This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെലുഗുദേശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെലുഗുദേശം

ആന്ധ്രപ്രദേശ് സംസ്ഥാനത്ത് രൂപവത്കൃതമായ രാഷ്ട്രീയ പാര്‍ട്ടി. ദേശീയതലത്തിലും പാര്‍ട്ടിക്ക് പ്രാധാന്യമുണ്ട്. 1982 മാ.-ല്‍ തെലുഗുദേശം പാര്‍ട്ടി സ്ഥാപിതമായി. സിനിമാരംഗത്ത് പ്രശസ്തനായ എന്‍.ടി.രാമറാവുവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി രൂപംപ്രാപിച്ചത്. സ്വാതന്ത്രൃനന്തരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണം നിലനിന്നിരുന്ന ആന്ധ്രപ്രദേശില്‍ രാമറാവു രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്കു പ്രവേശിച്ചതോടെ തെലുഗുദേശം പാര്‍ട്ടിക്കു തുടക്കം കുറിച്ചു. പ്രാദേശിക താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതായിരുന്നു തുടക്കത്തില്‍ പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യം. എങ്കിലും രാജ്യത്തിന്റെ ഐക്യത്തിനും ഒപ്പം അഖണ്ഡതയ്ക്കും വേണ്ടി പാര്‍ട്ടി നിലകൊണ്ടു. 'ചൈതന്യരഥം' എന്നു പേരിട്ട വാഹനത്തില്‍ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി ഇദ്ദേഹം പാര്‍ട്ടിക്ക് പിന്തുണ നേടി. 1983 ജനു.-യിലെ തെരഞ്ഞെടുപ്പില്‍ തെലുഗുദേശത്തിന് ആന്ധ്രയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. എന്‍.ടി. രാമറാവു ഇതോടെ ആന്ധ്രയിലെ മുഖ്യമന്ത്രിയാവുകയും ചെയ്തു. പാര്‍ട്ടിയിലെ ഒരു വിഭാഗം വിമതര്‍ പിളര്‍പ്പുണ്ടാക്കിയതിനെത്തുടര്‍ന്ന് എന്‍.ടി.രാമറാവു മുഖ്യമന്ത്രിയായുള്ള തെലുഗുദേശം ഗവണ്മെന്റ് 1984 ആഗ.-ല്‍ അധികാരഭ്രഷ്ടമാക്കപ്പെട്ടു. എങ്കിലും സെപ്.-ല്‍ രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തില്‍ മറ്റു പാര്‍ട്ടികളെക്കൂടി കൂട്ടി ഒരു ദേശീയ മുന്നണി രൂപവത്ക്കരിക്കുന്നതിനും തെലുഗുദേശം നേതൃത്വം നല്കി.

എന്‍.ടി.രാമറാവു

1984 ഡി.-ലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ലോകസഭയില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായിത്തീര്‍ന്നു തെലുഗുദേശം. ആന്ധ്രയില്‍ 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തെലുഗുദേശം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായി രൂപവത്കൃതമായ ദേശീയ ജനാധിപത്യമുന്നണി എന്ന രാഷ്ട്രീയ സഖ്യത്തിലെ ഒരു പ്രധാന പാര്‍ട്ടിയായിരുന്നു തെലുഗുദേശം. 1983 മുതല്‍ ആന്ധ്രയില്‍ അധികാരത്തിലിരുന്ന തെലുഗുദേശം 1989-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് അധികാരഭ്രഷ്ടമായി. 1994 ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ തെലുഗുദേശത്തിന് വീണ്ടും ഭൂരിപക്ഷം ലഭിച്ചു.

ലക്ഷ്മീപാര്‍വതി

എന്‍.ടി. രാമറാവുവിന്റെ രണ്ടാം ഭാര്യയായ ലക്ഷ്മീപാര്‍വതി 1990-കളുടെ മധ്യത്തോടെ പാര്‍ട്ടിക്കാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങി. ഇത് തെലുഗുദേശത്തില്‍ നേതൃത്വമത്സരത്തിന് വഴിതെളിച്ചു. ലക്ഷ്മീപാര്‍വതിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ കലാപമുണ്ടായി. എന്‍.ടി. രാമറാവുവിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു. പാര്‍ട്ടിയിലെ ഭൂരിപക്ഷം നിയമസഭാംഗങ്ങള്‍ ചേര്‍ന്ന് 1995 ആഗ.-ല്‍ ചന്ദ്രബാബു നായിഡുവിനെ തെലുഗുദേശത്തിന്റെ നേതാവായി തെരഞ്ഞെടുത്തു.

ചന്ദ്രബാബു നായിഡു

സെപ്.-ല്‍ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായി. 1996 ജനു.-യില്‍ എന്‍.ടി. രാമറാവു നിര്യാതനായി. തുടര്‍ന്ന് ഈ പാര്‍ട്ടി നായിഡുപക്ഷം എന്നും ലക്ഷ്മീപാര്‍വതി പക്ഷം എന്നും രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചുമാറി. തെരഞ്ഞെടുപ്പില്‍ ലക്ഷ്മീപാര്‍വതി വിഭാഗം പരാജയപ്പെട്ടു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തിപ്രാപിച്ചു.

ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനഭരണത്തോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും വ്യക്തമായ സ്വാധീനം ചെലുത്തുന്ന പാര്‍ട്ടിയായി തെലുഗുദേശം മാറുകയുണ്ടായി. 1998-ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്റിന് തെലുഗുദേശം പ്രശ്നാധിഷ്ഠിത പിന്തുണ നല്കി. 1999-ലെ തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിത്തീര്‍ന്നു തെലുഗുദേശം. 2004-ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം അതിന്റെ പ്രതാപത്തിന് മങ്ങലേല്പിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍