടടുത്ത ഭാഗങ്ങളിലും ഇതേ നിറമായിരിക്കും. പുറത്തിനും ചിറകുകള്‍ക്കും മിക്കവാറും തവിട്ടു ഛായയുള്ള ചുവപ്പു നിറമാണ്. കവിളുകള്‍ക്കും താടിക്കും കഴുത്തിനും തിളങ്ങുന്ന ഊതനിറവും. മാറില്‍ ചെമ്പിച്ച തവിട്ടുനിറമുള്ള ഒരു പട്ട കാണപ്പെടുന്നു. കുറുകിയ കറുത്ത വാലിന്റെ അറ്റത്ത് വിളറിയ തുമ്പുകളുണ്ടായിരിക്കും. മുഖവും കഴുത്തും മാറിടവും നല്ല ചെമ്പിച്ച തവിട്ടുനിറവും മാറിടത്തിനു താഴേക്കും അടിഭാഗത്തിനും മഞ്ഞനിറവും ആയിരിക്കും. പെണ്‍പക്ഷിയുടെ ശരീരത്തിന്റെ മുതുകു ഭാഗമെല്ലാം ചാരംപൂണ്ട തവിട്ടുനിറമാണ്. കണ്ണിന്റെ മുകളിലായി കറുത്ത കണ്‍പട്ടയും അതിനുമീതെ അധികം തെളിയാത്ത വെള്ളപ്പുരികവുമുണ്ടായിരിക്കും. പക്ഷിയുടെ ഉദരഭാഗത്തിന് മഞ്ഞനിറമാണ്. പെണ്‍പക്ഷിക്ക് വാലിനു പിന്നിലായി തിളങ്ങുന്ന അരപ്പട്ട കാണാറില്ല.

ചെറുതേന്‍കിളി

ചെറുതേന്‍കിളി (Small sunbird). ശാസ്ത്രനാമം: നെക്ടറിനിയ മിനിമ (Nectarinia minima). കേരളത്തില്‍ ധാരാളമായി കണ്ടുവരുന്ന ചെറുതേന്‍കിളി തേന്‍കിളികളില്‍വച്ച് ഏറ്റവും വലുപ്പം കുറഞ്ഞവയാണ്. കാഴ്ചയില്‍ ഇവ മഞ്ഞത്തേന്‍കിളിയോടു സാദൃശ്യമുള്ളവയാണ്. ആണ്‍പക്ഷിയുടെ ചിറകുകളുടെ മുകള്‍ പകുതിക്കും പുറത്തിനും ചുവപ്പുനിറമാണ്. പെണ്‍പക്ഷികള്‍ക്ക് വാലിനുമീതെ ചെമ്പിച്ച തവിട്ടു നിറത്തിലുള്ള അരപ്പട്ട കാണാം.

തേന്‍കിളികളുടെ പ്രധാന ആഹാരം പൂന്തേനാണ്. ഇതിന്റെ നീണ്ടു നേരിയ ചുണ്ടും ചുണ്ടിനെക്കാള്‍ നീളം കൂടിയ നാവും വളരെ ആഴത്തില്‍നിന്നു പോലും തേന്‍ നുകര്‍ന്നു കുടിക്കാന്‍ സഹായകമാണ്. ഇവയുടെ നാവിന്റെ അഗ്രം രണ്ടോ മൂന്നോ ആയി പിളര്‍ന്നിരിക്കും. നാവിന്റെ ഇരുവശത്തുമായി രണ്ട് നേരിയ കുഴലുകളുമുണ്ടായിരിക്കും. കാറ്റില്‍ പറന്നുനിന്ന് തേന്‍ വലിച്ചു കുടിക്കാന്‍ ഇവയ്ക്കു കഴിയും. തേനിനു പുറമേ ചെറിയ പാറ്റകളും പുഴുക്കളും എട്ടുകാലികളും ഇവയുടെ ആഹാരമാണ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവാണ് തേന്‍കിളികളുടെ പ്രജനനകാലം. പ്രജനനകാലത്ത് ഇവ പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്.

തേന്‍കിളികളുടെയെല്ലാം കൂടുകള്‍ ഏതാണ്ട് ഒരുപോലെയാണ്. നാരുകളും വേരുകളും മാറാലകൊണ്ടു ബന്ധിച്ച് പുറമേ കരിയിലക്കഷണങ്ങളും എട്ടുകാലികളുടെ മുട്ടസഞ്ചികളും ചിലതരം പുഴുക്കളുടെ കാഷ്ഠവും മറ്റും പിടിപ്പിച്ചാണ് ഇവ കൂടുണ്ടാക്കുന്നത്. കൂടിനുള്ളില്‍ മുട്ടയ്ക്കും കുഞ്ഞുങ്ങള്‍ക്കും കിടക്കാന്‍ പഞ്ഞിയും അപ്പൂപ്പന്‍താടിയുംകൊണ്ട് മെത്തയുമുണ്ടാക്കുന്നു. ചെടിയുടെ ശാഖാഗ്രങ്ങളിലാണ് ഇവ കൂട് തൂക്കിയിടുക. തറയില്‍നിന്ന് 12-15 മീ. വരെ ഉയരത്തിലാണ് കൂടുകളധികവും കാണപ്പെടുന്നത്. കൂടുകെട്ടുന്നതും അടയിരിക്കുന്നതും പെണ്‍ പക്ഷികളാണ്. കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ ആണ്‍പക്ഷികളും സഹായിക്കുന്നു.

സസ്യങ്ങളുടെ പരാഗവിതരണത്തില്‍ തേന്‍കിളികള്‍ പ്രധാന പങ്കു വഹിക്കുന്നു. സസ്യങ്ങളുടെ ശത്രുക്കളായ പലയിനം കൃമികളെയും പുഴുക്കളെയും ഇവ ഭക്ഷിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍