This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേക്ക്

Teak

വെര്‍ബിനേസീ (Verbenaceae) സസ്യകുടുംബത്തില്‍ പ്പെടുന്ന സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷം. ശാസ്ത്രനാമം: ടെക്റ്റോണ ഗ്രാന്‍ഡിസ് (Tectona grandis). 'ടീക്ക് ' എന്ന ആംഗലേയ നാമത്തിലും വ്യവഹാര നാമത്തിലും അറിയപ്പെടുന്ന തേക്ക് വിദേശീയരെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ച പ്രകൃതിവിഭവങ്ങളിലൊന്നാണ്. ഈടും ഉറപ്പും ഉള്ള വിലയേറിയ തടിയാണ് തേക്കിന്റേത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ തേക്കിന്‍തടിയും അതുകൊണ്ടു നിര്‍മിച്ച കൊത്തുപണികളോടുകൂടിയ ഉത്പന്നങ്ങളും മറ്റും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു എന്നതിന് വ്യക്തമായ ചരിത്രരേഖകളുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ, മലയ, ജാവ എന്നിവിടങ്ങളായിരിക്കാം തേക്കിന്റെ ജന്മദേശം എന്നു കരുതപ്പെടുന്നു. തായ്ലന്‍ഡിലും മ്യാന്‍മറിലും വിസ്തൃതമായ തേക്കിന്‍തോട്ടങ്ങളുണ്ട്. ഇന്ത്യയില്‍ കേരളം, തമിഴ് നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ തേക്ക് കൃഷിചെയ്യുന്നുണ്ട്.

തേക്ക് പുഷ്പങ്ങളോടു കൂടിയ ഒരു ശാഖ

കേരളത്തിലെ ഇലകൊഴിയും വനങ്ങളിലെല്ലാം തേക്ക് വളരുന്നു. നിലമ്പൂരിലും കോന്നിയിലും തേക്കിന്റെ വന്‍ തോട്ടങ്ങള്‍ ഉണ്ട്. സമുദ്രനിരപ്പില്‍നിന്ന് സു.1000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ തേക്ക് വളരുമെങ്കിലും 600 മീറ്ററില്‍ താഴെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇത് നന്നായി വളരുന്നത്.

30 മീറ്ററോളം ഉയരത്തില്‍ വളരുന്ന തേക്കിന്റെ ഇളം തണ്ടു കള്‍ക്ക് ചതുഷ്കോണാകൃതിയാണ്. തേക്കിന്റെ ശാഖകളും ഇലകളും പുഷ്പമഞ്ജരിയും ലോമിലമാണ്. വലുപ്പം കൂടിയ ലഘുവായ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അനുപര്‍ണങ്ങളില്ല. പത്രവൃന്തം തടിച്ചിരിക്കും. 30-60 സെന്റിമീറ്ററോളം നീളവും 25-30 സെന്റിമീറ്ററോളം വീതിയുമുള്ള ഇലകളുടെ പത്രഫലകത്തിന് അണ്ഡാകൃതിയാണ്. ജൂണ്‍-ആഗ. മാസങ്ങളിലാണ് തേക്ക് പുഷ്പിക്കുന്നത്. ശാഖാഗ്രങ്ങളില്‍ 80 സെന്റിമീറ്ററോളം നീളത്തില്‍ ഉണ്ടാകുന്ന പാനിക്കിള്‍ പുഷ്പമഞ്ജരിക്ക് സഹപത്രവും സഹപത്രകവുമുണ്ട്. വെളുപ്പു നിറമുള്ള പുഷ്പങ്ങള്‍ സുഗന്ധവാഹികളാണ്. പുഷ്പങ്ങള്‍ക്ക് ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണംവീതം ഉണ്ടായിരിക്കും. ദളപുടത്തിന്റെ അറ്റത്തായി അഞ്ച് കേസരങ്ങളുണ്ട്. 0.25 സെ.മീ. നീളമുള്ള കേസരതന്തുക്കള്‍ക്ക് വെളുപ്പു നിറമാണ്; അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയും. നാല് അറകളുള്ള അണ്ഡാശയത്തിന്റെ ഓരോ അറയിലും ഓരോ ബീജാണ്ഡമുണ്ടായിരിക്കും. വര്‍ത്തിക കേസരതന്തുക്കളെക്കാള്‍ നീളം കൂടിയതാണ്. വര്‍ത്തികാഗ്രം രണ്ടോ നാലോ ആയി പിളര്‍ന്നിരിക്കുന്നു. കായ് നെല്ലിക്കയോളം വലുപ്പമുള്ള ഡ്രൂപ്പ് ആണ്. ലോമാവൃതമായ കായയുടെ ചുവടുഭാഗത്ത് ഉണങ്ങിയ ബാഹ്യദളങ്ങള്‍ പറ്റിപ്പിടിച്ചിരിക്കും. ഒക്ടോബര്‍ മാസമാകുമ്പോഴേക്കും കായ്കള്‍ വിളഞ്ഞു പാകമാകും. കായ്കളുടെ ആന്തര ഫലഭിത്തി ഉറപ്പുള്ളതായതിനാല്‍ വിത്ത് ജീവനക്ഷമത നഷ്ടപ്പെടാതെ ഏറെക്കാലം സൂക്ഷിക്കാന്‍ സാധിക്കും. തേക്കിന്റെ പുനരുത്പാദനം വിത്തുകള്‍ മുഖേനയാണ് നടക്കുന്നത്. തേക്കിന്റെ വിത്തു വിതരണം പ്രധാനമായും ജലത്തിലൂടെയാണ് സംഭവിക്കുന്നത്. നദീതീരങ്ങളില്‍ എത്തിച്ചേരുന്ന വിത്ത് അവിടെത്തന്നെ മുളച്ചു വളരുന്നതിനാല്‍ പല നദികളുടെയും തീരങ്ങളില്‍ വന്‍ തേക്കിന്‍തോട്ടങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ വനങ്ങളിലും മറ്റും വളരുന്ന തേക്കുകള്‍ കാറ്റിലൂടെയും മറ്റുമാണ് പുനരുത്പാദനം നടത്തുന്നത്. കൃത്രിമ പുനരുത്പാദനത്തിലൂടെയും തേക്കിന്റെ വംശവര്‍ധന നടത്താറുണ്ട്. 1842-ല്‍ മലബാര്‍ കലക്ടര്‍ ആയിരുന്ന കണ്ണോളിയുടെ നിര്‍ദേശപ്രകാരം വിത്തുകള്‍ നേരിട്ട് കൃഷിസ്ഥലത്തു പാകിയാണ് നിലമ്പൂരില്‍ ലോകത്തിലെ ആദ്യത്തെ കൃത്രിമ തേക്കിന്‍തോട്ടം ഉണ്ടാക്കിയത്.

തേക്കിന്‍തോട്ടം

തേക്കിന്‍തോട്ടം ഉണ്ടാക്കുന്നതിന് ഒരുവര്‍ഷം മുമ്പുതന്നെ കായ്കള്‍ തവാരണയില്‍ പാകണം. മുളച്ച് ഒരുവര്‍ഷം പ്രായമായ തൈകള്‍ പറിച്ച് 1-1.5 സെ.മീ. നീളത്തില്‍ തണ്ടും 15 സെ.മീ. നീളത്തില്‍ വേരും നിര്‍ത്തി ബാക്കി ഭാഗങ്ങള്‍ മുറിച്ചുമാറ്റി സ്റ്റംപ് (stump) തയ്യാറാക്കുന്നു. കാലവര്‍ഷാരംഭത്തിനു മുമ്പ് നേരത്തേ തന്നെ ഒരുക്കിയ സ്ഥലത്ത് 2-2.5 മീ. ഇടവിട്ട് സ്റ്റംപുകള്‍ നടുന്നു. ആദ്യത്തെ രണ്ടു മൂന്നു വര്‍ഷങ്ങളില്‍ വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം വീതം കളകള്‍ പറിച്ചു മാറ്റണം. സ്റ്റംപ് മുളച്ചതിനുശേഷം തേക്കിന്‍ തോട്ടങ്ങളില്‍ നെല്ല്, മരിച്ചീനി, വാഴ മുതലായവ ഇടവിളയായി കൃഷി ചെയ്യാറുണ്ട്. ഈ കൃഷിരീതി ടോങ്കിയ എന്ന പേരില്‍ അറിയപ്പെടുന്നു.

തേക്കിന്‍ തൈകള്‍ വളരുന്തോറും തോട്ടത്തിലെ വളര്‍ച്ച മുരടിച്ച തൈകള്‍ വെട്ടിമാറ്റി (thinning - ഇടമുറിക്കല്‍) നല്ല തൈകള്‍ക്ക് സമൃദ്ധമായി വളരാനുള്ള അവസരമുണ്ടാക്കുന്നു. 4,8,12,18,28,40 വര്‍ഷം പ്രായമെത്തുമ്പോഴാണ് ഇടമുറിക്കല്‍ നടത്തുന്നത്. ആദ്യത്തെ രണ്ട് ഇടമുറിക്കലില്‍ ഒന്നിടവിട്ടുള്ള വരികളിലെ തൈകള്‍ തീര്‍ത്തും മുറിച്ചു മാറ്റുന്നു. തുടര്‍ന്നുള്ള ഇടമുറിക്കലില്‍ നന്നായി വളരുന്ന മരങ്ങള്‍ക്കുവേണ്ടി അടുത്തുള്ള മരങ്ങള്‍ ഇടമുറിക്കല്‍ തത്ത്വമനുസരിച്ച് വെട്ടി നീക്കുന്നു. ഇടമുറിക്കലില്‍ വെട്ടി മാറ്റുന്ന വലിയ കഴകളാണ് വിളക്കു കാലുകളായും ടെലിഫോണ്‍ കാലുകളായും മറ്റും ഉപയോഗിക്കുന്നത്.

തേക്കിന്റെ ഇല പൊഴിയുന്നത് ജനുവരി-മാര്‍ച്ച് കാലത്താണ്. വളര്‍ച്ചയ്ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമായതിനാല്‍ തുറന്ന പ്രദേശങ്ങളിലാണ് ഇവ നന്നായി വളരുന്നത്. കാട്ടുതീ മൂലം തേക്ക് കത്തിനശിച്ചാലും മരങ്ങളുടെ ചുവടുഭാഗത്തുനിന്ന് വീണ്ടും ആദ്യത്തേക്കാള്‍ നല്ല മുകുളങ്ങള്‍ ഉണ്ടായി വളരും. 60 വര്‍ഷംകൊണ്ട് തേക്ക് 45 മീറ്ററോളം ഉയരത്തില്‍ വളരും. എന്നാല്‍ നൂറുവര്‍ഷങ്ങള്‍ക്കുശേഷം തേക്കിന് കാര്യമായ വളര്‍ച്ച ഉണ്ടാകാറില്ലെന്നു കണക്കാക്കപ്പെടുന്നു.

ഇലകളെ തിന്നു നശിപ്പിക്കുന്ന കീടങ്ങളും വേരു ചീയല്‍ (Root) രോഗവും പിങ്കു രോഗവും തേക്കിനെ ബാധിക്കാറുണ്ടെങ്കിലും ഇവയൊന്നുംതന്നെ വലുതായ നഷ്ടമുണ്ടാക്കാത്തതിനാല്‍ ഇവയുടെ നിയന്ത്രണത്തില്‍ പ്രത്യേകിച്ച് ശ്രദ്ധ ചെലുത്താറില്ല.

ദൃഢദാരുക്കളില്‍ ഏറ്റവും മികച്ചതെന്ന് കണക്കാക്കപ്പെടുന്ന തേക്കുതടിക്ക് കുറച്ചു വെള്ളയുണ്ട്. 'തരുരാജ'നെന്ന് വിശേഷിപ്പി ക്കപ്പെടുന്ന തേക്കിന് കൗടില്യന്‍ സാരദാരു വര്‍ഗത്തില്‍ ഒന്നാം സ്ഥാനം നല്കിയിരിക്കുന്നു. ഈടും ഉറപ്പും ഉള്ള തേക്കിന്‍തടി പണി ചെയ്യാന്‍ എളുപ്പമുള്ളതും നന്നായി വാര്‍ണിഷ് പിടിക്കുന്നതുമാണ്. മൂപ്പെത്തിയ മഞ്ഞകലര്‍ന്ന തവിട്ടുനിറമുള്ള കാതലിന് നല്ല മണമുണ്ടായിരിക്കും. ഇതില്‍ വാര്‍ഷിക വലയങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയും. കാതലില്‍ ടെക്റ്റോക്വിനോണും ട്രൈടെര്‍പിനോയ്ഡ് യൗഗികങ്ങളും ബെറ്റൂലിനിക് അമ്ളവും അടങ്ങിയിട്ടുണ്ട്.

തേക്കിന്‍തടിയില്‍നിന്നു ശേഖരിക്കുന്ന എണ്ണ പാഴ്ത്തടികളില്‍ പുരട്ടിയാല്‍ അവ ഈടുള്ളതാകുമെങ്കിലും ഈ എണ്ണ സംഭരിക്കല്‍ വളരെ ചെലവേറിയതായതിനാല്‍ ഇത് പ്രായോഗികമല്ല. ഇന്ത്യന്‍ തേക്കിന്റെ സാന്ദ്രത ഏകദേശം 700 കി.ഗ്രാം/മീ.3 ആണ്. വളരെ ഈടുള്ള തേക്കിന്‍തടി കളിക്കോപ്പുകള്‍ മുതല്‍ കപ്പലുകള്‍ വരെ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. വീടും വീട്ടുപകരണങ്ങളും നിര്‍മിക്കാനും തേക്കിന്‍തടി വ്യാപകമായി ഉപയോഗിച്ചുവരുന്നു.

തേക്കിന്റെ തളിരിലകളില്‍ അടങ്ങിയിരിക്കുന്ന ചുവന്ന ചായം വസ്ത്രങ്ങളില്‍ നിറം പിടിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഇലകള്‍ക്ക് വലുപ്പം കൂടുതലുള്ളതിനാല്‍ സാധനങ്ങള്‍ പൊതിയാനും ആഹാരപദാര്‍ഥങ്ങള്‍ വിളമ്പിക്കഴിക്കാനും ഉപയോഗിക്കാറുണ്ട്.

തേക്കിന്റെ പുഷ്പങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്കും മൂത്രാശയ രോഗങ്ങള്‍ക്കും ഔഷധമാണ്. തേക്കിന്റെ മരത്തൊലി ഗര്‍ഭചികിത്സയ്ക്ക് മികച്ചതാണ്. മൂലക്കുരുവിന് തേക്കിന്‍കുരുകഷായം ഔഷധമായി നല്കാറുണ്ട്. പുഷ്പങ്ങളില്‍നിന്ന് എടുക്കുന്ന എണ്ണ മുടിയുടെ വളര്‍ച്ചയെ സഹായിക്കും. ചൊറി, ചിരങ്ങ് മുതലായവ പെട്ടെന്ന് ഉണങ്ങാന്‍ ഈ എണ്ണ സഹായകമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍