This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെളിവു നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെളിവു നിയമം

Law of evidence

കോടതികളില്‍ കേസ് നടത്തിപ്പിന്റെ ഭാഗമായി തെളിവുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും തെളിവുകള്‍ എന്തൊക്കെയാണെന്നും അവ ആര് ഹാജരാക്കണമെന്നും മറ്റുമുള്ള കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന നിയമം. കോടതികളില്‍ നിയമപരമായി ഉപയോഗിക്കുന്ന വിവിധ രീതികളിലുള്ള തെളിവുകളുടെ സ്വഭാവം, അവ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക എന്നിവയെ സംബന്ധിച്ചുള്ള നടപടികളാണ് തെളിവുനിയമത്തിലുള്ളത്.

തെളിവുനിയമം ഒരു നടപടി നിയമമാണ് (procedural law). ഏതെങ്കിലും പ്രത്യേക ആക്റ്റുകളിലോ ചട്ടങ്ങളിലോ തെളിവുകളെ സംബന്ധിച്ചും അവ ഹാജരാക്കുന്ന രീതിയെ സംബന്ധിച്ചും പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍ ആ നിയമങ്ങളിലെല്ലാം തെളിവുനിയമം ആണ് ബാധകം. 1872-ല്‍ ഇന്ത്യന്‍ തെളിവുനിയമം പ്രാബല്യത്തില്‍ വരുന്നതുവരെ ഇന്ത്യയില്‍ ഐകരൂപ്യമുള്ള ഒരു തെളിവുനിയമം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ തെളിവുനിയമം ക്രോഡീകരിച്ചു തയ്യാറാക്കിയത് സര്‍ ജയിംസ് സ്റ്റീഫന്‍ ആണ്. അതിനുമുമ്പ് തെളിവുനിയമം ക്രോഡീകരിച്ചു തയ്യാറാക്കാനുള്ള പല സംരംഭങ്ങളും ഉണ്ടായെങ്കിലും അവയൊന്നും വിജയിച്ചില്ല.

ഇന്ത്യന്‍ തെളിവുനിയമത്തിന്റെ ആവിര്‍ഭാവത്തിനുമുമ്പ് പ്രസിഡന്‍സി ടൗണുകളായ ബോംബെ (മുംബൈ), മദ്രാസ്, കല്‍ക്കത്ത (കൊല്‍ക്കത്ത) എന്നിവിടങ്ങളിലെ കോടതികളില്‍ ഇംഗ്ളിഷ് തെളിവുനിയമം ഉപയോഗിച്ചുവന്നു. മറ്റു പ്രദേശങ്ങളില്‍ കീഴ്വഴക്കങ്ങളനുസരിച്ചും പഴയ റെഗുലേഷനുകളനുസരിച്ചും മുഹമ്മദന്‍ ലോ അനുസരിച്ചും പരമ്പരാഗതമായി ഇന്ത്യയില്‍ നിലനിന്നിരുന്ന നടപടികള്‍ പിന്തുടര്‍ന്നും തെളിവുകള്‍ സ്വീകരിച്ചുവന്നു.

ഇന്ത്യന്‍ തെളിവുനിയമം ഉണ്ടായതോടുകൂടി ജമ്മു-കാശ്മീര്‍ ഒഴികെയുള്ള എല്ലാ ഇന്ത്യന്‍ പ്രദേശങ്ങള്‍ക്കും ബാധകമായ ഒരു തെളിവു നിയമം ഉണ്ടായി. 11 അധ്യായങ്ങളും 167 സെക്ഷനുകളും ഉള്ള ഇന്ത്യന്‍ തെളിവുനിയമം വളരെ പ്രത്യേകതയുള്ളതാണ്. ഇന്നുവരെ എടുത്തുപറയത്തക്ക വലിയ ഭേദഗതികളൊന്നും ഈ നിയമത്തില്‍ ഉണ്ടായിട്ടില്ല. ഇന്ത്യയിലുള്ള എല്ലാ കോടതികള്‍ക്കും, പട്ടാളകോടതികള്‍ (courts martial) ഉള്‍ പ്പെടെ, ഇന്ത്യന്‍ തെളിവുനിയമം ബാധകമാണ്. എന്നാല്‍ ആര്‍ബിട്രേഷന്‍ നടപടികള്‍; കോടതികളില്‍ ഹാജരാക്കുന്ന സത്യവാങ്മൂലങ്ങള്‍; ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ നിയമപ്രകാരം സ്ഥാപിക്കപ്പെടുന്ന പട്ടാള കോടതികള്‍ എന്നിവയ്ക്ക് ഈ തെളിവുനിയമം ബാധകമല്ല.

നീതിനിര്‍വഹണം നടത്തുന്നതിന് ശരിയായ തെളിവ് ആവശ്യമാണ്. ശരിയായ തെളിവെന്നാല്‍ നിയമപരമായി അംഗീകരിച്ചിട്ടുള്ളതെന്നാണ് അര്‍ഥമാക്കുന്നത്. നേരിട്ടു ബോധ്യപ്പെടുത്താവുന്ന തെളിവും ശരിയായ തെളിവു തന്നെയാണ്. നമ്മുടെ നീതിനിര്‍വഹണത്തിന്റെ അന്തഃസത്ത ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നതാണ്.

കോടതിക്കു ബോധ്യപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിവിധ രീതികളിലുള്ള കുറ്റങ്ങള്‍, തെറ്റ്, നിയമ ലംഘനം എന്നിവയ്ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. നീതി നിര്‍വഹണ പ്രക്രിയയില്‍ കോടതിയെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് തെളിവുനിയമം. കോടതികള്‍ സത്യാവസ്ഥ കണ്ടുപിടിക്കുന്നത് തെളിവുകളില്‍ക്കൂടി മാത്രമാണ്. തെളിവുകള്‍ എങ്ങനെ വേണം, രേഖകള്‍ അഥവാ പ്രമാണങ്ങള്‍ ആവശ്യമാണോ, അവ എങ്ങനെയാണ് ഹാജരാക്കേണ്ടത്, ആരാണ് ഹാജരാക്കേണ്ടത് എന്നീ കാര്യങ്ങള്‍ തെളിവുനിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ തീരുമാനിക്കുന്നു.

തെളിവിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ ഇനിപ്പറയു ന്നവയാണ്.

1.തര്‍ക്കപ്രശ്നവും അതിനോടു പ്രസക്തമായ കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ മാത്രം പരിഗണിക്കുക.

2.കേട്ടറിവുകള്‍ തെളിവായി സ്വീകരിക്കാതിരിക്കുക.

3.ലഭ്യമാകുന്നതില്‍ ഏറ്റവും നല്ല തെളിവുകള്‍ മാത്രം നല്കുക.

ഇന്ത്യന്‍ തെളിവുനിയമത്തെ അതതുകാലങ്ങളിലുള്ള കോടതി വിധികളും നിയമജ്ഞരുടെ വ്യാഖ്യാനങ്ങളും സമ്പുഷ്ടമാക്കിയിട്ടുണ്ട്. കോടതിയില്‍ തെളിവ് ഹാജരാക്കുന്നത് വിവിധ രീതികളിലാണ്.

1.നേരിട്ടു ഹാജരായി മൊഴി നല്കി തെളിവു കൊടുക്കുക.

2.പ്രമാണങ്ങള്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ ഹാജരാക്കുക.

3.ബന്ധപ്പെട്ട വസ്തുക്കള്‍ ഹാജരാക്കുക.

4.സാക്ഷികളെ ഹാജരാക്കി തെളിവു നല്കുക.

സിവില്‍ കോടതികളിലും ക്രിമിനല്‍ കോടതികളിലും തെളിവു നിയമം ബാധകമാണ്. ക്രിമിനല്‍ കോടതികളില്‍ വലിയ കുറ്റങ്ങള്‍ക്ക് കുറ്റസമ്മതം നടത്തിയാലും തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശിക്ഷിക്കാന്‍ പാടുള്ളൂ. തെളിവു ലഭിക്കാത്ത കേസില്‍ ശിക്ഷ നല്കാന്‍ കോടതിക്ക് അധികാരമില്ല. സിവില്‍ കോടതിയില്‍ വാദിയുടെ തര്‍ക്കം പ്രതി സമ്മതിച്ചാല്‍ മറ്റു തെളിവ് ആവശ്യമില്ല. നേരിട്ട് തെളിവ് ശേഖരിക്കാനും കൃത്യസ്ഥലം പരിശോധിക്കാനും കോടതികള്‍ക്ക് അധികാരമുണ്ട്. ക്രിമിനല്‍ കോടതികള്‍ സംഭവസ്ഥലം പരിശോധിച്ച് തെളിവു ശേഖരിക്കാറുണ്ട്. സിവില്‍ കോടതികള്‍ കമ്മിഷണര്‍മാരെ അയച്ച് തെളിവുകള്‍ കണ്ടെത്തുന്നു. തെളിവുനിയമം നീതിന്യായ സംവിധാനത്തില്‍ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യന്‍ തെളിവുനിയമം 3-ാം വകുപ്പ് അനുസരിച്ച് തെളിവ് (evidence) എന്നുപറയുന്നത് താഴെ പറയുന്നവയാണ്.

1.കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വസ്തുതയെ സംബന്ധിച്ച് കോടതി തെളിവുശേഖരണം നടത്തുമ്പോള്‍ ഒരു സാക്ഷി കോടതിയുടെ അനുവാദത്തോടുകൂടി നല്കുന്ന വിവരമാണ് വാക്കാല്‍ തെളിവ് (oral evidence).

2.കോടതിയുടെ പരിശോധനയ്ക്കായി ഹാജരാക്കുന്ന രേഖകളാണ് പ്രമാണത്തെളിവുകള്‍ (documentary evidences).

ഒരു പ്രമാണത്തിന്റെ ഉള്ളടക്കമല്ലാത്ത കാര്യങ്ങളെല്ലാം വാക്കാല്‍ തെളിവില്‍ നല്കാവുന്നതാണ്. പ്രമാണങ്ങളിലുള്ള ഉള്ളടക്കം ബോധ്യപ്പെടുത്താന്‍ പ്രമാണങ്ങള്‍തന്നെ ഹാജരാക്കുകയും ബന്ധപ്പെട്ട ആളെ വിസ്തരിക്കുകയും വേണം. ആധാരങ്ങള്‍, വിലച്ചീട്ടുകള്‍, കരാറുകള്‍, രസീതുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോകള്‍, പ്ളാനുകള്‍ എന്നിവയെല്ലാം പ്രമാണത്തെളിവുകളാണ്. പ്രമാണ പ്രകാരമുള്ള തെളിവുകളെ പ്രാഥമിക തെളിവുകള്‍ ( primary evidences) എന്നും രണ്ടാംതരം തെളിവുകള്‍ (secondary evidences) എന്നും രണ്ടായി തിരിച്ചിരിക്കുന്നു. അസ്സല്‍ രേഖകള്‍ ഹാജരാക്കി തെളിവു നല്കുന്നത് പ്രാഥമിക തെളിവും അടയാള സഹിതം പകര്‍പ്പുകള്‍, ഫോട്ടോകോപ്പികള്‍ എന്നിവ രണ്ടാംതരം തെളിവുകളും ആണ്. അസ്സല്‍ രേഖകളുടെ അഭാവത്തില്‍ രണ്ടാംതരം രേഖകളെയും തെളിവായി കോടതി അംഗീകരിക്കുന്നുണ്ട്. തെളിവുകളെ നേരിട്ടുള്ള തെളിവുകള്‍ (direct evidences) എന്നും സാഹചര്യത്തെളിവുകള്‍ (circums-tantial evidences) എന്നും രണ്ടുരീതിയില്‍ തരംതിരിച്ചിട്ടുള്ളതായി കാണാം. നേരിട്ടു ലഭിക്കുന്ന തെളിവുകളുടെ അഭാവത്തില്‍ സാഹചര്യത്തെളിവുകളെയും ക്രിമിനല്‍ കോടതികള്‍ തെളിവായി സ്വീകരിക്കുന്നു.

സാഹചര്യത്തെളിവുകള്‍ വളരെ വ്യക്തമായി പ്രോസിക്യൂഷന്‍ ഭാഗം തെളിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റങ്ങള്‍ ചെയ്യാനുള്ള ചിന്താഗതി, അതിനുള്ള തയ്യാറെടുപ്പുകള്‍, കുറ്റം ചെയ്തതിനു മുമ്പും പിമ്പുമുള്ള പ്രതിയുടെ പെരുമാറ്റം എന്നിവ കോടതി തെളിവിനായി പരിശോധിക്കുന്നു. തിരിച്ചറിയല്‍ പരേഡ് നടത്തി കുറ്റവാളികളെ തിരിച്ചറിയുക, ഗൂഢാലോചന തെളിയിക്കുക, തൊണ്ടികള്‍ കണ്ടെടുക്കുക, രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക, കുറ്റസമ്മതമൊഴി, ദൃക്സാക്ഷി മൊഴി, ഏകസാക്ഷിയുടെ മൊഴി, കൂറുമാറുന്ന സാക്ഷിയുടെ മൊഴി എന്നീ വസ്തുതകളെല്ലാം ഭംഗിയായി വിശകലനം ചെയ്ത് തെളിവു ശേഖരിക്കുക തുടങ്ങിയവ കേസുകളുടെ ന്യായമായ തീരുമാനത്തിന് ആവശ്യമാണ്. സ്വയംരക്ഷാവാദം, ലൈംഗിക കുറ്റങ്ങള്‍, സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം കോടതി പ്രത്യേകമായി പരിശോധിച്ച് തെളിവു കണ്ടെത്തുന്നു.

സാക്ഷികള്‍ പലവിധക്കാരായുണ്ട്. കുട്ടികളായ സാക്ഷികള്‍, ബന്ധുക്കളായ സാക്ഷികള്‍, താത്പര്യമുള്ള സാക്ഷികള്‍ എന്നിവരുടെ മൊഴികളെല്ലാം വിശദമായി വിശകലനം ചെയ്ത് തെളിവ് കണ്ടെത്തുന്നു. കേട്ടറിവ്, മരണമൊഴി, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും മൊഴിയും എന്നിവയെല്ലാം തെളിവു നല്കല്‍ പ്രക്രിയയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കുറ്റം ചെയ്ത ആളുകള്‍ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊണ്ടികള്‍ കണ്ടെടുക്കുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നിയമവ്യവസ്ഥയുണ്ട്. പൊലീസ് നായ്ക്കളുടെ കണ്ടെത്തല്‍, രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍, ആയുധങ്ങള്‍ എന്നിവയെല്ലാം തെളിവുനിയമത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.

ക്രിമിനല്‍ കേസുകളിലും മറ്റും പ്രതി സ്ഥലത്തില്ലായിരുന്നു എന്ന വാദം (alibi evidence) ഒരു പരിധിവരെ പ്രതികള്‍ക്കു സഹായകമാണ്. എന്നാല്‍ ഇത് തെളിയിക്കേണ്ട ചുമതല ആ വാദം ഉന്നയിക്കുന്ന ആള്‍ക്കാണ്. ഓരോ കേസിന്റെയും വാദങ്ങളുടെയും പ്രത്യേകതയനുസരിച്ച് തെളിവു നല്കേണ്ട ബാധ്യത മാറിമാറി വരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഭാഷണം; കക്ഷിയും അഭിഭാഷകനും, രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയം എന്നിവയെല്ലാം പ്രത്യേകതകള്‍ ഉള്‍ ക്കൊള്ളുന്നവയാണ്.

(എന്‍.ടി. ഗോപാലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍