This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെള്ളിപ്പയിന്‍ (തെള്ളിമരം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെള്ളിപ്പയിന്‍ (തെള്ളിമരം)

Black dammer tree

കരിങ്കുന്തിരിക്കം ഉത്പാദിപ്പിക്കുന്ന വൃക്ഷം. ബര്‍സറേസീ (Burseraceae) സസ്യകുടുംബത്തില്‍ പ്പെടുന്നു. ശാസ്ത്രനാമം: കനേറിയം സ്ട്രിക്റ്റം (Canarium strictum). ഇന്ത്യന്‍ വൈറ്റ് മഹാഗണി, വൈറ്റ് ധൂപ് ട്രീ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

തെള്ളിപ്പയിനിന്റെ ഒരു ശാഖ

പശ്ചിമഘട്ടത്തിലെ 1500 മീ. വരെ ഉയരമുള്ള മലകളിലെ ഈര്‍പ്പമുള്ള നിത്യഹരിത വനങ്ങളിലും അര്‍ധഹരിതവനങ്ങളിലുമാണ് തെള്ളിപ്പയിന്‍ വളരുന്നത്. ഈ വന്‍ വൃക്ഷത്തിന്റെ ഇളംതണ്ടും ഇലയും ലോമിലമാണ്. തളിരിലകള്‍ക്ക് സ്വര്‍ണനിറവും പിന്നീട് ചുവപ്പും മൂപ്പെത്തുമ്പോള്‍ പച്ചനിറവുമായിത്തീരുന്നു. ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ക്ക് ഒരു മീറ്ററോളം നീളമുണ്ട്; 7-15 പത്രകങ്ങളുള്ള അസമ ഏകപിച്ഛക സംയുക്തപത്രമാണ്. പത്രകങ്ങള്‍ക്ക് അണ്ഡാകൃതിയോ ആയതാകൃതിയോ ആയിരിക്കും. ജനു. മുതല്‍ മാ. വരെയാണ് തെള്ളിപ്പയിനിന്റെ പുഷ്പകാലം. പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഒരേ വൃക്ഷത്തില്‍ത്തന്നെ ദ്വിലിംഗ പുഷ്പങ്ങളും ഏകലിംഗ പുഷ്പങ്ങളുമുണ്ടാകുന്നു. ആണ്‍പുഷ്പങ്ങളുള്ള പൂങ്കുലകള്‍ക്ക് നീളം കൂടുതലാണ്. സംയുക്ത ബാഹ്യദളപുടത്തില്‍ ത്രികോണാകൃതിയിലുള്ള മൂന്ന് ബാഹ്യദളങ്ങളുണ്ട്. മൂന്ന് ദളങ്ങളുമുണ്ടായിരിക്കും. ആറ് കേസരങ്ങളുംകൂടി ഒരു കറ്റയായിട്ടാണ് കാണപ്പെടുന്നത്. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്; കായ് ഡ്രൂപ്പും. നവംബറില്‍ കായ്കള്‍ വിളഞ്ഞു പാകമാകുന്നു. വിത്തിന് ഭാരം കുറവാണ്.

തെള്ളിപ്പയിനിന്റെ ഇലകള്‍ ഒന്നിച്ചു കൊഴിഞ്ഞുപോകുന്നു. തടിക്കു വെള്ളയും കാതലുമുണ്ടായിരിക്കും; വെള്ളയ്ക്ക് മങ്ങിയ ചാരവും കാതലിന് ഇളം പാടല നിറവുമാണ്. സാമാന്യം നല്ല ഉറപ്പും ബലവുമുള്ള തടി മഴയും വെയിലുമേല്ക്കാതിരുന്നാല്‍ ദീര്‍ഘനാള്‍ കേടുകൂടാതിരിക്കും. സീലിങ് പലകകളും കെട്ടിടങ്ങളും ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്. കടലാസ്സു പള്‍പ്പ്, തീപ്പെട്ടി, പാക്കിങ് പെട്ടി മുതലായവയുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. പ്ളൈവുഡ് ഉണ്ടാക്കാന്‍ ഉത്തമമായ ഇതിന്റെ വെനീറുകള്‍ പശകൊണ്ട് നന്നായി ഒട്ടിച്ചേരും. വാര്‍ണീഷ് ഉണ്ടാക്കാനുപയോഗിക്കുന്ന കരിങ്കുന്തിരിക്കം (ബ്ലാക്ക് ഡാമ്മര്‍) ഇതിന്റെ തൊലിയില്‍നിന്ന് ഊറുന്ന റസീനാണ്. മരത്തിന്റെ ചുവട്ടില്‍ തീ കൂട്ടി മരത്തൊലിയും തടിയും ഭാഗികമായി കരിച്ചാണ് കരിങ്കുന്തിരിക്കം ശേഖരിക്കുന്നത്. ഇത് മരത്തിന്റെ വളര്‍ച്ചയെയും ആയുസ്സിനെയും ദോഷകരമായി ബാധിക്കും. തടി കരിച്ച് രണ്ടുവര്‍ഷം കഴിയുമ്പോഴേക്കും കറ ഒഴുകാനാരംഭിക്കും. കറ ഒഴുകി പുറത്തുവരുമ്പോഴേക്കും അര്‍ധസുതാര്യ പദാര്‍ഥമായിത്തീരുന്നു. പത്ത് വര്‍ഷത്തോളം ഇത്തരത്തില്‍ കറ ലഭിക്കും. കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വര്‍ഷംതോറും 80 ടണ്‍ വരെ കരിങ്കുന്തിരിക്കം ശേഖരിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍