This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെസലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെസലി

Thessaly

പൂര്‍വ-മധ്യ ഗ്രീസിലെ ഒരു ഭൂപ്രദേശം. ലാറിസ, മഗ്നീഷ്യ, ട്രികാല, കര്‍ദിസ്ത എന്നീ നാല് പ്രവിശ്യകളിലായി വ്യാപിച്ചിരിക്കുന്നു. ഗ്രീസിലെ ധാന്യമേഖലകളിലൊന്നാണ് തെസലി. ബി.സി. 1000-ല്‍ ഈ പ്രദേശം പിടിച്ചെടുത്ത തെസലിയര്‍ എന്ന ഇന്തോ-യൂറോപ്യന്‍ ജനവര്‍ഗത്തില്‍ നിന്നാണ് തെസലി എന്ന പേര് നിഷ്പന്നമായത്. വിസ്തീര്‍ണം: 14,037 ച.കി.മീ.; മുഖ്യ നഗരങ്ങള്‍: വോളോസ്, ലാറിസ.

ചരിത്രപ്രാധാന്യമുള്ള ഒളിമ്പസ്, പെലിയന്‍, ഓസ എന്നീ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന തെസലിയുടെ കിഴക്കനതിര്‍ത്തി ഈ(ഏ)ജിയന്‍ കടലാണ്. ഗ്രീക്ക് പുരാണങ്ങളില്‍ യവന ദേവന്മാരുടെ വാസസ്ഥലമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒളിമ്പസ് പര്‍വതവും (2,911 മീ.) മാസിഡോണിയയ്ക്കും ഗ്രീസിനും മധ്യേ സ്ഥിതിചെയ്യുന്ന ടെംപീ താഴ്വരയും തെസലിയുടെ ഭാഗമാണ്. ടെംപീ താഴ്വാരത്തിലൂടെ ഒഴുകി ഈ(ഏ)ജിയന്‍ കടലില്‍ പതിക്കുന്ന പെനീയെസ് (Peneus) നദി ഫലഭൂയിഷ്ഠമായ തെസലി പ്രദേശത്തിനെ ജലസിക്തമാക്കുന്നു. ധാന്യങ്ങള്‍ക്കൊപ്പം പരുത്തി, കരിമ്പ് തുടങ്ങിയവയും തെസലിയിലെ മുഖ്യ കാര്‍ഷിക വിളകളാണ്.

നവീന ശിലായുഗം മുതല്‍ തെസലിയില്‍ ജനവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇവിടത്തെ ലാറിസ, ക്രാനോണ്‍, ഫെറ എന്നീ പ്രധാന പട്ടണങ്ങളില്‍ നിലനിന്നത് പ്രഭു ജനാധിപത്യമായിരുന്നു (Oligarchy). ബി.സി. 6-ാം ശ.-ത്തില്‍ ക്രാനോണ്‍, ഫെറ എന്നിവിടങ്ങളിലെ പ്രമുഖ പ്രഭുകുടുംബങ്ങള്‍ യോജിച്ച് തെസലിയില്‍ ഒരു ഫെഡറല്‍ ഭരണം നടപ്പാക്കി. എങ്കിലും ഇവരുടെയിടയിലെ അനൈക്യം തെസലിയുടെ അപചയത്തിനു കാരണമായി. ബി.സി. 34-ല്‍ മാസിഡോണിയന്‍ രാജാവായ ഫിലിപ്പ് II-ാമന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട തെസലി ബി.സി. 197 വരെ മാസിഡോണിയന്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു. ബി.സി. 196-ല്‍ റോമാക്കാര്‍ പിടിച്ചെടുത്ത ഈ പ്രദേശം എ.ഡി. 395-നുശേഷം ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. 14-ാം ശ.-ത്തില്‍ ഒട്ടോമന്‍ ഭരണത്തിന്‍കീഴിലായ തെസലി 1881 മുതലാണ് ഗ്രീസിന്റെ നിയന്ത്രണത്തിലായത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%86%E0%B4%B8%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍