This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെലേസ്സിയ രോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെലേസ്സിയ രോഗം

Theleziasis

സസ്തനികളുടെ കണ്ണിലെ ശ്ലേഷ്മ്സ്തരത്തെ ബാധിക്കുന്ന രോഗം. വിര അല്ലെങ്കില്‍ പുഴു പോലെയുള്ള ഒരിനം ജീവിയാണ് ഈ രോഗത്തിനു കാരണം. തെലേസ്സിയ റോഡേസി (Thelezia rhodesi) എന്നയിനം വിരയാണ് കന്നുകാലികളില്‍ ഈ രോഗത്തിനു ഹേതു; കുതിരകളില്‍ തെലേസ്സിയ ലാക്രിമാലിസ് (Thelezia lacrymalis) എന്നയിനവും. മറ്റു മൃഗങ്ങളെയും ഈ രോഗം ബാധിക്കാം. മസ്ക ഓട്ടമ്നാലിസ് (Musca autumnalis) എന്നയിനം ഈച്ചകളാണ് ഈ രോഗം പരത്തുന്നത്. എല്ലാ പ്രായത്തിലുള്ള മൃഗങ്ങളെയും ഈ രോഗം ബാധിക്കാമെങ്കിലും പ്രായം കുറഞ്ഞവയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

കണ്ണിലെ ശ്ലേഷ്മ്പടലങ്ങളില്‍ നീരുവയ്ക്കുക, ചെങ്കണ്ണ്, കണ്ണുനീരൊലിപ്പ്, വെളിച്ചത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രേരണ, ശ്ലേഷ്മ്പടലങ്ങളില്‍ വ്രണങ്ങളുണ്ടാവുക, കണ്‍പോളകളില്‍ ചെറിയ കുരുക്കളുണ്ടാവുക എന്നിവയാണ് തെലേസ്സിയ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളില്‍ നിന്നുതന്നെ രോഗനിര്‍ണയം നടത്താവുന്നതാണ്. കൂടാതെ കണ്ണുനീര്‍ ഗ്രന്ഥികളില്‍നിന്നുള്ള സ്രവം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയാല്‍ രോഗഹേതുവായ വിരയെയോ അതിന്റെ ലാര്‍വയെയോ കാണാന്‍ കഴിയും.

രോഗത്തിനു കാരണമാകുന്ന വിരയെ എടുത്തു മാറ്റുക എന്നതാണ് പ്രധാന ചികിത്സാരീതി. ഇതിനായി ശ്ലേഷ്മ്സ്തരത്തില്‍ മരവിക്കാനുള്ള ഔഷധം ഒഴിച്ചശേഷം ചവണ ഉപയോഗിച്ച് വിരകളെ എടുത്തു മാറ്റുന്നു. ലെവാമിസോള്‍ (Levamisole) ഉള്ളില്‍ കൊടുക്കുകയോ ഒരു ശതമാനം നേര്‍പ്പിച്ച ലായനിയാക്കി കണ്ണില്‍ പുരട്ടുകയോ ചെയ്താലും രോഗശമനം ഉണ്ടാകും. 0.5% അയഡിനോ 0.75% പൊട്ടാസ്യം അയഡൈഡോ ഉപയോഗിച്ച് കണ്ണ് കഴുകുന്നതും ഗുണം ചെയ്യും. ഏതെങ്കിലും ആന്റിബയോട്ടിക്കും സ്റ്റിറോയിഡും ചേര്‍ന്ന ഔഷധം (ointment) കണ്ണില്‍ പുരട്ടുന്നത് കണ്ണിലെ വീക്കം കുറയാനും മറ്റു രോഗാണുബാധ ഉണ്ടാകുന്നത് തടയാനും സഹായകമാണ്. കുതിരകള്‍ക്ക് ഫെന്‍ബെന്‍ഡസോള്‍ (Fenbendazole) അഞ്ചുദിവസം നല്കുന്നത് രോഗശമനത്തിനു പ്രയോജനപ്പെടും. രോഗം പരത്തുന്ന ഈച്ചകളെ നിയന്ത്രിക്കുകയാണ് രോഗനിയന്ത്രണമാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം.

പട്ടികളെയും പൂച്ചകളെയും തെലേസ്സിയ രോഗം ബാധിക്കാറുണ്ട്. തെലേസ്സിയ കാലിഫോര്‍ണിയെന്‍സിസ് (Thelezia californeansis), തെലേസ്സിയ കാല്ലിപ്പോഡ (Thelezia callipaeda) എന്നീ വിരകളാണ് ഇതിനു കാരണം. കന്നുകാലികളിലുണ്ടാകുന്ന അതേ രോഗലക്ഷണങ്ങള്‍ തന്നെയാണ് പട്ടിയിലും പൂച്ചയിലും പ്രകടമാകുന്നത്. പശ്ചിമ അമേരിക്കയില്‍ മനുഷ്യരിലും ഈ രോഗബാധ കാണപ്പെട്ടിട്ടുണ്ട്. രോഗഹേതുവായ വിരയ്ക്ക് 7-19 മി.മീ. നീളമുള്ളതായി കണ്ടെത്തി. ഇവ വളരെ വേഗത്തില്‍ പാമ്പ് ചലിക്കുന്നതുപോലെ കണ്ണിനകത്ത് ചലിക്കുന്നത് കാണാന്‍ കഴിയും. 100 വിരകളെ വരെ കണ്ടിട്ടുള്ള അവസരങ്ങളുമുണ്ടായിട്ടുണ്ട്. ഈച്ചകള്‍ തന്നെയാണ് മനുഷ്യരിലും രോഗം പരത്തുന്നത്. അപൂര്‍വമായി കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാന്‍ ഈ രോഗം ഇടയാക്കാറുണ്ട്.

(ഡോ. കെ. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍