This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെലുഗു ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

തെലുഗു ഭാഷയും സാഹിത്യവും

ദക്ഷിണേന്ത്യയിലെ പ്രമുഖ ദ്രാവിഡ ഭാഷകളില്‍ ഒന്ന്. ദ്രാവിഡഭാഷാഗോത്രത്തില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള ഭാഷയാണ് തെലുഗു. ഭാരതീയ ഭാഷകളില്‍ ഹിന്ദിക്കു പുറമേ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന ഭാഷയും തെലുഗുവാണ്. പുലിക്കോട്ടു മുതല്‍ ചിക്കാക്കോള്‍ വരെയുള്ള കിഴക്കന്‍ സമുദ്രതീരപ്രദേശങ്ങളിലും ഉള്ളിലേക്ക് മഹാരാഷ്ട്രയുടെയും മൈസൂറിന്റെയും കിഴക്കേ അതിരോളം ബല്ലാരിയില്‍ വടക്കുകിഴക്കന്‍ അതിര്‍ത്തിയും അനന്തപ്പൂരിന്റെ കിഴക്കുവശത്തു ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന സ്ഥലത്തും നാഗപ്പൂരിലും ഗോണ്ടിവനത്തിലും ഉള്ള ഏതാനും പ്രദേശങ്ങളിലും തെലുഗു സംസാരിക്കുന്നവര്‍ അധിവസിക്കുന്നു. കൃഷ്ണദേവരായരുടെ കാലത്തും അതിനുശേഷവും കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തലമുറക്കാരായിരിക്കാം തമിഴ്നാട്ടില്‍ പലയിടത്തും തെലുഗു സംസാരിക്കുന്നവരായി കാണപ്പെടുന്നവര്‍. വടക്ക് ഒറിയ, ഹല്‍സി, ഗോണ്ടി, മറാഠി എന്നിവയും പടിഞ്ഞാറ് മറാഠി, കന്നഡ എന്നിവയും തെക്ക് തമിഴും ആണ് ഭാഷാപരമായ അതിരുകള്‍.

ആന്ധ്രപ്രദേശില്‍ 370 ലക്ഷവും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ 80 ലക്ഷവും തെലുഗു സംസാരിക്കുന്നവരുണ്ട്. മലേഷ്യയില്‍ ഒന്നര ലക്ഷവും മൌറീഷ്യസ്സിലും ഫിജിയിലും അരലക്ഷം വീതവും ബര്‍മ(മ്യാന്‍മര്‍)യില്‍ 17,000 വും തെലുങ്കരുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ധാരാളം തെലുങ്കര്‍ വസിക്കുന്നു.

ഭാഷ

ഉത്പത്തിയും വികാസവും

സംഘകാല തമിഴ് സാഹിത്യത്തില്‍ വഡഗു/വഡുഗ (വടക്ക്) എന്ന പദമാണ് തെലുഗുവിനെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്നത്. തെലുഗുവിന് തെനൂഗു, തെനുങ്ക, തെലുഗ്, തെലുഗു, തെലുങ്ക് എന്നെല്ലാം രൂപഭേദങ്ങളുണ്ട്. ഇവയില്‍ തെനൂഗു, തെലുഗു എന്നിവ ചില പണ്ഡിതന്മാര്‍ സംസ്കൃതത്തിലെ ത്രിനഗം (മൂന്ന് മലകള്‍), ത്രിലിംഗം (മൂന്ന് ലിംഗങ്ങള്‍) എന്നീ പദങ്ങളില്‍നിന്ന് വ്യുത്പാദിപ്പിക്കുന്നുണ്ട്. 'ത്രിലിംഗ' എന്ന സംസ്കൃതപ്രകൃതിയുടെ തത്ഭവമാണ് തെലുങ്ക് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ത്രിലിംഗ എന്നത് കാലേശ്വരം, ത്രിശൈലം, ഭീമേശ്വരം എന്നിവിടങ്ങളില്‍ ആവിര്‍ഭവിച്ച മൂന്ന് ശൈവലിംഗങ്ങളെ ആസ്പദമാക്കി ഉണ്ടായ ദേശനാമമാണ്. അനുനാസിക വ്യഞ്ജനത്തിന്റെ സാന്നിധ്യം കൊണ്ട് 'ല'കാരത്തിനു 'ന'കാരാദേശം ഉണ്ടാകാം എന്നതിനാല്‍ തെലുഗു, തെനുഗു എന്നിവയില്‍ പൂര്‍വരൂപം തെലുഗു ആയിരിക്കാനാണ് സാധ്യത. 'ഇന്ന് തെലുഗു എന്ന് സാധാരണ ഉപയോഗിക്കപ്പെടുന്ന രൂപം 'തെലുംഗു' എന്നതില്‍ ഉകാരത്തിന് അനുനാസിക്യം വന്ന് അനുനാസിക വ്യഞ്ജനം ലോപിച്ചുള്ള 'തെലുഗു' എന്ന രൂപത്തില്‍ ഉകാരത്തിന്റെ അനുനാസിക്യം കൂടി ഇല്ലാതായി പ്രചാരത്തില്‍ വന്നിട്ടുള്ളതാണ്' എന്നാണ് ഡോ. ഗോദവര്‍മയുടെ അഭിപ്രായം. പോര്‍ച്ചുഗീസുകാര്‍ ആന്ധ്രക്കാരെ 'ജന്തിയോ' എന്നും അവരുടെ ഭാഷയെ 'ജന്തു' എന്നും വിളിച്ചിരുന്നു. ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ രൂപവത്കരിച്ച പ്രഥമ സൈന്യത്തെ 'തെലംഗ' എന്നു വിളിച്ചുവന്നു.

തെലുഗു ലിപി: അച്ചടി മാതൃക

മൂലഭാഷയായ പൂര്‍വദ്രാവിഡം 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്ന് ഉപഭാഷാ കുടുംബങ്ങളായി വേര്‍പിരിയുകയുണ്ടായി. ദക്ഷിണദ്രാവിഡം, മധ്യദ്രാവിഡം, ഉത്തരദ്രാവിഡം എന്നിവയാണവ. ഇവയില്‍ മധ്യദ്രാവിഡ ശാഖയില്‍ ഉള്‍പ്പെടുന്ന ഭാഷയാണ് തെലുഗു. ഈ ശാഖയില്‍ നിന്നു ആദ്യം സ്വതന്ത്രമായ ഭാഷ തെലുഗുവാണ്. ബി.സി. 6-ാം ശ.-ത്തിനു മുമ്പുതന്നെ തെലുഗു സ്വതന്ത്രഭാഷയായി മാറിയതിനു സൂചനകളുണ്ട്. സാംസ്കാരികമായി തെലുഗുവിന് ദക്ഷിണ ഭാഷകളായ തമിഴിനോടും കന്നഡയോടും അടുപ്പമുണ്ടെങ്കിലും ജനിതകമായി മധ്യദ്രാവിഡഭാഷകളായ ഗോണ്ടി, കൊണ്ട, കുയി മുതലായ ഭാഷകളുമായാണ് കൂടുതല്‍ അടുപ്പമുള്ളത്. ഇന്ത്യയില്‍ ആദി മുതല്‍ക്കേ ഉള്ള ഭാഷയല്ല, മൂലദ്രാവിഡത്തിന്റെ പുത്രിയാണ് തെലുഗു എന്നാണ് താരതമ്യഭാഷാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.

പ്രാചീന ലിഖിതങ്ങള്‍

ബി.സി. 200 മുതല്‍ എ.ഡി. 500 വരെയുള്ള ആന്ധ്രയിലെ സംസ്കൃത ശിലാലിഖിതങ്ങളിലും സപ്തശതി എന്ന പ്രാകൃത പദ്യസമാഹാരത്തിലും കുമാരിലഭട്ടന്റെ തന്ത്രവാര്‍ത്തികത്തിലും മറ്റു പല പുരാരേഖകളിലും തെലുഗു ഭാഷയിലുള്ള സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും മാത്രമേ കാണുന്നുള്ളൂ. ഭരണകര്‍ത്താക്കളുടെ ഭാഷ മറ്റൊന്നായിരുന്നെങ്കിലും ജനങ്ങളുടെ ഭാഷ തെലുഗുവായിരുന്നുവെന്ന് ഇതില്‍നിന്ന് ഊഹിക്കാം. കഡപ്പ ജില്ലയില്‍ കണ്ടെടുത്ത എ.ഡി. 575-ലെ ശിലാലിഖിതത്തിലാണ് തെലുഗുഭാഷ വാക്യരൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നന്നയയുടെ കാലമായപ്പോള്‍ (എ.ഡി. 1020) ജനങ്ങളുടെ ഭാഷ സാഹിത്യഭാഷയില്‍നിന്നു വളരെ വ്യത്യസ്തമായി മാറി. ബി.സി. 3-ാം ശ. മുതല്‍ തന്നെ സംസ്കൃതത്തിന്റെയും പ്രാകൃതത്തിന്റെയും സ്വാധീനം തെലുഗുവില്‍ പ്രകടമായിരുന്നു. വാക്യഘടനയിലും പദപ്രയോഗത്തിലും മറ്റും സംസ്കൃതത്തിന്റെ ഗണ്യമായ സ്വാധീനം കാണുന്നുണ്ട്.

ലിപി

എ.ഡി. 5-ാം ശ.-ത്തില്‍ ബ്രാഹ്മിയില്‍നിന്നു വേര്‍തിരിഞ്ഞ 'ഭട്ടിപ്രോലു' ലിപിയാണ് ആദ്യകാല ശിലാലിഖിതമായ അമരാവതി രേഖയില്‍ കാണുന്നത്. എ.ഡി. 4-ാം ശ.-ത്തിനുശേഷം തെലുഗു-കന്നഡ ലിപിയെന്നു പരക്കെ അറിയപ്പെടുന്ന വേങ്കിചാലുക്യ ലിപി രൂപാന്തരപ്പെട്ടു. തെലുഗു-കന്നഡ ലിപികള്‍ 1300 മുതല്‍ രണ്ടായി വേര്‍പിരിഞ്ഞു എന്നു കരുതപ്പെടുന്നു. വേങ്കിചാലൂക്യ ലിപികള്‍ താഴെനിന്നു മുകളിലേക്കു വളഞ്ഞവയായിരുന്നു. തെലുഗുലിപികള്‍ക്ക് ചില മാറ്റങ്ങള്‍ വന്നുചേര്‍ന്നുവെങ്കിലും ലിപിപരിഷ്കരണത്തിനുള്ള നടപടികള്‍ വളരെ വൈകിയാണ് സ്വീകരിക്കപ്പെട്ടത്.

വര്‍ണവ്യവസ്ഥ

തെലുഗുവില്‍ സംസ്കൃതത്തിലേതുള്‍പ്പെടെ 33 വ്യഞ്ജനങ്ങളും 11 സ്വരങ്ങളും ഉണ്ട്.

ക, ഖ, ഗ, ഘ, ച, ഛ, ജ, ഝ, ട, ഠ, ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ള, ബ, ഭ, മ, യ, ര, ല, ള, വ, ശ, ഷ, സ, ഹ

അ, ആ, ഇ, ഈ, മല, ഉ, ഊ, എ, ഏ, ഒ, ഓ

ഇവയില്‍ ള, സ, ഷ, ഹ എന്നീ ഊഷ്മാക്കള്‍ കടമെടുത്തവയാണ്. റ, ഴ എന്നിവ പിന്നീട് സ്വനിമങ്ങളല്ലാതായിട്ടുണ്ട്. മല,ള എന്നിവ പുതുതായി വന്നുചേര്‍ന്നവയാണ്. ങ, ഞ, , റ്വ എന്നിങ്ങനെ ചില അക്ഷരങ്ങളും ഉണ്ടായിട്ടുണ്ട്.

വ്യാകരണ പ്രത്യേകതകള്‍

പ്രാചീനകാലത്ത് തെലുഗുവിനെ മറ്റു ദ്രാവിഡ ഭാഷകളില്‍നിന്നു വ്യത്യസ്തമായിട്ടാണ് പരിഗണിച്ചിരുന്നത്. ആധുനിക തെലുഗുവില്‍ മലയാളത്തിലെന്നതുപോലെ സംസ്കൃതത്തിന്റെ സമാവേശം വളരെ കൂടുതലാണ്. പദാരംഭത്തില്‍ ഘോഷവ്യഞ്ജനങ്ങളെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മറ്റു ദ്രാവിഡഭാഷകളില്‍ പൂര്‍വ ദ്രാവിഡത്തിലെ 'ഡ'കാരം 'ഴ'കാരമായോ 'ള'കാരമായോ 'യ'കാരമായോ മാറിയിട്ടുണ്ടെങ്കിലും തെലുഗുവില്‍ 'ഡ'കാരമായിത്തന്നെ അവശേഷിക്കുന്നു. ഉദാ. ഏഴ് (എടു), കഴ്ക് (കടുക്). പദാരംഭത്തിലുള്ള 'ക'വര്‍ഗം അതിനെ തുടര്‍ന്നുവരുന്ന താലവ്യസ്വരത്തിന്റെ സാമീപ്യംകൊണ്ട് 'ച'വര്‍ഗമാകുന്ന സമ്പ്രദായം തമിഴിലും മലയാളത്തിലുമെന്നതുപോലെ തെലുഗുവിലുമുണ്ട്. പദാരംഭത്തിലെ 'അയ്'കാരം മലയാളത്തിലെന്നതുപോലെ 'അ'കാരം മാത്രമായി പരിണമിച്ചിട്ടുണ്ട്. തെലുഗു വൈകയാകരണന്മാര്‍ 'ശകടരേഫം' എന്നു പറയുന്ന വര്‍ണം പല തെലുഗു പദങ്ങളിലും കാണാം. ഈ വര്‍ണത്തിന്റെ സ്ഥാനത്ത് മറ്റു ദ്രാവിഡ ഭാഷകളില്‍ കേവലം 'റ'കാരമാണുള്ളത്. ഉദാ. അറ (അര്‍റ), ചീറുക (ചിര്‍റു). ജിഹാമൂലിയായ ദീര്‍ഘസ്വരം ആദ്യക്ഷരത്തില്‍ മാത്രമേ കാണൂ. ദീര്‍ഘസ്വരത്തിനുശേഷം ദ്വിത്വം വരുന്നത് രക്തബന്ധമുള്ള പദങ്ങളില്‍ മാത്രമാണ്. ഉദാ. ബാമ്മ (മുത്തശ്ശി). ണ, ള, യ എന്നിവ പദാദിയില്‍ വരില്ല. 'ട'കാരം അപൂര്‍വമായി വരും. മലയാളത്തിലെന്നതുപോലെ കര്‍ത്താവ്, കര്‍മം, ക്രിയ എന്ന വാക്യഘടനയാണ് തെലുഗുവിലുമുള്ളത്. ഇന്‍ഡോ-ആര്യന്‍ ഭാഷയില്‍ നിന്നു കടമെടുത്ത കര്‍മണിപ്രയോഗവും ആപേക്ഷികവാക്യരീതിയും മറ്റും അപൂര്‍വമാണ്. 'ആണ്' എന്ന ക്രിയ കൂടാതെ ആഖ്യാനസ്ഥാനത്ത് നാമപദം ഉപയോഗിക്കുന്ന രീതി തികച്ചും സാധാരണമാണ്.

ഉപഭാഷകള്‍

തെലുഗു എല്ലായിടത്തും ഒന്നുപോലെയല്ല സംസാരിക്കപ്പെടുന്നത്. ഇതിനു പ്രധാനമായി കലിംഗ, കോസ്താ, തെലംഗാണ, റായലസീമ എന്നിങ്ങനെ നാല് പ്രാദേശിക ഭാഷകള്‍ കൂടിയുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ ദേശ്യഭാഷകള്‍ കലര്‍ന്നും കാണാം. വിദ്യാഭ്യാസമില്ലാത്തവരുടെ ഭാഷയില്‍ മഹാപ്രാണശബ്ദങ്ങള്‍ അപൂര്‍വമാണ്. കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ചില ജാതിക്കാരുടെ വ്യവഹാര ഭാഷയായ ബേരഡി, ദാസരി, കാമാഠി, വഡരി എന്നിവയില്‍ ഒരല്പം വ്യത്യാസം ഉണ്ട്. സാധാരണ തെലുഗുവില്‍ 'ച' എന്നത് 'ഝ' എന്ന് ഉച്ചരിക്കപ്പെടുമ്പോള്‍ കാമാഠിയില്‍ അത് 'സ' എന്നാണ് ഉച്ചരിക്കുന്നത്. ദാസരിയില്‍ 'രു' എന്നത് 'ളു' എന്നോ 'ലു' എന്നോ ആയിത്തീരുന്നുണ്ട്. ക്രിയാപദങ്ങളില്‍ ഉത്തമപുരുഷ സര്‍വനാമത്തെയും മധ്യമപുരുഷ സര്‍വനാമത്തെയും കറിക്കുന്ന പ്രത്യയങ്ങള്‍ വഡരിയില്‍ നഷ്ടപ്പെട്ടിരിക്കുന്നതും കാണാം. ഔപചാരികവും അല്ലാത്തതുമായ ഭാഷാശൈലികളും തെലുഗുവിനുണ്ട്.

മാനകഭാഷ

1966-ലാണ് തെലുഗു ആന്ധ്രപ്രദേശിലെ ഔദ്യോഗികഭാഷ ആയത്. 1968-ല്‍ സര്‍വകലാശാലാതലത്തില്‍ പഠനമാധ്യമവുമായി. ശാസ്ത്രീയ സാങ്കേതിക പദങ്ങള്‍ ഇംഗ്ളീഷില്‍നിന്നും മറ്റും കടമെടുത്തു. പുതിയ പദങ്ങള്‍ സംസ്കൃതത്തെ ആധാരമാക്കി ഉണ്ടാക്കുകയും ചെയ്തു. ആധുനിക ശാസ്ത്രീയ സാഹിത്യ രചനകളില്‍ ഉപയോഗിക്കുന്ന തെലുഗു തീരദേശഭാഷയുടെ ഒരു വികസിത രൂപമാണ്. ഇതില്‍ ഇംഗ്ലീഷില്‍നിന്നുള്ള തദ്ഭവങ്ങളും തത്സമങ്ങളും കാണാം. തീരദേശഭാഷ ചില പരിഷ്കാരങ്ങളോടെ ആധുനികകാലത്തെ മാനകഭാഷയായി മാറി.

സാഹിത്യം

പാണ്ഡരംഗന്റെ അദ്ദങ്കി രേഖയിലും (848) ചാലൂക്യഭീമന്റെ ധര്‍മാവരം രേഖയിലും പദ്യങ്ങള്‍ കാണാം. യതിയും പ്രാസവും ഒക്കെ ഈ പദ്യങ്ങളിലുണ്ട്. കൊറവി ശിലാശാസനത്തിലെ ഗദ്യം പില്ക്കാലത്ത് നന്നയഭട്ടന്‍ രചിച്ച ആന്ധ്രമഹാഭാരതത്തിലെ ഗദ്യത്തോടു കിടപിടിക്കുന്നതാണ്. 9-ാം ശ.-ത്തിലെ ഈ ശാസനം ചാലൂക്യഭീമന്റേതാണ്. കന്ദുകൂരു ധര്‍മാവരം ലിഖിതങ്ങളിലും യുദ്ധമല്ലന്റെ (934) ബജവാഡ ലിഖിതത്തിലും പദ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗുണ്ടുരു ലിഖിതത്തിലും (1000) ചില പദ്യങ്ങള്‍ കാണാം. 9,10 ശ.-ങ്ങളിലെ പദ്യങ്ങളിലധികവും ദേശിരീതിയിലുള്ളവയാണ്. ഇവയിലധികവും വീരപരുഷന്മാരുടെ പരാക്രമങ്ങളും രാജാക്കന്മാരുടെയും മന്ത്രിമാരുടെയും ഗാനങ്ങളുമാണ് വിവരിക്കുന്നത്. അതിനാല്‍ അവയ്ക്ക് സാഹിത്യഗുണമുണ്ടെന്നു പറയാനാവില്ല. ഇക്കാലത്ത് ചില ജൈന കവികള്‍ നല്ല കാവ്യങ്ങള്‍ രചിച്ചിട്ടുണ്ടെന്നാണ് നിരൂപകരുടെ അഭിപ്രായം. ഇതില്‍നിന്ന് നന്നയനു മുമ്പുതന്നെ ഒന്നാന്തരം സാഹിത്യശൈലി തെലുഗുവില്‍ രൂപമെടുത്തുകഴിഞ്ഞിരുന്നു എന്നു മനസ്സിലാക്കാം. എന്നാല്‍ ഇപ്രകാരം എഴുതപ്പെട്ട സാഹിത്യകൃതികളൊന്നുംതന്നെ ലഭിച്ചിട്ടില്ല. തെലുഗുസാഹിത്യത്തെ പ്രാചീനഘട്ടം, മധ്യഘട്ടം, ആധുനികഘട്ടം എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം.

പ്രാചീനഘട്ടം

പുരാണേതിഹാസകാല(1020-1400)വും ശ്രീനാഥകാല(1400-1510)വും ചേര്‍ന്നതാണ് പ്രാചീനഘട്ടം.

പുരാണേതിഹാസകാലം

പുരാണേതിഹാസകാലത്തെ വിവര്‍ത്തനകാലമെന്നും വിളിക്കാം. മഹാഭാരതത്തിന്റെ തെലുഗു പരിഭാഷ നിര്‍വഹിച്ച നന്നയഭട്ടന്‍, തിക്കന, എര്‍റാപ്രഗഡ എന്നിവര്‍ 'കവിത്രയം' എന്ന പേരില്‍ അറിയപ്പെടുന്നു. ഇക്കാലത്ത് സംസ്കൃതത്തില്‍ നിന്ന് ഹിന്ദുമതതത്ത്വങ്ങള്‍ അടങ്ങിയ പുരാണങ്ങളും വേദങ്ങളും വിവര്‍ത്തനം ചെയ്യപ്പെട്ടു. വൈദികമതത്തില്‍ അഭിനിവിഷ്ടനായിരുന്ന ചാലൂക്യരാജാവായ രാജരാജനരേന്ദ്രന്‍ (1022-63) ആവശ്യപ്പെട്ടതനുസരിച്ചാണ് നന്നയഭട്ടന്‍ ആന്ധ്രമഹാഭാരതത്തിന്റെ രചന തുടങ്ങിയത്. നന്നയഭട്ടന്‍ രാജരാജനരേന്ദ്രന്റെ സഭയില്‍ ആസ്ഥാനകവിയായി കഴിയുമ്പോഴാണ് വ്യാസഭാരത വിവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശമുണ്ടായത്. സംസ്കൃത മഹാഭാരതം ആലപിച്ചുകേള്‍ക്കുമ്പോഴെല്ലാം മഹാരാജാവിന് അനുഭവപ്പെട്ട ആനന്ദമാണ് ആ നിര്‍ദേശത്തിനു പിന്നിലുണ്ടായിരുന്നത്. മഹാഭാരതത്തിലെ ആദിപര്‍വവും സഭാപര്‍വവും ആരണ്യപര്‍വത്തിന്റെ ഒരു ഭാഗവും മാത്രമാണ് നന്നയന്‍ പരിഭാഷപ്പെടുത്തിയത്. തെലുഗുവിലെ ആദികവിയായി അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. കവി അകാലത്തില്‍ അന്തരിച്ചതുകൊണ്ട് പരിഭാഷ മുടങ്ങി.

നന്നയഭട്ട

ഹിന്ദുധര്‍മപ്രചരണതത്പരനായ നന്നയഭട്ടന്‍ വ്യാസഭാരതത്തിന്റെ അന്തസ്സത്ത ശരിക്കും ഗ്രഹിച്ചുകൊണ്ടാണ് പരിഭാഷ നിര്‍വഹിച്ചത്. അദ്ദേഹം വേദജ്ഞനായ ബ്രാഹ്മണനായിരുന്നു. സംസ്കൃതത്തിന്റെയും തെലുഗുവിന്റെയും സമഞ്ജസമായ സമ്മേളനരംഗമാണ് ആന്ധ്രമഹാഭാരതം. ഭക്തനായ നന്നയന്‍ മൂലകൃതിയിലെ ചില ഭാഗങ്ങള്‍ വിട്ടുകളയുകയും ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ദ്രൌപദി വിജയശ്രീലാളിതനായ അര്‍ജുനനെ വരണമാല്യമണിയിക്കുന്ന രംഗം പരിഭാഷയില്‍ അതീവ ഹൃദ്യമാണ്, ഒപ്പം മൂലാതിശായിയുമാണ്. ദുര്യോധനന്‍ പാഞ്ചാലീവസ്ത്രാക്ഷേപത്തിനൊരുങ്ങുമ്പോള്‍ അയാളെ നാടുകടത്തണമെന്ന് ഗാന്ധാരി ധൃതരാഷ്ട്രരോട് ആവശ്യപ്പെടുന്ന രംഗം മൂലകൃതിയിലുള്ളതാണ്. നന്നയന്‍ ആ ഭാഗം വിട്ടുകളഞ്ഞിരിക്കുന്നു. അങ്ങനെ പരിഭാഷയില്‍ ഗാന്ധാരിയുടെ നീതിബോധം ചോര്‍ന്നുപോകുന്നു. വേദ ധര്‍മ പ്രകാശകങ്ങളായ ചില ഭാഗങ്ങള്‍ പരിഭാഷയില്‍ നന്നയന്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. നന്നയന്റെ കാലംതൊട്ട് അഞ്ഞൂറുവര്‍ഷത്തോളം പുരാണേതിഹാസ കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നതായി കാണാം. തികഞ്ഞ ആദരവോടെയാണ് തെലുഗര്‍ നന്നയന്റെ രചനയെ നോക്കിക്കാണുന്നത്. ആദിപര്‍വത്തിലെ കചദേവയാനീകഥയും സഭാപര്‍വത്തിലെ ശിശുപാലവധവും ആരണ്യ പര്‍വത്തിലെ നളചരിതവും മറ്റും വളരെ ആനന്ദത്തോടെയാണ് തെലുഗര്‍ പാരായണം ചെയ്യുന്നത്.

നന്നയന്റെ ആന്ധ്രമഹാഭാരതം പിന്നെയും രണ്ടുശതാബ്ദകാലത്തോളം പൂര്‍ത്തിയാക്കാന്‍ ആരും തുനിഞ്ഞില്ല. 13-ാം ശ.-ത്തില്‍ ആരണ്യപര്‍വം ഒഴിച്ചുള്ള ഭാഗം തിക്കനയും 14-ാം ശ.-ത്തില്‍ ആരണ്യപര്‍വം എര്‍റനയയും പരിഭാഷപ്പെടുത്തി. അങ്ങനെ ഈ കവിത്രയം-നന്നയ, തിക്കന, എര്‍റന-പല കാലങ്ങളിലായി ആന്ധ്രമഹാഭാരത വിവര്‍ത്തനം പൂര്‍ണമാക്കി. ഈ മഹാകവികള്‍ പില്ക്കാലത്തെ കവികളുടെയും ആസ്വാദകരുടെയും ആരാധനയ്ക്കു പാത്രങ്ങളായി.

വീരശൈവ കവികള്‍. നന്നയയ്ക്കും വിവര്‍ത്തനം തുടര്‍ന്ന് നടത്തിയ തിക്കനയ്ക്കും ഇടയ്ക്കുള്ള കാലം പൊതുവേ വീരശൈവകാലം എന്ന് അറിയപ്പെട്ടു. തെലുഗുവിലെ ആദ്യത്തെ ശൈവകവി 12-ാം ശ.-ത്തിന്റെ പ്രഥമാര്‍ധത്തില്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന നന്നിചോഡയാണ് (1150-1220). ചോള ഭരണാധികാരിയായിരുന്ന ചോഡബല്ലിയുടെ പുത്രനായ ഇദ്ദേഹം കുമാരസംഭവം രചിച്ചു. തെലുഗുവിലെ മൗലിക കാവ്യങ്ങളില്‍ ആദ്യത്തേതാണ് ഇത്. ഇതില്‍ 12 സര്‍ഗങ്ങളാണ് ഉള്ളത്. പാര്‍വതീപരമേശ്വരന്മാരുടെ പ്രണയകഥ, കുമാരസ്വാമിയുടെ ജനനം, താരകാസുരന്റെ വധം എന്നിവയാണ് ഈ കാവ്യത്തിലെ മുഖ്യപ്രതിപാദ്യം. കുമാരസംഭവത്തില്‍ നിന്നാണ് ഇതിവൃത്തം സ്വീകരിച്ചുള്ളതെങ്കിലും ഇതിനെ തെലുഗുവിലെ ആദ്യത്തെ മൌലിക കാവ്യമായി കണക്കാക്കുന്നു. വിശദവും സ്വാഭാവികവുമാണ് ഇതിലെ വര്‍ണനകള്‍. സങ്കേതം, ശൈലി, ഭാഷ എന്നിവയെ സംബന്ധിച്ചിടത്തോളം മേന്മ അവകാശപ്പെടാന്‍ യോഗ്യതയുള്ള ഒരു കൃതിയാണ് നന്നിചോഡയുടെ കുമാരസംഭവം. നന്നിചോഡ തനിക്കു മുമ്പുള്ള തെലുഗുകവികളുടെ പേരുകളൊന്നുംതന്നെ കാവ്യാരംഭത്തില്‍ എടുത്തുപറയുന്നില്ല. നന്നിചോഡ ശിവഭക്തനായിരുന്നു. അക്കാലത്തു പ്രശസ്തി നേടിയ ശൈവ സന്ന്യാസിയായ ജംഗമ മല്ലികാര്‍ജുനദേവന്റെ ശിഷ്യനുമായിരുന്നു. ശിവതത്ത്വസാരം രചിച്ച മല്ലികാര്‍ജുനപണ്ഡിതാരാദ്ധ്യ (1120-80), വിലപ്പെട്ട പല ഗ്രന്ഥങ്ങളുടെയും കര്‍ത്താവായ പാല്‍കുരികി സോമനാഥ (1200), സര്‍വേശ്വരശതകരചയിതാവായ അന്നമയ്യ (1240) എന്നിവരായിരുന്നു പ്രസിദ്ധരായ ശൈവകവികള്‍. 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പാല്‍കുരികി സോമനാഥ ബസവപുരാണം, പണ്ഡിതാരാധ്യചരിതം തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ്. നാടന്‍ ഭാഷാശൈലിയിലാണ് സോമനാഥ ബസവപുരാണവും പണ്ഡിതാരാധ്യചരിതവും രചിച്ചത്. ഈ രണ്ട് കാവ്യങ്ങളിലും അദ്ദേഹത്തിന്റെ കവിത്വവും പാണ്ഡിത്യവും പ്രകടമാകുന്നു. സമാകര്‍ഷകങ്ങളായ വര്‍ണനകള്‍ ഈ കൃതികളെ നിറം പിടിപ്പിക്കുന്നു. അനുഭവസാരം, വൃഷാധിപശതകം എന്നീ കൃതികളും സോമനാഥന്റേതാണ്. ലക്ഷണയുക്തമായ ആദ്യത്തെ തെലുഗു ശതകമാണിത്. ഗംഗോത്പത്തിരാഗദ എന്ന കൃതിയില്‍ കവിയുടെ സംഗീത പരിജ്ഞാനം വെളിപ്പെടുന്നു. ദേശിദ്വിപദവൃത്തത്തിലാണ് ഈ ഗ്രന്ഥങ്ങളുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. തെലുഗുസാഹിത്യത്തില്‍ സോമനാഥയ്ക്ക് സമുന്നതമായ സ്ഥാനമാണുള്ളത്.

1200-നും 1300-നും ഇടയ്ക്കാണ് തിക്കന ജീവിച്ചിരുന്നത്. മതത്തിന്റെ പേരില്‍ മല്ലടിക്കുന്ന ശൈവവൈഷ്ണവന്മാരെ, ശിവനും വിഷ്ണുവും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നു ധരിപ്പിക്കുന്നതിനായി തന്റെ മഹത്തായ ഭാരതത്തെ ശിവന്റെയും വിഷ്ണുവിന്റെയും സംയുക്തരൂപമായ ഹരിഹരനാണ് സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍വചനോത്തരരാമായണമാണ് തിക്കനയുടെ പ്രഥമ കൃതി. നന്നയന്റെ മഹാഭാരതത്തില്‍ ഗദ്യഭാഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ തിക്കന ഗദ്യസ്പര്‍ശമില്ലാതെയാണ് ഉത്തരരാമായണമെഴുതിയത്. നെല്ലൂര്‍ രാജാവായ മനുസിദ്ധിയാണ് (1200-58) തിക്കനയ്ക്ക് പ്രോത്സാഹനമരുളിയത്. നന്നയനെ അപേക്ഷിച്ച് കുറേക്കൂടി സ്വതന്ത്രമായ രീതിയിലാണ് തിക്കന മഹാഭാരതം പരിഭാഷപ്പെടുത്തിയത്. ചില കഥകള്‍ തിക്കന വിട്ടുകളഞ്ഞു. സാഹിത്യമേന്മയും കലാമൂല്യവുമുള്ള വിവര്‍ത്തനമായിരുന്നു തിക്കനയുടെ ലക്ഷ്യം. വിരാടപര്‍വം കാല്പനികസുന്ദരമാക്കി. ഉദ്യോഗപര്‍വത്തില്‍ ധീരസാഹസികതയുടെ തിളക്കമാണ് കാണുന്നത്. രസച്ചരടു പൊട്ടാത്ത മട്ടിലാണ് യുദ്ധചിത്രീകരണം. പല ഭാഗങ്ങളും വായിക്കുമ്പോള്‍ പരിഭാഷയാണെന്ന തോന്നല്‍ ഉണ്ടാകുന്നില്ല. പുതുമയും അന്തസ്സുമുള്ള ഭാഷയിലാണ് രചന. തെലുഗുഭാഷയും ദേവഭാഷയും രമ്യമായ നിലയില്‍ അലിഞ്ഞുചേര്‍ന്നൊഴുകുന്നു. തെലുഗു പദങ്ങള്‍ക്ക് പ്രാമുഖ്യം നല്കിയിരിക്കുന്നു. ദുര്‍ഗ്രഹങ്ങളായ ആത്മീയ ആശയങ്ങള്‍പോലും ലളിതമായ തെലുഗുപദങ്ങള്‍കൊണ്ട് ശക്തമായി പ്രകാശിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച കവിയാണ് ഇദ്ദേഹം. ഒരു രാജശില്പിയുടെ കരവിരുതാണ് തിക്കന മഹാഭാരത പരിഭാഷയില്‍ പ്രകടമാക്കുന്നത്.

കേതന എന്ന കവി ബാണഭട്ടന്റെ (1200-50) കാദംബരി കാവ്യമായി രചിച്ചു. മൂലഘടിക കേതന എന്ന മറ്റൊരു കവിയുണ്ട് (1225-90). ഇദ്ദേഹമാണ് വിജ്ഞാനേശ്വരം എന്ന പേരില്‍ യാജ്ഞവല്ക്ക്യ ധര്‍മശാസ്ത്രം പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതും ഒരു സ്വതന്ത്ര വിവര്‍ത്തനമാണ്. ആദ്യത്തെ തെലുഗു വ്യാകരണ ഗ്രന്ഥമായ ആന്ധ്രഭാഷാഭൂഷണവും ഈ കേതനന്റെ കൃതിയാണ്. ദണ്ഡിയുടെ ദശകുമാരചരിതം വിവര്‍ത്തനം ചെയ്ത ഇദ്ദേഹം 'അഭിനവദണ്ഡി' എന്ന ബിരുദവും നേടിയിരുന്നു. ഈ സ്വതന്ത്ര പരിഭാഷ തിക്കനയ്ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ലളിതമെങ്കിലും ശക്തവും ഹൃദ്യവുമാണ് ഭാഷാരീതി. മാരണമന്ത്രി എന്ന കവി മാര്‍ക്കണ്ഡേയപുരാണത്തെ അവലംബമാക്കി അതേ പേരില്‍ത്തന്നെ ഒരു കൃതി രചിച്ചു. ഗദ്യപദ്യമയമായ കൃതിയാണ് മാര്‍ക്കണ്ഡേയപുരാണം. ഭാരതം വിരാടപര്‍വം മുതല്‍ വിവര്‍ത്തനം ചെയ്തതായി പറയപ്പെടുന്ന അഥര്‍വണാചാര്യയും (13-ാം ശ.) നീതിസാരമുക്താവലിയുടെ കര്‍ത്താവായ ബദ്ദെഭൂപാല(1220-80)യും ഈ കാലത്ത് ജീവിച്ചിരുന്ന പ്രമുഖ കവികളാണ്.

രാമകഥ തെലുഗുസാഹിത്യത്തില്‍ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാഹിത്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഈ സ്വാധീനം പ്രകടമാകുന്നു. രംഗനാഥ രാമായണമാണ് ആദ്യത്തെ തെലുഗുരാമായണം (1250). ഗോന ബുദ്ധറെഡ്ഡി(1200-60)യാണ് ഇതിന്റെ രചയിതാവെന്ന് വിശ്വസിക്കപ്പെടുന്നു. ഗോന ബുദ്ധറെഡ്ഡിയാണ് കര്‍ത്താവ് എന്നതിന് ഈ ഗ്രന്ഥം തെളിവു തരുന്നില്ല. രാമായണത്തിന്റെ ഉത്തര കാണ്ഡം രചിച്ചത് റെഡ്ഡിയുടെ പുത്രന്മാരായ കചനും വിത്തലനുമാണെന്നു വിശ്വസിക്കപ്പെടുന്നു. റെഡ്ഡി തന്റെ പിതാവായ വിത്തലന്റെ പേരിലാണ് രാമായണം രചിച്ചതെന്നും പിതാവിന്റെ ചുരുക്കപ്പേര് രംഗനാഥന്‍ എന്നായിരുന്നു എന്നും കരുതപ്പെടുന്നു. രാവണന്‍, കുംഭകര്‍ണന്‍, വിഭീഷണന്‍ എന്നിവരുടെ തിളങ്ങുന്ന ചിത്രങ്ങളാണ് രംഗനാഥ രാമായണത്തിലുള്ളത്. പ്രതാപരുദ്രന്‍ ഒന്നാമന്റെ (വാറംഗല്‍) ഒരു സാമന്തനായിരുന്നു ബുദ്ധറെഡ്ഡി.

രംഗനാഥ രാമായണം ഒരു വിവര്‍ത്തനമല്ല. വാല്മീകിരാമായണത്തെ അവലംബമാക്കി രചിച്ച ഒരു കൃതി എന്നുവേണം പറയേണ്ടത്. വാല്മീകി പറയാത്ത നിരവധി ഉപാഖ്യാനങ്ങള്‍ അതിലുണ്ട്. നാടോടിക്കഥകളില്‍നിന്നു സ്വീകരിക്കപ്പെട്ടവയാണ് അവ. ജംബുമാലി, കാലനേമി, സുലോചന എന്നിവരെക്കുറിച്ചുള്ള ഉപാഖ്യാനങ്ങള്‍ ഉദാഹരിക്കാവുന്നവയാണ്. യഥാര്‍ഥ കവിതയുടെ തിളക്കം രംഗനാഥ രാമായണത്തില്‍ കാണാം. സമാകര്‍ഷകമാണ് ശൈലി. സമുന്നത ചിന്തകള്‍ അവതരിപ്പിക്കുന്ന ഒരു ഉജ്ജ്വല കൃതിയാണ് രംഗനാഥ രാമായണം.

മഹാഭാരത പരിഭാഷയില്‍ ഏര്‍പ്പെട്ട മൂന്നാമത്തെ കവിയാണ് എര്‍റന പ്രഗഡ (14-ാം ശ.). തിക്കന വിവര്‍ത്തനം ചെയ്യാന്‍ ഉദ്യമിക്കാത്ത ആരണ്യകാണ്ഡത്തിന്റെ ഉത്തരഭാഗം ഇദ്ദേഹം പൂര്‍ത്തിയാക്കി. നന്നയയുടെ ശൈലിയില്‍ തുടങ്ങി തിക്കനയുടെ ശൈലിയില്‍ അവസാനിപ്പിച്ചു എന്നതാണ് പ്രത്യേകത. വാല്മീകി രാമായണ വിവര്‍ത്തനമാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതി. അതിപ്പോള്‍ ലഭ്യമല്ല. എര്‍റനയുടെ പ്രതിഭ അതിന്റെ ഉദാത്തതയില്‍ എത്തിനില്ക്കുന്നത് മൂന്നാമത്തെ കൃതിയായ ഹരിവംശത്തിലാണ്. സംസ്കൃതത്തില്‍നിന്നുള്ള വിവര്‍ത്തനമാണ് ഈ കൃതി. ഇതില്‍ ഹരിയുടെ വംശത്തിന്റെ കഥ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ബ്രഹ്മാണ്ഡപുരാണത്തില്‍ നിന്നെടുത്തിട്ടുള്ള ഈ കഥയില്‍ ഉചിതസ്ഥാനങ്ങളില്‍ പല വര്‍ണനകളും കൂട്ടിച്ചേര്‍ത്ത് കൃത്രിമപ്രബന്ധത്തിന്റെ രൂപം നല്കിയിരിക്കുന്നതുകാണാം. സരളവും ശുദ്ധവും നിരര്‍ഗളവുമാണ് ഭാഷാരീതി. പ്രബന്ധരചനയില്‍ സമര്‍ഥനായിരുന്നതിനാല്‍ പ്രബന്ധപരമേശ്വരന്‍ എന്നും ശിവഭക്തനായിരുന്നതിനാല്‍ ശംഭുദാസന്‍ എന്നും അറിയപ്പെടുന്നു.

ഭാസ്കര രാമായണമാണ് അടുത്ത രാമായണം (13-ാം ശ.). ഇതിന്റെ കര്‍ത്തൃത്വവും തര്‍ക്കവിഷയമാണ്. ഭാസ്കരഡു ആരാണ് എന്നതിനെക്കുറിച്ചാണ് തര്‍ക്കം. തിക്കനയുടെ പിതാമഹനായ മന്ത്രിഭാസ്കരയാണെന്നും കൊട്ടാരം കവിയായിരുന്ന ഹുളക്കി ഭാസ്കരഡു ആണെന്നും രണ്ടഭിപ്രായമുണ്ട്. ഭാസ്കര രാമായണ രചനയില്‍ ഒരേ കുടുംബത്തില്‍പ്പെട്ട സമകാലികരായ നാലഞ്ചു കവികള്‍ക്ക് പങ്കുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. പല കാണ്ഡങ്ങള്‍ പലരാണ് രചിച്ചതെന്നു കരുതപ്പെടുന്നു. മന്ത്രിഭാസ്കരഡു ആരണ്യകാണ്ഡം രചിച്ചു എന്ന വിശ്വാസമാണ് ആദ്യമുണ്ടായിരുന്നത്. പിന്നീടുള്ള ഗവേഷണങ്ങളുടെ ഫലമായി ഹൂളക്കിഭാസ്കരഡു, മല്ലികാര്‍ജുന ഭട്ട്, കുമാരരുദ്ര ദേവ അയ്യലാര്യഡു എന്നിവര്‍ പല കാണ്ഡങ്ങളായി രചിച്ചു എന്ന വിശ്വാസം നിലവില്‍വന്നു. ഹുളക്കി ഭാസ്കര ആരണ്യകാണ്ഡം മുഴുവനും യുദ്ധകാണ്ഡത്തില്‍ 1133 പദ്യങ്ങളും എഴുതി. മല്ലികാര്‍ജുന ഭട്ട് ബാലകാണ്ഡവും കിഷ്കിന്ധകാണ്ഡവും സുന്ദരകാണ്ഡവും എഴുതി. കുമാരരുദ്രദേവന്‍ അയോധ്യകാണ്ഡവും അയ്യലാര്യഡു ഭാസ്കര തുടങ്ങിവച്ച യുദ്ധകാണ്ഡവും പൂര്‍ത്തിയാക്കി. ആരണ്യകാണ്ഡമാണ് ഏറ്റവും മെച്ചം. കവികള്‍ മാറുന്നതനുസരിച്ച് ഭാഷാരീതിക്കും മാറ്റമുണ്ടായിട്ടുണ്ട്. നല്ല ഒഴുക്കുള്ള ലളിതമായ ഭാഷയിലാണ് ആരണ്യകാണ്ഡത്തിന്റെ രചന നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്.

എര്‍റനയുടെ പ്രായംകുറഞ്ഞ ഒരു സമകാലികനായിരുന്നു നാചന സോമനാഥ. ഉത്തരഹരിവംശം, വസന്തവിലാസം എന്നീ കൃതികള്‍ അദ്ദേഹം രചിച്ചതാണ്. ഉത്തരഹരിവംശത്തിലെ ആറു സര്‍ഗങ്ങള്‍ക്ക് മൂലകൃതിയില്‍ നിന്ന് അതിമനോഹരമായ ചില കഥകള്‍ തിരഞ്ഞെടുത്ത് ചില വര്‍ണനകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇത് ഉത്തരഹരിവംശത്തിന് ഒരു സ്വതന്ത്രകൃതിയുടെ രൂപം നല്കി. ഇദ്ദേഹം ശൃംഗാരരസാവിഷ്കരണത്തില്‍ സമര്‍ഥനായിരുന്നു. പില്ക്കാലത്ത് പ്രബലമായിത്തീര്‍ന്ന 'പ്രബന്ധ' സാഹിത്യത്തിന്റെ ലക്ഷണങ്ങള്‍ ഉത്തരഹരിവംശത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില കാര്യങ്ങളില്‍ നന്നയയേയും തിക്കനയേയും നാചന സോമനാഥ പിന്നിലാക്കുന്നു. ഉഷാപരിണയകഥയും നരകാസുരവധകഥയും നാചന സോമനാഥ അത്യാകര്‍ഷകമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. സര്‍വജ്ഞബിരുദം നേടിയ നാചന സോമനാഥ നല്ല പാണ്ഡിത്യമുള്ള കവിയായിരുന്നു. സകലഭാഷാഭൂഷണന്‍, സാഹിത്യരസപോഷണന്‍, സംവിധാന ചക്രവര്‍ത്തി എന്നിങ്ങനെ പല ബിരുദങ്ങളും അദ്ദേഹം നേടി. അദ്ദേഹത്തിന് വിജയനഗരാധിപതിയായ ബുക്കദേവരായ ഒരു ഗ്രാമം വിട്ടുകൊടുത്തതായി ഒരു രേഖയില്‍ കാണുന്നു. രസകരമായ സന്ദര്‍ഭ സൃഷ്ടിയില്‍ നാചന സോമനാഥന്റെ കവിപാടവത്തിന് ഉദാഹരണം: 'അങ്ങ് ഇന്ദ്രനെ തോല്പിച്ച് അദ്ദേഹത്തിന്റെ സര്‍വസ്വത്തിനും അധിപതിയായി. എല്ലാ ദേവസുന്ദരിമാരും അങ്ങയുടെ ദാസിമാരാണ്. ഞാനും അവരില്‍ ഒരുത്തിതന്നെ. പിന്നെ എങ്ങനെ അങ്ങയില്‍നിന്ന് എനിക്ക് ഒഴിഞ്ഞുപോകാന്‍ കഴിയും? എന്നാല്‍ മഹര്‍ഷിമാര്‍ ചെയ്യുന്ന യാഗകര്‍മങ്ങളുടെ അധിപനല്ലെന്ന കുറ്റം എന്തുകൊണ്ട് അങ്ങയ്ക്കുണ്ടായി?'

വെമുലവാദ ഭീമകവിയുടെ കൃതികളൊന്നുംതന്നെ കിട്ടിയിട്ടില്ലെങ്കിലും ചില സമാഹാരങ്ങളില്‍ അദ്ദേഹത്തിന്റെ കാവ്യഭാഗങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതായി കാണുന്നു. മദികിസിംഗന വസിഷ്ഠരാമായണം, പദ്മപുരാണം എന്നീ കൃതികള്‍ രചിച്ചു. വിക്രമസേനമുവിന്റെ കര്‍ത്താവായ ചിമ്മപുഡി അമരേശ്വര (14-ാം ശ.), കാവ്യാലങ്കാരചൂഡാമണിയുടെ കര്‍ത്താവായ വിന്നകോടപെദ്ദന (14-ാം ശ.), കേയൂനുബാഹുചരിത്ര കര്‍ത്താവായ മഞ്ചന, ത്രിപുരാന്തകോദാഹരണ കര്‍ത്താവായ രഘുപതി എന്നിവരാണ് ഈ കാലത്തു ജീവിച്ച് തെലുഗുസാഹിത്യത്തെ സമ്പന്നമാക്കിയ മറ്റു ചില പ്രമുഖ കവികള്‍.

ശ്രീനാഥകാലം

1400 മുതല്‍ 1510 വരെയാണ് ശ്രീനാഥകാലം. ഈ കാലഘട്ടത്തിലെ അതിപ്രമുഖനായ കവി ശ്രീനാഥ (1365-1441) ആയിരുന്നു. പാണ്ഡിത്യത്തിലും കവിത്വശക്തിയിലും ഉന്നതനായിരുന്നു ഇദ്ദേഹം. സംസ്കൃതം, പ്രാകൃതം, തെലുഗു എന്നീ ഭാഷകളില്‍ ശ്രീനാഥ പ്രാവീണ്യം നേടി. രാജാവായ വേമറെഡ്ഡി (1400-20) ശ്രീനാഥയ്ക്ക് നല്ലൊരു സ്ഥാനം നല്കിയിരുന്നു. അദ്ദേഹം രാജകൊട്ടാരത്തില്‍ത്തന്നെയാണു പാര്‍ത്തിരുന്നത്. പതിമൂന്ന് കൃതികളുടെ രചയിതാവാണ് ശ്രീനാഥ. പ്രസിദ്ധ താര്‍ക്കികനായ ഗൗഡ ഡിണ്ഡിമഭട്ടനെ തോല്പിച്ച പണ്ഡിതനായിരുന്നു ഇദ്ദേഹം. ഹരവിലാസമാണ് ശ്രീനാഥന്റെ മികച്ച കൃതികളിലൊന്ന്. പല്‍നാടി വീരചരിത്ര ശ്രീനാഥയുടെ പരമോത്കൃഷ്ട കൃതിയാണ്. ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനാഥ. അദ്ദേഹം പണ്ഡിതന്മാരെ വാദങ്ങള്‍ കൊണ്ട് അമര്‍ത്താനും സാധാരണക്കാരെ നേരമ്പോക്കുകൊണ്ട് ഉണര്‍ത്താനും വൈദഗ്ധ്യമുള്ള കവി ആയിരുന്നു. പ്രേമത്തിന് പ്രധാന സ്ഥാനമുണ്ടായിരുന്നു ഇദ്ദേഹത്തിന്റെ കൃതികളില്‍. ശിവരാത്രിമാഹാത്മ്യം, ശൃംഗാര നൈഷധം, ദാരുകാവനവിഹാരം, ഹാലാഹലഭക്ഷണം, കിരാതാര്‍ജുനീയം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍.

പോതന

ശ്രീഹര്‍ഷന്റെ സുപ്രസിദ്ധ സംസ്കൃത മഹാകാവ്യമായ നൈഷധത്തിന്റെ വിവര്‍ത്തനമാണ് ശൃംഗാര നൈഷധം. പില്ക്കാല പ്രബന്ധങ്ങള്‍ക്ക് അതൊരു മാതൃകയായിത്തീര്‍ന്നു. നളന്റെയും ദമയന്തിയുടെയും പരിണയമാണ് അതിലെ ഇതിവൃത്തം. ഗുണ്ടൂര്‍ ജില്ലയിലെ പല്നാടുവിലെ വീരന്മാരുടെ പരാക്രമങ്ങളാണ് ദ്വിപദിവൃത്തനിബദ്ധമായ പല്നാടിവീര ചരിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ തെലുഗുവില്‍ വളരെ പ്രചാരമുള്ള നിരവധി ചാടു (സാന്ദര്‍ഭിക) കവിതകളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാഷാ ശൈലി സംസ്കൃത പ്രചുരമെങ്കിലും നിരര്‍ഗളപ്രവാഹമാണ്. ശ്രീനാഥയുടെ കാവ്യരീതിക്ക് ഒരു ഭാഗം ഉദാഹരിക്കുന്നു. 'മഹാമേരു പര്‍വതത്തില്‍ നിന്നിറങ്ങി സ്വര്‍ഗംഗയില്‍ കുറെനേരം നീന്തിക്കുളിച്ചശേഷം ഞങ്ങള്‍ ശീതളമായ സുവര്‍ണപക്ഷങ്ങള്‍ കൊണ്ട് ഉഷ്ണകാലത്ത് ചാമരം കൊണ്ട് എന്നപോലെ അദ്ദേഹത്തെ വീശി തണുപ്പിക്കുന്നു.'

പോതനയുടെ മുഖ്യകൃതി ഭാഗവതമാണ്. സംസ്കൃതഭാഗവതത്തെ അവലംബമാക്കി നിര്‍മിച്ച കൃതിയാണിത്. മൂലാതിശായിയാണ് പോതനയുടെ ഭാഗവതമെന്നാണ് പണ്ഡിതപക്ഷം. അക്ഷരാഭ്യാസമുള്ളവര്‍ക്കെല്ലാം പോതനയുടെ ഭാഗവതത്തിലെ ചിലഭാഗങ്ങള്‍ കാണാപ്പാഠമാണ്. ചില ഭാഗങ്ങള്‍ പോതന ഭാഗവതത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചിലത് വിട്ടുകളയുകയും ചെയ്തിട്ടുണ്ട്. ഓരോ കഥയും രസകരമായി ആവിഷ്കരിച്ചിരിക്കുന്നു. ഓരോ ഭാഗവും സ്വയം പൂര്‍ണവുമാണ്. ഭക്തിഭാവഭരിതമാണ് പോതനയുടെ ഭാഗവതം. ശരിയായ വാക്ക് ശരിയായിടത്ത് പ്രയോഗിക്കപ്പെട്ടിരിക്കുന്നു. കാവ്യാത്മകത നിറഞ്ഞു തുളുമ്പുന്നുണ്ട്. പ്രഹ്ളാദ ചരിത്രവും ഗജേന്ദ്രമോക്ഷവും ധ്രുവോപാഖ്യാനവും മറ്റും വെട്ടിത്തിളങ്ങുന്നു. ഗജേന്ദ്രമോക്ഷം പ്രഭാതവേളകളില്‍ ഭക്തജനങ്ങള്‍ ആലപിക്കാറുണ്ട്. രുക്മിണീകല്യാണം തെലുഗുനാട്ടിലെ പെണ്‍കുട്ടികള്‍ക്ക് ഹൃദിസ്ഥമാണ്. അവര്‍ ആ ഭാഗം ഹൃദ്യമായി ആലപിക്കുന്നു. ഭാഗവതത്തിന്റെ മിക്കവാറും ഭാഗം പോതനയാണ് രചിച്ചത്. ചില ഭാഗങ്ങള്‍ ചിതല്‍തിന്നുപോയെന്നും ആ ഭാഗങ്ങള്‍ പിന്നീട് ഇദ്ദേഹത്തിന്റെ ശിഷ്യരോ സ്നേഹിതരോ പൂര്‍ത്തിയാക്കിയതായിരിക്കാമെന്നും പറയപ്പെടുന്നു. പോതന ഈ കൃതി തന്റെ ആരാധനാമൂര്‍ത്തിയായ രാമനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഭോഗിനീദണ്ഡകം, വീരഭദ്രവിജയം എന്നീ കൃതികളും പോതന രചിച്ചതാണെന്നു കരുതപ്പെടുന്നുണ്ട്. തന്റെ ഗുരുക്കന്മാരെക്കുറിച്ച് പോതന ഒന്നും പ്രസ്താവിക്കുന്നില്ല. തന്റേത് 'സഹജപാണ്ഡിത്യ'മാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

അന്നമാചാര്യ തള്ളപ്പാക

ഈ കാലത്തെ മറ്റൊരു ശ്രദ്ധേയനായ കവിയാണ് വിക്രമാര്‍ജുന കര്‍ത്താവായ ജക്കന (14-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം). ആ കാലത്ത് അദ്ഭുത കര്‍മങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന താത്പര്യമാണ് ഈ ആഖ്യാനകാവ്യം ചൂണ്ടിക്കാണിക്കുന്നത്. ഇതിലെ ഋതുവര്‍ണന, ശ്രീകൈലാസ ക്ഷേത്രവര്‍ണ, ആഖ്യാനം എന്നിവ സ്തുത്യര്‍ഹമാണ്. രസാഭരണം, അസന്തുനിഛന്ദസ്സ്, ഭോജരാജീയം എന്നിവയാണ് അന്നമചാര്യയുടെ (1400-55) പ്രധാന കൃതികള്‍. ഭോജരാജീയത്തില്‍ ഭോജരാജാവിനെപ്പറ്റിയുള്ള പല കഥകളും ഉണ്ട്. ആന്ധ്രയില്‍ വളരെ പ്രചാരമുള്ളതാണ് ഇതിലെ ഗോവ്യാഘ്രസംവാദം. കരുണരസം നിറഞ്ഞതും സരള മധുരവുമാണ് ഇതിലെ ഭാഷാരീതി. ഹരിശ്ചന്ദ്രോപാഖ്യാനം, നവനാഥചരിത്രം എന്നിവയാണ് ഗൌരനയുടെ (15-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധം) പ്രധാന കൃതികള്‍. തെലുഗുവില്‍ ആദ്യമായി ഹരിശ്ചന്ദ്രചരിതം രചിച്ചത് ഇദ്ദേഹമാണ്. ദ്വിപദവൃത്തനിബദ്ധവും മനോഹരമായ വര്‍ണനകള്‍കൊണ്ട് മോടിപിടിപ്പിച്ചതുമാണ് ഈ കൃതി. സുപ്രസിദ്ധ മീനനാഥനനുള്‍പ്പെയുള്ള ശിവയോഗികളുടെ ചരിതമാണ് നവനാഥത്തിലെ പ്രതിപാദ്യം. പഴഞ്ചൊല്ലുകള്‍ രൂഢിപ്രയോഗങ്ങള്‍, ഫലിതപ്രയോഗങ്ങള്‍ എന്നിവ ഗൗരനയുടെ കൃതിയില്‍ ധാരാളം കാണാം. കാലകൌശികയുടെയും വഞ്ചകപുരോഹിതന്റെയും കഥകള്‍ കവിയുടെ ഫലിതപ്രയോഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

പില്ലലമര്‍റി പിനവീരഭദ്ര 15-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന ഗണനീയനായ ഒരു കവിയാണ്. ശൃംഗാരശാകുന്തളലു, ജൈമിനിഭാരതം എന്നിവ അദ്ദേഹത്തിന്റെ ലഭ്യമായ കൃതികളാണ്. ശൃംഗാരശാകുന്തളലുവില്‍ ദുഷ്യന്തന്റെയും ശകുന്തളയുടെയും വിവാഹമാണ് വര്‍ണിക്കുന്നത്. കവി ചില കൂട്ടിച്ചേര്‍ക്കലുകള്‍ അതില്‍ വരുത്തിയിട്ടുമുണ്ട്. ഈ കൃതിയും പില്ക്കാല പ്രബന്ധങ്ങള്‍ക്ക് ഒരു മാതൃകയായിത്തീര്‍ന്നു. വ്യാസശിഷ്യന്മാരിലൊരാളായ ജൈമിന രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന മഹാഭാരതം അശ്വമേധത്തിന്റെ പരിഭാഷയാണ് ജൈമിന ഭാരതം. ഭീമനും അര്‍ജുനനും അശ്വമേധയാഗാശ്വത്തെ അനുഗമിക്കുന്നതും വഴിതടയാന്‍ ശ്രമിച്ച ശത്രുക്കളെ തോല്പിക്കുന്നതുമാണ് ഇതിലെ പ്രതിപാദ്യം. പിനവീരഭദ്രയുടെ കാവ്യശൈലി ഈ കൃതിയില്‍ പരിപാകം പ്രാപിച്ചിരിക്കുന്നതു കാണാം. അസാധാരണ സിദ്ധിയുള്ള ഒരു കവിയാണിദ്ദേഹം. തെലുഗുവിലെ ആദ്യത്തെ യുഗ്മകവികളായ നന്ദിമല്ലയയും അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ ഘണ്ഡസിംഗന(15-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം)യും ചേര്‍ന്ന് കൃഷ്ണമിശ്രന്റെ പ്രതിരൂപാത്മക നാടകമായ പ്രബോധചന്ദ്രോദയം ചമ്പൂരൂപത്തിലാക്കി (1480). മനുഷ്യമനസ്സിലെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും ഒടുവില്‍ തിന്മയ്ക്കു നേരിടുന്ന പരാജയവും ഇതില്‍ വര്‍ണിച്ചിട്ടുണ്ട്. അത്യന്തം സങ്കീര്‍ണമായ ദാര്‍ശനിക ചിന്തകള്‍പോലും വളരെ ലളിതവും വ്യക്തവുമായാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. വരാഹപുരാണമാണ് ഇവരുടെ മറ്റൊരു പ്രധാന കൃതി. ദുര്‍ജയ രാജാവിന്റെയും ഒരു ഭില്ലവനിതയായ അര്‍ജുനികിയുടെയും ഗൗതമമുനിയുടെയും ഗൗരിപരിണയത്തിന്റെയും കഥകള്‍ വളരെ ആകര്‍ഷകമാണ്. ഘണ്ഡസിംഗനയ്ക്ക് മലയമാരുത കവി എന്ന സ്ഥാനപ്പേരും ലഭിച്ചിട്ടുണ്ട്.

അന്നമാചാര്യഗീതം(ചെമ്പു തകിട്

വാസിഷ്ഠ രാമായണത്തിന്റെയും സകല നീതിസമ്മതത്തിന്റെയും കര്‍ത്താവായ മഡികിസിംഗന (15-ാം ശ.), ശ്രീനാഥന്റെ ശിഷ്യനും നാചികേതോപാഖ്യാനത്തിന്റെ കര്‍ത്താവും ആയ ദുഗ്ഗുപ്പള്ളി ദുഗ്ഗന, ദ്വാത്രിംശികയുടെ കര്‍ത്താവായ കൊരവി ഗോപരാജു (1430-80), ചമ്പൂരൂപത്തില്‍ സുപ്രസിദ്ധ പഞ്ചതന്ത്രം വിവര്‍ത്തനം ചെയ്ത ദുബഗുണ്ട നാരായണ കവി, വിഷ്ണുപുരാണം തര്‍ജുമ ചെയ്ത വെന്നലകണ്ഡിസൂരണ എന്നിവരാണ് ഈ കാലത്തെ മറ്റു പ്രധാന കവികള്‍.

മധ്യഘട്ടം

പ്രബന്ധകാലവും (1510-1600) ദക്ഷിണകാലവും (1600-1820) ചേര്‍ന്നതാണ് മധ്യഘട്ടം.

പ്രബന്ധകാലം

തെലുഗുവിലെ ഒരു പ്രധാന സാഹിത്യരൂപമാണ് പ്രബന്ധം. സംസ്കൃതത്തില്‍ നിന്നു വ്യത്യസ്തമായി മറ്റൊരര്‍ഥമാണ് തെലുഗുവില്‍ പ്രബന്ധത്തിനുള്ളത്. കഥാവസ്തു പ്രഖ്യാതവും നായകന്‍ ധീരോദാത്തനും പ്രധാനരസം ശൃംഗാരവുമായുള്ള ഒരു പ്രത്യേകതരം കാവ്യമാണിത്. ഗതാനുഗതികമായ 18 വര്‍ണനകള്‍, അഞ്ചോ ആറോ സര്‍ഗങ്ങള്‍, അത്യന്തം പ്രശോഭിതമായ ശൈലി എന്നിവ അതിനുണ്ടായിരിക്കും. കൃഷ്ണദേവരായ(1485-1530)ന്റെ കാലമാണ് പ്രബന്ധകാലഘട്ടമെന്ന് അറിയപ്പെടുന്നത്. അത്യുത്കൃഷ്ടങ്ങളായ പ്രബന്ധങ്ങള്‍ രചിക്കപ്പെട്ട ഈ കാലമാണ് തെലുഗു സാഹിത്യത്തിന്റെ സുവര്‍ണകാലം.

ശ്രീകൃഷ്ണദേവരായ. ഇദ്ദേഹം സംസ്കൃതത്തിലും തെലുഗു ഭാഷയിലും നല്ല പാണ്ഡിത്യം നേടിയിരുന്നു. അനേകം കവികളെ ഇദ്ദേഹം പ്രോത്സാഹിപ്പിക്കുകയുണ്ടായി. കവികളുടെ രക്ഷാധികാരിയായതിനാല്‍ ആന്ധ്രഭോജന്‍ എന്ന പേരില്‍ അറിയപ്പെട്ടു. നല്ലൊരു കവിയായിരുന്ന ഇദ്ദേഹത്തിന്റെ കൃതികള്‍ ഒന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. സംസ്കൃതത്തിലും തെലുഗുവിലും കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന കൃതിയാണ് ആമുക്തമാല്യദ. ആന്ധ്ര നായകനായ കൃഷ്ണദേവരായന് മഹാവിഷ്ണു സ്വപ്നത്തില്‍ ദര്‍ശനം നല്കിയെന്നും സ്വപ്നവേളയില്‍ ആമുക്തമാല്യദ രചിക്കാനാവശ്യപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. വിഷ്ണുചിത്തീയം എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ സര്‍വോത്കൃഷ്ടത സ്ഥാപിക്കുന്ന പല മനോഹര കഥകളും ഇതിലുണ്ട്. വര്‍ണനയിലും കഥാകഥനത്തിലും ആശയാവിഷ്കരണത്തിലും ഇദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന സാമര്‍ഥ്യം അനിതരസാധാരണമാണ്.

കൃഷ്ണദേവരായര്‍

കൃഷ്ണദേവരായരുടെ സഭയില്‍ അഷ്ടദിഗ്ഗജങ്ങള്‍ എന്ന പേരില്‍ എട്ട് കവികളുണ്ടായിരുന്നു.

1.മനുചരിത്രം എഴുതിയ അല്ലസാനി പെദ്ദന

2.പാരിജാതാപഹരണ കര്‍ത്താവായ നന്ദിതിമ്മന

3.രാമാഭ്യുദയ കര്‍ത്താവായ അയ്യലരാജുരാമഭദ്രഡു

4.കാളഹസ്തീശ്വര ശതക കര്‍ത്താവായ ധൂര്‍ജടി

5.രാജശേഖര ചരിത രചയിതാവായ മദയഗാരിമല്ലന

6.വാസുചരിതം എഴുതിയ ഭട്ടുമൂര്‍ത്തി (രാമരാജ ഭൂഷണ)

7.കലാപൂര്‍ണോദയം രചിച്ച പിംഗളിസൂരണ

8.പാണ്ഡുരംഗ മാഹാത്മ്യം എഴുതിയ തെനാലി രാമകൃഷ്ണ

പിംഗളിസുരനയും രാമരാജഭൂഷണയും കൃഷ്ണദേവരായരുടെ സഭയില്‍ ഉണ്ടായിരുന്നില്ലെന്നും ചിന്തലപൂഡി യെല്ലനയും (രാധാമാധവകര്‍ത്താവ്) കന്ദുകുറിരുദ്രകവി(നിരങ്കുശോപാഖ്യാന കര്‍ത്താവ്)യുമാണ് ഉണ്ടായിരുന്നതെന്നും അഭിപ്രായമുണ്ട്.

പഞ്ചമഹാകാവ്യങ്ങളില്‍ ഏറ്റവും മികച്ച കൃതിയായ മനുചരിത്രം (സ്വരോചിഷമനുസംഭവം) രചിച്ച കവിയാണ് പെദ്ദന. 'തെലുഗു കവിതയുടെ പിതാമഹന്‍' എന്നാണ് കൃഷ്ണദേവരായര്‍ കവിയെ വിശേഷിപ്പിച്ചിരുന്നത്. പ്രായവും പാണ്ഡിത്യവും മഹത്വശക്തിയുമാണ് ഈ പ്രാമുഖ്യങ്ങള്‍ക്കു കാരണം. മാര്‍ക്കണ്ഡേയ പുരാണത്തെ അവലംബമാക്കിയാണ് പെദ്ദന മനുചരിത്രം എഴുതിയത്. മൂലകഥ വിപുലീകരിച്ച് ആറുകാണ്ഡങ്ങളിലായി പെദ്ദന മനുചരിത്രം രചിച്ചു. അലങ്കാരഭരിതമായ ഒരു കൃതിയാണ് മനുചരിത്രം. ഓരോ ശ്ളോകത്തിലും കല്പനകളുണ്ട്. ഭാരതവും ഭാഗവതവും കഴിഞ്ഞാല്‍ ആന്ധ്രയില്‍ ഏറെ പ്രചാരം നേടിയിട്ടുള്ള കൃതിയാണിത്. പെദ്ദന ഹരികഥാസാരം എന്ന വേറൊരു കൃതിയും രചിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. എന്നാല്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.

ഹരിവംശത്തെ അവലംബമാക്കി രചിക്കപ്പെട്ട മനോഹരകൃതിയാണ് നന്ദിതിമ്മനയുടെ പാരിജാതാപഹരണം. കൃഷ്ണനോട് സത്യഭാമ പാരിജാതപുഷ്പം വേണമെന്നു ശഠിക്കുന്നതും കൃഷ്ണന്‍ സ്വര്‍ഗത്തിലെത്തി ഇന്ദ്രനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പാരിജാതവൃക്ഷം കൊണ്ടുവരുന്നതുമാണ് കാവ്യപ്രമേയം. ശൃംഗാരഭരിതവും സുഖപാരായണക്ഷമവുമാണ് ഇതിലെ ആദ്യകാണ്ഡം. കോമളവും മധുരവും സുഖപ്രവാഹവുമാണ് തിമ്മനയുടെ ഭാഷാരീതി. 'മുക്തതിമ്മനര്‍യു മുദ്ദു പലകു' (തിമ്മനയുടെ വാക്കുകള്‍ ഹൃദയാവര്‍ജകമാണ്) എന്ന് തെലുഗുവില്‍ ഒരു ചൊല്ലുതന്നെ ഉണ്ടായിട്ടുണ്ട്.

മദയഗാരിമല്ലന 1515-ന് അടുപ്പിച്ച് രചിച്ച രാജശേഖരചരിതം ഒരു ശ്രേഷ്ഠകൃതിയാണ്. യുദ്ധരംഗങ്ങളിലേക്കു പോകുന്ന കൃഷ്ണദേവരായനെ മല്ലന, അല്ലസ്സാനി പെദ്ദന, നന്ദിതിമ്മന എന്നീ കവികള്‍ അനുഗമിച്ചിരുന്നു. ഹേമധന്വാവിന്റെ മകന്‍ രാജശേഖര രാജകുമാരനും സിന്ധ് രാജാവിന്റെ മകള്‍ കാന്തിമതിയും തമ്മിലുള്ള വിവാഹമാണ് രാജശേഖരചരിതത്തിലെ പ്രതിപാദ്യം. ഹ്രസ്വവും സമിചീനവുമാണ് മല്ലനയുടെ വര്‍ണനകള്‍. സരളമാണ് രചനാരീതി. ധൂര്‍ജടിയുടെ കാളഹസ്തിമാഹാത്മ്യവും കാളഹസ്തീശ്വരശതകവും രസഭാവ ചിത്രീകരണത്തില്‍ മികച്ചു നില്‍ക്കുന്നു. കാളഹസ്തീശ്വരശതകത്തില്‍ അദ്ദേഹം തന്റെ കഴിഞ്ഞ ജീവിതത്തെപ്പറ്റി പശ്ചാത്തപിക്കുകയും രാജാക്കന്മാരുടെ ഗര്‍വത്തെയും വിഷയലമ്പടതയെയും ഭര്‍സിക്കയും ചെയ്യുന്നു. ശിവന് തന്റെ രണ്ടു കണ്ണും സമര്‍പ്പിച്ച തിണ്ണയുടെ കഥയും ശിവന്‍തന്നെ രചിച്ച കവിതയ്ക്കു കുറ്റം കണ്ടെത്തിയ നക്തീരയുടെ കഥയും ധൂര്‍ജടി ഇതില്‍ സമര്‍ഥമായി അവതരിപ്പിച്ചിട്ടുണ്ട്. ധൂര്‍ജടിയുടെ ശൈലി അതീവ ഹൃദ്യവും വര്‍ണന സ്വഭാവസുന്ദരവുമാണ്. അയ്യലരാജുരാമഭദ്രകവിയുടെ രാമാദ്യുദയവും മികച്ച കൃതിയാണ്. രാമായണകഥ അടിസ്ഥാനമാക്കി പ്രബന്ധാനുരൂപമായ പരമ്പരാഗത വര്‍ണനകളോടുകൂടിയാണ് ഇത് രചിച്ചിരിക്കുന്നത്.

സൂരണ (1520-80) തെലുഗു കവിതയ്ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കിയ മഹാകവിയാണ്. തെലുഗു കവികളില്‍ അഗ്രഗണ്യന്‍തന്നെയാണ് അദ്ദേഹം. സംസ്കൃതത്തിലും തെലുഗുവിലും സുരനയ്ക്ക് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു കലാപൂര്‍ണോദയം എന്ന കൃതി കവിതയില്‍ എഴുതപ്പെട്ട മനോഹരമായ ഒരു നോവല്‍ തന്നെയാണ്. ഹരിവംശത്തെ അവലംബമാക്കി രചിച്ച പ്രഭാവതീപ്രദ്യുമ്നം സുരനയുടെ മറ്റൊരു കൃതിയാണ്. അദ്ദേഹത്തിന്റെ ആദ്യകാല കൃതിയാണ് രാഘവപാണ്ഡവീയം. അതേപേരിലുള്ള സംസ്കൃതകൃതിയുടെ ചുവടുപിടിച്ച് രചിച്ച ഒരു മഹാകാവ്യമാണിത്. സൂരണയുടെ പാത്രസൃഷ്ടി, രസാവിഷ്കരണം, മനുഷ്യ മനഃശാസ്ത്രചിത്രണം എന്നിവ കിടയറ്റതാണ്. കാവ്യരീതിക്ക് കലാപൂര്‍ണോദയത്തിലെ ഒരു ഭാഗം ഉദാഹരിക്കുന്നു.

'ശീതളമായ ചന്ദ്രികയുടെ സൗന്ദര്യത്തിന് സൌരഭ്യമുണ്ടെങ്കില്‍, ശീതളവും സുരഭിലവുമായ കര്‍പ്പൂരഖണ്ഡങ്ങള്‍ക്ക് മാര്‍ദവം കൂടിയുണ്ടെങ്കില്‍, ശീതളവും സുരഭിലവും മൃദുലവുമായ മലയാനിലന് മാധുര്യംകൂടിയുണ്ടെങ്കില്‍ - എങ്കില്‍ നമുക്കു വിചാരിക്കാം ഈ കവിയുടെ വാക്കിന് കിടനില്ക്കുന്ന മറ്റൊരു വസ്തുവുണ്ടെന്ന്'.

പാണ്ഡുരംഗ മാഹാത്മ്യം(മുഖപേജ്)

അവധാന കവിതകളിലും നിമിഷകവിതകളിലും വിദഗ്ധനായിരുന്നു രാമരാജഭൂഷണ എന്നുകൂടി പേരുള്ള ഭട്ടുമൂര്‍ത്തി (1500-70). കാവ്യാനുശാസന ഗ്രന്ഥമായ നരസഭൂപാലീയം, നളോപാഖ്യാനം, വാസുചരിത്രം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഒന്നാംകിട പ്രബന്ധങ്ങളില്‍ ഉള്‍പ്പെടുന്ന കൃതിയാണ് വാസുചരിത്രം. പിന്നീട് വന്ന പല കവികളും വാസുചരിത്രത്തെ അനുകരിച്ച് ചിന്നവാസുചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. നളന്റെയും ഹരിശ്ചന്ദ്രന്റെയും കഥ ഒരേസമയം അവതരിപ്പിക്കുന്ന ഈ കാവ്യം കവിയുടെ അതിവിപുലമായ പാണ്ഡിത്യമാണ് വ്യക്തമാക്കുന്നത്. സുപ്രസിദ്ധ കവിയായ തെന്നാലി രാമകൃഷ്ണ ഘടികാചല മഹാത്മ്യം, പാണ്ഡുരംഗ മാഹാത്മ്യം എന്നിങ്ങനെ രണ്ടു മഹാകാവ്യങ്ങള്‍ രചിച്ചു. ശൈവമതത്തെ അനുകരിച്ചുള്ള ഉദ്ഭടാരാധ്യചരിത്രവും ഇദ്ദേഹത്തിന്റേതാണെന്നു പറയപ്പെടുന്നു. ഫലിതമയവും സാന്ദര്‍ഭികവുമാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ആശയ ഗാംഭീര്യത്തിനും രസഭാവാവിഷ്കരണത്തിനും പാത്രചിത്രണത്തിനും വിശ്രുതനാണ് രാമകൃഷ്ണ.

അഷ്ഠദിഗ്ഗജങ്ങള്‍ക്കു പുറമേ മറ്റു നിരവധി കവികളും ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു. താള്ളപാക വംശത്തില്‍പ്പെട്ട വെങ്കടേശ്വകവികള്‍ അനേകം പദ്യകൃതികളും അന്നമാചാര്യ നിരവധി ഭാവഗീതങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ പുത്രന്‍ തിരുമലാചാര്യന്‍ അനേകം കീര്‍ത്തനങ്ങളും ദണ്ഡകങ്ങളും രചിച്ചു. തിമ്മക്ക ദ്വിപദവൃത്തത്തില്‍ സുഭദ്രാകല്യാണം എന്ന മനോഹര കാവ്യം എഴുതി. തിരുമലാചാര്യന്റെ പുത്രന്മാരും കവികളായിരുന്നു. ചിന്നണ്ണ, ചിന്നതിരുമലാചാര്യ എന്നിവരായിരുന്നു മറ്റുചില കവികള്‍. സങ്കുസാല നൃസിംഹകവി (16-ാം ശ.) ആറുസര്‍ഗത്തിലുള്ള കവികര്‍ണരസായനം എന്ന പ്രബന്ധം രചിച്ചു. സാര്‍ഥകവും ഗംഭീരവുമാണ് ഇതിലെ വര്‍ണനകള്‍. ഈ കാലഘട്ടത്തിലെ പ്രമുഖ തെലുഗു കവയിത്രിയാണ് ആതുകൂരിമൊല്ല. ശ്രീരാമഭക്തയായ ഇവര്‍ കാവ്യരൂപത്തില്‍ രാമായണസംഗ്രഹം രചിച്ചു. വെഗലപുഡി വെങ്കയാമാത്യ (ശ്രീകൃഷ്ണ കര്‍ണാമൃതം), കന്ദുകൂരി രുദ്രകവി (നിരങ്കുശോപാഖ്യാനം, ജനാര്‍ദനശതകം, ശൃംഗാരവിജയം), ഛരിഗൊണ്ഡ ധര്‍മന്ന (ചിത്രഭാരതം), ഹരിഭട്ടന്‍ (വരാഹപുരാണം, മത്സ്യപുരാണം), അദ്ദങ്കിഗംഗാധരകവി (തപതീസംവരണോപാഖ്യാനം), സാരംഗു തമയ്യ (വൈജയന്തീവിലാസം), മല്ലാറെഡ്ഡി (സചക്രവര്‍ത്തി ചരിതം, പദ്മപുരാണം) എന്നിവരും ഈ കാലഘട്ടത്തിലെ ശ്രദ്ധേയരായ കവികളാണ്. അച്ചതെനുഗുവില്‍ യയാതി ചരിത്രം രചിച്ച തെലഗന്നയാണ് മറ്റൊരു പ്രധാന കവി.

ദക്ഷിണകാലം

1600 മുതല്‍ 1820 വരെയുള്ള കാലമാണ് ദക്ഷിണകാലമായി അറിയപ്പെടുന്നത്. ഈ കാലത്ത് മധുര, തഞ്ചാവൂര്‍, പുതുക്കോട്ട, ചെഞ്ചി, മൈസൂര്‍ എന്നീ പ്രദേശങ്ങളില്‍ തെലുഗു സാഹിത്യം പുഷ്ടിപ്രാപിച്ചു. ഇവയില്‍ മധുരയും തഞ്ചാവൂരും ആയിരുന്നു സര്‍വപ്രധാനം. ഈ രാജ്യങ്ങളിലെ ഭരണാധികാരികളായ നായകന്മാര്‍ കവികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് തെലുഗു സാഹിത്യം ഇവിടെ പുഷ്ടി പ്രാപിച്ചത്.

നായകന്മാരില്‍ സര്‍വപ്രധാനിയായ രഘുനാഥനായകനാണ് തഞ്ചാവൂര്‍ കവികളില്‍ ശ്രേഷ്ഠന്‍. രാമായണം, വാല്മീകിചരിത്രം, രണ്ടു ദ്വിപദകാവ്യങ്ങള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനം. രാമായണത്തിലെ നാലു സര്‍ഗങ്ങളേ ലഭിച്ചിട്ടുള്ളൂ. വാല്മീകിചരിത്രത്തില്‍ വാല്മീകി മുനി കവിയായതെങ്ങനെ എന്ന് വിവരിച്ചിട്ടുണ്ട്. നളചരിത്രവും അച്യുതാഭ്യുദയവുമാണ് ദ്വിപദകാവ്യങ്ങള്‍. പിതാവിന്റെ ചരിത്രമാണ് അച്യുതാഭ്യുദയത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രഘുനാഥന്റെ സദസ്യകവികളിലെ അഗ്രഗണ്യനാണ് ചേമകൂരി വേങ്കടകവി. സാരംഗനാഥചരിത്രം, വിജയവിലാസമു എന്നിവയാണ് ഇദ്ദേഹത്തിന്റെ കാവ്യങ്ങള്‍. സാരംഗനാഥചരിത്രത്തില്‍ കവിയുടെ നൈസര്‍ഗിക മഹത്ത്വം തെളിഞ്ഞു കാണാം. പഞ്ചമഹാകാവ്യങ്ങളുടെ നിലവാരം പുലര്‍ത്തുന്ന പ്രബന്ധങ്ങളിലൊന്നാണ് വിജയവിലാസം. മഹാഭാരതത്തില്‍ നിന്നെടുത്തിട്ടുള്ള ഈ കഥയില്‍ മനോഹരവര്‍ണനകളും ഉന്നത ആശയങ്ങളും ചേര്‍ത്ത് വിപുലപ്പെടുത്തിയിട്ടുണ്ട്.

രഘുനാഥന്റെ രക്ഷാധികാരത്തില്‍ കഴിയുന്ന മറ്റു രണ്ടു കവികളാണ് കൃഷ്ണധ്വരിയും (1590-1660), കാളകവിയും (1633-73), നൈഷധപാരിജാതം, രഘുനാഥ ഭൂപാലീയം എന്നിവയാണ് കൃഷ്ണധ്വരിയുടെ കാവ്യങ്ങള്‍. അഞ്ചുസര്‍ഗങ്ങളിലുള്ള രാജഗോപാലവിലാസമാണ് കാളകവിയുടെ കൃതി. നിരൂപകര്‍ നന്നയയ്ക്കു സമാനമായ സ്ഥാനമാണ് ഇദ്ദേഹത്തിനും നല്കിയിട്ടുള്ളത്. അന്‍പതു കൃതികളുടെ കര്‍ത്താവാണ് വിജയരാഘവന്‍. ഇവയില്‍ ദ്വിപദികളും ഖണ്ഡകാവ്യങ്ങളും യക്ഷഗാനങ്ങളും ഉള്‍പ്പെടുന്നു. പാദകസഹസ്രം, ലഘുനാഥഭ്യുദയം, ഗോപികാഭ്രമരഗീതം എന്നിവ പ്രധാനമാണ്. വിജയരാഘവ സദസ്സിലെ കവയിത്രിയാണ് രംഗാജമ്മ. എട്ട് ഭാഷകളില്‍ ഇവര്‍ കാവ്യരചന നടത്തിയിരുന്നു. സംഗ്രഹഭാഗവതം, സംഗ്രഹഭാരതം, സംഗ്രഹ രാമായണം, ഉഷാപരിണയം എന്നിവയാണ് പ്രധാന കൃതികള്‍. കുവലാശ്വചരിത്രത്തിന്റെ കര്‍ത്താവായ സവരമുചിന്ന നാരായണയാണ് (1600-60) മറ്റൊരു പ്രധാന കവി. ആഖ്യാനസങ്കേതം, വര്‍ണനയുടെ സ്വാഭാവികത, സംഭാഷണത്തിന്റെ ഔചിത്വം എന്നീ കാര്യങ്ങളില്‍ കലാപൂര്‍ണോദയത്തിനു തുല്യമാണ് ഈ കൃതി. മാധുര്യവും ഒഴുക്കും ഉള്ളതാണ് രചനാരീതി.

മുദ്ദളഗിരിയുടെ സദസ്യ കവിയായ ലിംഗനമഖി കാളേശ്വരകവി (1673-70 - സത്യഭാമാ സാന്ത്വനം, സേനു മാഹാത്മ്യം), പല ശാസ്ത്രങ്ങളിലും വിശാരദനായ ഗണപരവു വേങ്കട കവി (17-ാം ശ. - രാജാവെങ്കടേശ്വര വിലാസം, സര്‍വലക്ഷണ ശിരോമണി), സമുഖം വെങ്കട കൃഷ്ണപ്പനായക (1704-31 - അഹല്യാസംക്രന്തനം, ജൈമിനി ഭാഗവതം), മുദ്ദുപളനി (രാധികാ സാന്ത്വനം), ശേഷം വേങ്കിടപതി (താരാശശാങ്കവിജയം), കുണ്ടൂര്‍ത്തി വെങ്കടാചലപതി (1704-32, മിത്രാവിന്ദപരിണയം) എന്നിവയാണ് മധുരയിലെ പ്രധാന കവികള്‍. സത്യഭാമാ സാന്ത്വനമാണ് സാന്ത്വനകാവ്യങ്ങള്‍ക്കു തുടക്കം കുറിച്ചത്. എല്ലാ ലക്ഷണങ്ങളുടെയും ഒരു വിജ്ഞാനകോശമാണ് പത്ത് ഉല്ലാസങ്ങളുള്ള സര്‍വലക്ഷണ ശിരോമണി. പുതുക്കോട്ട രാജാവായ വിജയരഘുനാഥന്റെ (1730-69) മകന്‍ രായരഘുനാഥനാണ് പുതുക്കോട്ടയിലെ പ്രധാന കവി. അത്യുത്കൃഷ്ട പ്രബന്ധങ്ങളിലൊന്നായ പാര്‍വതീ പരിണയമാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. നവീനാശയങ്ങളും മനോഹര വര്‍ണനകളും കൊണ്ട് ഉത്കൃഷ്ടമാണ് ഈ കാവ്യം. മൈസൂര്‍ രാജാവായ പാലവേകരി കദരീപതി (17-ാം ശ.) രചിച്ച ശുകസപ്തതി വളരെ പ്രസിദ്ധമാണ്. സമകാലിക ജീവിതം വളരെ വിശദമായി ചിത്രീകരിച്ചിട്ടുള്ള ഈ കൃതി പാഴ്സി, ഉര്‍ദു എന്നീ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്ര, തെലുങ്കാന പ്രദേശങ്ങളിലെ ചില കവികളും ഇക്കാലത്ത് ശ്രദ്ധേയമായ പല കൃതികളും രചിച്ചു. 17-ാം ശ.-ത്തിന്റെ മധ്യത്തില്‍ ജീവിച്ചിരുന്ന വെങ്കല നായകന്റെ കൃഷ്ണചരിത്രം, ബഹുലാശ്വരചരിത്രം എന്നിവ പ്രസിദ്ധമാണ്. ബഹുലാശ്വ ചരിത്രത്തില്‍ കൃഷ്ണന്റെ അഭാവത്തില്‍ ഗോപികമാര്‍ക്കുണ്ടാകുന്ന ദുഃഖം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അന്ദുഗുല വെങ്കയ്യയുടെ നരപതിവിജയം, കുമാരധൂര്‍ജടിയുടെ കൃഷ്ണരായവിജയ എന്നിവയാണ് പ്രധാന ചരിത്രകാവ്യങ്ങള്‍. കൃഷ്ണരായവിജയത്തില്‍ വിജയനഗരസാമ്രാജ്യസ്ഥാപനം, ശ്രീകൃഷ്ണരായ നേടിയ വിജയങ്ങള്‍ എന്നിവ വര്‍ണിച്ചിരിക്കുന്നു. കവി സാര്‍വഭൗമനായ കൂചിമഞ്ചി തിമ്മകവി (1700-56) രുഗ്മിണീസ്വയംവരം, ശിവലീലാവിലാസം, രാജശേഖരവിലാസം തുടങ്ങിയ പ്രബന്ധങ്ങളും നിലാസുന്ദരീപരിണയം, രാമായണം എന്നീ 'അച്ചതെനുഗു' കാവ്യങ്ങളും രചിച്ചു. സുഭദ്രാഹരണം, ചന്ദ്രരേഖാവിലാസം എന്നിവയാണ് അദ്ദേഹത്തിന്റെ സഹോദരനായ ജഗ്ഗകവിയുടെ പ്രധാന കൃതികള്‍. എന്നഗു ലക്ഷ്മണ കവി, എലകൂചി ബാലസരസ്വതി, പുഷ്പഗിരി തിമ്മന എന്നിവര്‍ ഭര്‍തൃഹരിയുടെ സുഭാഷിത തൃശതി തെലുഗുവിലേക്കു പരിഭാഷപ്പെടുത്തി. അദിദം സുരകവി കവിജനരഞ്ജനം, രാമലിംഗേശ്വരശതകം, കവിസമസ്യാവിച്ഛേദം തുടങ്ങിയ കൃതികള്‍ രചിച്ചു. മൂന്നു സര്‍ഗങ്ങളില്‍ ചന്ദ്രമതി പരിണയം പ്രതിപാദിച്ചിട്ടുള്ള കവിജനരഞ്ജനമാണ് ഇവയില്‍ പ്രധാനം. ശുദ്ധവും ഹൃദ്യവുമാണ് സുരകവിയുടെ ഭാഷാരീതി.

വേമനപദ്യമുലു(മുഖപേജ്

കനുപര്‍ത്തി അബ്ബയാമാത്യ, കങ്കണ്ടി പാപരാജു, ദിട്ടകവി നാരായണ കവി എന്നിവരാണ് 18-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന ചില പ്രധാന കവികള്‍. കങ്കണി പാപരാജു (1750-1800)വിന്റെ ഉത്തരരാമചരിത്രം, വാല്മീകിയുടെ ഉത്തരകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ചെയ്തിട്ടുള്ളത്. ദിട്ടകവിയുടെ രംഗരായചരിത്രത്തില്‍ റാവുരംഗറാവുവിന്റെ സൈന്യങ്ങളും വിജയരാമരാജുവിന്റെ സൈന്യങ്ങളും തമ്മിലുള്ള തീവ്രമായ യുദ്ധം വര്‍ണിക്കുന്നു. ക്രിസ്തുവുമായി ബന്ധപ്പെട്ടവയാണ് മംഗലകവി ആനന്ദകവിയുടെയും (വേദാന്തരസായനം) പിംഗളി എല്ലാനാര്യയുടെയും (തോദ്യചരിത്രം) കൃതികള്‍. ക്രിസ്തുദേവചരിതവും ഉപദേശങ്ങളുമാണ് വേദാന്തരസായനത്തിലെ ഉള്ളടക്കം. ഈ കാലഘട്ടത്തിലെ പ്രസിദ്ധനായ സന്ന്യാസ കവിയാണ് ശതക കര്‍ത്താവായ വേമന. പല അവസരങ്ങളിലായി അദ്ദേഹം ചൊല്ലിയ കവിതകള്‍ അദ്ദേഹത്തിന്റെ ശിഷ്യരാണ് സഞ്ചയിച്ചിട്ടുള്ളത് (വേമനപദ്യമുലു). രാവണദമ്മീയം അഥവാ ലങ്കാവിജയം എന്ന ദ്വയാര്‍ഥകാവ്യം രചിച്ച പിന്നിപ്രോലു ലക്ഷ്മണ കവിയാണ് മറ്റൊരു പ്രധാന കവി. നിസ്തൂല കൃഷ്ണമൂര്‍ത്തി ശാസ്ത്രി (സര്‍വകാമദാപരിണയമു), മണ്ഡപാകപാര്‍വതീശ്വര ശാസ്ത്രി (വെങ്കട ശൈലനാഥ ദ്വിശതി), ഗോപിനാഥം വെങ്കിട കവി (ഗോപീനാഥ രാമായണം) എന്നിവരാണ് 18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലും 19-ാം ശ.-ത്തിന്റെ ആരംഭത്തിലും ജീവിച്ചിരുന്ന ചില പ്രധാന കവികള്‍. തരിഗൊണ്ഡ വെങ്കമാംബയാണ് ഈ കാലത്തെ പ്രമുഖ കവയിത്രി. വെങ്കടഗിരി ക്ഷേത്ര മാഹാത്മ്യം വര്‍ണിച്ചിട്ടുള്ള വെങ്കടാചല മാഹാത്മ്യമാണ് ഇവരുടെ പ്രധാന കൃതി. തത്ത്വശാസ്ത്രം പ്രതിപാദിക്കുന്ന ജ്ഞാനവാസിഷ്ടം, രാജയോഗം പ്രതിപാദിക്കുന്ന രാജയോഗസാരമു എന്നിവയാണ് ഇവരുടെ മറ്റു കൃതികള്‍. സരളവും സാധാരണ ഭാഷയോട് അടുക്കുന്നതുമാണ് ഇവരുടെ ഭാഷാരീതി.

ജാതപ്രോലു എസ്റ്റേറ്റുകാരനായ സുരഭി മാധവരായലു, വാരംഗലിലെ പരശുരാമപന്തലുവിരഹമൂര്‍ത്തി എന്നിവരാണ് ഈ കാലത്ത് തെലുങ്കാനയില്‍ ജിവിച്ചിരുന്ന പ്രധാന കവികള്‍. സുരഭി മാധവരായലുവിന്റെ ചന്ദ്രികാപരിണയത്തില്‍ ചന്ദ്രികയുടെയും സുചന്ദ്രന്റെയും പ്രേമകഥയാണ് വര്‍ണിച്ചിരിക്കുന്നത്. ഇത് ചിന്നവാസു ചരിത്രം എന്ന പേരിലും അറിയപ്പെടുന്നു. സീതാരാമഞ്ജനേയ സംവാദം എന്ന ദാര്‍ശനിക കൃതിയാണ് ലിംഗമൂര്‍ത്തിയുടെ അറിയപ്പെടുന്ന കൃതി. ആത്മീയ കാര്യങ്ങള്‍ പോലും അനായാസവും നിപുണവുമായി ആഖ്യാനം ചെയ്യാനുള്ള ലിംഗമൂര്‍ത്തിയുടെ വൈദഗ്ധ്യം ഈ കൃതിയില്‍ നിന്നു മനസ്സിലാക്കാം. 1750 മുതല്‍ 1850 വരെയുള്ള കാലത്തെ തെലുഗു സാഹിത്യത്തിന്റെ അപചയകാലമായി നിരൂപകര്‍ കണക്കാക്കുന്നു. ഈ കാലത്ത് കവിതയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെട്ട് അത് വെറും കൃത്രിമമായിത്തീര്‍ന്നു എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.

ആധുനികഘട്ടം

ഇംഗ്ലീഷ് സാഹിത്യം പഠിച്ച തെലുഗു സാഹിത്യകാരന്മാര്‍ പല പരീക്ഷണങ്ങളും നടത്തിനോക്കി. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത എഴുത്തുകാരാകട്ടെ പഴയ രീതിതന്നെ തുടര്‍ന്നു. വീരേശലിംഗം പന്തുലു പുതിയ രീതിയില്‍ നോവല്‍, കഥ, നാടകം, ഉപന്യാസം, ലഘുകവിത, സാഹിത്യ നിരൂപണം, ജീവചരിത്രം, ആത്മകഥ, തുടങ്ങിയവയെല്ലാം രചിച്ചു. എന്നാല്‍ പഴയ രീതി പാടേ ഉപേക്ഷിച്ചതുമില്ല. ഇരുപതാം നൂറ്റാണ്ടില്‍ തെലുഗുവില്‍ ലഘുകവിതകളും ദീര്‍ഘ കവിതകളും രചിക്കപ്പെട്ടു. കാല്പനിക കൃതികള്‍, ഭാവഗീതങ്ങള്‍, കഥാകവിതകള്‍, സങ്കീര്‍ത്തനങ്ങള്‍, വിലാപഗീതങ്ങള്‍, ഹാസ്യാനുകരണങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍, ആദര്‍ശാധിഷ്ഠിത കവിതകള്‍, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് കവിതകള്‍, അധ്യാത്മിക കവിതകള്‍ എന്നിവ കവിതാരംഗത്തെ സമ്പന്നമാക്കി. നോവല്‍, ചെറുകഥ, ചിത്രീകരണങ്ങള്‍, ഉപന്യാസങ്ങള്‍, സാഹിത്യനിരൂപണങ്ങള്‍, യാത്രാവിവരണങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍, ശാസ്ത്രകൃതികള്‍, ജീവചരിത്രങ്ങള്‍, ആത്മകഥകള്‍, കവികളുടെ ജീവചരിത്രങ്ങള്‍ എന്നിവ രചിക്കപ്പെട്ടു. നാടകം, നാടകശാസ്ത്രം, ഹരികഥ എന്നീ ശാഖകള്‍ വളര്‍ന്നു. ബാലസാഹിത്യം, പത്രസാഹിത്യം, നാടോടി സാഹിത്യം എന്നിവയും വളര്‍ച്ച നേടി. കവയിത്രികള്‍ പലരും രംഗപ്രവേശം ചെയ്തു.

കവിത

ആംഗലസാഹിത്യ പരിചയമാണ് തെലുഗു സാഹിത്യത്തില്‍ പല പുതുമകളും വരുത്തിയത്. പുതിയ സാഹിത്യരൂപങ്ങളില്‍ ജീവിതാവിഷ്കരണം നടത്തുന്നതിന് ഈ പരിചയം സഹായകമായി. ഇന്ത്യയിലെ മറ്റു സാഹിത്യങ്ങളിലും ഇത്തരം മാറ്റങ്ങള്‍ ഇതേകാലത്തുതന്നെ കണ്ടുതുടങ്ങി. വീരേശലിംഗം (1848-1919) കാവ്യങ്ങളില്‍ കാവ്യഭാഷതന്നെ സ്വീകരിച്ചു. സാമൂഹികാനാചാരങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാഹിത്യത്തെ ഉപയോഗിച്ച ആദ്യത്തെ വിഖ്യാതകവിയായിരുന്നു ഇദ്ദേഹം. സാഹിത്യത്തെ ഗൗരവമായി കണ്ടു. ആര്‍ഭാടപൂര്‍ണമായ ശൈലിയുടെയും ഭാഷാപരമായ അഭ്യാസപ്രകടനങ്ങളുടെയും വ്യര്‍ഥത മനസ്സിലാക്കി. എന്നാല്‍ ഒരു പുതിയ കവിതാരൂപവും സൃഷ്ടിച്ചില്ല. ആധുനികവീക്ഷണഗതിയുള്ള പാരമ്പര്യവാദിയായ കവിയായിരുന്നു ഇദ്ദേഹം. സി.ആര്‍. റെഡ്ഡിയുടെ മുസലമ്മമരണമുവിലും ആധുനിക കവിതയുടെ ലാഞ്ഛനകള്‍ കാണാന്‍ കഴിയും.

ഈ കാലഘട്ടത്തില്‍ കവിതകള്‍ രചിച്ച ഗുര്‍ജാഡ വെങ്കട അപ്പാറാവു(1848-1919)വും റായപ്രോലു സുബ്ബറാവു(ജ.1892)വും ആണ് പുതിയ പ്രവണതകളുടെ ഉപജ്ഞാതാക്കള്‍ എന്നു പറയാം. രായപ്രോലുവിന്റെ കവിതകള്‍ക്കാണ് കൂടുതല്‍ അംഗീകാരം ലഭിച്ചത്. കുറേക്കാലം കഴിഞ്ഞപ്പോള്‍ ആധുനികകാലത്തെ സംബന്ധിച്ചിടത്തോളം 'യുഗകര്‍ത്താവാ'യി അംഗീകരിക്കപ്പെട്ടത് അപ്പാറാവുവാണ്.

അപ്പാറാവു മാതൃഭൂമിയെ ഏറെ സ്നേഹിച്ചിരുന്നു. എന്നാല്‍ സങ്കുചിതമായ പ്രാദേശിക ചിന്ത ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ കൃതികളില്‍ പ്രകടമായിരിക്കുന്നു. അപ്പാറാവുവിന്റെ ദേശസ്നേഹം 'ദേശഭക്തി' എന്ന കവിതയില്‍ വെളിപ്പെടുന്നു. 'മുത്യാലസരമുലു' (Garland) എന്ന കവിതയില്‍ ലോകം മുഴുവന്‍ ഒരു വീടാണെന്നും വര്‍ണത്തെ ആധാരമാക്കിയുള്ള വിശ്വാസങ്ങളെല്ലാം ഇല്ലാതാക്കണമെന്നും സ്നേഹത്തിന്റെ ഫലം ആനന്ദമാണെന്നും വ്യക്തമാക്കുന്നു. കാവ്യരീതിക്ക് ഒരുഭാഗം നോക്കുക:

'സമസ്തലോകവുമൊരു വീടായാല്‍

വര്‍ഗവരമ്പുകള്‍ മാഞ്ഞു മറഞ്ഞാല്‍

സീമയെഴാത്തൊരു സ്നേഹത്തില്‍ നി

ന്നാനന്ദങ്ങള്‍ പൊട്ടിവിരിഞ്ഞാല്‍,

മതങ്ങള്‍ സര്‍വ്വവുമപ്പോള്‍ മായും,

ജ്ഞാനം മാത്രം തെളിഞ്ഞു മിന്നും;

മാനവര്‍ നമ്മള്‍ കിനാവു കാണും

നാകസുഖങ്ങള്‍ ഭൂമിയിലെത്തും'

ലവണരാസുകാല എന്ന കൃതിയില്‍ ശിഷ്ടര്‍, ദുഷ്ടര്‍ എന്നിങ്ങനെ രണ്ടു ജാതിക്കാരാണ് മനുഷ്യര്‍ എന്നു പറയുന്നു. നല്ലവര്‍ തൊട്ടുകൂടാത്തവരാണെങ്കില്‍ തൊട്ടുകൂടാത്തവനാകാനാണ് തന്റെ ആഗ്രഹമെന്നും ഇദ്ദേഹം പ്രഖ്യാപിക്കുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല കവിതകളില്‍ ഏറ്റവും പ്രസിദ്ധി നേടിയത് പുട്ടടി ബൊമ്മ പൂര്‍ണമ്മയാണ്. ഗുര്‍ജാഡയുടെ കവിതകള്‍ അദ്ദേഹത്തിന്റെ മരണശേഷം 1940-ഓടുകൂടിയാണ് ഏറെ ജനപ്രീതി നേടിയത്. ഇന്ന് ഇദ്ദേഹം ആധുനിക കവിതയുടെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

റായപ്രോലു സുബ്ബറാവു നന്നേ ചെറുപ്പത്തില്‍ത്തന്നെ ശ്രീ ശങ്കരന്റെ ഭജഗോവിന്ദം പരിഭാഷപ്പെടുത്തി. തുടര്‍ന്ന് ടെനിസന്റെ ഡോറ വിവര്‍ത്തനം ചെയ്തു. അദ്ദേഹത്തിന്റെ കഷ്ടകമല, സ്വപ്നകുമാരമു, ആന്ധ്രാവലി തുടങ്ങിയ കൃതികള്‍ വളരെ ശ്രദ്ധിക്കപ്പെട്ടു. സുബ്ബറാവുവിന് ഭൂതകാലമാണ് പലപ്പോഴും പ്രചോദനമരുളിയത്. ഇനി തനിക്കൊരു ജന്മമുണ്ടെങ്കില്‍ തെലുഗുതന്നെ ആയിരിക്കണം തന്റെ മാതൃഭാഷയെന്ന് ആഗ്രഹിച്ച കവിയാണ് റായപ്രോലു സുബ്ബറാവു. പ്രകൃതിയെ അദ്ദേഹം അങ്ങേയറ്റം ആരാധിച്ചിരുന്നു. ആന്ധ്രയെ മാത്രമല്ല ഭാരതത്തെയാകെ അദ്ദേഹം സ്നേഹിച്ചു. 'അമലിനശൃംഗാര'ത്തിന് അദ്ദേഹം കവിതകളില്‍ പ്രാധാന്യം കല്പിച്ചു. പരിശുദ്ധപ്രേമത്തെ പല കൃതികളിലും അദ്ദേഹം ചിത്രീകരിക്കുന്നു.

രവീന്ദ്രനാഥ ടാഗൂറിന്റെ കൃതികള്‍ സുബ്ബറാവുവിനെ വളരെയേറെ സ്വാധീനിച്ചിരുന്നു. രൂപനവനീതം എന്ന പ്രതിരൂപാത്മക നാടകത്തിലും മാംസനിബദ്ധമല്ലാത്ത വിശുദ്ധ രാഗത്തിന് പ്രാധാന്യം കല്പിച്ചിരിക്കുന്നു. തൃണകങ്കണത്തിലും പരിശുദ്ധമായ സ്നേഹം തന്നെയാണ് നിറഞ്ഞുനില്ക്കുന്നത്. തെലുഗു കവിതയുടെ ചരിത്രത്തില്‍ പുതിയ അധ്യായമായി മാറിയ ഈ കവിതയുടെ രജതജൂബിലി അളവറ്റ ആഹ്ളാദത്തോടുകൂടി ആഘോഷിക്കപ്പെട്ടു. ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ജനപ്രീതി നേടിക്കൊടുത്തു. ഇങ്ങനെ നൂറ്റാണ്ടു പഴക്കമുള്ള തെലുഗു കവിതയെ ഒരു പുതിയ ദിശയിലേക്ക് തിരിച്ചുവിട്ടെങ്കിലും പരമ്പരാഗത വൃത്തങ്ങള്‍തന്നെയാണ് ഇദ്ദേഹം തുടര്‍ന്നും ഉപയോഗിച്ചത്. റായപ്രോലുവിന്റെ കാല്പനിക കവിതയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അനേകം കവികള്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു.

തിരുപ്പതി വെങ്കിട കവുളു എന്നറിയപ്പെടുന്ന ദിവാകര്‍ല തിരുപ്പതിശാസ്ത്രി(1871-1919)യും ചെല്ലപ്പിള്ള വേങ്കടശാസ്ത്രി (1870-1950)യും അഭ്യസ്തവിദ്യരും നിരക്ഷരരുമായ ജനങ്ങള്‍ക്കിടയില്‍ കവിതയ്ക്ക് ഒരുപോലെ പ്രചാരം നേടിക്കൊടുത്തു. തിരുപ്പതി വെങ്കിടേശ്വരന്മാര്‍ തെലുഗു സാഹിത്യ കുതുകികളുടെ ആദരവ് നേടിയിരുന്നു. വെങ്കിടശാസ്ത്രി ആദ്യത്തെ ആസ്ഥാനകവിയായി. വെങ്കിടേശ്വര കവികള്‍ ധാരാളം നാടകങ്ങളും കവിതകളും രചിച്ചു. ഇവര്‍ എഴുതിയ ശ്രവണാനന്ദം എന്ന കാവ്യം വണ്ടി ഉരുട്ടുന്നവര്‍ പോലും ആലപിച്ചിരുന്നു. ഇവരുടെ ദേവീഭാഗതവും ബുദ്ധചരിതവും മികച്ച കൃതികളാണ്. തിരുപ്പതിവേങ്കട കവികളില്‍ പഴയ കവിത അവസാനിക്കുകയും പുതിയ കവിത തുടങ്ങുകയും ചെയ്യുന്നു. ശതാവധാനികള്‍ ആയിരുന്നു ഈ കവികള്‍. ഇവരുടെ ആശു കവിത (ദ്രുതകവിത) സാധാരണക്കാരെ ആകര്‍ഷിച്ചു. വേലൂരി ശിവരാമശാസ്ത്രി (1892-1964), വിശ്വനാഥ സത്യനാരായണ (1895-1976), പിംഗളിലക്ഷ്മീകാന്തം (1893-1972), കടൂരി വെങ്കടേശ്വര റാവു (1895-1962) തുടങ്ങിയ അക്കാലത്തെ അനേകം കവികള്‍ അവരുടെ ശിഷ്യത്വം സ്വീകരിച്ചു. ആധുനിക കവിതയുടെ മുഖ്യസവിശേഷതകളില്‍ ഒന്നായ ശൈലീപരമായ ലാളിത്യം ഇവരുടെ കവിതകളില്‍ സുലഭമായി കാണാം. ഇവര്‍ അനുവര്‍ത്തിച്ചിട്ടുള്ള സംഭാഷണശൈലി കവിതകള്‍ക്ക് വശ്യതയും പ്രസന്നതയും പ്രദാനം ചെയ്തിട്ടുണ്ട്. ലക്ഷ്മീ നരസിംഹം (1857-1946), പാനുഗണ്ടി ലക്ഷ്മീ നരസിംഹറാവു (1865-1940), ബലിജേപ്പള്ളി ലക്ഷ്മീകാന്തം (1881-1953), വേദം വെങ്കിടരായശാസ്ത്രി (1853-1929), വഡ്ഡാദി സുബ്ബരായ (1854-1938), ധര്‍മവരം രാമകൃഷ്ണമാചാര്യലു (1853-1912) തുടങ്ങിയവരായിരുന്നു ഈ കാലഘട്ടത്തിലെ മറ്റുചില പ്രധാന കവികള്‍. ഇവര്‍ തങ്ങളുടെ നാടകങ്ങളിലൂടെ കവിതയ്ക്ക് പ്രചാരം നല്കി. ഒന്നു രണ്ട് ദശാബ്ദകാലം ഇവരുടെ നാടകങ്ങള്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുകയുണ്ടായി.

കാല്പനിക കവിത. മറ്റു ഭാരതീയ ഭാഷകളിലെന്നതുപോലെ 1920-40 കളിലെ തെലുഗുവിലും കാല്പനിക പ്രസ്ഥാനം പ്രമുഖ ശക്തിയായിത്തീര്‍ന്നു. കാല്പനിക കവികളുടെ വസന്തകാലമായിരുന്നു അത്. നവ്യ കവിതയുടെ വളര്‍ച്ചയോടുകൂടി അതിന് ഒരു പേരിടുന്നതിനെപ്പറ്റി ജി. ഹരിസര്‍വോത്തമറാവു പ്രസിദ്ധ പണ്ഡിതനായ ജി.വി. സീതാപതി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുകയും 'ഭാവകവിത്വം' എന്ന പ്രയോഗം പ്രചരിപ്പിക്കുകയും ചെയ്തു. ഭാവകവിതകള്‍ എഴുതുന്നവരെ 'ഭാവകവുലു' എന്നു വിളിക്കാനും തുടങ്ങി. ഭാവകവിത ഗാനയോഗ്യവും ആത്മനിഷ്ഠവും വ്യംഗ്യപ്രധാനവുമാണ്. കവികളെ പാരമ്പര്യരീതിയില്‍നിന്നു മോചിപ്പിച്ച് സ്വതന്ത്രവായു ശ്വസിപ്പിച്ചത് കാല്പനിക കവികളാണ്. അനവധി കവികള്‍ ശ്രവണ മധുരങ്ങളായ അനേകം കവിതകള്‍ രചിച്ചു. ഇപ്രകാരം തെലുഗു കവിതയെ സമ്പന്നതരമാക്കാന്‍ കാല്പനികതയ്ക്കു കഴിഞ്ഞു എന്നതാണ് പ്രത്യേകത. പ്രണയ കവിത, അജപാല കവിത, ദേശാഭിമാന കവിത, മിസ്റ്റിക് കവിത എന്നിങ്ങനെ വേര്‍തിരിച്ചറിയാവുന്ന പല വിഭാഗങ്ങളും ഉണ്ടായി. ഇവയില്‍ പ്രണയകവിതകളാണ് സ്വാഭാവികമായിത്തന്നെ മുന്നിട്ടു നില്ക്കുന്നത്.

അബ്ബൂരി രാമകൃഷ്ണറാവു (1896-1979), ദുവ്വൂരി രാമിറെഡ്ഡി (1895-1947), വേങ്കട പാര്‍വതീശ്വര കവുലു, ഡി.വി. കൃഷ്ണശാസ്ത്രി (1897-1980), അഡിവി ബാപിരാജു (1895-1952), വേദുല സത്യനാരായണ, നന്ദൂരി വെങ്കട സുബ്ബറാവു (1895-1957) തുടങ്ങിയവരാണ് കാല്പനിക പ്രസ്ഥാനത്തെ സമ്പന്നമാക്കിയ പ്രമുഖ കവികള്‍. ഇവരില്‍ ഡി.വി. കൃഷ്ണശാസ്ത്രിയാണ് കാല്പനിക പ്രസ്ഥാനത്തെ ഏറ്റവും ഫലപ്രദമായി വികസിപ്പിച്ച കവി. അദ്ദേഹത്തിന്റെ പേര് ആധുനിക കവിതയുടെ പര്യായമായിത്തീര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനാശൈലി നിരവധി കവികള്‍ അനുകരിച്ചു. കാവ്യരീതിക്ക് എതാനും വരികള്‍ നോക്കുക:

'എന്തിനാണീപ്പൂവുകള്‍ സുരഭിലമാകുന്നു?

എന്തിന്നീയമ്പിളിയില്‍പ്പൂനിലാവു പൂക്കുന്നു?

എന്തിന്നീ ജലമൊഴുകുന്നു?

എന്തിന്നായീക്കാറ്റു വീശുന്നു?

എന്തിന്നായെന്‍ ഹൃദയം

നിന്നെ സ്നേഹിക്കുന്നു?'

കാല്പനികപ്രസ്ഥാനം പുരോഗമിച്ചുകൊണ്ടിരുന്ന ഈ കാലത്തുതന്നെ ബസവരാജു അപ്പറാവു (1894-1933), നന്ദൂരി വേങ്കട സുബ്ബറാവു (1895-1957), കൊനകൊണ്ട വെങ്കടരത്നം (ജ.1909), വിശ്വനാഥ സത്യനാരായണ തുടങ്ങിയ പല പ്രമുഖ കവികളും നിരവധി ഭാവഗീതങ്ങളും രചിക്കുകയുണ്ടായി. പുട്ടപര്‍ത്തി സത്യനാരായണാചാര്യലു (ജ.1915) ജനപ്രിയരാമായണം ഭാവഗീതശൈലിയില്‍ രചിച്ചു. അനേകം പണ്ഡിതന്മാരുടെ ശ്രദ്ധ ആകര്‍ഷിച്ച ഗാനസമാഹാരമാണ് നന്ദൂരി വെങ്കട സുബ്ബറാവിന്റെ യേങ്കിടപാടലു. നാടോടി ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ പ്രണയത്തിന്റെ പല അവസ്ഥാന്തരങ്ങളും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നതു കാണാം.

നാനാമുഖ പ്രതിഭയായ വിശ്വനാഥ സത്യനാരായണയുടെ ഏറ്റവും മികച്ച കൃതിയാണ് രാമായണ കല്പവൃക്ഷമു (ഇതിന് 1973-ല്‍ ജ്ഞാനപീഠ സമ്മാനം ലഭിച്ചു). ഇത് തെലുഗു ഭാഷയ്ക്ക് ഭാരതീയ സാഹിത്യത്തിലെ ഉന്നത പദവി നേടിക്കൊടുത്തു. ഇദ്ദേഹം നിരവധി ദീര്‍ഘ കവിതകളും ലഘുകവിതകളും രചിച്ചിട്ടുണ്ട്. കാല്പനാനിര്‍ഭരങ്ങളും വികാരവായ്പാല്‍ ത്രസിക്കുന്നവയുമായ ഗാനങ്ങളുടെ സമാഹാരമാണ് കിന്നരസാന്നി പാടലു. കിന്നരസാനി പാടലു എന്ന കാവ്യത്തില്‍ ശ്വശ്രുവിനാല്‍ പീഡിപ്പിക്കപ്പെടുന്ന സൗമ്യശീലരായ 'കിന്നര' എന്ന യുവതിയുടെ കഥയാണ് പ്രതിപാദിച്ചിരിക്കുന്നത്. മറ്റു ഗാനങ്ങളില്‍ കിന്നര എന്ന നദിയുടെ (കൃഷ്ണാ ജില്ലയിലെ ഒരു ചെറിയ പുഴ) ജനനം, നടനം, നൃത്തം, പാട്ട്, ദുഃഖം എന്നിവ ചിത്രീകരിച്ചിട്ടുണ്ട്.

കാല്പനിക കവിതകളോടൊപ്പം തന്നെ പാരമ്പര്യവാദികളായ കവികള്‍ നിരവധി പാരമ്പര്യ കാവ്യങ്ങളും രചിച്ചു. ജാതിചിന്ത ബാധിച്ച സമൂഹത്തെ പരിഗണിച്ചുകൊണ്ട് ജി.ജോഷ്വ (1895-1972) രചിച്ച ഗബ്ബിലം, ഫിര്‍ദൌസി; കരുണശ്രി എന്ന പേരില്‍ അറിയപ്പെടുന്ന ജന്ധലാല പാപയ്യശാസ്ത്രി കുന്തിയെയും ബുദ്ധനെയും കേന്ദ്രീകരിച്ചു രചിച്ചിട്ടുള്ള കാവ്യങ്ങള്‍; പിംഗളി ലക്ഷ്മീകാന്തം, കാടൂരി വെങ്കടേശ്വരറാവു എന്നിവരുടെ സൗന്ദര്യനന്ദം; ഗഡിയാരം വെങ്കടശേഷശാസ്ത്രിയുടെ ശിവഭാരതം; എം. സത്യനാരായണയുടെ ആന്ധ്രപുരാണം എന്നിവയാണ് പരമ്പരാഗത വൃത്തത്തില്‍ രചിക്കപ്പെട്ട പ്രധാനപ്പെട്ട ദീര്‍ഘകാവ്യങ്ങള്‍. ഉത്പല സത്യനാരായണ (ജ.1920) ഹൈദരാബാദിനെയും സെക്കന്ദരാബാദിനെയും കുറിച്ച് എഴുതിയിട്ടുള്ള ജണ്ടനഗരാലു എന്ന ആക്ഷേപഹാസ്യ കാവ്യവും ശ്രദ്ധേയമാണ്.

വിലാപകാവ്യങ്ങള്‍. ഇംഗ്ലീഷ് സാഹിത്യവുമായി ബന്ധപ്പെട്ട കവികള്‍ വിലാപകാവ്യങ്ങള്‍ പലതും പരിഭാഷപ്പെടുത്തി. മൗലിക കൃതികളും ഉണ്ടായിട്ടുണ്ട്. വാവിലാലാ വാസുദേവശാസ്ത്രി പിതാവിന്റെ ചരമത്തെക്കുറിച്ച് പിത്രാരാധനമു, ഭാര്യയുടെ വിയോഗത്തെക്കുറിച്ച് രുക്മിണീ സ്മരണമു എന്നീ വിലാപകാവ്യങ്ങള്‍ എഴുതി. വഡ്ഡാദി സുബ്ബരായുഡു പത്നിയുടെ വേര്‍പാടിനെക്കുറിച്ച് സതിസ്മൃതിയും പുത്രന്റെ നിര്യാണത്തെക്കുറിച്ച് സുതസ്മൃതിയും എഴുതി. 20-ാം ശ.-ത്തിന്റെ ആരംഭത്തിലുണ്ടായ വിലാപകാവ്യങ്ങളാണ് പുത്രശോകമു (1902-ബാപ്പയ്യാശാസ്ത്രി), പ്രേയസീസ്മൃതി (1904), മിത്രസ്മൃതി (1910- ഡി. ജഗന്നാഥറാവു) എന്നിവ. ദുവ്വൂരി രാമിറെഡ്ഡി, വിശ്വനാഥ സത്യനാരായണ, മാധവപ്പെദ്ദി ബുച്ചി സുന്ദരരാമശാസ്ത്രി എന്നിവരും ഭാര്യാമരണത്തെക്കുറിച്ച് വിലാപകാവ്യങ്ങള്‍ എഴുതിയിട്ടുണ്ട്. ബസവരാജു അപ്പാറാവു, പെദ്ദിഭട്ട്ല രാമചന്ദ്രറാവു, മാര്‍ക്കണ്ഡേയശര്‍മ, അദ്ദെപ്പള്ളി നാഗഗോപാലറാവു എന്നിവരും പ്രസിദ്ധരായ വിലാപകാവ്യ കര്‍ത്താക്കളാണ്.

ദേശാഭിമാന കവിതകള്‍. ദേശാഭിമാനപരങ്ങളായ പല കവിതകളും ഭാവകവിതകള്‍ക്കു സമാന്തരമായി രചിക്കപ്പെട്ടിട്ടുണ്ട്. ബാലിജെപ്പള്ളി ലക്ഷ്മീകാന്തം, ഗാരിമെല്ലാ സത്യനാരായണ, മാധവപെദ്ദി ബുച്ചി സുന്ദര രാമശാസ്ത്രി തുടങ്ങിയ കവികള്‍ ചെറിയ കവിതകളിലൂടെ ദേശസ്നേഹം വ്യക്തമാക്കി. ഗാരിമെല്ലാ സത്യനാരായണയുടെ കവിതകള്‍ കാട്ടു തീപോലെ പടര്‍ന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ കവിതകള്‍ പാടിയവരും തുറുങ്കിലടയ്ക്കപ്പെട്ടു. അദ്ദേഹത്തിന് തൊഴിലവസരം നിഷേധിച്ചു. കഠിനമായ ദാരിദ്യ്രവും അനുഭവിക്കേണ്ടിവന്നു. ദേശീയഗാനങ്ങള്‍ ധാരാളമായി എഴുതിയ മാധവപ്പെദ്ദി ബുച്ചി സുന്ദരരാമശാസ്ത്രി സ്വന്തം കവിതകള്‍ ഹൃദ്യമായി ആലപിക്കുമായിരുന്നു. അയിത്തത്തിനെതിരായി അദ്ദേഹം ശക്തമായി പോരാടി. മഹാത്മാഗാന്ധിയെക്കുറിച്ച് നൂറു കണക്കിന് ഗീതങ്ങള്‍ രചിച്ചിരുന്നു. സോമരാജു രാമാനുജറാവു, ശ്രീപാദകൃഷ്ണമൂര്‍ത്തി ശാസ്ത്രി, മേറേപ്പള്ളി രാമചന്ദ്രശാസ്ത്രി, അഡിവി ബാപിരാജു, ശിവശങ്കരശാസ്ത്രി, അബ്ബൂരി രാമകൃഷ്ണറാവു, വേദുല സത്യനാരായണശാസ്ത്രി തുടങ്ങിയ കവികള്‍ ദേശഭക്തി കവിതകള്‍ രചിച്ചു. കവയിത്രികളും രംഗത്തെത്തി. പുട്ടപര്‍തി കനകമ്മ കസ്തൂര്‍ബാഗാന്ധിയെ വാഴ്ത്തിക്കൊണ്ട് ഒരു കവിത രചിച്ചു.

ഈ കാലഘട്ടത്തിലെ കവികള്‍ രാഷ്ട്രീയ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ ധീരന്മാരെക്കുറിച്ച് കവിതകള്‍ രചിച്ചു. ദര്‍ഭാക രാജശേഖരശതാവധാനി(1888-1957)യുടെ റാണാപ്രതാപസിംഹചരിത്ര അത്യുജ്ജ്വലമായ ഒരു കാവ്യമാണ്. ഈ കൃതി രാമായണം പോലെ വായിക്കപ്പെടേണ്ടതാണെന്ന് തെലുഗുവിലെ ആദ്യത്തെ ആസ്ഥാന കവിയായ ചെല്ലപിള്ള അഭിപ്രായപ്പെടുകയുണ്ടായി. മുഗളന്മാരുമായി ഏറ്റുമുട്ടിയ പ്രതാപസിംഹന്‍ നയിച്ച ധീരസമരങ്ങളുടെ കഥ പറയുന്ന ഒരു കാവ്യമാണ് ഇത്.

പുരോഗമന കവിത. കാല്പനിക കവികളുടെ ആവര്‍ത്തനവിരസമായ കവിതാരീതിയെ പുരോഗമനവാദികള്‍ എതിര്‍ത്തു. ഛന്ദസ്സിനെയും കവികല്പനകളെയും കുറിച്ചുള്ള പരമ്പരാഗതരീതിയ്ക്കെതിരെ അവര്‍ പോരാടി. മാത്രമല്ല പുരോഗമന കവിതാപ്രസ്ഥാനത്തിനു രൂപംനല്കുകയും ചെയ്തു. യുവകവികളും അതിനെ സ്വാഗതം ചെയ്തു. പുരോഗമന കവികള്‍ കവിതയെ വൃത്തത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്നു സ്വതന്ത്രമാക്കിയിട്ട് മുക്തഛന്ദസ്സ് പ്രയോഗിച്ചു. അവര്‍ ഗദ്യകവിതയെ അനുകൂലിക്കുകയും ചിരപ്രതിഷ്ഠനേടിയ വൃത്തനിബദ്ധമായ പദ്യരൂപത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ശ്രീരംഗം ശ്രീനിവാസറാവു (ശ്രീ.ശ്രീ. - ജ.1910), പട്ടാഭിരാമിറെഡ്ഡി എന്നിവരായിരുന്നു പുരോഗമനവാദത്തിന്റെ പ്രധാന ഉപജ്ഞാതാക്കള്‍. ഈ രംഗത്തെ ആദ്യപരീക്ഷണങ്ങളില്‍ ഒന്നാണ് പട്ടാഭിയുടെ ഫിഡേലു രാഗലഡസന്‍ (ഫിഡിലിന്മേല്‍ ഒരു ഡസന്‍ രാഗങ്ങള്‍) എന്ന കൃതി. കാല്പനിക കവികളെ പുതിയ ബിംബാവലികളിലൂടെ ഈ ആക്ഷേപഹാസ്യകൃതിയില്‍ പരിഹസിച്ചിരിക്കുന്നതുകാണാം. നയാഗരാ കവികളായ ബെല്ലംകൊണ്ട രാമദാസ് (ജ.1923), കുണ്ടൂര്‍ത്തി ആജ്ഞനേയുലു (ജ.1922), എല്ച്ചൂരി സുബ്രഹ്മണ്യം (ജ.1920) എന്നിവരും ഗദ്യകവിതയുടെ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ചിന്താഗതിയിലും ഭാഷയിലും വിപ്ളവം ഉണ്ടാക്കാന്‍ ശ്രമിച്ച കവിയാണ് ശിഷ്ഠലാ ഉമാമഹേശ്വരറാവു. അദ്ദേഹം തന്റെ കവിതയെ വൃത്തനിയമങ്ങളില്‍ നിന്നു സ്വതന്ത്രമാക്കി. അബ്ബൂരി രാമകൃഷ്ണറാവു, ശിവശങ്കരശാസ്ത്രി എന്നിവരും പുതിയ കവികളെ പ്രോത്സാഹിപ്പിച്ചു. തീക്ഷ്ണവും ശക്തവുമായ ഗദ്യം കൈകാര്യം ചെയ്തിരുന്ന കവിയാണ് ഗുഡിപാടി വെങ്കടാചലം (1894-1979). പ്രമുഖ കവിയായ ബി.വി. സിംഗനാര്യ 'വിബ്ഗ്യോര്‍' എന്ന പേരില്‍ നിരവധി വിശിഷ്ട ഗദ്യകവിതകള്‍ രചിച്ചു.

പുരോഗമന കവിതയുടെ മുഖ്യ പ്രചാരകന്‍ ശ്രീ.ശ്രീ.യാണ്. അദ്ദേഹം തെലുഗു കവിതയില്‍ ഒരു പുതുയുഗം തന്നെ സൃഷ്ടിച്ചു. വിദ്യാര്‍ഥികള്‍ക്കിടയിലും സാഹിത്യകാരന്മാര്‍ക്കിടയിലും പുരോഗമന കവിതയ്ക്ക് പ്രചാരമേകിയത് ഇദ്ദേഹമാണ്. ശ്രീരംഗം നാരായണ ബാബു (1906), പുരിപാണ്ഡ അപ്പളസ്വാമി എന്നിവരാണ് പുരോഗമന കവിതയെ പരിപോഷിപ്പിച്ച മറ്റു രണ്ട് കവികള്‍. നാരായണബാബുവിന്റെ രുധിരജ്യോതിയില്‍ ബീഭത്സങ്ങളായ ഒട്ടനവധി നൂതന ബിംബങ്ങള്‍ അണിനിരത്തിയിരിക്കുന്നതു കാണാം. ത്വമേവാഹം (1949), സീനിവാലി (1960) തുടങ്ങിയ നിരവധി കാവ്യങ്ങളുടെ കര്‍ത്താവായ ആരുദ്ര(ജ.1925)യാണ് മറ്റൊരു പ്രമുഖ കവി. പരീക്ഷണകുതുകിയായ ഇദ്ദേഹം സ്വന്തമായ ഒരു കാവ്യശൈലിതന്നെ ആവിഷ്കരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 'കുക്കചമ്പിനബിഡ്ഡ' (നായ കൊന്ന കുഞ്ഞ്) എന്ന കവിത വളരെ പ്രസിദ്ധമാണ്. കാലക്രമേണ കവിതയില്‍ ഇടതുപക്ഷ പ്രവണത ദുര്‍ബലമാവുകയും പുരോഗമന പ്രസ്ഥാനത്തില്‍പ്പെട്ട രചനകള്‍ നിര്‍ജീവങ്ങളാവുകയും ചെയ്തു. കവികള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളിലേക്കും അവര്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളിലേക്കും ശ്രദ്ധതിരിച്ചു. എങ്കിലും പുരോഗമനവാദികളുടെ രചനകളില്‍ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള അവബോധം നിറഞ്ഞുനില്ക്കുന്നതു കാണാം.

ആധുനിക കവികളെ വളരെയേറെ ആകര്‍ഷിച്ച മറ്റൊരു പ്രസ്ഥാനമാണ് മുക്തഛന്ദസ്സ്. 'നയാഗരാ' കവികളില്‍ ഒരാളായ കുണ്ടൂര്‍ത്തിയാണ് ഇതിനുവേണ്ടി ശക്തമായി വാദിച്ച ആദ്യത്തെ കവി. തെലുങ്കാന, ദണ്ഡിയാത്ര എന്നിവയാണ് ഇദ്ദേഹത്തിന്റെ ഛന്ദോമുക്തമായ കാവ്യങ്ങള്‍. ആധുനിക കവികളായ എം. സമോസുന്ദര്‍ (ജ.1924), അരിപിരാല വിശ്വം (ജ.1936), എന്‍. കൃഷ്ണകുമാരി, ജി. ഭാസ്കരറാവു എന്നിവരും ഛന്ദോമുക്തമായ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്.

വിക്ഷുബ്ധരായ ആറ് ചെറുപ്പക്കാര്‍ ദിംഗബരകവികള്‍ എന്ന പേരില്‍ രംഗത്തുവന്നു. ഇവര്‍ ഭൂതകാലസംബന്ധികളെന്നു വിശേഷിപ്പിക്കപ്പെട്ട സകലതിനോടും എതിര്‍പ്പു പ്രകടിപ്പിച്ചു. ക്ളാസ്സിക്കാവ്യങ്ങള്‍, കാല്പനികപ്രസ്ഥാനം, പുരോഗമനപ്രസ്ഥാനം, മുക്തഛന്ദസ്സ് എന്നുവേണ്ട എല്ലാത്തിനെയും ഇവര്‍ നിരാകരിച്ചു. നിലവിലുള്ള വ്യവസ്ഥിതികളില്‍ അസംതൃപ്തരായ ഇവര്‍ പുതിയ വ്യവസ്ഥിതി പടുത്തുയര്‍ത്താമെന്ന് വ്യാമോഹിച്ചു. ജുഗുപ്സാവഹവും സഭ്യേതരവുമായിരുന്നു ഇവരുടെ കാവ്യശൈലി. ഈ കാലഘട്ടത്തിന്റെ തകരാറുകളെപ്പറ്റി ഇവര്‍ വിശദമായി പ്രതിപാദിച്ചു. എന്നാല്‍ ഇവര്‍ക്കും ഒരു പ്രസ്ഥാനമെന്ന നിലയില്‍ നിലനില്ക്കാന്‍ കഴിഞ്ഞില്ല.

പുരോഗമനപരമായ വീക്ഷണഗതി പ്രകടിപ്പിക്കുന്നവരാണ് അത്യാധുനിക കവികളിലധികവും. ഇവരില്‍ ചിലര്‍ ഭാവഗായകരും മറ്റുചിലര്‍ നവക്ളാസ്സിക് പ്രസ്ഥാനക്കാരുമാണ്. വിദ്വാന്‍ വിശ്വത്തിന്റെ (ജ.1915) ധീരസമരം പ്രമേയമാക്കിയിട്ടുള്ള 'ഒകനാഡു' (ഒരുനാള്‍) എന്ന കവിത വൃത്തനിബദ്ധമാണ്. നവക്ളാസ്സിക് പ്രസ്ഥാനത്തിന്റെ മുന്നോടികളായി ബുച്ചി സുന്ദര രാമശാസ്ത്രി (1892-1950), ഏടുകൂറി വെങ്കടനരസയ്യ (1899-1950), ടി. രാമലിംഗേശ്വരറാവു (ജ.1921) തുടങ്ങിയവരുടെ കൃതികളെ കണക്കാക്കാം. പ്രമുഖ കവികളായ ദാശരഥി (1927), സി. നാരായണറെഡ്ഡി (ജ.1930) എന്നിവര്‍ ഒരേസമയം പുരോഗമന കവിതയുടെ അഭിവൃദ്ധിക്കുവേണ്ടി ശ്രമിക്കുകയും നവക്ളാസ്സിക് കവിതയുടെ ആവിര്‍ഭാവത്തിന് കളമൊരുക്കുകയും ചെയ്തിട്ടുണ്ട്. ആന്ധ്രയുടെ ആസ്ഥാനകവിയായ ദാശരഥി ചെറുപ്പകാലത്ത് അഗ്നിവീണ പോലുള്ള വിപ്ളവകവിതകള്‍ രചിച്ചു. പിന്നീട് പരമ്പരാഗത രൂപത്തിലും മുക്തഛന്ദസ്സിലും പദ്യരചന നടത്തി. കവിതാപുഷ്പകം (1966), ആലോചനാലോചനാലു (1975) എന്നിവയാണ് ഇദ്ദേഹത്തിന്റെ ചില പ്രധാന കവിതകള്‍. 1957-ല്‍ പ്രസിദ്ധീകരിച്ച കര്‍പ്പൂരവസന്തരായലുവാണ് സിംഹനാരായണറെഡ്ഡിയുടെ പ്രധാനകൃതി.

കാല്പനികതയും കാവ്യഭാവനയും മുന്നിട്ടുനില്ക്കുന്ന ഈ കൃതി തെലുഗു സാഹിത്യത്തിലെ ഒരു മികച്ച ഗ്രന്ഥമായി കരുതപ്പെടുന്നു. 14-ാം ശ.-ത്തിലെ ആന്ധ്രയുടെ ചരിത്രം ഈ കൃതിയില്‍ വിവരിക്കുന്നു. ചില ചരിത്രസത്യങ്ങളും ഭാവനയും കൂട്ടിക്കലര്‍ത്തിയാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. നൃത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വര്‍ണനകളും ഈ കൃതിയുടെ സവിശേഷതയാണ്. വായനക്കാരും നിരൂപകരും ഒരുപോലെ സഹര്‍ഷം സ്വീകരിച്ച കൃതിയാണിത്. മണ്ടലു മാനവുഡു, മധ്യതരഗതി മന്ദഹാസം തുടങ്ങിയ കൃതികളിലെ കവിതകള്‍ മുക്തഛന്ദസ്സ് രീതിയിലാണ് രചിച്ചിട്ടുള്ളത്. സാര്‍വലൌകിക വീക്ഷണത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ശക്തമായ കാവ്യമാണ് ദത്തുപുത്രിക (1976).

അക്കിരാജു ഉമാകാന്തം

നക്സലൈറ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് ദീര്‍ഘകാലം ഒളിവുജീവിതം നയിച്ച കവിയാണ് ഗദ്ദര്‍ (1947-). ഗ്രാമീണ ജീവിതവുമായി ഇഴുകിച്ചേരുന്ന നിരവധി കവിതകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഗദ്ദറിന്റെ കാവ്യാവിഷ്കാരം കേള്‍ക്കാന്‍ നിരവധി ആസ്വാദകര്‍ തിങ്ങിക്കൂടുമായിരുന്നു. ദ് മ്യൂസിയം ഒഫ് എ ബാറ്റില്‍ഷിപ്പ് എന്ന പേരില്‍ ഗദ്ദറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി സിനിമ ചിത്രീകരിച്ചിട്ടുണ്ട്.

ആധുനിക തെലുഗുകവിത സമ്പന്നവും വൈചിത്യ്രമാര്‍ന്നതുമാണ്. ജനങ്ങളില്‍ സാമൂഹികാവബോധം ജനിപ്പിച്ചതാണ് ആധുനിക തെലുഗുകവിതയുടെ ശ്രദ്ധേയമായ നേട്ടം. ജനാധിപത്യം, സാമൂഹികസമത്വം, സാമ്പത്തികനീതി, മതേതരത്വം എന്നിവയാല്‍ പ്രചോദിതങ്ങളായ ആശയങ്ങള്‍ പ്രാമുഖ്യം നേടിയിരിക്കുന്നു.

നാടോടിപ്പാട്ടുകള്‍. തെലുഗു നാടോടിപ്പാട്ടുകളെക്കുറിച്ചുള്ള പരാമര്‍ശം 11-ാം ശ. തൊട്ടുള്ള കൃതികളിലുണ്ട്. നന്ദിചോഡയും (11-ാം ശ.) പാല്‍ക്കുറികി സോമനാഥയും (12-ഉം 13-ഉം ശ.) നാടോടിപ്പാട്ടുകളെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു. നാടോടിപ്പാട്ടുകളുടെ കൂട്ടത്തില്‍ കല്യാണപ്പാട്ടുകള്‍, ശോകഗാനങ്ങള്‍, ദാര്‍ശനികഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ശിശുഗാനങ്ങള്‍, തൊഴില്‍ സംബന്ധമായ ഗാനങ്ങള്‍ എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. നാടോടിപ്പാട്ടുകളെ സാഹിത്യത്തിന്റെ ഒരു ഭാഗമായി കരുതാന്‍ പണ്ഡിതന്മാര്‍ മടിച്ചിരുന്നു. അവ നാടന്‍ഭാഷയില്‍ രചിക്കപ്പെട്ടവയായിരുന്നു. ആയിരത്തോളം ഗാനങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗാനങ്ങള്‍ ശേഖരിക്കാന്‍ മുന്‍കയ്യെടുത്തത് തെദുനുരി ഗംഗാധരം, എല്ലോറ ഹരിആദിശേഷു, കൃഷ്ണശ്രീ, ബി. രാമരാജു തുടങ്ങിയവരാണ്. ആയിരക്കണക്കിന് ഗാനങ്ങള്‍ നഷ്ടപ്പെട്ടിരിക്കണം. കൃഷ്ണശ്രീ തെലുഗുനാട് മുഴുവന്‍ സഞ്ചരിച്ച് തെലുങ്കാനയിലും റായലസീമയിലും തീരദേശ പ്രവിശ്യകളിലും പ്രചരിച്ചിരുന്ന 187 പാട്ടുകള്‍ ശേഖരിക്കുകയുണ്ടായി. ഹരിആദിശേഷു ജനപദഗേയ വാങ്മയപരിചയമു എന്ന ഗ്രന്ഥം 1954-ല്‍ പ്രസിദ്ധീകരിച്ചു. അതിന് സംസ്ഥാന അവാര്‍ഡും ലഭിക്കുകയുണ്ടായി. 1958-ല്‍ ബി. രാമരാജു തെലുഗു ജനപദഗേയ സാഹിത്യമു

(തെലുഗു നാടോടിപ്പാട്ടു സാഹിത്യം) പ്രസിദ്ധീകരിച്ചു. അതില്‍ ആയിരത്തില്‍പ്പരം നാടോടിപ്പാട്ടുകളുണ്ട്. എല്ലോറ, കൃഷ്ണശ്രീ ആദിശേഷു, നെടുനൂരി ഗംഗാധരം തുടങ്ങിയവര്‍ പ്രസിദ്ധീകരിച്ച നാടോടിപ്പാട്ടുകളടങ്ങിയ ഗ്രന്ഥങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് ബി. രാമരാജു ഇവിടെ പരാമൃഷ്ടമായ ഗ്രന്ഥം രചിച്ചത്. നന്ദിരാജൂചലപതി റാവു സ്ത്രീലപാടലു എന്ന പേരില്‍ സ്ത്രീകളെ സംബന്ധിക്കുന്ന പാട്ടുകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിലുള്ള പാട്ടുകള്‍ പലതും രചിച്ചത് വനിതകളാണ്.

പണ്ഡിതന്മാര്‍ക്ക് നാടോടിപ്പാട്ടുകളില്‍ താത്പര്യമില്ലാതിരുന്നതുമൂലം അവ ആദ്യമൊന്നും അച്ചടിക്കപ്പെട്ടില്ല. സാധാരണ സംഭാഷണത്തിന് ഉപയോഗിച്ചുവന്ന ഭാഷതന്നെയായിരുന്നു നാടോടിപ്പാട്ടുകളിലും പ്രയോഗിച്ചിരുന്നത്. അവ 'ദേശി' വൃത്തങ്ങളില്‍ രചിക്കപ്പെട്ടവയുമായിരുന്നു. സംസ്കൃതവൃത്തങ്ങള്‍ അവയെ സ്വാധീനിച്ചിരുന്നില്ല. ധീരനായകന്മാരെ വാഴ്ത്തുന്ന നാടോടിപ്പാട്ടുകളും ഉണ്ടായിരുന്നു. ശ്രീനാഥ(15-ാം ശ.)യുടെ പാല്‍നാടി വീരചരിത്രയാണ് ആദ്യത്തെ വീരകഥാഗീതി. അക്കിരാജു ഉമാകാന്തം സുദീര്‍ഘമായ അവതാരികയോടുകൂടി ഇതു പ്രസിദ്ധീകരിച്ചു. 1182-ല്‍ നടന്ന പല്‍നാടി യുദ്ധത്തെ ആധാരമാക്കിയാണ് ഈ പാട്ടുകൃതി രചിച്ചത്. കടമരസു എന്ന പ്രമാണിയുടെ കഥ കാവ്യമാക്കി പ്രകാശിപ്പിച്ചത് കൊമനാലാ യെല്ലയ ആണ്. കടമരസുവിന് ഒരു ദേവന്റെ സ്ഥാനമാണ് പില്ക്കാലത്തു ലഭിച്ചത്. ബൊബ്ബിലപാട മറ്റൊരു ജനകീയ കഥാഗീതിയാണ് (ബാലെഡ്). പെദ്ദാദമല്ലേശമാണ് ഇതിന്റെ രചയിതാവ്.

ഗുഹകളും മലകളും താവളമാക്കിക്കൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരായി യുദ്ധം ചെയ്ത 'അലൂരി സീതാരാമരാജൂ' എന്ന ധീരപുരുഷന്റെ കഥ (1921) സുങ്കാരസത്യനാരായണ നാടോടിക്കഥാകാവ്യമായി രചിക്കുകയുണ്ടായി. ഈ കഥാകാവ്യങ്ങളെല്ലാം തന്നെ തംബുരുനാദത്തിന്റെ അകമ്പടിയോടെ ഗായകര്‍ നാടുനീളെ പാടിയിരുന്നു. ആധുനിക രീതിയിലുള്ള ബുര്‍റ കഥ, നാടോടി ഗീതികാവ്യങ്ങളില്‍നിന്ന് രൂപമെടുത്തതാണ്. ബുര്‍റ കഥ ആദ്യമായി രചിച്ചത് സുങ്കാരസത്യനാരായണ ആണ്. നാസര്‍ഷേക്ക് ഈ രംഗത്ത് ഏറ്റവും വിജയിച്ച ഗായകനും രചയിതാവുമാണ്. ഉമാമഹേശ്വര്‍ റാവു, കൃഷ്ണമൂര്‍ത്തി, രാധാരുക്മിണി എന്നിവരും ബുര്‍റ കഥാരംഗത്ത് പ്രസിദ്ധിനേടി. ഹരികഥയും ബുര്‍റ കഥയും കൂടി കലര്‍ത്തി പ്രയോഗിക്കുന്നതില്‍ പ്രയാഗാ നരസിംഹശാസ്ത്രി വൈദഗ്ധ്യം കാട്ടി.

പല കവികള്‍ക്കും നാടോടിപ്പാട്ടുകള്‍ പ്രചോദനമരുളിയിട്ടുണ്ട്. ഗുര്‍ജാഡ അപ്പറാവു, ബസവരാജൂ അപ്പാറാവു, ചിന്താദീക്ഷിതുലു, ദേവുലപ്പള്ളി കൃഷ്ണശാസ്ത്രി, വിശ്വനാഥസത്യനാരായണ, തുരഗവെങ്കടരാമയ്യ, കവികൊണ്‍ഡല വെങ്കടറാവു തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. അഡിവി ബാപിരാജു, നന്ദൂരിവെങ്കട സുബ്ബറാവു, കവികൊണ്ഡല വെങ്കടറാവു എന്നിവര്‍ നാടോടിപ്പാട്ടുകളുടെ മാതൃകയില്‍ ധാരാളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. റ്റി. രാമഞ്ജനേയുലു ബുര്‍റ കഥാരംഗത്ത് വളരെയേറെ അറിയപ്പെടുന്ന ഒരു രചയിതാവാണ്.

ചെറുകഥ

'ചെറുകഥ' എന്ന ആധുനിക സാഹിത്യരൂപം കടന്നുവരുന്നതിനുമുമ്പുതന്നെ തെലുഗുവില്‍ കെട്ടുകഥകളും നീണ്ടകഥകളുമുണ്ടായിരുന്നു. കാശിമജിലികഥലു, പഞ്ചതന്ത്രകഥകള്‍, കഥാസരിത്സാഗരം, തെനാലിരാമന്‍ കഥകള്‍ തുടങ്ങിയവ 'ചെറുകഥ'യുടെ വരവിനു മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പേര്‍ഷ്യന്‍ കഥകളും ജാതക കഥകളും പാലി-പ്രാകൃത കഥകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ആധുനിക രീതിയിലുള്ള ആദ്യത്തെ തെലുഗു ചെറുകഥ 'മാതമന്തി' (Chitchat) ആണ്. ഗുര്‍ജാഡ വെങ്കട അപ്പാറാവു ആണ് ആ കഥ എഴുതിയത്. ത്രിലിംഗ എന്ന പ്രസിദ്ധീകരണത്തിലൂടെ അദ്ദേഹത്തിന്റെ ഏതാനും കഥകള്‍ (1910-11) പുറത്തുവന്നു. ആചണ്ട വേങ്കട സാംഖ്യായനശര്‍മയാണ് തെലുഗുവിലെ ആദ്യത്തെ ചെറുകഥ എഴുതിയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കുറച്ചുകാലത്തിനിടയില്‍ ചെറുകഥാരചന പുരോഗമിച്ചു. ഗുഡിപാഡി വെങ്കടാചലം ('ചലം') അപ്പാറാവുവിന്റെ കഥകളെക്കാള്‍ മികച്ച കഥകള്‍ രചിച്ചു. ഏറെ കഥകള്‍ ചലം എഴുതി. ശക്തമായ ഒരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. സാധാരണ ജീവിതരംഗങ്ങള്‍ തന്നെയാണ് അദ്ദേഹം കഥകളില്‍ പകര്‍ത്തിയത്. നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തായിരുന്ന അദ്ദേഹത്തെ പാശ്ചാത്യ സാഹിത്യം സ്വാധീനിച്ചിരുന്നു.

നോറി നരസിംഹശാസ്ത്രി

ചിന്താദീക്ഷിതുലു വിശ്വസാഹിത്യകാരന്മാരുടെ കഥകളില്‍ നിന്നു പ്രചോദനം നേടിയാണ് കഥാരചന നടത്തിയത്. അദ്ദേഹത്തിന്റെ പല കഥകളിലും ഗ്രാമീണജീവിതം പ്രതിഫലിക്കുന്നു. കുട്ടികള്‍ക്കുവേണ്ടിയും അദ്ദേഹം കഥകള്‍ എഴുതി. 'ശിലാപ്രതിമ' എന്ന കലാസൃഷ്ടി അത്യുജ്ജ്വലമാണ്. ഒരു ബലിയുടെ (നാരീബലി) കഥ ഹൃദയസ്പൃക്കായ രീതിയില്‍ അതില്‍ അവതരിപ്പിച്ചിരിക്കുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ വിശ്വനാഥ സത്യനാരായണയുടെ 'നില്ലണം തിര്‍ച്ചുക്കൊന്ന' ശോകം നിറഞ്ഞു തുളുമ്പുന്ന കഥയാണ്. നോറി നരസിംഹശാസ്ത്രി (190078) മികച്ച ചെറുകഥകള്‍ പലതും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'മറുവിഷയമു' എന്ന കഥ ഒരു ഉജ്ജ്വല കലാസൃഷ്ടിയാണ്. അഡിവി ബാപിരാജുവിന്റെ 'വീണ' വളരെ ഹൃദ്യമായ ഒരു കഥയാണ്. സൗന്ദര്യം, സംഗീതം, സന്തോഷം, ധ്യാനം എന്നിവയാണ് ഈ കഥയുടെ പ്രമേയങ്ങള്‍. 'മെത്ലു' എന്ന കഥയില്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലേക്കു പിടിച്ചുയര്‍ത്തപ്പെടുന്ന ഒരു ദലിത ബാലികയെ അവതരിപ്പിക്കുന്നു. സുരവരം പ്രതാപറെഡ്ഡിയുടെ 'നിരീക്ഷണ' എന്ന കഥ കന്യാകുമാരി പശ്ചാത്തലമാക്കി രചിച്ചതാണ്. കന്യ എന്ന യുവതിയുടെയും മീന്‍പിടിത്തക്കാരനായ ശങ്കരന്റെയും കഥയാണിത്. കന്യാകുമാരിയില്‍ പഴയകാലത്ത് പ്രചരിച്ചിരുന്ന ഒരു കഥയുടെ പശ്ചാത്തലമാണ് 'നിരീക്ഷണ'ത്തിനുള്ളത്. വേലൂരി ശിവരാമശാസ്ത്രി (1892-1967) പ്രാചീനഭാരതത്തില്‍ പ്രചരിച്ചിരുന്ന ചില കഥകളെ ആധാരമാക്കി കലാസുന്ദരമായ കൃതികള്‍ രചിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയുടെ രൂക്ഷതയെക്കുറിച്ചും അദ്ദേഹം കഥകള്‍ എഴുതിയിട്ടുണ്ട്. മല്ലാടി രാമകൃഷ്ണശാസ്ത്രി (1906-65) ഇരൂന്നൂറോളം ചെറുകഥകള്‍ രചിച്ചു. ഗഹനമായ ചിന്തയും ശക്തമായ ഭാവനയും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. മല്ലാടിയുടെ 'ദുമു വുലു' വളരെ രസകരമായ ഒരു കഥയാണ്. കൊടവടി ഗണ്ടി കുടുംബറാവു അദ്ദേഹത്തിന്റെ ചെറുകഥകള്‍ പന്ത്രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ത്രിപുരനേനി ഗോപീചന്ദ് (1910-65) ധാരാളം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. യഥാതഥമായ രീതിയിലാണ് അദ്ദേഹം ജീവിതാവിഷ്കരണം നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ 'ഭാര്യലോണേഉണ്ഡി', 'തന്ദ്രലുകൊടുകുലു' എന്നീ കഥകള്‍ വളരെ രസകരങ്ങളാണ്. 'സമ്പെംഗപുവ്വു' (ചെമ്പകപ്പൂവ്) മൗലികതയുള്ള ഉജ്ജ്വലശില്പമാണ്.

മൊക്കപാടി നരസിംഹശാസ്ത്രി(ജ.1892)യുടെ 'കണ്ണാവിവിണ്ണാവി', 'ആഖരുമാത' തുടങ്ങിയ കഥകള്‍ വളരെ പ്രസിദ്ധങ്ങളാണ്. പല കഥകളും നര്‍മരസം തുളുമ്പുന്നവയാണ്. മുനിമാണിക്യം നരസിംഹറാവു (18981972) ഹാസ്യമയങ്ങളായ കഥകള്‍ പലതും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'വെണ്ഡികണ്വം' (വെള്ളിത്തളിക) വളരെ ഹൃദ്യമാണ്.

ബുച്ചിബാബു എന്ന പേരില്‍ അറിയപ്പെടുന്ന ശിവരാജു വെങ്കട സുബ്ബറാവു ധാരാളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. 'മേടമേട്ട്ലു', 'അടവിനികാച്ചിനവെണ്ണെല', 'നിരന്തരത്രയം', 'ആദ്യന്തലു' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചെറുകഥകളാണ്. ആണ്‍ഡേ നാരായണസ്വാമി നൂറോളം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. 'വ്യത്യാസമുലു', 'സ്നേഹിതുലു', 'ഉപാസനബലമു', 'പുത്രസന്താനമു' തുടങ്ങിയവ അസാധാരണ ചാരുതയുള്ള കഥകളാണ്. ബലിവാഡ കാന്തറാവു (1927) 'അര്‍ധഭാഗലാലോഭിന്നഹൃദയലു', 'ശ്രമികുലു' തുടങ്ങിയ കഥകള്‍ എഴുതിയിട്ടുണ്ട്. 'ലോകം' എന്ന കഥയില്‍ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നു. പന്തുല ശ്രീരാമശാസ്ത്രി (ജ.1922) അറുപതോളം കഥകള്‍ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ബാധ്യത' എന്ന കഥ ഒരു പരീക്ഷണമാണ്. കൊമ്മൂരി വേണുഗോപാലറാവു (ജ.1935) പതിനാറാം വയസ്സില്‍ കഥകള്‍ എഴുതിത്തുടങ്ങി. കൊമ്മൂരികഥലു, പിള്ളദോംഗ, ഇല്ലുകൊണ്ണാഡു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങള്‍. കൊമ്മൂരി പദ്മാവതിദേവി (ജ.1908) ഏതാനും ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. അവര്‍ പത്രപ്രവര്‍ത്തകയും മഹിളാപ്രവര്‍ത്തകയും ആയിരുന്നു. 'പൊഗാഡദണ്ഡാ' എന്ന കഥ വളരെ ഹൃദയസ്പൃക്കാണ്.

ഇല്ലിന്ദല സരസ്വതീദേവി (1915) അനേകം ചെറുകഥകളെഴുതിയിട്ടുണ്ട്. 'പാണ്ഡുഗബഹുമാനം', 'ജാതിരത്നമു' തുടങ്ങിയവ അവരുടെ കഥകളാണ്. നാര്‍ലാ വെങ്കിടേശ്വരറാവുവിന്റെ 'സഭ്യത' എന്ന കഥ പ്രസിദ്ധമാണ്. കനുപര്‍ത്തി വരലക്ഷ്മമ്മ(1896-1970) യുടെ 'ഓട്ടു' എന്ന കഥ മേലേക്കിടയിലുള്ള ചിലരുടെ സംസ്കാരശൂന്യത വെളിപ്പെടുത്തുന്നു. കപ്പഗന്തുല സത്യനാരായണയുടെ 'എവരി കിവരേണ' ഹൃദ്യമായ ഒരു കഥയാണ്. ചെറുകുപള്ളി ജമദഗ്നിശര്‍മയുടെ 'ചിലാക-ഗോരിങ്ക' എന്ന കഥ മറ്റു ജീവികളില്‍നിന്ന് മനുഷ്യന്‍ പഠിക്കേണ്ട കാര്യങ്ങള്‍ ചിത്രീകരിക്കുന്നു. കരുണകുമാര്‍, (കന്ദുകൂറി ആനന്ദം), ഗോരാശാസ്ത്രി (ഗോവിന്ദരാമശാസ്ത്രി) എന്നിവരും നല്ല ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ആലൂരി ബൈരാഗി ഹിന്ദി കഥകള്‍ പലതും വിവര്‍ത്തനം ചെയ്തു. ശ്രീപാദസുബ്രഹ്മണ്യ ശാസ്ത്രി (1891-1951), പാലഗുമ്മി പദ്മരാജു (191583) എന്നിവരും നല്ല കഥാകൃത്തുക്കളാണ്.

തെലുങ്കാനയില്‍ മാഡപാടി ഹനുമന്തറാവു കഥാരചന തുടങ്ങിവച്ചു. അദ്ദേഹം പ്രേംചന്ദിന്റെ കൃതികള്‍ പരിഭാഷപ്പെടുത്തി. ബര്‍ഗുലരംഗനാഥ റാവു ധാരാളം കഥകളെഴുതി. പി.എസ്.ആര്‍. ആഞ്ജനേയശാസ്ത്രി ഗണ്ഡിപദ്ദജീവിതമുലു എന്ന കഥാസമാഹാരം പ്രസിദ്ധപ്പെടുത്തി. നന്ദഗിര ഇന്ദിരാദേവിയും ധാരാളം കഥകള്‍ രചിച്ചു. ഏ.ആര്‍.കൃഷ്ണ, ഭാസ്കരഭട്ട്ലാ കൃഷ്ണറാവു (191866), വെല്‍ഡൂര്‍ത്തി മാണിക്യറാവു (ജ. 1910), ഊടുകുറു രംഗറാവു തുടങ്ങിയവര്‍ ഏറെ കഥകള്‍ എഴുതി. ധരണികോട ശ്രീനിവാസുലു, മുദ്ദവിശ്വനാഥം, അവസരാല സൂര്യറാവു തെന്നേടി സൂരി, അവന്ത്സാ സോമസുന്ദര്‍, അനിസെട്ടി സുബ്ബറാവു തുടങ്ങിയവര്‍ പ്രശസ്തി നേടിയ കഥാകൃത്തുക്കളാണ്. ചാഗണ്ടി സോമയാജലൂ, ശ്രീനിവാസ ശിരോമണി, ശ്രീദേവി, ദിഗുമര്‍ത്തി വെങ്കടരാമറാവു എന്നീ കഥാകാരന്മാരും ശ്രദ്ധേയരാണ്. ഗുണത്തിലും എണ്ണത്തിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് തെലുഗു കഥകള്‍.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രംഗത്തുവന്ന കഥാകാരന്മാര്‍ അവരുടെ കഥാപാത്രങ്ങളെ സാമൂഹിക ശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലാണ് വ്യാഖ്യാനിച്ചത്. ചിലര്‍ ജീവിതപ്രശ്നങ്ങളെ സംബന്ധിച്ച് വിഷാദാത്മകമെങ്കിലും യഥാതഥചിത്രങ്ങള്‍ വരച്ചപ്പോള്‍ മറ്റുചിലര്‍ ശുഭാപ്തിവിശ്വാസപൂര്‍വം ആദര്‍ശാത്മക ചിത്രങ്ങള്‍ രചിച്ചു. ഈ കാലയളവിലെ തെലുഗു ചെറുകഥയില്‍ ഇംപ്രഷനിസവും എക്സ്പ്രഷനിസവും ഉള്‍പ്പെടെ അനേക രീതികള്‍ അവലംബിച്ചുകാണുന്നു. രാവൂരി ഭരദ്വാജ (1927-) ജീവിതം യാഥാര്‍ഥ്യബോധത്തോടെ ചിത്രീകരിച്ചു. മനുഷ്യന്‍ തന്റെ പരിതഃസ്ഥിതികളുടെ സന്താനമാണെന്നു വാദിക്കുന്ന പ്രകൃതിവാദം ഇദ്ദേഹത്തിന്റെ കഥകള്‍ പ്രതിഫലിപ്പിക്കുന്നു. 'പരസ്ഥിതുല വാരസുലു' എന്ന കഥ ഈ ആശയം വിദഗ്ധമായി പ്രതിഫലിപ്പിക്കുന്നു.

ശാരദ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന നടരാജന്‍ (1921-55) യാഥാതഥ്യത്തോടെ പ്രകൃതിവാദ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. 'രക്തസ്പര്‍ശ' ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥയാണ്. ജമദഗ്നിയുടെ (1920-) 'ബല്ലോകി വെല്ലലി', വേലുരി സഹജാനന്ദയുടെ (1920-) 'ജീവിക', പന്തുലശ്രീരാമശാസ്ത്രിയുടെ (1922-) 'കില്ലി ദുക്കാനം' എന്നീ കഥകളും ഈ വിഭാഗത്തിലെ ശ്രദ്ധേയമായ രചനകളാണ്. മധുരാന്തകം രാജാറാം (1930-) മനുഷ്യന്‍ തന്റെ ചുറ്റുപാടുകളുടെ ഉത്പന്നമാണെന്ന വീക്ഷണത്തോട് അനുകൂലിക്കുന്ന ഒരു സാഹിത്യകാരനാണ്. കഥാപാത്രങ്ങളെ യഥാതഥമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കഥകളില്‍ ആദര്‍ശപരതയുടെ സ്വരവും ഉയര്‍ന്നുകേള്‍ക്കാം. 'ജാരുദുമെത്ലു', 'താനുവെലിഗിഞ്ചിന ദീപലു' എന്നിവ രാജാറാമിന്റെ മികച്ച കഥകളാണ്.

സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ പ്രമുഖനായ ഒരു കഥാകാരനാണ് രചകൊണ്ട വിശ്വനാഥശാസ്ത്രി (1922-). രവി ശാസ്ത്രി എന്നപേരില്‍ പ്രസിദ്ധനായ ഇദ്ദേഹം കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളില്‍നിന്നെഴുതുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്ന എക്സ്പ്രഷനിസ്റ്റ് സങ്കേതമാണ് ഉപയോഗപ്പെടുത്തുന്നത്. കഥാപാത്രങ്ങളും അവരുടെ ചിന്താപ്രക്രിയകളുമാണ് അദ്ദേഹത്തിന്റെ മുഖ്യ താത്പര്യ വിഷയം. ഉപബോധാബോധമനസ്സുകള്‍ അദ്ദേഹം വിദഗ്ധമായി പര്യവേക്ഷണം ചെയ്യുകയും പ്രതീകങ്ങളും സര്‍റിയലിസ്റ്റ് ബിംബങ്ങളും സമൃദ്ധമായി ഉപയോഗിക്കുകയും ചെയ്യുന്നു. വിശാഖപട്ടണം ജില്ലയിലെ ദേശ്യഭാഷയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ഇദ്ദേഹത്തിന്റെ ചെറുകഥകള്‍ അനേകം വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'ആകലി', 'ജരിഅഞ്ചുതെല്ലചീര' മുതലായ കഥകള്‍ ഏറെ പ്രസിദ്ധി നേടിയവയാണ്.

ബിണാദേവിയാണ് ഇതേ സങ്കേതത്തില്‍ കഥാരചന നടത്തുന്ന മറ്റൊരു സാഹിത്യകാരി. ബി.റ്റി. സുന്ദരാമ്മ എന്നതാണ് ഇവരുടെ യഥാര്‍ഥ നാമം. സമൂഹത്തിന്റെ ഒരു പരിഛേദത്തില്‍പ്പെട്ട കഥാപാത്രങ്ങളെ ഇവര്‍ തനിമയോടെ അവതരിപ്പിക്കുന്നു. 'പോസ്റ്റുമോര്‍ട്ടം', 'ഡബ്ബു', 'തൊഡിമുലേനിപുവ്വു' എന്നിവയാണ് ഇവരുടെ പ്രസിദ്ധിയാര്‍ജിച്ച ചില കഥകള്‍. ശ്രീകാകുളം പ്രദേശത്തെ ഗ്രാമ്യഭാഷ ഉപയോഗിച്ച് നൂറുകണക്കിനു ചെറുകഥകള്‍ രചിച്ച കഥാകാരനാണ് ബലിവാഡ കാന്തറാവു (1927-). കാവടികുന്തളു, അന്തരാത്മ എന്നിവയാണ് മുഖ്യകഥാസമാഹാരങ്ങള്‍. പല കഥകളും റെയില്‍വേയുടെയും നേവിയുടെയും പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്നു. ധാര്‍മികതയും ഭൌതികനേട്ടങ്ങളും തമ്മിലുള്ള സംഘട്ടനമാണ് ഇവയില്‍ നിലീനമായ പ്രമേയം.

അങ്ഗരവേങ്കട കൃഷ്ണറാവു (1920-), ബാലഗംഗാധര തിലക് (1921-), ബൊമ്മിറെഡ്ഡിപ്പല്ലി സൂര്യറാവു (1923-), സി. രാമചന്ദ്രറാവു (1931-), ആദിവിഷ്ണു (1940-) എന്നിവരുടെ കഥകളിലും മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിനാണ് മുന്‍ഗണന. കൃഷ്ണറാവുവിന്റെ 'തൊഗരുചെത്തു', തിലകിന്റെ 'ദൊങ്ഗ', സൂര്യറാവുവിന്റെ 'ദൊങ്ഗലുന്നാരുജാഗ്രത' മുതലായ കഥകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്. മധ്യവര്‍ഗജീവിതത്തിന്റെ വിവിധ വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആധുനികരില്‍ കല്യാണസുന്ദരി ജഗന്നാഥ്, പൂമാ രമണമൂര്‍ത്തി, ആര്‍.എസ്. സുദര്‍ശനം, ഭാരതീരാമകൃഷ്ണ, ഭമിടി പാടി രാമഗോപാലം, അവസരാല രാമകൃഷ്ണറാവു എന്നിവര്‍ ഏറെ ശ്രദ്ധേയരാണ്. ജഗന്നാഥിന്റെ 'അലരാസപുത്തിലു', രമണമൂര്‍ത്തിയുടെ 'സന്ധ്യാദീപം', 'ഭാനുമതി' രാമകൃഷ്ണയുടെ 'അത്തഗാരികഥലു', ഭമിടിപാടിയുടെ 'വെന്നലനീഡ', രാമകൃഷ്ണറാവുവിന്റെ 'അന്ദചന്ദലകഥ', 'ലളിതസംഗീതം' എന്നീ കഥകള്‍ മധ്യവര്‍ഗജീവിതത്തിന്റെ യഥാതഥ ചിത്രം ആവിഷ്കരിക്കുന്നു. അമരേന്ദ്ര എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സി.എന്‍. ശാസ്ത്രിയുടെ (1924-) 'ത്രിവേണി' എന്ന കഥയില്‍ ഭാരതീയ സ്ത്രീത്വത്തിന്റെ ആത്മസൗന്ദര്യം അനാച്ഛാദനം ചെയ്യുന്നു.

പുരാണം സുബ്രഹ്മണ്യശര്‍മ(1929-)യുടെ 'നീലി' എന്ന കഥയില്‍ വികലാംഗയായ ഒരു യുവതിയുടെ അഭിലാഷങ്ങള്‍ ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നു. മധ്യവര്‍ഗത്തെ സംബന്ധിക്കുന്ന അനേകം കഥകള്‍ രചിച്ച് തെലുഗു സാഹിത്യത്തെ പരിപോഷിപ്പിച്ച സാഹിത്യകാരനാണ് ഇച്ചാപുരപു ജഗന്നാഥറാവു. 'വരമിച്ചിനവേലുപു', 'ചീകടിലോപാരിജാതം', 'ശ്രീമതി സുജാത' തുടങ്ങിയ പല കഥകളും പ്രസിദ്ധമാണ്. 'വരമിച്ചിനവേലുപു' എന്ന കഥ ഭാരതത്തിലെ പരമ്പരാഗത സംസ്കാരത്തിന്റെ മൂല്യം സ്ഥിരീകരിക്കുന്നു. റാവുവിന്റെ മിക്ക ചെറുകഥകളിലും ചെറിയ കോളിളക്കങ്ങള്‍ രൂപംകൊള്ളുകയും പിന്നീട് അവ ശാന്തമാവുകയും ചെയ്യുന്നതു കാണാം.

നര്‍മരസം കലര്‍ന്ന ശൈലിയില്‍ കഥകള്‍ രചിക്കുന്ന മുള്ളപുഡി വേങ്കടരമണയുടെ (1931-) ജനതാ എക്സ്പ്രസ്സ് പ്രധാന ചെറുകഥാ സമാഹാരമാണ്. ഇടത്തരക്കാരുടെ പ്രശ്നങ്ങളാണ് മിക്ക കഥകളിലെയും പ്രമേയം. വാകാടിപാണ്ഡു രംഗറാവുവിന്റെ (1934-) 'അപരാജിതാ', പെദ്ദിഭൊത്ല സുബ്ബരാമയ്യയുടെ (1938-) 'നീലു', കൊണ്ടമുടി രാമചന്ദ്രമൂര്‍ത്തിയുടെ (1937-) 'പാമുലാടിബതുകു' എന്നീ കഥകളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. ക്ഷുദ്രമായ രാഷ്ട്രീയവ്യവഹാരംമൂലം ഗ്രാമജീവിതത്തിലുണ്ടാകുന്ന മലിനീകരണം തുറന്നുകാട്ടുന്ന കഥാകൃത്താണ് താളൂരി നാഗേശ്വരറാവു (1931-). തരംതാണ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഗ്രാമീണജീവിതത്തെ മലീമസമാക്കുന്നതിന്റെ ചിത്രം 'വദ്രംഗിവീരെണ്ണ' എന്ന കഥയില്‍ കാണാം. അമരാവതി കഥകളിലൂടെ പ്രസിദ്ധനായ സത്യം ശങ്കരമഞ്ചി (1935-) തീര്‍ഥാടക കേന്ദ്രമായ അമരാവതിയിലെ ജനങ്ങളുടെ ഭൂതവര്‍ത്തമാനകാല ജീവിതങ്ങള്‍ വരച്ചുകാട്ടുന്നു.

കഴിവുറ്റ അനേകം സ്ത്രീകഥാകൃത്തുകളുടെ അരങ്ങേറ്റവും തെലുഗു കഥാസാഹിത്യത്തെ പരിപോഷിപ്പിക്കുന്നു. കെ. രാമലക്ഷ്മി, വാസിറെഡ്ഡി സീതാദേവി, കൊഡൂരി കൌസല്യാദേവി, ഐ.വി. എസ്. അച്യുതവല്ലി, യദ്ദനപുഡി സുലോചനാറാണി മുതലായവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. മാലതി ചെന്ദൂറിന്റെ 'ശാന്തമ്മ' എന്ന കഥയില്‍ അധഃകൃതരുടെ ജീവിതം ചിത്രീകരിക്കുമ്പോള്‍ മുപ്പലരംഗനായകാമ്മയുടെ 'അമ്മ' എന്ന കഥയില്‍ സാമൂഹികമായ ഒരു സര്‍ഗശക്തിയായി ആവിര്‍ഭവിക്കുന്ന സ്ത്രീയെ അവതരിപ്പിക്കുന്നു. ശുദ്ധമായ തെലുഗു ദേശ്യഭാഷയില്‍ തെലുങ്കാനയിലെ ഗ്രാമീണ വനിതയെ ചിത്രീകരിക്കുന്ന കഥാകാരിയാണ് യശോദാറെഡ്ഡി.

തെലുഗു കഥാരംഗത്തെ പുതിയ ഒരു സംഭവ വിശേഷമാണ് 'നവതരംഗ' സാഹിത്യകാരന്മാരുടെ അരങ്ങേറ്റം. സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരത്തിന് മാനവികതയെ ആശ്രയിക്കുക എന്നതാണ് ഇവരുടെ മുഖ്യ വാദഗതി. കാളിപട്ടണം രാമറാവുവിന്റെ 'യജ്ഞം' ഈ വിഭാഗത്തില്‍പ്പെട്ട കഥയാണ്. സി.എസ്. റാവുവിന്റെ 'ഊരുമടിബതുകുലു', ദോനെപുഡി രാജറാവുവിന്റെ 'കൊത്ത ഡയറി', വി. രാജാറാം മോഹന്‍ റാവുവിന്റെ 'വരദ' എന്നീ കഥകള്‍ നവതരംഗ വിഭാഗത്തില്‍പ്പെട്ടവയാണ്.

ചെറുകഥ ബഹുജനങ്ങള്‍ക്ക് തികച്ചും അഭിഗമ്യമായ ഒരു സുശക്ത കലാമാധ്യമമാണെന്നതിനെപ്പറ്റി തെലുഗു കഥാകാരന്മാര്‍ ബോധവാന്മാരാണ്. മറ്റു സാഹിത്യ ശാഖകളെപ്പോലെ ചെറുകഥയും നിലവിലുള്ള സാമൂഹിക രാഷ്ട്രീയ സ്ഥിതിഗതികളുടെ കടന്നുകയറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

നോവല്‍

നാവല എന്ന പേരാണ് തെലുഗു ഭാഷയില്‍ നോവലിനുള്ളത്. വൈകിപ്പിറന്ന ഒന്നാണ് തെലുഗുനോവല്‍. കഥാസരിത്സാഗരം, ശൂകസപ്തതി, ഹംസവിംശതി തുടങ്ങിയ നീണ്ടകഥകള്‍ നേരത്തേതന്നെ ഉണ്ടായിട്ടുണ്ട്. അവയില്‍നിന്നു വ്യത്യസ്തമായ രീതിയിലാണ് നോവലുകള്‍ രൂപമെടുത്തത്. ഇംഗ്ളീഷ് നോവലുകളുടെ മാതൃകയില്‍ നോവലുകള്‍ എഴുതാനാണ് 19-ാം ശ.-ത്തിന്റെ രണ്ടാം പകുതിയില്‍ ശ്രമം നടന്നത്.

വീരേശലിംഗം പന്തുലുവിന്റെ രാജശേഖര ചരിത്ര (1878) ആണ് തെലുഗുവിലെ ആദ്യനോവലെന്ന് അദ്ദേഹം ആത്മകഥയില്‍ അവകാശപ്പെടുന്നു. എന്നാല്‍ നരഹരിഗോപാലകൃഷ്ണമ്മ ചെട്ടിയുടെ ശ്രീരംഗരാജചരിത്ര(1872)ത്തെയാണ് നിരൂപകര്‍ ആദ്യനോവലായി കണക്കാക്കുന്നത്. സത്യവതിചരിത്ര എന്ന ലഘു നോവലും വീരേശലിംഗത്തിന്റേതാണ്. രംഗരാജചരിത്രയാണ് തെലുഗുവിലെ ആദ്യത്തെ നോവല്‍ എന്ന അഭിപ്രായവുമുണ്ട്. ഗള്ളിവറുടെ സഞ്ചാരകഥകളെ ആധാരമാക്കി സത്യരാജപൂര്‍വദേശയാത്രലു എന്ന കൃതിയും പന്തലു രചിച്ചു. ചിന്താമണി എന്ന പ്രസിദ്ധീകരണത്തിന്റെ ആഭിമുഖ്യത്തില്‍ ഓരോ വര്‍ഷത്തെയും മികച്ച നോവലുകള്‍ക്ക് സമ്മാനങ്ങള്‍ നല്കാന്‍വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തതും വീരേശലിംഗമാണ്. ചിലകമര്‍ത്തിയും ഖണ്ഡവല്ലിയും മികച്ച നോവലിസ്റ്റുകളായി അറിയപ്പെട്ടിരുന്നു. ചിലകമര്‍ത്തി ധാരാളം നോവലുകള്‍ എഴുതി. ചിലകമര്‍ത്തിയുടെ രംഗപ്രവേശത്തോടുകൂടി നോവല്‍രംഗത്ത് ഒരു പുതുയുഗം തുടങ്ങി. ബുലുസു പാപയ ശാസ്ത്രി, രെണ്ടാല വെങ്കടസുബ്ബറാവു, കെ. ലക്ഷ്മി നരസയ്യ എന്നിവരും നല്ല നോവലുകള്‍ രചിച്ചു.

1901-ല്‍ ഒരു ചരിത്രനോവല്‍ പ്രകാശിതമായി - ധരണീപ്രഗഡ വെങ്കടശിവറാവുവിന്റെ ഭുവനമോഹിനി. ഈ ചരിത്ര നോവല്‍ നൂര്‍ജിഹാന്റെ കഥ പറയുന്നു. ചിലകമര്‍ത്തി 'ആന്ധ്രാ സ്കോട്ട്' ആയി വാഴ്ത്തപ്പെട്ടു. തെലുഗുസാഹിത്യകാരന്മാര്‍ക്ക് ചരിത്രനോവലുകള്‍ രചിക്കാനുള്ള ആവേശം പകര്‍ന്നുകൊടുത്തത് ഇദ്ദേഹമാണ്. വേലാലസുബ്ബറാവു, രായസം വെങ്കടശിവഡു, കേതവരപു വെങ്കട ശാസ്ത്രി, ഭോഗരാജൂ നാരായണമൂര്‍ത്തി തുടങ്ങിയവര്‍ ശ്രദ്ധേയങ്ങളായ ചരിത്രനോവലുകള്‍ രചിച്ചു. സാഹിത്യസംഘടനകളുടെ ശ്രമഫലമായും പല നോവലുകള്‍ പുറത്തുവന്നു. ബംഗാളി നോവലുകളുടെ പരിഭാഷകളും പ്രസിദ്ധീകൃതമായി. ആനന്ദമഠം 1907-ലും കപാലകുണ്ഡല 1908-ലും പ്രകാശിതമായി. ഈ കൃതികള്‍ ജനപ്രീതി നേടി

നിരവധി അന്യഭാഷാകൃതികളും വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. ചാഗണ്ടി ശേഷയ്യയാണ് ദുര്‍ഗ്ഗേശനന്ദിനിയുടെ വിവര്‍ത്തകന്‍. ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ നോവലുകള്‍ ജനങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ചക്രപാണി, വേലൂരി ശിവരാമശര്‍മ എന്നിവര്‍ അദ്ദേഹത്തിന്റെ പല കൃതികളും പരിഭാഷപ്പെടുത്തി. ശിവശങ്കരശാസ്ത്രിയും ബംഗാളി നോവലുകള്‍ വിവര്‍ത്തനം ചെയ്തു. ടാഗോര്‍ കൃതികളുടെ തെലുഗു രൂപങ്ങളും പ്രകാശിതമായി. മൌലിക കൃതികളെക്കാള്‍ കൂടുതല്‍ പരിഭാഷകളാണ് പുറത്തു വന്നത്.

ലോകപ്രസിദ്ധങ്ങളായ പല നോവലുകളും തെലുഗുവില്‍ വിവര്‍ത്തനംചെയ്യപ്പെട്ടു. സ്കോട്ട്, വിക്റ്റര്‍ യൂഗോ, അലക്സാണ്ടര്‍ ഡ്യൂമാ എന്നിവരുടെ കൃതികള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. ലേമിറാബ്ലേയുടെ അനുകരണങ്ങളായി വേലൂരി ശിവരാമശര്‍മയുടെ ദിവ്യജീവനമു, കാമേശ്വരറാവുവിന്റെ പ്രേമസുന്ദരി എന്നിവ പുറത്തുവന്നു. ടോള്‍സ്റ്റോയി, ഗോര്‍ക്കി, ചെക്കഫ് തുടങ്ങിയവരുടെ കൃതികളും വിവര്‍ത്തനം ചെയ്യപ്പെട്ടു. ചന്തുമേനോന്റെ ഇന്ദുലേഖയെ അനുകരിച്ചുകൊണ്ട് ഡോഡ്ലാ വെങ്കടരാമിറെഡ്ഡി കലാവതി എന്ന കൃതി പ്രസിദ്ധീകരിച്ചു.

തെലുഗുദേശത്തെ ജനജീവിതം ശരിക്കും പ്രതിഫലിച്ചത് മൌലിക കൃതികളിലാണ്. ഉന്നവ ലക്ഷ്മീനാരായണ (1880-1953) മാലപല്ലി എന്ന നോവലിലൂടെ പ്രസിദ്ധനായിത്തീര്‍ന്നു. ഒരു കൊടുങ്കാറ്റുപോലെയാണ് ഈ കൃതി കടന്നുവന്നത്. തെലുഗു നോവലുകളുടെ കൂട്ടത്തില്‍ ഈ കൃതിക്ക് സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. ആദര്‍ശാത്മകതയുടെ തിളക്കമുള്ള കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളത്. ഇത് ഹരിജനങ്ങളുടെ പ്രശ്നങ്ങള്‍ സമര്‍ഥമായി അവതരിപ്പിച്ചു. മൊക്കപാടി നരസിംഹശാസ്ത്രിയുടെ ബാരിസ്റ്റര്‍ പാര്‍വതീശം എന്ന ഹാസ്യനോവല്‍ ജനശ്രദ്ധയെ ആകര്‍ഷിച്ചതും ഇക്കാലത്താണ്.

പണ്ഡിതനും കവിയും നാടകകൃത്തും ചെറുകഥാകൃത്തുമായ വിശ്വനാഥ സത്യനാരായണ നോവലിസ്റ്റ് എന്ന നിലയിലും പ്രസിദ്ധി നേടി. വേയിപദഗളു ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നോവല്‍. മൂന്ന് തലമുറകളുടെ ചരിത്രമാണ് വേയിപദഗളുവില്‍ അവതരിപ്പിക്കുന്നത്. മാതൃഭൂമിയോടുള്ള സ്നേഹം അദ്ദേഹത്തിന്റെ നോവലുകളില്‍ നിറഞ്ഞുനില്ക്കുന്നു. ചെളിയലികട്ട, ബദ്ദണ്ണസേനാനി, ഏകവീര, ഹാഹാ ഹൂഹൂ, സ്വര്‍ഗനികി നിച്ചേനലു എന്നിവയാണ് ഇദ്ദേഹത്തിന്റെ മികച്ച നോവലുകള്‍.

ആധുനിക ഘട്ടത്തിലെ മൌലികതയുള്ള നോവലിസ്റ്റുകളുടെ കൂട്ടത്തില്‍ സുപ്രധാനമായ സ്ഥാനമാണ് അഡിവി ബാപിരാജു വിനുള്ളത്. ഇംഗ്ളീഷ് നോവലുകളുടെ സ്വാധീനം ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രകടമാണ്. ആന്ധ്ര സംസ്കാരത്തോടുള്ള പ്രതിപത്തി നോവലുകളില്‍ വ്യക്തമാകുന്നു. നാരായണറാവുവാണ് പരമോത്കൃഷ്ട കൃതി. ഹിമബിന്ദുവും ഗോണഗണ്ണറെഡ്ഡിയും ഇദ്ദേഹം രചിച്ച ചരിത്ര നോവലുകളാണ്.

നോറി നരസിംഹശാസ്ത്രി (190078) ആധുനികഘട്ടത്തിലെ മികച്ച നോവലിസ്റ്റാണ്. നാരായണഭട്ടു, രുദ്രമാദേവി, മല്ലറെഡ്ഡി എന്നീ മികച്ച നോവലുകള്‍ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. ടേകുമല്ല രാജഗോപാലറാവു എഴുതിയ ലഘുനോവലുകളാണ് ലളിതയും വിഹംഗയാനവും. അസമര്‍ഥുനി ജീവയാത്ര (റ്റി.ഗോപിചന്ദ്), ചിവരികിമിഗിലെദി (ബുച്ചിബാബു) എന്നീ നോവലുകള്‍ ഉത്തമ കലാസൃഷ്ടികളാണ്.

മുപ്പതുകളിലും നാല്പതുകളിലും നോവല്‍ രചന കച്ചവട പ്രധാനമായി. കൊവ്വാലി ലക്ഷ്മീ നരസിംഹറാവു, ജമ്പാന ചന്ദ്രശേഖരറാവു തുടങ്ങിയവര്‍ ജനപ്രിയ നോവലുകള്‍ എഴുതിയവരാണ്. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, പെറീ മാസണ്‍ തുടങ്ങിയവരുടെ സ്വാധീനമുള്ള കുറ്റാന്വേഷണ നോവലുകള്‍ പലതും ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. മനശ്ശാസ്ത്ര നോവലുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചല്ല രാധാകൃഷ്ണ ശര്‍മ എഴുതിയ ദളവായിരാമപ്പയ്യ ശ്രദ്ധേയമായ ഒരു ചരിത്രനോവലാണ്. ദേവരകൊണ്ട ചിന്നി കൃഷ്ണശര്‍മയുടെ വിജയി, ജി.വി. കൃഷ്ണറാവുവിന്റെ കിലുബൊമ്മലു, ഇല്ലിന്ദ്ര രംഗതായകുലുവിന്റെ രാമമൂര്‍ത്തി തുടങ്ങിയവ ഇക്കാലത്തുണ്ടായ മേന്മയേറിയ നോവലുകളില്‍പ്പെടുന്നു. രാമമൂര്‍ത്തിയില്‍ ഉപ്പുസത്യഗ്രഹത്തിന്റെ നാളുകളാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

ആധുനിക വനിതകളുടെ പ്രശ്നങ്ങള്‍ പലതും വനിതകള്‍ തന്നെ നോവലുകളില്‍ അവതരിപ്പിച്ചു. വാസിറെഡ്ഡി സീതാദേവി, സി. സീതാരാമം, ഡി. കാമേശ്വരി, എം.ജി. സരസ്വതി എന്നിവരുടെ കൃതികള്‍ ഇത്തരത്തിലുള്ളവയാണ്. തൊഴിലില്ലായ്മയുടെ രൂക്ഷത മുളളപൊഡാലു എന്ന നോവലില്‍ നവീന്‍ എന്ന നോവലിസ്റ്റ് ചിത്രീകരിക്കുന്നു. പസുപുലേടി മല്ലികാര്‍ജുന റാവുവിന്റെ പക്ഷുലു എന്ന നോവലില്‍ തെലുങ്കാനയിലെ കഷ്ടപ്പെടുന്നവരുടെ ചിത്രങ്ങളാണുള്ളത്. ജനപ്രിയ നോവലിസ്റ്റായ മാലതി ചെന്ദൂറിന്റെ കൃതികള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആധുനിക തെലുഗു നോവലിസ്റ്റുകളില്‍ പലരും വിശ്വസാഹിത്യകാരന്മാരുടെ കൃതികളുടെ സ്വാധീനവലയത്തിലാണ്. ഡിറ്റക്റ്റീവ് നോവലുകള്‍ തെലുഗുവില്‍ ധാരാളം രചിക്കപ്പെട്ടിട്ടുണ്ട്.

അറുപതുകളിലും എഴുപതുകളിലും അരങ്ങത്തുവന്ന പുതുനോവലിസ്റ്റുകളില്‍ മിക്കവരും സര്‍വകലാശാലകളില്‍നിന്നു പുറത്തുവന്ന ചെറുപ്പക്കാരാണ്. വിദ്യാഭ്യാസംകൊണ്ട് പുതിയ ജീവിത വീക്ഷണം നേടിയ കഥാകാരികളില്‍ സി. ആനന്ദാരാമം, ഡി. കാമേശ്വരി, എം.ജി. സരസ്വതി, കെ. രുക്മിണീദേവി മുതലായവര്‍ ശ്രദ്ധേയരാണ്. കുടുംബത്തിലും സമൂഹത്തിലും പലതരം സങ്കീര്‍ണപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്ന ആധുനിക സ്ത്രീയാണ് ഇവരുടെ നോവലുകളിലെ മുഖ്യകഥാപാത്രം. 1972-ല്‍ ചിട്ടറെഡ്ഡി സൂര്യകുമാരി പ്രസിദ്ധീകരിച്ച പാമുപഗ എന്ന നോവല്‍ എമിലി ബ്രോണ്‍ടിയുടെ വതറിങ് ഹൈറ്റ്സ് എന്ന നോവലിനെ അനുസ്മരിപ്പിക്കുന്നു. വഞ്ചിതയായ ഒരു സ്ത്രീയുടെ ജീവിതം ചിത്രീകരിക്കുന്ന നോവലാണ് എം.ജി. സരസ്വതിയുടെ ആശാലു വേഗിനകാടു (1973). രുക്മിണീദേവിയുടെ നവതമാനവത (1977) മാനവികതയുടെ മഹത്ത്വം എടുത്തുകാട്ടുന്നു. ഒരു മികച്ച നോവലിസ്റ്റ് എന്ന നിലയില്‍ പ്രതിഷ്ഠ നേടിയ ആനന്ദരാമം രചിച്ച സമത, വൈതരണി, അഡവിമല്ലേ എന്നീ നോവലുകള്‍ നിശിത ഹാസ്യാത്മക കൃതികളാണ്.

ഈ കാലയളവിലെ പുരുഷ നോവലിസ്റ്റുകളില്‍ പലരും ജീവിതത്തെ അനുസ്യൂതമായ ഒരു നാടകമായിട്ടാണ് കാണുന്നത്. നവീനിനെപ്പോലെയുള്ള നോവലിസ്റ്റുകള്‍ ജെയിംസ് ജോയ്സിന്റെ ബോധധാരാസങ്കേതം ഉപയോഗിച്ച് നോവലുകള്‍ രചിച്ചു. 1970-ല്‍ പ്രസിദ്ധീകരിച്ച മുള്‍ച്ചെടികള്‍ ഇതിന് ഉദാഹരണമാണ്. യുവജനതയെ ശക്തമായി ബാധിച്ചിട്ടുള്ള തൊഴിലില്ലായ്മപ്രശ്നമാണ് ഈ കൃതിയിലെ ഇതിവൃത്തം. മറ്റൊരു ആധുനികനായ ദാശരഥിരംഗാചാര്യ (1930-) നൈസാം ഭരണകാലത്തും അതിനുശേഷവുമുള്ള തെലുങ്കാനാജീവിതം ചരിത്രരൂപത്തില്‍ അവതരിപ്പിക്കുന്നു. കലയോടും സോഷ്യലിസത്തോടും ആധുനികതയോടും പ്രതിജ്ഞാബദ്ധനായ നോവലിസ്റ്റാണിദ്ദേഹം. തെലുഗു ജീവിതത്തിലെ ദാരിദ്യ്രവും പക്ഷപാതങ്ങളും ചിത്രീകരിക്കുന്ന ജി.വി.കൃഷ്ണറാവുവിന്റെ പാപികൊണ്ടലു (1969) അപൂര്‍ണമായ ഒരു നോവലാണ്. മുനഗചെട്ടു, പ്രേമാകുപഗ്ഗാലു, രാതിമേഡ മുതലായ പ്രസിദ്ധ നോവലുകളുടെ കര്‍ത്താവായ വീരാജി �(1939-) വിഭിന്ന വീക്ഷണകോണുകളിലൂടെ പ്രേമത്തിന്റെ യഥാര്‍ഥ സ്വഭാവം ആരായുന്നു. രംഗാചാര്യയുടെ ചില്ലറദേവുളു, മോദുഗുപുലു, ജനപദം എന്നീ നോവലുകളും ഹിതശ്രീയുടെ അന്തര്‍വാഹിനി (1968), സാമാനുഡി കാമന (1970) എന്നീ രചനകളും പസുപുലേടി മല്ലികാര്‍ജുനറാവുവിന്റെ പക്ഷുലു, കൊണ്ടമുടി ശ്രീരാമചന്ദ്രമൂര്‍ത്തിയുടെ (1936-) കരുണ, പാപംപഡഗനിദ, ദൈവോപാത്തുലു, ചികാട് ലോ ചിരുദീപം, യജ്ഞസമിധാലു എന്നീ നോവലുകളും ജനപ്രീതി ആര്‍ജിച്ചവയാണ്.

കൊര്‍റപാടി ഗംഗാധരറാവുവിന്റെ ലംബോഡോള്ള രാമദാസ് (1970) ആക്ഷേപഹാസ്യാത്മകമായ ഒരു നാടോടി നോവലാണ്. ദേശ്യഭാഷകളുപയോഗിച്ച് നോവലുകള്‍ രചിക്കുന്ന പോറങ്കി ദക്ഷിണാമൂര്‍ത്തിയുടെ വെലുഗുവെണ്ണല ഗോദാവരി (1971) എന്ന നോവലില്‍ ഗോദാവരിയെ അതിന്റെ എല്ലാ സമൃദ്ധിയോടും പോരായ്മകളോടുംകൂടി ചിത്രീകരിക്കുന്നു. പന്യാല രംഗനാഥറാവു (1920-) ഗദ്വാലാതെല്ലചിര എന്ന നോവലില്‍ ഭര്‍ത്താവിനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു അസാധാരണ സ്ത്രീയുടെ ജീവിതം ചിത്രീകരിക്കുമ്പോള്‍ രാമകൃഷ്ണശര്‍മയുടെ (1930-) ലയതപ്പിന ഹൃദയതാലു എന്ന നോവലില്‍ പ്രേമം എന്നത് ഒരു ആജീവനാന്ത ഭക്തിയാണെന്നു സമര്‍ഥിക്കുന്നു. ഏറ്റവുമധികം ജനപ്രീതി നേടിയ നോവലിസ്റ്റ് യെദ്ദനപുഡി സുലോചനാ റാണി (1938-)യുടെ വിജേതാ, മീനാബംഗാരു കലാലു, കീര്‍ത്തി കിരീടാലു, അദിശാപം മുതലായ നോവലുകള്‍ അഭിജാത മധ്യവര്‍ഗത്തിന്റെ കാപട്യങ്ങളെ തുറന്നുകാട്ടുന്ന അതിഭാവുക കഥകളാണ്.

പിലകാ ഗണപതി ശാസ്ത്രിയുടെ (1911-) കശ്മീരപട്ടമഹര്‍ഷി (1969), ആദിവിഷ്ണുവിന്റെ (1936-) രാക്ഷസീ നി പേരു രാജകീയമാ? എന്നീ നോവലുകളും ഇക്കാലത്ത് ജനപ്രീതി ആര്‍ജിച്ചവയാണ്. ഭരണാധികാരികളുടെ വിലക്ഷണതയും മനുഷ്യസ്വഭാവത്തിന്റെ സങ്കീര്‍ണതയും വര്‍ണിക്കാന്‍ പുരാതനങ്ങളായ പശ്ചാത്തലങ്ങളാണ് ഗണപതിശാസ്ത്രി ഉപയോഗപ്പെടുത്തുന്നത്. പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ചുള്ള നിശിതമായ ആക്ഷേപഹാസ്യമാണ് ആദിവിഷ്ണുവിന്റെ നോവലില്‍ കാണുന്നത്. മറ്റൊരാധുനികനായ രാവൂരി ഭരദ്വാജയുടെ പാകുഡുരാള്ളൂ എന്ന നോവലില്‍ സിനിമാലോകത്തെയാണ് ചിത്രീകരിക്കുന്നത്. അശുഭവിശ്വാസിയായി അറിയപ്പെടുന്ന ബലിവാഡ കാന്തറാവു അനേകം നോവലുകള്‍ രചിച്ചിട്ടുണ്ട്. ഗാര്‍ഹികാന്തരീക്ഷത്തില്‍ മാതൃകാപരമായ ലാളിത്യത്തോടെ രചിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നോവലാണ് ഗോഡാമിദാബൊമ്മ. പാലുഗുമ്മി പദ്മരാജൂ, കൊമ്മുരിവേണു ഗോപാലറാവു, പുരാണം സുബ്രഹ്മണ്യശര്‍മ, ധനികൊണ്ടഹനുമന്തറാവു, താള്ളൂരി നാഗേശ്വരറാവു, ഗൊല്ലപൂഡി മാരുതി റാവു, രന്ധി സോമരാജു മുതലായവര്‍ ഈ കാലയളവിലെ ശ്രദ്ധേയരായ മറ്റു നോവലിസ്റ്റുകളാണ്.

തെലുഗു നോവലിലെ നൂതന പ്രവണതകളില്‍ ബോധധാരാ സങ്കേതവും മാനസികാപഗ്രഥന സങ്കേതവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ബുച്ചിബാബുവിന്റെ ചിവരകുമിഗിലേദി എന്ന നോവലില്‍ നായകന്റെ വ്യക്തിപരമായ ഒരന്വേഷണം സാര്‍വലൌകികമായ ഒരന്വേഷണവുമായി കൂടിക്കലര്‍ന്നുപോകുന്നതിനെയാണ് ചിത്രീകരിക്കുന്നത്. രചകൊണ്ട വിശ്വനാഥശാസ്ത്രി (രവിശാസ്ത്രി, ജ.1922)യുടെ അല്പജീവി, വിനുഗൊണ്ട നാഗരാജുവിന്റെ താഗുബോത്തു, ആര്‍.എസ്. സുദര്‍ശനത്തിന്റെ മള്ളി വസന്തം എന്നീ നോവലുകള്‍ യുങ്ങിന്റെ മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതികളാണ്. രവിശാസ്ത്രിയുടെ അല്പജീവി ആധുനിക ക്ളാസ്സിക്കുകളിലൊന്ന് എന്ന അംഗീകാരം നേടിയിട്ടുണ്ട്. അധമതാബോധത്തിന് ഇരയായ കഥാപാത്രങ്ങളെയാണ് ഈ കഥകളില്‍ അവതരിപ്പിക്കുന്നത്. ഫ്രോയ്ഡിയന്‍ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ കഥാപാത്രങ്ങളുടെ ഇരുളടഞ്ഞ അന്തര്‍മണ്ഡലങ്ങളിലേക്കു കടന്നുചെല്ലുന്ന നോവലിസ്റ്റാണ് വിശ്വനാഥ സത്യനാരായണ. ഇദ്ദേഹത്തിന്റെ ഏകവീര, മാബാബു (1946) എന്നീ കൃതികളില്‍ വിചാരവും വ്യവഹാരവും തമ്മിലുള്ള സംഘര്‍ഷങ്ങളും പൊരുത്തക്കേടുകളും പ്രതീകാത്മകങ്ങളായ ബിംബസങ്കല്പങ്ങളിലൂടെ വര്‍ണിക്കുന്നു. ഭാസ്കരഭട്ല കൃഷ്ണറാവുവിന്റെ വെല്ലുവലോപൂചികപുല്ലലു, ശ്രീദേവിയുടെ കാലാതീതവ്യാക്തുലു, വഡ്ഡര ചണ്ഡി ദാസുവിന്റെ ഹിമജ്വാല എന്നീ നോവലുകള്‍ ബോധധാരാസങ്കേതത്തില്‍ രചിക്കപ്പെട്ടവയാണ്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒരു ദിവസത്തെ സംഭവങ്ങളെല്ലാം പട്ടികയാക്കി ക്രോഡീകരിക്കുന്ന നവീനിന്റെ അംബസയ്യ എന്ന നോവല്‍ ജെയിംസ് ജോയ്സിന്റെ യുളിസസ്സിന്റെ മാതൃകയാണ് അവലംബിക്കുന്നത്. വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്.

മഞ്ജുശ്രീ എന്ന പേരില്‍ അറിയപ്പെടുന്ന അക്കിരാജു രമാപതിറാവു (1936-) പത്ത് നോവലുകളും നാല് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റ് തത്ത്വങ്ങളില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്ന ആള്‍വാര്‍സ്വാമി വട്ടിക്കോട്ട (1915-61) അനേകം നോവലുകള്‍ പ്രസിദ്ധീകരിച്ചു. പ്രജാലമനിഷി (1964), ഗംഗു (1965) എന്നിവയാണ് മുഖ്യ കൃതികള്‍. സമകാലീന സത്യങ്ങളിലേക്കു വെളിച്ചം വീശുന്നവയാണ് ഇദ്ദേഹത്തിന്റെ നോവലുകള്‍. നൈസാമിന്റെ കാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍, സ്തുതിപാഠകരായ പ്രഭുക്കള്‍, നിസ്സഹായരായ അടിമകള്‍, അധഃസ്ഥിതരുടെ മതപരിവര്‍ത്തനം തുടങ്ങിയവ അക്കാലത്തു നിലനിന്നിരുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ദേവത, വക്രിഞ്ചിന സരളരേഖളു എന്നിവയാണ് കാഞ്ചിരാമകൃഷ്ണമോഹന്റെ പ്രധാന നോവലുകള്‍. ഉര്‍ദു, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട വക്രിഞ്ചന സരളരേഖളു എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരവും ജനപ്രീതി നേടി.

നോവല്‍, ചെറുകഥ എന്നീ വിഭാഗങ്ങളിലായി 25-ല്‍പ്പരം കൃതികള്‍ രചിച്ച ഡി. കാമേശ്വരി (1935-) സ്വതന്ത്രപത്രപ്രവര്‍ത്തകയുമാണ്. കൊത്തനീരു (1973), വിധിവഞ്ചിതുലു (1973), വിവാഹബന്ധലു (1976), ശുഭോദയം (1977), അഗ്നിപരീക്ഷ (1992), പരാജിതുലു എന്നിവയാണ് ശ്രദ്ധേയമായ നോവലുകള്‍. കന്നീടികിനവ്വോച്ചിന്തി (1977), പൂജുപനികിരാണി പൂവ്വുലു (1977) എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ നോവലിസ്റ്റാണ് കാശിവിശ്വനാഥ്. കെ.വി. കൃഷ്ണകുമാരി (1947-) നോവല്‍, ചെറുകഥാ വിഭാഗങ്ങളിലായി നാല്പതില്‍പ്പരം കൃതികള്‍ രചിച്ചിട്ടുണ്ട്. വേദെന്യായം കര്‍മയോഗി, അപര്‍ണ എന്നിവയാണ് മികച്ച നോവലുകള്‍.

തെലുഗുസാഹിത്യത്തില്‍ കാല്പനികത കൊടികുത്തിവാണകാലത്ത് യാഥാതഥ്യത്തില്‍ വേരൂന്നിനിന്ന കഥാകാരനാണ് കൊടവടിഗണ്ടി കുടുംബറാവു (1907-80). വ്യക്തികളെയും പ്രശ്നങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിലാണ് കഥാകൃത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ചദുവു, അരുണോദയം, ഗഡ്ഡുറോജുലു എന്നീ നോവലുകളില്‍ രണ്ടു ദശകക്കാലത്തെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലേക്ക് കുടുംബറാവു വെളിച്ചം വീശുന്നു. കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്ന അനീതികളെ അപഗ്രഥിക്കുന്നതില്‍ നോവലിസ്റ്റ് മുന്നിട്ടുനില്ക്കുന്നു. നികെംകവിലി, കുലംലെനി മനിസി, എന്റമവുലു, മരുപെര്‍ലു എന്നീ നോവലുകളിലെ സ്ത്രീകഥാപാത്രങ്ങള്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നവരാണ്. 1970-ല്‍ ഇദ്ദേഹം റവല്യൂഷണറി റൈറ്റേഴ്സ് അസോസിയേഷനില്‍ അംഗമായി ചേര്‍ന്നു. ചദുവു എന്ന നോവലാണ് കുടുംബറാവുവിന്റെ ഏറ്റവും മികച്ച രചനയായി കരുതപ്പെടുന്നത്.

ആധുനിക തെലുഗു നോവലിസ്റ്റായ കൊടൂരി കൌസല്യാദേവിയുടെ ചക്രഭ്രമണമു, ശാന്തിനികേതനമു, ധര്‍മചക്രമു, പ്രേമസാഗര്‍, കല്യാണമന്ദിരമു, ചക്രനേമി എന്നീ നോവലുകള്‍ ശ്രദ്ധേയങ്ങളാണ്. ചരിത്രാധ്യാപകനായി സേവനമനുഷ്ഠിച്ച കൊലിപാകരമാമണി (1938-) ഒരു ഡസനോളം നോവലുകള്‍ പ്രസിദ്ധീകരിച്ചു. വെന്നലലോ പില്ലന ഗ്രോവി, ഹളഹളംലോ അമൃതം എന്നിവയാണ് മുഖ്യ കൃതികള്‍.

നിരവധി നോവലുകള്‍ രചിച്ച കോമളദേവി (1955-) തെലുഗു നോവല്‍ സാഹിത്യത്തിലെ പുതിയൊരു വാഗ്ദാനമാണ്. ബംഗാരുപഞ്ചാരം, ആരാധന, പുലതേരളു, ദാമ്പത്യലു, ആനവളിഗിഞ്ചിന ദീപാലു, അന്തുകുന്നസ്വര്‍ഗം എന്നിവ മുഖ്യ നോവലുകളില്‍ ഉള്‍പ്പെടുന്നവയാണ്. തമിഴ്, കന്നഡ ഭാഷകളിലേക്ക് ഇവരുടെ നോവലുകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗംഗപ്പ ശ്രീരാമപ്പഗാരി (1936-) അനേകം നോവലുകളും നിരൂപണ കൃതികളും രചിച്ചിട്ടുണ്ട്. ഗുഡവേങ്കട സുബ്രഹ്മണ്യം (1935-) നോവല്‍, നാടകം, നിരൂപണം എന്നീ വിഭാഗങ്ങളിലായി അനേകം കൃതികള്‍ രചിച്ചു. രാഗമഞ്ജരി (1958), ജീവനഗംഗ (1963) എന്നിവയാണ് മുഖ്യനോവലുകള്‍. തെലുഗു സാഹിത്യചരിത്രം പരിശോധിച്ചാല്‍ നോവലിനെപ്പോലെ വ്യാപകവും പ്രാതിനിധ്യസ്വഭാവമുള്ളതുമായ മറ്റൊരു സാഹിത്യശാഖയും ഇല്ലെന്നു കാണാം.

നാടകം

1870-നു മുമ്പ് തെലുഗുവില്‍ നാടകങ്ങളോ നാടക വിവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല. എന്നാല്‍ ദൃശ്യാവിഷ്കാരങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. പാവക്കൂത്തുകളെക്കുറിച്ചുള്ള പരാമര്‍ശം പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ക്കുള്ള കൃതികളില്‍ കാണാം. പതിനഞ്ചാം നൂറ്റാണ്ടിലെ കവിയായ ശ്രീനാഥ സംഗീതനാടകരൂപത്തിലുള്ള യക്ഷഗാനത്തെക്കുറിച്ചു പറയുന്നുണ്ട്. 1876-ല്‍ വാവിള്ള വാസുദേവശാസ്ത്രി ഷെയ്ക്സ്പിയറുടെ ജൂലിയസ് സീസര്‍ പരിഭാഷപ്പെടുത്തി (സീജറുചരിത്രമുഃ). 1876-ല്‍ ആണ് ആ തര്‍ജുമ പുറത്തു വന്നത്. 1880-ല്‍ ഗുരുജാഡ ശ്രീരാമമൂര്‍ത്തിയും കെ.വീരേശലിംഗവും 'വെനിസിലെ വ്യാപാരി' എന്ന ഷെയ്ക്സ്പിയര്‍ നാടകത്തിലെ ആദ്യത്തെ രണ്ട് അങ്കങ്ങള്‍ വിവര്‍ത്തനം ചെയ്തു. ഷെറിഡന്‍, ഇബ്സന്‍ തുടങ്ങിയവരുടെ നാടകങ്ങളുടെ വിവര്‍ത്തനങ്ങളും പുറത്തുവന്നു. ഷെയ്ക്സ്പിയറുടെ കൃതികള്‍ക്കാണ് കൂടുതല്‍ പരിഭാഷകളുണ്ടായത്. ഷെറിഡന്‍ രചിച്ച ദ് ഡ്യയന്ന എന്ന നാടകം രാഗമഞ്ജരി എന്ന പേരിലും ദ് റൈവല്‍സ് എന്ന നാടകം കല്യാണകല്പവല്ലി എന്ന പേരിലും തര്‍ജുമ ചെയ്യപ്പെട്ടു. കന്ദുകൂരി വീരേശലിംഗമാണ് വിവര്‍ത്തകന്‍. ഭമിഡിപാടി കാമേശ്വരറാവുവാണ് മോളിയേയുടെ നാടകങ്ങള്‍ തര്‍ജുമ ചെയ്തത്. ദ് ചെറി ഓര്‍ച്ചഡ് എന്ന ചെഖോഫ് കൃതി ശ്രീ ശ്രീ (ശ്രീരംഗം ശ്രീനിവാസറാവു) പരിഭാഷപ്പെടുത്തി.


ഇക്കാലത്ത് ധാരാളം നാടകസംഘങ്ങളും രൂപമെടുത്തു. (ചിന്താമണി നാടകസംഘം, ജഗന്മിത്ര നാടകസമാജം, സുരഭി തുടങ്ങിയവ). നാടിന്റെ നാനാഭാഗങ്ങളില്‍ നാടകങ്ങള്‍ അരങ്ങേറി. ചിലകമര്‍ത്തി ലക്ഷ്മി നരസിംഹം, വഡ്ഡാദി സുബ്ബരായുലു തുടങ്ങിയ നാടകരചയിതാക്കള്‍ ശ്രദ്ധേയരായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായ മികച്ച നാടകമാണ് രാസപുത്രവിജയം. ഇഛാപുരവു യജ്ഞനാരായണയാണ് ഈ നാടകം രചിച്ചത്. രജപുത്രരുടെ ധീരത ഈ നാടകത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. റോഷനാര (കൊപ്പരപു സുബ്ബറാവു), പാണ്ഡവവിജയം (തിരുപതി വെങ്കിടേശ്വരകവുലു), ശ്രീകൃഷ്ണതുലാഭാരം (മുട്ടറാസുസുബ്ബറാവു), ഖില്‍ജിരാജ്യപതനം (ഗുണ്ടിമേട വെങ്കടസുബ്ബറാവു), വിന്ധ്യറാണി, നാരാജു (പി. നാഗേന്ദ്രറാവു) തുടങ്ങിയ നാടകങ്ങള്‍ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബംഗാളി സാഹിത്യകാരനായ ഡി.എല്‍.റോയിയുടെ ചന്ദ്രഗുപ്ത, ഷാജഹാന്‍, ദുര്‍ഗാദാസ് എന്നീ നാടകങ്ങളും വിവര്‍ത്തനം ചെയ്യപ്പെട്ടു. ശ്രീപാദ കാമേശ്വരറാവു ഹിന്ദി, ബംഗാളി, ഒറിയ എന്നീ ഭാഷകളിലെ ചില നാടകങ്ങള്‍ പരിഭാഷപ്പെടുത്തി. രവീന്ദ്രനാഥ ടാഗൂറിന്റെ ചിത്ര, കര്‍ണനും കുന്തിയും തുടങ്ങിയ നാടകങ്ങള്‍ ബി. ഗോപാലറെഡ്ഡി വിവര്‍ത്തനം ചെയ്തു. 1896-ല്‍ വേദംവെങ്കിടാചാര്യ ശാസ്ത്രി എഴുതിയ പ്രതാപരുദ്രീയം എന്ന നാടകം വളരെ പ്രസിദ്ധിനേടി. അനേകം പേര്‍ വായിച്ചാസ്വദിച്ച ഈ ഉജ്ജ്വലകൃതി പല തവണ അരങ്ങിലുമെത്തി. കാകതീയ ചരിത്രത്തിലെ ഏടുകളെ ആധാരമാക്കി രചിക്കപ്പെട്ട നാടകമാണത്. ഗുരുജാഡ അപ്പാറാവുവിന്റെ കന്യാശുല്‍ക്കം എന്ന സാമൂഹികനാടകം പാത്രസൃഷ്ടിയിലും മികച്ചു നില്ക്കുന്നു. സമൂഹത്തിലെ തിന്മകളെ നശിപ്പിക്കുന്നതിനുവേണ്ടി ആചണ്ട വേങ്കട സാംഖ്യായനശര്‍മ, ബാപിരാജു എന്നിവരും നാടകങ്ങള്‍ രചിച്ചു. വീരേശലിംഗം ധാരാളം പ്രഹസനങ്ങള്‍ എഴുതി.

തെലുഗു നാടകചരിത്രത്തില്‍ പാനുഗണ്ടി ലക്ഷ്മിനരസിംഹറാവു(1895-1940)വിന് പ്രധാനമായ സ്ഥാനമാണുള്ളത്. നരസിംഹറാവു മികച്ച ഗദ്യകാരനായിരുന്നു. അദ്ദേഹത്തിന്റെ പാദുകപട്ടാഭിഷേകം, രാധാകൃഷ്ണ എന്നീ നാടകങ്ങള്‍ പുരാണകഥ ചിത്രീകരിക്കുന്നവയാണ്. കാന്താഭരണം, വൃദ്ധവിവാഹം എന്നിവ സാമൂഹികനാടകങ്ങളാണ്. അബ്ബൂരി രാമകൃഷ്ണറാവു, ശിവശങ്കരസ്വാമി എന്നിവര്‍ കാവ്യനാടകങ്ങളും ഗേയനാടകങ്ങളും എഴുതിയവരാണ്. പിഠാപുരം യുവരാജാവായിരുന്ന ആര്‍.വി.യും എം.ജി. രാമറാവുവും ചില നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആലോകമുനന്‍ഡി ആഹ്വാനം, വരൂഥിനി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. വരുഥിനിയിലെ കഥ പെദ്ദനയുടെ മനുചരിത്രയില്‍ ഉള്ളതാണ്. മുദ്ദുകൃഷ്ണയുടെ രസകരങ്ങളായ ഹാസ്യനാടകങ്ങളാണ് റ്റീ കപ്പുലോതുപാന് (ചായക്കോപ്പയിലെ കൊടുങ്കാറ്റ്), ഭീമകലാപം എന്നിവ. ധാരാളം ലഘുനാടകങ്ങളെഴുതിയ പി.വി. രാജമന്നാര്‍ രചിച്ച തപ്പെവരിദി (തെറ്റാരുടേതാണ്) മികച്ച സാമൂഹികനാടകമാണ്. അദ്ദേഹത്തിന്റെ നാടകങ്ങളുടെ കൂട്ടത്തില്‍ മനോരമയ്ക്ക് പ്രധാനമായ സ്ഥാനമാണുള്ളത്. ആത്രേയ, കൊണ്ടമുടി ഗോപാലരായ തുടങ്ങിയവര്‍ ആധുനിക നാടകവേദിക്കുവേണ്ടി നാടകങ്ങള്‍ രചിച്ചവരാണ്.

രൂപനവനീതം (രായപ്രോലു സുബ്ബറാവു), പ്രേമദ്വര (സ്വയം പാകുല ആദിശേഷയ്യ), നരസണ്ണഭട്ടു (വിഞ്ജാമുരിലക്ഷ്മീനരസിംഹറാവു), മദനസായകം (യെല്ലപ്പന്തുലജഗന്നാഥം) തുടങ്ങിയ നാടകങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

ഭാസന്‍, ഭവഭൂതി തുടങ്ങിയവരുടെ നാടകങ്ങള്‍ തെലുഗുവില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബോയി ഭീമണ്ണയുടെ രാഗവാസിഷ്ഠം എന്ന നാടകവും മികച്ച കലാസൃഷ്ടിയാണ്. മണ്ഡലപര്‍ത്തി ഉപേന്ദ്രശര്‍മ, പിനിസെട്ടി ശ്രീരാമമൂര്‍ത്തി, ചെറുലവാഡ പിച്ചയ്യ, ചില്ലാറ ഭവനാരായണ എന്നിവര്‍ ആധുനിക കാലഘട്ടത്തിലെ മികച്ച നാടകകൃത്തുക്കളാണ്.

ആധുനികകാലത്ത് ധാരാളം ലഘുനാടകങ്ങളും ഏകാങ്ക നാടകങ്ങളും തെലുഗുവില്‍ രചിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ കൃതികള്‍ തന്നെയാണ് ഇവിടെയും പ്രചോദനമേകിയത്. അവയ്ക്ക് സംസ്കൃത നാടകങ്ങളോട് കടപ്പാടൊന്നുമില്ല. പാശ്ചാത്യനാടകങ്ങളോടുള്ള കടപ്പാട് സങ്കേതത്തെമാത്രം സംബന്ധിക്കുന്നതാണ്. ബര്‍ണാഡ് ഷാ, ഇബ്സന്‍, ചെക്കോഫ് തുടങ്ങിയവരുടെ നാടകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ഉണ്ടായി.

തെലുഗു സാഹിത്യത്തില്‍ ചരിത്രനാടകങ്ങള്‍ക്കും പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. മാറേമന്ദരാമറാവു മൂന്ന് ചരിത്രനാടകങ്ങള്‍ രചിച്ചു. ഒരു നാടകത്തില്‍ ഛായയും ചന്ദ്രഗുപ്തനും തമ്മിലുള്ള പ്രണയം ചിത്രീകരിക്കുന്നു. കടയവേമന് തന്റെ രാജ്യത്തിന്റെ ഒരു ഭാഗം കൊടുക്കുന്ന കുമാരഗിരി റെഡ്ഡിയുടെ കഥ മറ്റൊരു നാടകത്തില്‍ അവതരിപ്പിക്കുന്നു. മൂന്നാമത്തെ നാടകം കൃഷ്ണദേവരായര്‍ തിമ്മരസുവിനു നല്കുന്ന ശിക്ഷയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ്. മുദ്ദുകൃഷ്ണയും സത്യനാരായണയും അനാര്‍ക്കലിയുടെ കഥ നാടകമാക്കി. കൊമ്പല്ലെ ജനാര്‍ദ്ദനറാവു(1907-37)വിന്റെ താന്‍സന്‍, മല്ലാഡി അവധാനിയുടെ താര, ശ്രീപാദസുബ്രഹ്മണ്യ ശാസ്ത്രിയുടെ രാജരസു എന്നിവ ശ്രദ്ധേയങ്ങളായ ചരിത്രനാടകങ്ങളാണ്. ധര്‍മവരം രാമകൃഷ്ണമാചാരിയുടെ ശിവജി വളരെ പ്രസിദ്ധി നേടിയിട്ടുണ്ട്. 1949-ല്‍ രചിക്കപ്പെട്ട ഈ കൃതി ഹിന്ദു-മുസ്ലിം ഐക്യത്തിന് പ്രാധാന്യം കല്പിക്കുന്നു. പാനുഗണ്ഡിയുടെ പ്രചണ്ഡചാണക്യം മൌര്യകാലഘട്ടത്തിന്റെ പുനരാവിഷ്കാരം നടത്തുന്നു. പുരാണ കഥാപാത്രങ്ങളായ ശബരി, രേണുക, ശര്‍മിഷ്ഠ എന്നിവരെക്കുറിച്ചും നാടകങ്ങള്‍ രചിക്കപ്പെട്ടു.

തെലുഗുവില്‍ അനവധി സാമൂഹിക നാടകങ്ങള്‍ ഉണ്ട്. 1880-ല്‍ വാവിള്ള വാസുദേവശാസ്ത്രി രചിച്ച നന്ദകരാജ്യമാണ് തെലുഗുവിലെ ആദ്യത്തെ സാമൂഹിക നാടകം. സാമൂഹിക നാടകരംഗത്തെ അതികായനാണ് പി.വി. രാജമന്നാര്‍. ഏമിമഗവല്ലു അദ്ദേഹം രചിച്ച മികച്ച സാമൂഹിക നാടകം എന്ന അംഗീകാരം നേടി. ദയ്യാലലങ്കാ എന്ന നാടകത്തിന് തൊട്ടടുത്ത സ്ഥാനം നല്കാം. നാര്‍ലവെങ്കിടേശ്വര റാവുവിന്റെ ലഘുനാടകസമാഹാരമാണ് കൊട്ടഗദ്ദ (പുതുമണ്ണ്). സ്വാമിശിവശങ്കരശാസ്ത്രിയുടെ സ്ത്രീവിരോധിയും ഗണനീയം തന്നെ. എം. വിശ്വനാഥ കവിരാജ രസകരങ്ങളായ നാടകങ്ങള്‍ രചിച്ചു. ഹാസ്യവും ആക്ഷേപഹാസ്യവും നിറഞ്ഞവയാണ് ബി. നാഗരാജാമാത രചിച്ച നവകവി, മിസലപക്ഷുലു തുടങ്ങിയ നാടകങ്ങള്‍. സ്ത്രീപക്ഷ ചിന്തകള്‍ നിറഞ്ഞവയാണ് ഗുഡിപാടി വെങ്കടാചലം രചിച്ച ഭാനുമതി, പങ്കജം എന്നീ നാടകങ്ങള്‍. മാഞ്ചര്‍ല ഗോപാലറാവു ഹിരണ്യ കശിപു എന്ന നാടകത്തില്‍ ഹിരണ്യ കശിപുവിനെ കമ്യൂണിസ്റ്റായി അവതരിപ്പിച്ചു. മൊക്കപാടി നരസിംഹശാസ്ത്രിയും ജി.വി. കൃഷ്ണറാവുവും ശ്രദ്ധേയരായ നാടകകൃത്തുക്കളാണ്. കെ.വൈകുണ്ഠറാവു ബംഗാളിയില്‍നിന്ന് ഗൃഹപ്രവേശവും മറ്റു ചില നാടകങ്ങളും പരിഭാഷപ്പെടുത്തി. മഹാകവി രവീന്ദ്രനാഥ ടാഗൂറിന്റെ എട്ട് നാടകങ്ങള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു. ഇക്കൂട്ടത്തില്‍ കചദേവയാനിയും ചിത്രാംഗദയുമുണ്ട്.

നോറി നരസിംഹശാസ്ത്രി തെനെതെട്ടേ എന്ന ലഘുനാടക സമാഹാരം 1950-ല്‍ പ്രസിദ്ധപ്പെടുത്തി. ചെറുപ്പകാലത്ത് ശാസ്ത്രി എഴുതിയ സോമനാഥവിജയത്തിലുപയോഗിച്ചിരിക്കുന്നത് സംഭാഷണഭാഷയാണ്. ബോയി ഭീമണ്ണ എഴുതിയ പഡിപൊട്ടുണ്ണ അദ്ദുഗൊഡലു ശ്രദ്ധേയമായ ഏകാങ്കനാടകമാണ്. ജി. ത്രിപുരസുന്ദരി എഴുതിയ ആറ് ഏകാങ്കനാടകങ്ങള്‍ക്ക് 1955-ല്‍ സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുണ്ടായി. കൊപ്പരപു സുബ്ബറാവു എഴുതിയ റോഷനാരയ്ക്കും താരാശശാങ്കത്തിനും ജനപ്രീതി ലഭിക്കുകയുണ്ടായി. കുറ്റാന്വേഷണ ഏകാങ്കനാടകവിഭാഗത്തില്‍പ്പെട്ട കൊര്‍റപാടി ഗംഗാധരറാവുവിന്റെ പ്രാര്‍ഥന വളരെ രസകരമാണ്.

തെലുങ്കാനയിലെ പ്രസിദ്ധരായ ഏകാങ്കനാടകരചയിതാക്കളാണ് എ.ആര്‍.കൃഷ്ണ, അംബടിപുഡി വെങ്കടരത്നം, ഭമിഡിപാടി രാധാകൃഷ്ണ, വിഡിയാലാ ചന്ദ്രശേഖരറാവു എന്നിവര്‍. പതിത, വിലുവലു (മൂല്യങ്ങള്‍) തുടങ്ങിയ ചെറുനാടകങ്ങള്‍ എഴുതിയ ഗൊല്ലാപുഡി മാരുതിറാവുവും ശ്രദ്ധേയനാണ്. വിലുവലു എന്ന ചെറുനാടകത്തില്‍ സ്ത്രീകഥാപാത്രങ്ങളേയില്ല. കേശവപന്തുല നരസിംഹശാസ്ത്രി പൊതുക്കുചി സാംബവശാസ്ത്രി, ഗോരാശാസ്ത്രി എന്നിവര്‍ രചിച്ച നാടകങ്ങള്‍ അഭിനയിക്കുന്നതിനും വായിക്കുന്നതിനും അനുയോജ്യമാണ്.

സാമൂഹിക വിഷയങ്ങള്‍ അടിസ്ഥാനമാക്കി രചന നടത്തിയ ആധുനിക നാടകകൃത്തായ അംഗരസൂര്യറാവു(1928-)വിന്റെ നീളിതരാളു, ഇതിദാരുകാടു, ചന്ദ്രസേന, ഗാലിഗോപുര, സംസാരസാഗര എന്നീ നാടകങ്ങളും കലോദ്ധാരകുലു, പാപിഷ്ടി ദബ്ബു, എനിമിദിനദികളു, ശ്രീമതുളു, പുരാപലകുലു എന്നീ ഏകാങ്കങ്ങളും ജനപ്രീതി നേടിയവയാണ്. തെലുഗു നാടകത്തെപ്പറ്റി പഠനങ്ങള്‍ നടത്തിയ പി.എസ്.ആര്‍. അപ്പാറാവു (1923-) താജ്മഹല്‍ എന്ന നാടകവും രചിച്ചിട്ടുണ്ട്.

ആലൂരി സീതാരാമരാജു (1960), സികന്ദര്‍ (1962), ഗൌതമബുദ്ധ (1963) തുടങ്ങിയ ചരിത്രനാടകങ്ങളും സമര്‍പ്പണം (1957) എന്ന ഹ്രസ്വനാടകവും രചിച്ച ആകുല സുബ്രഹ്മണ്യം (1929-) ഈടുറ്റ സംഭാവനകള്‍ നല്കി. ലോഡ് ബൈറണിന്റെ ലൌ ഇന്‍ ദ് ഡെസര്‍ട്ട് എന്ന നാടകത്തിന്റെ വിവര്‍ത്തനമാണ് അടവിഗാചനവെന്നല (1954). ഇദ്ദേഹത്തിന്റെ ആലൂരി സീതാരാമരാജു റഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തിക്കണ വിജ്ഞാനപീഠത്തിന്റെ അധ്യക്ഷനാണ് ആകുല സുബ്രഹ്മണ്യം.

പരിവര്‍ത്തന എന്ന നാടകത്തിന്റെ രചനയിലൂടെ അംഗീകാരം നേടിയ എഴുത്തുകാരനാണ് ആചാര്യ ആത്രേയ. കിളമ്പി വെങ്കട നരസിംഹാചര്യലു എന്നാണ് യഥാര്‍ഥനാമം. ഏനുഡു (1947), എന്‍.ജി.ഒ. (1949), ഭയം (1961), വിശ്വസന്ധി (1953), കപ്പലു (1954) തുടങ്ങിയ നാടകങ്ങളും പ്രഗതി, എവരു ദെങ്ഗ, വരപ്രസാദ തുടങ്ങിയ ഏകാങ്കങ്ങളും ഇദ്ദേഹത്തിന്റെ മുഖ്യ കൃതികളില്‍ ഉള്‍പ്പെടുന്നു. ദാരിദ്യ്രംകൊണ്ടു വലയുന്ന പാവപ്പെട്ട ഒരു ഗുമസ്തന്റെ ദുരിതങ്ങളാണ് എന്‍.ജി.ഒ. എന്ന നാടകത്തില്‍ ചിത്രീകരിക്കുന്നത്. ഇത് തെലുഗു നാടകരംഗത്ത് റിയലിസത്തിന്റെ പുതിയ മാനം സൃഷ്ടിച്ചു. നാടകരംഗത്തെന്നപോലെ ചലച്ചിത്രരംഗത്തും ആത്രേയയുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്.

സപ്തപദി, മരനി മനീഷി എന്നീ നാടകങ്ങളും പരിഷ്കൃതി-ഉദ്ധാരകുലു, നൂതനപാദഹാരു - ചരിത്രഹിനുലു എന്നീ ഏകാങ്കങ്ങളും രചിച്ച കപ്പഗന്തുല മല്ലികാര്‍ജുനറാവു (1937-) ആധുനിക നാടകകൃത്തുക്കളില്‍ പ്രമുഖനാണ്. അമച്വര്‍ നാടകവേദിയുടെ പ്രാധാന്യം മനസ്സിലാക്കി അതിനുവേണ്ടി തീവ്രയത്നം നടത്തിയ നാടക രചയിതാക്കളില്‍ പ്രമുഖനാണ് ഭമിടിപാടി കാമേശ്വരറാവു (1897-1958). ഇദ്ദേഹത്തിന്റെ എല്ലാ നാടകങ്ങളും അമച്വര്‍ നാടകവേദിക്കുവേണ്ടി രചിക്കപ്പെട്ടവയാണ്. പല നാടകങ്ങളുടെയും പ്രമേയം കടംകൊണ്ടതാണെങ്കിലും അവയിലെല്ലാം കാമേശ്വരറാവുവിന്റെ സ്വതസ്സിദ്ധമായ രചനാശൈലി വെട്ടിത്തിളങ്ങുന്നതു കാണാം. എവല്‍ ഗോദവ വല്ലാഡി (1940), രെണ്ടരെല്ലു (1942), സ്വരാജ്യം (1953), നമതെ നെഗ്ഗിന്ദി എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യ രചനകളില്‍പ്പെടുന്നു.

കൂര്‍മ വേണുഗോപാലസ്വാമി (1903-) നാടകകല സൈദ്ധാന്തികമായും പ്രായോഗികമായും അഭ്യസിക്കുകയും അത് അരങ്ങില്‍ പ്രയോഗിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമം മൂലമാണ് തെലുഗു അമച്വര്‍ നാടകരംഗം ഇന്നത്തെ നിലയില്‍ അഭിവൃദ്ധി കൈവരിച്ചത്. ആന്ധ്ര സര്‍വകലാശാലയിലെ രംഗവേദിയും ഇദ്ദേഹത്തിന്റെ ആശയത്തില്‍നിന്ന് ഉടലെടുത്തതാണ്. ആന്ധ്രയില്‍ ലിറ്റില്‍ തിയെറ്റര്‍ സ്ഥാപിക്കുന്നതിലും ഇദ്ദേഹം സജീവ പങ്കു വഹിച്ചു. തെലുഗു ഡ്രാമ, ഇബ്സന്‍: എ സെന്റിനറി എസ്റ്റിമേറ്റ് എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. സഹധര്‍മിണിയുമായി സഹകരിച്ച് നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്.

നൂറിലേറെ നാടകങ്ങള്‍ രചിച്ച കൊര്‍റപാടി ഗംഗാധരറാവുവിന്റെ സംഭാവനകളില്‍ ഭൂരിഭാഗവും ഏകാങ്കനാടകങ്ങളാണ്. തെലുഗുകോപം, ഗുഡ്ഡിലോകം, തേരാതൊനരാ, നിജരുപാലു, കമല, യഥാരാജ തഥാപ്രജ, ഡിറ്റക്റ്റീവ്, നാനാലോതനു, രാഗശോഭിത എന്നിവ മുഖ്യ കൃതികളില്‍ ചിലതാണ്. 1952-ല്‍ കൊര്‍റപാടി ഗംഗാധരറാവു 'കലാവാണി' എന്ന പേരില്‍ ഒരു നാടകവേദിക്കു തുടക്കം കുറിച്ചു. അനേകം നടന്മാരും നാടകസംവിധായകരും ഈ സ്ഥാപനത്തില്‍ പരിശീലനം നേടി. ഒട്ടേറെ നാടകങ്ങള്‍ക്കു കൊര്‍റപാടി സംവിധാനം നിര്‍വഹിച്ചു. നാടികാപഞ്ചവിംശതി എന്ന പേരില്‍ ആന്ധ്രപ്രദേശ് സാഹിത്യ അക്കാദമിക്കുവേണ്ടി 25 ആധുനിക തെലുഗു നാടകങ്ങളുടെ സമാഹാരം ഇദ്ദേഹം പ്രസാധനം ചെയ്യുകയുണ്ടായി. ഗണപതിരാജ അച്യുതരാമരാജു (1924-) നിരവധി നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ (1952), മഹാരാജശ്രീ (1952), തീര്‍പ്പു ചിന്നപില്ലലു (1953), വിനായകുടിപെല്ലി (1957) എന്നീ നാടകങ്ങള്‍ ഏറെ ജനപ്രീതി നേടി.

തെലുഗു നാടകത്തിന് ഒരു നൂറ്റാണ്ടു പ്രായമേ ഉള്ളൂ എങ്കിലും മറ്റു സാഹിത്യശാഖകളോടൊപ്പം വളര്‍ച്ച പ്രാപിക്കുവാന്‍ അതിനു കഴിഞ്ഞിരിക്കുന്നു. മറുഭാഷാനാടകങ്ങളില്‍നിന്ന് നല്ലതെല്ലാം ഉള്‍ക്കൊണ്ട തെലുഗു നാടകം ഒരു പ്രധാന സാഹിത്യ രൂപമായി വികസിച്ചിട്ടുണ്ട്.

ഗദ്യസാഹിത്യം

വൈകിപ്പിറന്നതാണ് തെലുഗു ഗദ്യം. നന്നയന്റെ കാലംതൊട്ടുതന്നെ ഗദ്യം സാഹിത്യത്തില്‍ പ്രയോഗിക്കപ്പെട്ടിരുന്നു (11-ാം ശ.). എന്നാല്‍ അത്തരം ഗദ്യഭാഗങ്ങള്‍ കാവ്യഭാഷയില്‍ എഴുതപ്പെട്ടവയായിരുന്നു. ഗദ്യം മധുര നായ്ക്കന്മാരുടെ ഭരണകാലത്ത് പുഷ്ടിപ്രാപിച്ചു. സമുഖം വെങ്കടകൃഷ്ണപ്പ (1680-1750) ജൈമിനിഭാരതവും ശാര്‍ങ്ഗധര ചരിത്രവും ഗദ്യത്തിലെഴുതി. കൃഷ്ണപ്പയുടെ കൃതികളില്‍ സംഭാഷണഭാഷ അങ്ങിങ്ങായി കാണുന്നു. 1730 അടുപ്പിച്ച് കലുവവീരരാജൂ (1680-1750) മഹാഭാരതം ഗദ്യത്തിലെഴുതി. റാവിപാടി ഗുരുമൂര്‍ത്തി ശാസ്ത്രി വിക്രമാര്‍ക്കകഥകള്‍ 1819-ലും പഞ്ചതന്ത്രകഥകള്‍ 1834-ലും പ്രസിദ്ധപ്പെടുത്തി. ശുകസപ്തതി കഥളു (രാമസ്വാമിശാസ്ത്രി), ഹരിശ്ചന്ദ്രകഥ (1840 - നരസിംഹശാസ്ത്രി), വിജയവിലാസവചനം (1841 - രംഗശാസ്ത്രി) എന്നീ കൃതികള്‍ അനേകം തവണ പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടു. സി.പി.ബ്രൌണിനെപ്പോലെയുള്ള പാശ്ചാത്യ പണ്ഡിതന്മാരും തെലുഗു ഗദ്യത്തിന്റെ വളര്‍ച്ചയെ സഹായിച്ചു. കൃഷ്ണദേവരായരുടെ കാലത്തു ജീവിച്ചിരുന്ന താതാചാരിയുടെ കഥകള്‍ സി.പി. ബ്രൌണ്‍ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തി.

ചിന്നയസൂരി സ്വന്തം രചനകള്‍കൊണ്ട് ഗദ്യത്തിന്റെ പുരോഗതി തടയാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ മിത്രഭേദ, മിത്രലാഭ എന്നീ കൃതികള്‍ 1853-ല്‍ എഴുതപ്പെട്ടു. കൃത്രിമത്വവും താളാത്മകതയുമാര്‍ന്ന കാവ്യഭാഷയില്‍ എഴുതപ്പെട്ട ആ കൃതികള്‍ ആസ്വദിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. അറുപതോളം വര്‍ഷം ആ കൃതികള്‍ പാഠപുസ്തകങ്ങളായിരുന്നു. ആധുനിക തെലുഗു ഗദ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന എഴുത്തുകാരനാണ് വിരേശലിംഗം പന്തുലു. അദ്ദേഹം കൈവയ്ക്കാത്ത സാഹിത്യശാഖകളില്ല. അദ്ദേഹം ചാള്‍സ് ലാംബിന്റെ ഷെയ്ക്സ്പിയര്‍ കഥകള്‍ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

ജീവചരിത്രം-ആത്മകഥ

ഇംഗ്ലീഷ് സാഹിത്യവുമായി പരിചയപ്പെട്ടതിനുശേഷമാണ് തെലുഗുവിലെ സാഹിത്യകാരന്മാര്‍ ജീവചരിത്രത്തിന്റെയും ആത്മകഥയുടെയും മേഖലയിലേക്കു കടന്നത്. ആദ്യകാല ജീവചരിത്രങ്ങള്‍ ഇംഗ്ലീഷില്‍നിന്നുള്ള തര്‍ജുമകളായിരുന്നു. 1856-ല്‍ ജോണ്‍ ബനിയന്റെ ജീവചരിത്രം തെലുഗുവിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. വീരേശലിംഗം പന്തുലു ജീസസ്, ഷെല്ലി, വിക്ടോറിയാ മഹാരാജ്ഞി എന്നിവരുടെ ജീവചരിത്രങ്ങള്‍ എഴുതി. 1897-ല്‍ ചൈതന്യന്റെ ജീവചരിത്രം പ്രസിദ്ധീകൃതമായി. സാമുവല്‍ ജോണ്‍സന്റെ 'കവികളുടെ ജീവിതചരിത്രങ്ങ'ളെ മാതൃകയാക്കിക്കൊണ്ട് ഗുരുജാഡ ശ്രീരാമമൂര്‍ത്തി കവിജീവിതമുലു എഴുതി. ഗുരുജാഡ ശ്രീരാമമൂര്‍ത്തി ബെന്‍ഡപുഡി അന്നമാമന്ത്രി, തുമ്മരുസു, ഭാസ്ക്കരമന്ത്രി, സ്വാമി വിദ്യാരണ്യ തുടങ്ങിയ ജീവചരിത്രങ്ങള്‍ രചിച്ചു. ഈ ജീവചരിത്രങ്ങളെല്ലാംതന്നെ 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ പ്രസിദ്ധീകൃതമായി. ഏതാനും മഹതികളുടെ ജീവചരിത്രങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് 1900-ത്തില്‍ രായസം വെങ്കടശിവുഡു ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അച്ചമാംബ ഭണ്ഡാരുവും വാവിള്ള വെങ്കടശിവാവാധാനിയും ജീവചരിത്രഗ്രന്ഥങ്ങള്‍ എഴുതി. ഇക്കാലത്ത് ശിവജിയുടെ ജീവചരിത്രത്തിന് കെ.വി.ലക്ഷ്മണറാവു രൂപംനല്കി. അത് മികച്ച ഒരു സൃഷ്ടിയായി പരിഗണിക്കപ്പെടുന്നു. 1946-ല്‍ ഗിഡുഗു രാമമൂര്‍ത്തിയുടെ ജീവിതകഥ അദ്ദേഹത്തിന്റെ പുത്രന്‍ സീതാപതി രചിച്ചു. ഗൊര്‍റപാടി വെങ്കടസുബ്ബയ്യ, ചിരന്തനനന്ദസ്വാമി, കോനാ വെങ്കടരായശര്‍മ തുടങ്ങിയവരും ജീവചരിത്ര മേഖലയ്ക്കു സംഭാവനകള്‍ നല്കി. കന്ദുകുറി വീരേശലിംഗം (1848-1919), ഗുരുജാഡ അപ്പാറാവു (1861-1915), ഗിഡുഗു രാമമൂര്‍ത്തി (1862-1940), കൊമ്മരസു ലക്ഷ്മണറാവു (1877-1923), കാശിനാഥുനി നാഗേശ്വരറാവു (1867-1938), മാഡപാടി ഹനുമന്തറാവു എന്നിവരും ജീവചരിത്രശാഖയെ വളര്‍ത്തി.

ശൃംഗാരകവി സര്‍വരായകവി ശിവജിയുടെ ജീവചരിത്രം മികച്ച ശൈലിയില്‍ അവതരിപ്പിച്ചു. ഹരിസര്‍വോത്തമറാവുവിന്റെ എബ്രഹാം ലിങ്കണും എണ്ണപ്പെട്ട ജീവചരിത്രമാണ്. അട്ടിലി സൂര്യനാരായണയുടെ മഹാകവി രവീന്ദ്ര രസകരമായ ജീവചരിത്രഗ്രന്ഥമാണ്. വീരേശലിംഗത്തെക്കുറിച്ച് ബസവരാജു എഴുതിയ ജീവചരിത്രവും പരാമര്‍ശം അര്‍ഹിക്കുന്നു. വീരേശലിംഗം ജീവിച്ചിരിക്കുമ്പോള്‍ത്തന്നെയാണ് തൊലേടി വെങ്കടസുബ്ബറാവു അദ്ദേഹത്തിന്റെ മറ്റൊരു ജീവകഥയെഴുതിയത്. സാമൂഹികപരിഷ്കര്‍ത്താവും ഒന്നാംകിട ഗദ്യരചയിതാവും കവിയുമായ റാവുബഹദൂര്‍ കെ. വീരേശലിംഗത്തിന്റെ ജീവചരിത്രം എഴുതുക എന്ന കൃത്യം അഭിമാനപൂര്‍വം താന്‍ ഏറ്റെടുക്കുന്നുവെന്ന് വെങ്കിട സുബ്ബറാവു ഗ്രന്ഥത്തിന്റെ മുഖവുരയില്‍ പ്രസ്താവിക്കുന്നു. പുണ്ഡ്ലരാമകൃഷ്ണയ്യ, കാമരാജു ഹനുമന്തറാവു, വാവിള്ള വെങ്കിടേശ്വരശാസ്ത്രി എന്നിവര്‍ മികച്ച ജീവചരിത്രങ്ങള്‍ എഴുതിയവരാണ്. ഗോഖലെ, തിലകന്‍, നവറോജി, റാനഡേ, രാമകൃഷ്ണ പരമഹംസന്‍, വിവേകാനന്ദന്‍, ആനി ബെസന്റ,് അരവിന്ദഘോഷ് എന്നിവരുടെ ജീവചരിത്രങ്ങള്‍ വാവിള്ള വെങ്കടേശ്വരശാസ്ത്രി രചിച്ചിട്ടുണ്ട്.

തെലുഗു കവികളെ നിരൂപണാത്മകമായി വിലയിരുത്തുന്ന ജീവചരിത്രകൃതിയാണ് 1950-ല്‍ പ്രസിദ്ധീകരിച്ച ആന്ധ്രകാവുലുചരിത്ര. കന്ദുകൂറിവീരേശലിംഗമാണ് ഇതിന്റെ രചയിതാവ്. ഈ കൃതിയുടെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് ഇത്തരത്തിലുള്ള അനേകം ജീവചരിത്രഗ്രന്ഥങ്ങള്‍ പുറത്തുവന്നു. കവിത്വവേദി കെ.വി. നാരായണറാവുവിന്റെ ആന്ധ്രവാങ്മയചരിത്രസംഗ്രഹമു �(1951), ചാഗണ്ടി ശേഷയ്യയുടെ ആന്ധ്രകവിതരംഗിണി (1958), ബുലുസു വെങ്കടരമണയ്യയുടെ ആന്ധ്രകവിസപ്തതി (1956), ആരുദ്രയുടെ സമഗ്രആന്ധ്രസാഹിത്യമു (1968), എന്നിവ ഈ വിഭാഗത്തിലുള്‍പ്പെടുന്ന ശ്രദ്ധേയ കൃതികളാണ്. കാലാടിസ്ഥാനത്തില്‍ രചിക്കപ്പെട്ട ജീവചരിത്ര ഗ്രന്ഥമാണ് ഇന്ദ്രഗണ്ടി ശ്രീകണ്ഠശര്‍മയുടെ സാഹിത്യപരിചയം (1978).

ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള ജീവചരിത്രങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കൃതിയാണ് കെ.വെങ്കടേശ്വരശാസ്ത്രി രചിച്ച ആന്ധ്രകേസരി തംഗുട്ടൂരി പ്രകാശം പന്തുലുവിന്റെ ജീവിതകഥ (1966). ഒരു പാവപ്പെട്ടകുടുംബത്തില്‍ ജനിച്ച പന്തുലു 'പ്രകാശം' എന്ന പേരില്‍ പ്രശസ്തിയുടെ അത്യുന്നതങ്ങളില്‍ എത്തിയ കഥയാണിത്. ഈ വിഭാഗത്തില്‍പ്പെട്ട മറ്റൊന്നാണ് കനക് പ്രവാസിയുടെ ആന്ധ്രരക്നദുഗ്ഗിരാല ഗോപാലകൃഷ്ണയ്യ. ഭാഷാപണ്ഡിതനും സംഗീതാചാര്യനുമായ ശ്രീഅജ്ജദ ആദി ഭട്ലനാരായണദാസിന്റെ ജീവിതകഥയായ പൂര്‍ണപുരുഷുഡു ഇത്തരത്തില്‍ മറ്റൊരു മികച്ച ഗ്രന്ഥമാണ്. യാമിജാല പദ്മനാഭ സ്വാമിയാണ് ഈ കൃതിയുടെ രചയിതാവ്.

സാമൂഹിക പരിഷ്കര്‍ത്താക്കളായ ചിലകമര്‍ത്തി ലക്ഷ്മീനരസിംഹം, ഉന്നവ ലക്ഷ്മീനാരായണ, ബ്രഹ്മശ്രീ രഘുപതി വെങ്കടരത്നം നായിഡു മുതലായവരുടെയും പണ്ഡിതന്മാരായ ഗിഡുഗു രാമമൂര്‍ത്തി, ചിന്നയ്യസൂരി മുതലായവരുടെയും സംഗീതാചാര്യന്മാരായ ത്യാഗരാജന്‍, അന്നമാചാര്യ, ക്ഷേത്രയ്യ തുടങ്ങിയവരുടെയും ജീവചരിത്രഗ്രന്ഥങ്ങള്‍ തെലുഗു ജീവചരിത്ര സാഹിത്യത്തിനു മുതല്‍ക്കൂട്ടാണ്. ആന്ധ്രക്കാരല്ലാത്ത മഹനീയരുടെ ജീവചരിത്രങ്ങളില്‍ ഝാന്‍സി ലക്ഷ്മി (1973), നാനാ ഫര്‍നാവിസ് (1976), സര്‍ദാര്‍ പട്ടേല്‍ (1978), ദേശബന്ധു ചിത്തരഞ്ജന്‍ദാസ് (1978) എന്നിവ ഉള്‍പ്പെടുന്നു. ആത്മീയഗുരുക്കളായ ശ്രീരാമകൃഷ്ണപരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, ഗുരുനാനാക്ക്, സ്വാമി ദയാനന്ദസരസ്വതി മുതലായവരുടെ ജീവചരിത്രങ്ങളും ഏറെ പ്രചാരം നേടിയവയാണ്.

ആധുനികരായ ജീവചരിത്രകാരന്മാരില്‍ പ്രമുഖനായ ഗ്രിഗോറപ്പെടി വെങ്കടസുബ്ബയ്യ പ്രസിദ്ധ ബംഗാളി നോവലിസ്റ്റായ ശരത്ചന്ദ്ര ചാറ്റര്‍ജിയെപ്പറ്റി രചിച്ച ശരത് ദര്‍ശനം (1955) പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ചിലകമര്‍ത്തി മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച മഹാപുരുഷ ജീവിതമുലു പോലുള്ള സമാഹാരങ്ങളും ജീവചരിത്രശാഖയെ പരിപോഷിപ്പിച്ചിട്ടുണ്ട്.

തെലുഗുവില്‍ ആത്മകഥ ആദ്യമായി എഴുതിയത് വീരേശലിംഗമാണ്. 1910-ല്‍ അദ്ദേഹത്തിന്റെ സ്വീയ ചരിത്ര പ്രകാശിതമായി. ചിന്നയസൂരി സ്വന്തം കഥ സ്വചരിത്രം എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിച്ചു. ചെല്ലപ്പിള്ള വെങ്കടശാസ്ത്രി, രായസം വെങ്കടശിവുഡു, പാനുഗണ്ടി നരസിംഹറാവു, ചിലകമര്‍ത്തി നരസിംഹറാവു എന്നിവരും ആത്മകഥാരംഗത്ത് പ്രശോഭിച്ചു. ആന്ധ്രകേസരി പ്രകാശത്തിന്റെ ആത്മകഥ ചെറുതെങ്കിലും മനോഹരമാണ്. വളരെ താഴ്ന്ന നിലയില്‍നിന്ന് ഉയര്‍ന്നുവന്ന കെ.എന്‍. കേസരി ഹൃദ്യമായ രീതിയില്‍ ആത്മകഥ എഴുതി. ഗാന്ധിജിയു ടെയും നെഹ്റുവിന്റെയും ആത്മകഥകള്‍ തെലുഗുവിലേക്ക് പരിഭാഷപ്പെടുത്തിയത് വേലൂരി ശിവരാമശാസ്ത്രി, മുടിഗണ്ടി ജഗണ്ണശാസ്ത്രി എന്നിവരാണ്. ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഒരാത്മകഥയാണ് അയ്യദേവര കാലേശ്വരറാവുവിന്റെ നാ ജീവിതകഥ-നവ്യാന്ധ്രമു (എന്റെ ജീവിതകഥ- നവ്യആന്ധ്ര). കാലേശ്വരറാവു ജീവിച്ചിരുന്ന കാലഘട്ടം ഈ മികച്ച കൃതിയില്‍ പ്രതിഫലിക്കുന്നു. പിഠാപുരത്തെ ദസരി ലക്ഷ്മണ സ്വാമിയുടെ ആത്മകഥയ്ക്ക് (1956) തെലുഗു ആത്മകഥകളുടെ കൂട്ടത്തില്‍ മികച്ച സ്ഥാനമാണുള്ളത്. 1900 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രം ഈ ആത്മകഥയില്‍ പ്രതിഫലിക്കുന്നു. ശ്രീപാദസുബ്രഹ്മണ്യശാസ്ത്രിയുടെ ജ്ഞാപകലു, എ. കമലേശ്വരറാവുവിന്റെ നജീവിതമുനവ്യാന്ധ്രമു (1959), ആചണ്ഡ ജാനകീറാമിന്റെ നാസ്മൃതിപഥമുലോ സാഗുതുണ്ണയാത്ര (1960) എന്നീ ഗ്രന്ഥങ്ങളും തെലുഗു ആത്മകഥാ സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്. ഭാഷാശൈലിയുടെയും രചനാശൈലിയുടെയും സവിശേഷതകള്‍കൊണ്ട് ശ്രദ്ധേയമായ കൃതികളാണ് നാദിംപിള്ളി വെങ്കടലക്ഷ്മിനരസിംഹറാവു, ദുവ്വുരി വെങ്കടരമണശാസ്ത്രി, തെന്നേടി ഹേമലത എന്നിവരുടെ ആത്മകഥകള്‍. അതിസൂക്ഷ്മമായ ഫലിതത്താലും പുതുമയുടെ സ്പര്‍ശത്താലും ആകര്‍ഷകമാണ് നാദിംപിള്ളി വെങ്കടലക്ഷ്മി നരസിംഹറാവുവിന്റെ (1889-1978) ആത്മകഥ. ആന്ധ്രസര്‍വകലാശാലയിലെ പ്രസിദ്ധ പണ്ഡിതനും തെലുഗു വൈയാകരണനുമാണ് ദുവ്വുരി വെങ്കട രമണശാസ്ത്രി (1898-1976). പ്രസിദ്ധ നോവല്‍കര്‍ത്രിയായ തെന്നേടി ഹേമലതയുടെ ആത്മകഥ നര്‍മമധുരവും നിശിതവുമാണ്.

മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ആത്മകഥകള്‍ തുമ്മല സീതാരാമമൂര്‍ത്തി ചൌധുരി (ജ.1901) പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഉപന്യാസം-സാഹിത്യനിരൂപണം

തെലുഗുവിലെ ആദ്യത്തെ ഉപന്യാസകാരന്‍ സാമിനേനിമുദ്ദു നരസിംഹനായിഡുവാണ്. ഇദ്ദേഹത്തിന്റെ ഹിതസൂചിനിയില്‍ ഒട്ടേറെ ഉപന്യാസങ്ങള്‍ അടങ്ങിയിരിക്കുന്നു. ഉപന്യാസ ശാഖയുടെ വളര്‍ച്ചയ്ക്കു സഹായകമായിത്തീര്‍ന്നത് ഇംഗ്ളീഷ് ഭാഷയിലുള്ള ഉപന്യാസങ്ങളാണ്. കന്ദുകുറി വീരേശലിംഗമാണ് രണ്ടാമത്തെ ഉപന്യാസകാരന്‍. അദ്ദേഹം ലളിതമായ ഭാഷയില്‍ ഉപന്യാസങ്ങള്‍ രചിച്ചു. ദുഗ്ഗിരാല വെങ്കടസൂര്യപ്രകാശറാവു അക്കാലത്തെ പ്രസിദ്ധനായ ഒരു ഉപന്യാസകാരനാണ്. 19-ാം ശ.-ത്തിന്റെ അവസാന വര്‍ഷങ്ങളില്‍ത്തന്നെ തെലുഗു ഭാഷയെക്കുറിച്ചും തെലുഗു സാഹിത്യത്തെക്കുറിച്ചുമുള്ള ഉപന്യാസങ്ങള്‍ പ്രസിദ്ധീകൃതങ്ങളായി. വാവിലാലാ വാസുദേവശാസ്ത്രി ആന്ധ്രഭാഷ എന്ന പ്രബന്ധം 1861-ല്‍ പ്രസിദ്ധീകരിച്ചു. പിംഗളി സുരനയെക്കുറിച്ച് പി.ദക്ഷിണാമൂര്‍ത്തി ഒരു പ്രബന്ധം രചിക്കുകയുണ്ടായി. ആര്‍.ഗോപാലറാവു, വെണ്ണേറ്റി രാമചന്ദ്രറാവു, കാശിഭട്ല ബ്രഹ്മയ്യ ശാസ്ത്രി, ഗിഡുഗു വെങ്കടരാമമൂര്‍ത്തി, മുത്ത്നൂറി കൃഷ്ണറാവു, കെ.വി. ലക്ഷ്മണറാവു, അക്കിരാജു ഉമാകാന്തം തുടങ്ങിയവര്‍ സാഹിത്യനിരൂപണങ്ങളും മറ്റു തരത്തിലുള്ള പ്രബന്ധങ്ങളും രചിച്ചവരാണ്.

വജ്ജല ചിന സീതാരാമശാസ്ത്രി, വേടൂരി പ്രഭാകര ശാസ്ത്രി എന്നിവരും ധാരാളം പ്രബന്ധങ്ങള്‍ രചിച്ചു. പ്രഭാകരശാസ്ത്രി (1888-1950) ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഉള്ള പഠനങ്ങള്‍ എഴുതി. റാല്ലപ്പള്ളി അനന്തകൃഷ്ണശര്‍മ സാഹിത്യവിഷയങ്ങളില്‍ ഉപന്യാസങ്ങള്‍ രചിച്ചു. മല്ലമ്പള്ളി സോമശേഖരശാസ്ത്രി, തിമ്മാവജ്ജല കോദണ്ഡരാമയ്യ എന്നിവരും ഉപന്യാസശാഖയെ വളര്‍ത്തിയവരാണ്.

തെലുഗു സാഹിത്യ നിരൂപണം ആധുനിക ഘട്ടത്തിലെത്തിയത് സി. രാമലിംഗറെഡ്ഡിയുടെ വരവോടുകൂടിയാണ്. അദ്ദേഹത്തിന്റെ കവിതതത്ത്വവിചാരമു വളരെ പ്രസിദ്ധി നേടി. തെലുഗു മഹാഭാരതത്തെക്കുറിച്ച് പ്രബന്ധം രചിച്ച ഭൂപതി ലക്ഷ്മി നാരായണറാവു ഇക്കാലത്തെ ശ്രദ്ധേയനായ ഒരു ഉപന്യാസകാരനാണ്. ദിപാല പിച്ചയ്യ ശാസ്ത്രി, നന്ദൂരിബംഗാരയ്യ, കൊറാഡ രാമകൃഷ്ണയ്യ, നിഡദവോലു വെങ്കടറാവു, ഗണ്ഡിജോഗി സോമയാജി, ദിവാകര്‍ല വെങ്കടാവധാനി, ഖണ്ഡവല്ലി ലക്ഷ്മിരഞ്ജനം, കുറുഗണ്ടി സീതാരാമഭട്ടാചാര്യ, പില്ലലമര്‍റി വെങ്കട ഹനുമന്തറാവു, മദ്ദുകൂറി ചന്ദ്രശേഖരറാവു, ജമ്മല മഡുകു മാധവരാമശര്‍മ, പഞ്ചാഗ്നുല ആദിനാരായണ ശാസ്ത്രി, ജി.വി. സീതാപതി തുടങ്ങിയവര്‍ ഗണനീയരായ ഉപന്യാസകാരന്മാരാണ്. ആന്ധ്രമഹാഭാരതോപന്യാസമുലു 1955-ലും ആന്ധ്രമഹാഭാഗവതോപന്യാസമുലു 1957-ലും പ്രസിദ്ധീകൃതമായി. വിശ്വനാഥ സത്യനാരായണ, വേഡാല തിരുവെങ്കലാചാര്യുലു തുടങ്ങിയവരാണ് ആദ്യഗ്രന്ഥത്തിലെ ഉപന്യാസങ്ങള്‍ രചിച്ചിരിക്കുന്നത്. രണ്ടാമത്തെ ഗ്രന്ഥത്തിലെ പ്രബന്ധങ്ങള്‍ എഴുതിയത് മല്ലമ്പള്ളി സോമശേഖരശര്‍മ, കുറുഗണ്ടി സീതാരാമ ഭട്ടാചാര്യ തുടങ്ങിയവരാണ്. പണ്ഡിതോചിതങ്ങളായ ഉപന്യാസങ്ങള്‍ തന്നെയാണ് ഇവയെല്ലാം.

ജൊന്നലഗദ്ദ സത്യനാരായണ മൂര്‍ത്തിയുടെ സാഹിത്യോപന്യാസമുലു, ബുലുസു വെങ്കടരമണയ്യയുടെ പൊഗഡദണ്ഡ, എന്നിവ സാഹിത്യവിഷയങ്ങളിലെ ഉപന്യാസങ്ങളുടെ സമാഹാരങ്ങളാണ്. മറ്റൊരു മികച്ച ഗദ്യകാരനാണ് നിരൂപകനായ ശ്രീവാസ്തവ. അദ്ദേഹത്തിന്റെ ഉഷാകിരണാലുവില്‍ 19-ാം ശ.-ത്തിലെ തെലുഗു സാഹിത്യചരിത്രം വിവരിച്ചിരിക്കുന്നു. കലാസാഹിത്യ നിരൂപകനെന്ന നിലയില്‍ പ്രസിദ്ധനായിത്തീര്‍ന്ന ആചണ്ട ജാനകീറാമിന്റെ ശ്രദ്ധേയമായ ഒരു കൃതിയാണ് സ്മൃതിപഥം. അമരേശം രാജേശ്വരശര്‍മയും വേല്‍ദണ്ഡ പ്രഭാകരാമാത്യയും ഉപന്യാസ ശാഖയെ പുഷ്ടിപ്പെടുത്തിയവരാണ്. തെലുഗു ഭാഷയിലും സാഹിത്യത്തിലുമുള്ള പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തെക്കുറിച്ച് കൊത്തപ്പള്ളി വീരഭദ്രറാവു എഴുതി പ്രസിദ്ധീകരിച്ച ഗവേഷണഗ്രന്ഥം 19-ാം ശ.-ത്തിലെ നൂറുകണക്കിന് കൈയെഴുത്തുപ്രതികളും ഗ്രന്ഥങ്ങളും പരിശോധിച്ചു തയ്യാറാക്കിയതാണ്. എസ്.വി. ജോഗറാവുവിന്റെ ആന്ധ്രയക്ഷഗാനവാങ്മയമു, ഡി. രാമരാജുവിന്റെ നാടോടിസാഹിത്യം, പി.മാധവശര്‍മയുടെ ആന്ധ്രമഹാഭാരതഛന്ദശില്പമു എന്നിവ സാഹിത്യനിരൂപണത്തെ മുന്നോട്ടു നയിക്കുകയുണ്ടായി.

1950-കളുടെ ആരംഭത്തില്‍ വ്യക്തിഗതോപന്യാസ രചനയില്‍ വി.ആര്‍. നാര്‍ല (1908-) ഒരു പരീക്ഷണം നടത്തി. സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും അര്‍ഥവത്തായ പല പുതുമകളും അദ്ദേഹം അവതരിപ്പിച്ചു. 'മാടാമന്തീ', 'പിച്ചാപാടി' മുതലായ ശീര്‍ഷകങ്ങളില്‍ അനേകം ലഘു ഉപന്യാസങ്ങള്‍ എഴുതി. ആര്‍.എസ്. സുദര്‍ശനത്തിന്റെ (1927-) സാഹിത്യോപന്യാസങ്ങള്‍ ആധുനിക സിദ്ധാന്തങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നവ വീക്ഷണം അവതരിപ്പിക്കുന്നു. രാമനുജറാവുവിന്റെ സാരസ്വതനവനീതം (1955), വ്യാസമഞ്ജുഷ (1956) എന്നിവ സാധാരണക്കാരനുവേണ്ടി രചിക്കപ്പെട്ട കൃതികളാണ്. താരതമ്യ സാഹിത്യവിഭാഗത്തില്‍പ്പെട്ട വിജ്ഞാനപ്രദങ്ങളായ അനേകം ഉപന്യാസങ്ങള്‍ രചിച്ച സാഹിത്യകാരനാണ് സി.ആര്‍. ശര്‍മ.

നാടകം, നോവല്‍ മുതലായ സാഹിത്യ രൂപങ്ങളെക്കുറിച്ച് ചില സമ്പൂര്‍ണ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പി.എസ്.ആര്‍. അപ്പാറാവുവിന്റെ തെലുഗുനാടകവികാസമു (1967) എല്ലാ നാടകധര്‍മങ്ങളെക്കുറിച്ചും സമഗ്രമായ പഠനം നടത്തുന്നു. തെലുഗു നാടകത്തിന്റെ ഉത്പത്തിവികാസങ്ങളും രചനയിലും അവതരണത്തിലും വന്നുചേര്‍ന്ന പരിവര്‍ത്തനങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു. ബി. കുടുംബറാവു രചിച്ച ആന്ധ്രനാവലപരിണാമം (1971) നോവലിന്റെ ചരിത്രം വിവരിക്കുന്നു. കെ.വി.ആര്‍. നരസിംഹത്തിന്റെ പ്രബന്ധസാഹിത്യരൂപം (1945), എം. കുലശേഖരറാവുവിന്റെ വചനവാങ്മയമു (1964), ജി. നാഗയ്യയുടെ ദ്വിപദവാങ്മയമു (1966), പി. മാധവശര്‍മയുടെ ആന്ധ്രമഹാഭാരതഛന്ദശില്‍പ്പമു മുതലായ കൃതികള്‍ സാഹിത്യനിരൂപണത്തെ മുന്നോട്ടു നയിച്ച അഗാധപഠനങ്ങളാണ്.

നിരൂപണോപന്യാസങ്ങളുടെ അനേകം സമാഹാരങ്ങള്‍ ആധുനിക കാലത്ത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. പ്രശസ്ത നിരൂപകനായ വിശ്വനാഥ സത്യനാരായണ ക്ളാസ്സിക് കവികളുടെ കൃതികള്‍ക്കു രചിച്ച വ്യാഖ്യാനങ്ങള്‍ ജനസമ്മതി നേടി. നിരൂപണോപന്യാസങ്ങളുടെ സമാഹാരമായ അമേരന്ദ്രന്റെ ഭാവവീണ (1967) മികച്ച സാഹിത്യ കൃതികളെ രസകരമായ രീതിയില്‍ സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു. കാവ്യലഹരി (1971) എന്ന ഉപന്യാസ സമാഹാരത്തിന്റെ കര്‍ത്താവായ ഡി.വെങ്കടാവധാനി സമകാലിക നിരൂപകരില്‍ പ്രമുഖനാണ്. ശൈവ കവികളെക്കുറിച്ച് ബണ്ടാരുതമ്മയ്യ രചിച്ച വ്യാസവള്ളി (1968), ഗുണ്ടൂരുശേഷേന്ദ്ര ശര്‍മയുടെ താരതമ്യാത്മക കാവ്യശാസ്ത്രപഠനമായ കവിസേനമാനിഫെസ്റ്റോ (1978), ക്ളാസ്സിക്കുകളുടെ വിമര്‍ശനാത്മക പഠനമായ സാഹിത്യകൌമുദി (1968) എന്നിവയും ആധുനിക നിരൂപണത്തിലെ വിലപ്പെട്ട കൃതികളാണ്. സി. നാരായണറെഡ്ഡിയുടെ ആധുനികാന്ധ്രകവിത്വമു സമ്പ്രദായമുലു പ്രയോഗമുലു എന്ന കൃതി ആധുനിക കവിതാനിരൂപണങ്ങളില്‍ ശ്രദ്ധേയമാണ്.

തെലുഗു പണ്ഡിതനായ അമരേശം രാജേശ്വരശര്‍മ (1930-) യുടെ ഗവേഷണ പ്രബന്ധമായ ആന്ധ്രവ്യാകരണവികാസമു തെലുഗു വ്യാകരണത്തെക്കുറിച്ചുള്ള പ്രാമാണിക കൃതിയാണ്. നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെലുഗു സാഹിത്യത്തിലെ വൈഷ്ണവ ദര്‍ശനത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ ഗവേഷകനാണ് വേട്ടൂരി ആനന്ദമൂര്‍ത്തി (1930-). വൈഷ്ണവാന്ധ്ര വാങ്മയമു (1986) ഇദ്ദേഹത്തിന്റെ മികച്ച ഒരു കൃതിയാണ്. സാഹിത്യകാരനും ചരിത്രകാരനുമായ ഈശ്വരദത്തകുന്ദൂര്‍ത്തി(1910-79)യുടെ പ്രാചീനാന്ധ്ര ചരിത്രിക ഭൂഗോളമു എന്ന ഗവേഷണ ഗ്രന്ഥം തെലുഗു ഭാഷയ്ക്ക് അമൂല്യ സംഭാവനയാണ്. ശാസനശബ്ദകോശമു, ജീര്‍ണ വിജയനഗര ചരിത്രം എന്നിവയും ഗവേഷണ പ്രധാനമായ കൃതികളാണ്. തെലുഗു ഭാഷയിലും സാഹിത്യത്തിലും പുതിയ നിരൂപണ ശൈലിക്ക് അടിത്തറ പാകിയ പണ്ഡിതനാണ് കൊറാഡ രാമകൃഷ്ണയ്യ (1891-1961). ഇദ്ദേഹത്തിന്റെ ആന്ധ്രഭാരത കവിതാവിമര്‍ശനമു, കാളിദാസനികവിതാപ്രതിഭാലു തുടങ്ങിയ സാഹിത്യ പ്രബന്ധങ്ങള്‍ ശ്രദ്ധേയങ്ങളാണ്. തെലുഗു സാഹിത്യത്തിന്റെ ചരിത്രം, വികാസം എന്നിവയെ സംബന്ധിച്ച് രാമകൃഷ്ണയ്യ നടത്തിയ പ്രഭാഷണങ്ങള്‍ ക്രോഡീകരിച്ച് ഭാഷോത്പത്തി ക്രമമുഭാഷാചരിത്രമു എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണം, ഗവേഷണം എന്നിവകളിലായി നിരവധി കൃതികള്‍ രചിച്ച മറ്റൊരു പണ്ഡിതനാണ് ഖണ്ഡവല്ലി ലക്ഷ്മീരഞ്ജനമു. മൈത്രേയി എന്ന പേരില്‍ ഗ്രന്ഥരചന നടത്തുന്ന ഗഡിയാരം രാമകൃഷ്ണ ശര്‍മയുടെ (1919-) സംഭാവനകളും എടുത്തുപറയത്തക്കതാണ്.

ബാലസാഹിത്യം

തെലുഗുവിലെ ബാലസാഹിത്യത്തിന് വളരെ പഴക്കമില്ല. ആന്ധ്രയില്‍ നാലുവയസ്സും നാലുമാസവും ആകുമ്പോള്‍ കുട്ടികളെ അക്ഷരം പഠിപ്പിക്കുകയും തുടര്‍ന്ന് വേമനശതകം, സുമതിശതകം എന്നിവ ചൊല്ലിക്കുകയും ചെയ്തിരുന്നു. കാവ്യരൂപത്തിലുള്ള ആന്ധ്രനാമ സംഗ്രഹവും പഠിപ്പിച്ചുപോന്നു. കുട്ടികള്‍ കുറേക്കൂടി മുതിരുമ്പോള്‍ രുഗ്മിണീകല്യാണം, ഗജേന്ദ്രമോക്ഷം എന്നീ ഭാഗവത (പോതന എഴുതിയ ഭാഗവതം) ഭാഗങ്ങള്‍ പഠിച്ചിരുന്നു. എളിയ തുടക്കമാണ് തെലുഗു ബാലസാഹിത്യത്തിനുള്ളത്. 19-ാം ശ.-ത്തിന്റെ അവസാനഘട്ടത്തില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ സചിത്ര കഥാപുസ്തകങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ചുതുടങ്ങി. ആ ഗ്രന്ഥങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാമയ്യ, സൂരി, സൂര്യപ്രകാശറാവു തുടങ്ങിയവര്‍ കഥാപുസ്തകങ്ങളും ഗാനങ്ങളും കുട്ടികള്‍ക്കുവേണ്ടി എഴുതി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ വീരേശലിംഗം ഈസോപ്പുകഥകള്‍ കവിതാരൂപത്തില്‍ പരിഭാഷപ്പെടുത്തി. കുറേക്കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്കുവേണ്ടി ശതകങ്ങള്‍ എഴുതപ്പെട്ടു. കുമാരശതകവും കുമാരീശതകവും മറ്റും രചിക്കപ്പെട്ടത് അങ്ങനെയാണ്. കുട്ടികളുടെ സന്മാര്‍ഗബോധം വളര്‍ത്താന്‍ വേണ്ടി രചിക്കപ്പെട്ട കൃതികളാണവ. ഇതേ ലക്ഷ്യത്തോടുകൂടി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ കൃതികളിലെ കഥകള്‍ വാവിലികോലനു സുബ്ബാറാവു പ്രസിദ്ധപ്പെടുത്തി. ഏഷ്യന്‍യാത്ര, യൂറോപ്പ് യാത്ര എന്നീ കൃതികള്‍ 1897-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ഭാരതിയുടെ പത്രാധിപരായിരുന്നകാലത്ത് ജി.വി. സീതാപതി മാസികയുടെ രണ്ടുപുറങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി നീക്കിവച്ചു. 'ബാലാനന്ദം' എന്ന തലക്കെട്ടും നല്കി. അതിനെത്തുടര്‍ന്ന് മിക്ക പ്രസിദ്ധീകരണങ്ങളും കുട്ടികളുടെ സാഹിത്യത്തിനുവേണ്ടി കുറെസ്ഥലം ഒരുക്കുകയുണ്ടായി. 1945-ല്‍ കുട്ടികള്‍ക്കുവേണ്ടി ബാല എന്നപേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി. 1950-ല്‍ അതിന്റെ പ്രസിദ്ധീകരണം മുടങ്ങി. ബാലമിത്ര, ചന്ദമാമ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ പുറത്തുവന്നത് അതിനുശേഷമാണ്. ചന്ദമാമയുടെ പത്രാധിപര്‍ ചക്രപാണി ആയിരുന്നു. കെ. കുടുംബറാവു, മുദ്ദാവിശ്വനാഥന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സഹായിച്ചു. തമിഴ്, മലയാളം കന്നട, ഹിന്ദി, മറാഠി എന്നിങ്ങനെ പല ഭാഷകളിലും ചന്ദമാമ പ്രസിദ്ധീകരിക്കപ്പെട്ടു.

തെലുഗു ഭാഷയില്‍ ആധുനിക രീതിയിലുള്ള ബാലസാഹിത്യം പ്രചരിച്ചു തുടങ്ങിയത് ജി.വി. സീതാപതി (1885-1969)യുടെ റെയിലുബണ്ടി, ചിലകമ്മ പെല്ലി എന്നീ ശിശുഗാനങ്ങള്‍ 1907-ല്‍ പ്രസിദ്ധീകരിച്ചതോടെയാണ്. അയത്നലളിതമായ സംഭാഷണശൈലിയില്‍ ബാലകഥകള്‍ രചിച്ച സാഹിത്യകാരനാണ് സീതാപതി. ബാലസാഹിത്യകൃതികള്‍ രചിച്ച മറ്റനേകം എഴുത്തുകാരുണ്ട്. 1907-ല്‍ വെഗുജ്ജുക്കാ എന്ന മാസികയില്‍ അദ്ദേഹത്തിന്റെ അനുമാനംപെനുഭൂതം ('സംശയം ഭയപ്പെടുത്തുന്ന ഭൂതം'), പിച്ചാശുപത്രി (ഭ്രാന്താലയം) എന്നീ കൃതികള്‍ പ്രസിദ്ധീകൃതമായി. ചിന്താദീക്ഷിതുലുവിന്റെ സമാകര്‍ഷകമായ ഗാനങ്ങളും കഥകളും തുടര്‍ന്ന് പ്രകാശിതമായി. സൂരി, സീതി, വെങ്കി എന്നിങ്ങനെ മൂന്ന് പെണ്‍കുട്ടികളെക്കുറിച്ച് അദ്ദേഹം മനോഹരങ്ങളായ കഥകളെഴുതി. ബി.വി. നരസിംഹറാവു, ഉത്പല സത്യനാരായണാചാര്യാലു എന്നിവര്‍ ബാലസാഹിത്യരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. മെഡിചേര്‍ല ആഞ്ജനേയമൂര്‍ത്തി, തേക്കുമല്ല കാമേശ്വരറാവു, ബെല്ലാംകൊണ്ട ചന്ദ്രമൌലീശ്വരശാസ്ത്രി, നാര്‍ലചിരഞ്ജീവി, ബാല അന്നയ, ആലപര്‍ടി വെങ്കട സുബ്ബറാവു, സാംബശിവറാവു, ജാനകീരാമശര്‍മ, കെ. നാരായണമൂര്‍ത്തി, ശ്രീകാന്തം കൃഷ്ണറാവു, രവി, വാരാണസി മുല്ലപുഡിവെങ്കടരമണ, കെ. സഭ, ഇല്ലിന്ദാല സരസ്വതീദേവി, ശ്രീവാത്സവ, ചല്ലരാധാകൃഷ്ണ തുടങ്ങിയവര്‍ ബാലസാഹിത്യ മേഖലയില്‍ വളരെ അറിയപ്പെടുന്നവരാണ്. കുട്ടികള്‍ക്കുവേണ്ടി കഥകളും പാട്ടുകളും രചിക്കുന്നതില്‍ വിശേഷവൈദഗ്ധ്യം നേടിയിരുന്നു ചിന്താദീക്ഷിതുലു (1891-1960). തന്റെ കൃതികളില്‍ ആനന്ദാനുഭൂതികളും ആദര്‍ശവും ഭംഗിയായി കൂട്ടിയിണക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഹനുമന്ദുനിതോകാ (1955) എന്നപേരില്‍ ഇദ്ദേഹം രചിച്ച കഥാഗാനം വിനോദപ്രധാനമാണ്. ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന കൃതിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രചിച്ച നീണ്ടകഥയാണ് ലീലാസുന്ദരി (1958).

വേലൂരി ശിവരാമശാസ്ത്രി (1892-1967) വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ച വിജ്ഞാനകഥാലു (1969) എന്ന കഥാസമാഹാരത്തിലെ ഓരോ കഥയുടെയും ഒടുവില്‍ ഗുണപാഠരൂപത്തില്‍ ഓരോ ഈരടികള്‍ ചേര്‍ത്തിരിക്കുന്നു. ഇരട്ടക്കവികളായ വെങ്കടപാര്‍വതീശ്വരകവുലു പ്രകൃതിയിലെ വസ്തുക്കളെക്കുറിച്ചുള്ള മൌലികമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സരളമായ ശൈലിയില്‍ ബാലഗീതാവലി എന്നൊരു കവിതാപരമ്പര രചിക്കുകയുണ്ടായി. കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതോടൊപ്പം അവരുടെ കൌതുകം തട്ടിയുണര്‍ത്തുകയും ചെയ്യുന്ന കൃതികളാണിവ. നാളം കൃഷ്ണറാവു (1881-1961) ലളിതമായ ബാലകവിതകള്‍ രചിച്ചു. തേനേചിനുകുലു, മീഗഡതരകലു, പാപ്പായി, മുദ്ദു, വെന്നമുദ്ദലു മുതലായ കവിതകള്‍ കുട്ടികളെ രസിപ്പിക്കുകയും സദാചാരപരവും ധാര്‍മികവുമായ മൂല്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു.

തെലുഗു കഥയുടെ രൂപത്തിലും ഭാവത്തിലും പരിവര്‍ത്തനം വരുത്തിയ ഗുഡിപാടി വെങ്കടാചലം (1894-1979) ബാലസാഹിത്യരംഗത്തും ശ്രദ്ധേയനായി. കുട്ടികളുടെ സര്‍ഗസിദ്ധികളെയും സഹജവാസനകളെയും മുരടിപ്പിക്കുന്ന പാരമ്പര്യ വിദ്യാഭ്യാസ രീതിയുടെ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ബാലസാഹിത്യത്തിന് അര്‍ഥപൂര്‍ണമായ സംഭാവനകള്‍ അര്‍പ്പിച്ചു. ബിദ്ദലചിക്കണ, മ്യൂസിങ്സ് എന്നിവയാണ് മുഖ്യ ബാലസാഹിത്യ കൃതികള്‍. കുട്ടികളുടെ സഹജവാസനയുടെ കഴുത്തു ഞെരിക്കുന്നത് കൊലപാതകംപോലെയുള്ള കുറ്റമാണെന്ന് സ്വതന്ത്രചിന്തകനായ അദ്ദേഹം സമര്‍ഥിച്ചു.

കുട്ടികളുടെ കൌതുകം വളര്‍ത്താന്‍ ഉതകുന്ന ശൈലിയില്‍ ശാസ്ത്രവിഷയങ്ങള്‍ അവതരിപ്പിച്ച ബാലസാഹിത്യകാരന്മാരില്‍ പ്രമുഖരാണ് വസന്തറാവു വേങ്കടറാവു, നന്ദൂരി റാം മോഹന്‍, വേനരാജു ഭാനുമൂര്‍ത്തി മുതലായവര്‍. ആഖ്യാനശില്പവും മാനുഷിക ഘടകങ്ങളുടെ സന്നിവേശവും ഇവരുടെ കൃതികളെ കുട്ടികള്‍ക്കു ഹൃദ്യമാക്കുന്നു. തെലുഗു ബാലസാഹിത്യം എണ്ണത്തിലും ഗുണത്തിലും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

'തെലുഗു ഭാഷാസമിതി'യും സംസ്ഥാന ഗവണ്മെന്റും കേന്ദ്രഗവണ്മെന്റും മികച്ച ബാലസാഹിത്യകൃതികള്‍ക്ക് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ബാലസാഹിത്യരചന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 'ബാലസാഹിത്യരചനാലയ'ങ്ങള്‍ (ബാലസാഹിത്യ രചനയ്ക്കുള്ള പണിപ്പുരകള്‍) നടത്തുന്നതിന് ഗവണ്മെന്റുതന്നെ മുന്‍കൈയെടുത്തിട്ടുണ്ട്.

പത്രങ്ങളും ആനുകാലികങ്ങളും

പത്രപ്രവര്‍ത്തനരംഗത്ത് വീരേശലിംഗമാണ് ആദ്യത്തെ പത്രാധിപര്‍. അദ്ദേഹം പ്രസിദ്ധീകരിച്ച വിവേകവര്‍ധിനിയില്‍ സാഹിത്യത്തിന് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ചിലകമര്‍ത്തി ലക്ഷ്മീനരസിംഹം, കൊക്കോണ്ട വെങ്കടരത്നം, വീരേശലിംഗം പന്തുലു എന്നിവര്‍ പ്രസിദ്ധീകരിച്ച മാസികകളില്‍ സാഹിത്യത്തിനും പുസ്തകാഭിപ്രായങ്ങള്‍ക്കും പ്രാധാന്യം നല്കി. പഴയ കവികളുടെ അപ്രകാശിതകൃതികള്‍ അമുദ്രിതഗ്രന്ഥ ചിന്താമണിയില്‍ പ്രത്യക്ഷപ്പെട്ടു. അമുദ്രിതഗ്രന്ഥ ചിന്താമണിയുടെ പത്രാധിപര്‍ നെല്ലൂരിലെ പുണ്ഡ്ലാ രാമകൃഷ്ണയ്യ ആയിരുന്നു. ആധുനിക തെലുഗുസാഹിത്യത്തെ പരിപോഷിപ്പിക്കുന്ന കാര്യത്തില്‍ ശാരദ, ജയന്തി, ഉദയിനി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നല്ല പങ്കു വഹിച്ചു. ആന്ധ്ര സാഹിത്യ പരിഷത് പത്രിക തുടങ്ങിയത് 1912-ലാണ്. ആധുനിക തെലുഗു മുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ ഈ പ്രസിദ്ധീകരണം ശ്രമിച്ചു. എന്നാല്‍ ആ യത്നം നിഷ്ഫലമായി. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പഴയ ഗ്രന്ഥങ്ങള്‍ പലതും ഈ പത്രത്തിലൂടെ പുറത്തുവന്നു എന്നൊരു മേന്മ അതിന് അവകാശപ്പെടാവുന്നതാണ്. തെലുഗു സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായകമായിരുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു കൃഷ്ണപത്രിക. കൊണ്ടാവെങ്കിടപ്പയ്യ, ദാസുനാരായണ റാവു എന്നിവരായിരുന്നു കൃഷ്ണപത്രികയുടെ പത്രാധിപന്മാര്‍. 1907-ല്‍ മുത്നൂറി കൃഷ്ണറാവു കൃഷ്ണപത്രികയുടെ ഉടമസ്ഥനും പത്രാധിപരുമായി. നാല് ദശവര്‍ഷക്കാലം തെലുഗരുടെ ചിന്തകളെ രൂപപ്പെടുത്താനുതകുന്ന രീതിയില്‍ അദ്ദേഹം കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളെക്കുറിച്ചും ഉള്ള ലേഖനങ്ങള്‍ കൃഷ്ണപത്രികയില്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. പൊതുവേ, തെലുങ്കര്‍ അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിക്കുന്നു. 1923-ല്‍ നാഗേശ്വരറാവു ഭാരതി എന്ന പേരില്‍ ഒരു സാഹിത്യമാസിക തുടങ്ങി. 1908-ല്‍ വാരികയായി തുടങ്ങിയ ആന്ധ്രപത്രിക ദിനപത്രമായി വളരെ പ്രചാരം നേടി. ആന്ധ്രപ്രഭ എന്ന ദിനപത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പ് സാഹിത്യ പ്രധാനമായിരുന്നു. സഭാപതി തല്ലാവജ്ജല ശിവശങ്കരശാസ്ത്രി പ്രസിദ്ധീകരിച്ച സാഹിതിയും തെലികചേര്‍ല വെങ്കടരത്നം പ്രസിദ്ധീകരിച്ച പ്രതിഭയും സാഹിത്യത്തില്‍ നൂതന പ്രവണതകള്‍ക്കു പ്രാധാന്യം നല്കി.

1913-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങിയ സുജാതയുടെ പത്രാധിപര്‍ ശ്രീനിവാസശര്‍മ ആയിരുന്നു. ആ മാസിക അധികം കാലം നിലനിന്നില്ലെങ്കിലും സാഹിത്യവിഷയകങ്ങളായ ഒട്ടേറെ ലേഖനങ്ങള്‍ അതിലൂടെ പ്രകാശിതമായി. 1947-ല്‍ സാഹിത്യമാസികയായ ശോഭ പ്രത്യക്ഷപ്പെട്ടു. അതിന്റെ പത്രാധിപര്‍ ദേവൂലപ്പള്ളി രാമാനുജറാവു ആയിരുന്നു. ആ മാസികയും അല്പായുസ്സായിരുന്നു. കുട്ടികള്‍ക്കുവേണ്ടിയും ഒരു മാസിക (ബാല) പുറത്തുവന്നു. ന്യപതി രാഘവറാവുവും അദ്ദേഹത്തിന്റെ ഭാര്യ കാമേശ്വരമ്മയുമായിരുന്നു പത്രാധിപത്യം വഹിച്ചത്. നാര്‍ലാ വെങ്കിടേശ്വരറാവു പത്രപ്രവര്‍ത്തന രംഗത്തെ മികച്ച ഒരു സാഹിത്യകാരനായിരുന്നു.

1938-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ആന്ധ്രപ്രഭയുടെ പത്രാധിപസ്ഥാനം പില്ക്കാലത്ത് വി.ആര്‍. നാര്‍ല ഏറ്റെടുത്തതോടെ ഭാഷാരീതിയെ സംബന്ധിച്ചിടത്തോളം ധീരമായ വ്യതിയാനം സംഭവിച്ചു. നാല്പതുകളിലും അന്‍പതുകളിലും ആന്ധ്രപ്രഭ സര്‍വസാധാരണമായ വ്യാവഹാരികശൈലിയാണുപയോഗിച്ചത്. സമകാലിക തെലുഗു ഗദ്യത്തിന്റെ ആധുനിക രീതിയിലുള്ള വികാസപരിണാമങ്ങള്‍ക്ക് ഇത് സഹായകമായി. 1960-ല്‍ നാര്‍ലയുടെ പത്രാധിപത്യത്തില്‍ ആന്ധ്രജ്യോതി എന്ന പത്രം ആരംഭിച്ചു. ഉദയം, വാര്‍ത്ത എന്നിവയാണ് മറ്റു ചില പ്രധാന പത്രങ്ങള്‍

വിശാഖപട്ടണത്തുനിന്ന് രാമോജിറാവു പ്രസിദ്ധപ്പെടുത്തിയ ഈനാഡു ദിനപത്രരംഗത്തെ പുത്തന്‍ പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ലളിതമായ സംസാരഭാഷാശൈലിയാണ് ഈ പത്രം ഉപയോഗിക്കുന്നത്. മറ്റു പല കേന്ദ്രങ്ങളില്‍നിന്ന് ഈ പത്രം ഇപ്പോള്‍ പ്രസിദ്ധീകരിച്ചുവരുന്നു. തെലുങ്കാനാ പ്രദേശത്തിന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി വാദിക്കുവാന്‍ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ് ആനന്ദഭൂമി. തെലുങ്കാനാ ദേശ്യഭാഷ ഈ പത്രത്തില്‍ ഇടകലര്‍ന്നുകാണാം. വിജയവാഡയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന വിശാലാന്ധ്രാ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ജിഹ്വയാണ്. ഈ ദിനപത്രങ്ങള്‍ക്കെല്ലാം സ്വന്തം സചിത്രവാരികകളുമുണ്ട്. ഈ വാരികകളിലും മറ്റും സ്വീകരിച്ചിട്ടുള്ള അനായാസ ലളിതഗദ്യശൈലി സമകാലിക തെലുഗു ഗദ്യരീതിയുടെ പരിണാമത്തില്‍ ഗണ്യമായ പ്രഭാവം ചെലുത്തിയിട്ടുണ്ട്.

പ്രസ്ഥാനങ്ങളും സംഘടനകളും

ആന്ധ്ര സാഹിത്യപരിഷത് സംസ്ഥാപിതമായത് 1911-ല്‍ ആണ്. ജയന്തിരാമയ്യ പന്തുലുവാണ് അതിന്റെ സംഘാടകന്‍. പിതാപുരം മഹാരാജാവായിരുന്നു ആന്ധ്ര സാഹിത്യപരിഷത്തിന്റെ രക്ഷാധികാരി. ആധുനിക തെലുഗുവിനെ അടിച്ചമര്‍ത്തുന്നതിനുവേണ്ടിയാണ് അത് തുടങ്ങിയത്. പണ്ഡിതന്മാര്‍ പരിഷത്തിനെ സ്വാഗതം ചെയ്തെങ്കിലും പരിഷത്തിന് ആ ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഈ സംഘടന ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആന്ധ്ര സാഹിത്യപരിഷത് പത്രിക എന്ന ഒരു പ്രസിദ്ധീകരണത്തിലൂടെ സാഹിത്യ വിഷയങ്ങളായ ധാരാളം ലേഖനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഈ സംഘടനയ്ക്കു കഴിഞ്ഞു. പിതാപുരം മഹാരാജാവു നല്കിയ സഹായധനം ഒരു ലക്സിക്കണ്‍ നിര്‍മിക്കുന്നതിന് പ്രയോജനപ്പെട്ടു. ഈ ലക്സിക്കണിന്റെ ആദ്യ വാല്യം 1938-ല്‍ പ്രസിദ്ധീകൃതമായി.

'വിജ്ഞാനചന്ദ്രികാമണ്ഡലി' രൂപീകരിച്ചതും 1911-ല്‍ ആണ്. കൊമര്‍രാജു ലക്ഷ്മണറാവു(1877-1927)വിന്റെ പരിശ്രമമായിരുന്നു അതിന്റെ പിന്നിലുണ്ടായിരുന്നത്. റാവു കഴിവുറ്റ എഴുത്തുകാരെ തേടിപ്പിടിച്ച് ഗ്രന്ഥരചനയ്ക്ക് പ്രേരിപ്പിച്ചു. മണ്ഡലി അങ്ങനെ പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇംഗ്ളീഷ്, തെലുഗു, മറാഠി, സംസ്കൃതം, ഹിന്ദി എന്നീ അഞ്ച്ഭാഷകളിലും ലക്ഷ്മണറാവുവിന് പ്രാവീണ്യമുണ്ടായിരുന്നു. ലക്ഷ്മണറാവുവാണ് 'കൃഷ്ണദേവരായ ആന്ധ്രഭാഷാനിലയം' സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. ലക്ഷ്മണറാവുവിന്റെ മരണത്തിനുശേഷം വിജ്ഞാനചന്ദ്രികാ മണ്ഡലിയെ ഉണര്‍ത്തിക്കൊണ്ടുവന്നത് അയ്യദേവരകാളേശ്വരറാവുവാണ്. 'ആന്ധ്രപ്രചാരിണി ഗ്രന്ഥമാല' 1910-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 170 നോവലുകളും ചെറുകഥകളും അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വതന്ത്ര കൃതികളും ബംഗാളി കൃതികളെ അവലംബമാക്കി രചിച്ച കൃതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

തെനാലിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ 'സാഹിതീ സമിതി' തെലുഗു സാഹിത്യത്തെ ആധുനികതയിലേക്കു നയിക്കുന്നതില്‍ നല്ല പങ്കു വഹിച്ചു. ഈ നൂറ്റാണ്ടിലെ തെലുഗു സാഹിത്യകാരന്മാര്‍ക്ക് നല്ല പരിശീലനമേകാന്‍ ഈ സമിതിക്കു കഴിഞ്ഞു. ഈ സമിതിയില്‍ ആചാര്യസ്ഥാനം വഹിച്ചിരുന്നത് തല്ലാവജ്ജല ശങ്കരശാസ്ത്രി (1892) ആയിരുന്നു. ചെറുപ്പക്കാരായ എഴുത്തുകാര്‍ പരിശോധനയ്ക്ക് അവരുടെ കൃതികള്‍ സമര്‍പ്പിച്ചിരുന്നത് ശാസ്ത്രികള്‍ക്കായിരുന്നു

തെലുഗു സാഹിത്യ സംഘടനയും (1913-26) 'ഭാരതീ തീര്‍ഥ'യും (1926) തെലുഗുസാഹിത്യത്തെ ആധുനികവത്കരിക്കാന്‍ സഹായകമായിട്ടുണ്ട്. 'തെലുഗു ഭാഷാഭിവര്‍ധിനി' എന്ന സംഘടന ആധുനിക തെലുഗു സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി.

1933 മുതല്‍ 'നവ്യസാഹിത്യപരിഷത്ത്' പ്രവര്‍ത്തനമാരംഭിച്ചു. നൂറുകണക്കിന് എഴുത്തുകാര്‍ ജീവല്‍ഭാഷയില്‍ത്തന്നെ സാഹിത്യരചന നടത്തി. നവ്യസാഹിത്യപരിഷത്ത് 1936-ല്‍ പ്രതിഭ എന്ന പേരില്‍ ഒരു ത്രൈമാസികം പ്രസിദ്ധീകരിച്ചുതുടങ്ങി. നവീന സാഹിത്യത്തിന്റെ മാതൃകകള്‍ അതില്‍ പ്രസിദ്ധീകരിച്ചുവന്നു. 1934-ല്‍ 'കവിതാ സമിതി' എന്ന ഒരു സംഘടന ഉണ്ടായി. 1942-ല്‍ 'ആന്ധ്ര സാഹിത്യ പരിഷത്തും' 1949-ല്‍ ആന്ധ്ര സാരസ്വത പരിഷത്തും തെലുഗു സാഹിത്യത്തെ പരിപോഷിപ്പിച്ചു. ആധുനിക തെലുഗുസാഹിത്യത്തെ പരിപോഷിപ്പിച്ച ഒരു സംഘടനയാണ് 1943-ല്‍ വിജയവാഡയില്‍ രൂപീകൃതമായ 'ദ് പ്രോഗ്രസ്സിവ് റൈറ്റേഴ്സ് അസോസിയേഷന്‍' (അഭ്യുദയ രചയിതാല സംഘം). ശ്രീ ശ്രീ., മദ്രാസ് ഹൈക്കോര്‍ട്ടില്‍ ജഡ്ജിമാരായിരുന്ന പി.വി. രാജമന്നാര്‍, വി.ഗോവിന്ദ രാജാചാരി തുടങ്ങിയവരെ ഈ അസോസിയേഷന്‍ ആകര്‍ഷിച്ചിരുന്നു.

തെലുഗു സാഹിത്യം അതിന്റെ ദീര്‍ഘമായ ചരിത്രത്തില്‍ പലപ്പോഴും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ വിവിധ സിദ്ധാന്തങ്ങളുടെ പ്രഭാവത്തിനു വിധേയമായിട്ടുണ്ട്. പത്തൊന്‍പത്, ഇരുപത് ശതകങ്ങളില്‍ അനേകം പ്രബലങ്ങളായ പ്രസ്ഥാനങ്ങള്‍ തെലുഗു സാഹിത്യത്തിന്റെ സ്വരത്തിലും ഭാവത്തിലും സംരചനയിലും പ്രഭാവം ചെലുത്തി. നോവല്‍, നാടകം, ഉപന്യാസം, ചെറുകഥ എന്നീ സാഹിത്യരൂപങ്ങള്‍ക്കെന്നപോലെ ഗദ്യസരണിയുടെ ആവിര്‍ഭാവത്തിനും വഴിതെളിച്ചത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രഭാവമായിരുന്നു.

(കിളിമാനൂര്‍ രമാകാന്തന്‍; കെ. പ്രകാശ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍