This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മോമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെര്‍മോമീറ്റര്‍

Thermometer

താപനില അളക്കുന്നതിനുള്ള ഉപകരണം. താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായി പദാര്‍ഥങ്ങളുടെ ഭൗതിക സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളെ അവലംബിച്ച് പ്രവര്‍ത്തിക്കുന്നവയാണ് തെര്‍മോമീറ്ററുകള്‍.

ചരിത്രം. ഗലീലിയൊ രൂപപ്പെടുത്തിയതെന്നു കരുതപ്പെടുന്ന വായു തെര്‍മോസ്കോപ് ആണ് താപമാപനത്തിന് ഉപയോഗിച്ച ആദ്യത്തെ ഉപകരണം. വ്യാസം കുറഞ്ഞ ഒരു കുഴലില്‍ വായു നിറച്ച്, ഒരു പരന്ന പാത്രത്തിലെ ജലത്തില്‍ ഭാഗികമായി മുങ്ങത്തക്കവണ്ണം കുഴലിനെ കുത്തനെ ഉറപ്പിച്ചാണ് തെര്‍മോസ്കോപ് നിര്‍മിച്ചിരുന്നത്. അന്തരീക്ഷ മര്‍ദം കുഴലിനുള്ളിലെ വായു മര്‍ദത്തെ സ്വാധീനിക്കുന്നതിനാല്‍ വായു തെര്‍മോസ്കോപ്പുകള്‍ക്ക് കൃത്യത കുറവായിരുന്നു. ഗിയൊ അമൊണ്‍ടണ്‍ ഇതിനൊരു പരിഹാരം കണ്ടുപിടിച്ചു. ഗ്ലാസ് കുഴലില്‍ ദ്രാവകം നിറച്ച് പ്രവര്‍ത്തിക്കുന്ന ഫ്ലോറെന്റൈന്‍ സംവൃത ഗ്ലാസ് - ദ്രാവക തെര്‍മോമീറ്റര്‍ 1654-ല്‍ കണ്ടുപിടിക്കപ്പെട്ടു. ഇവ 50/100/300 ഡിഗ്രി പരാസങ്ങളില്‍ (range) അംശാങ്കനം ചെയ്യപ്പെട്ടിരുന്നു. ഫ്രാന്‍സിലും ഇംഗ്ലണ്ടിലും വ്യാപകമായി പ്രയോഗത്തിലിരുന്ന ഇവയില്‍ ദ്രാവകമായി ആദ്യകാലങ്ങളില്‍ നിറം കലര്‍ത്തിയ വീഞ്ഞും പിന്നീട് രസം (mercury), വെള്ളം മുതലായവയും ഉപയോഗിച്ചിരുന്നു. ദ്രാവകങ്ങളുടെ വികാസത്തെ അന്തരീക്ഷ മര്‍ദം സ്വാധീനിക്കുന്നില്ല എന്നതാണ് ഫ്ലോറെന്റൈന്‍ തെര്‍മോമീറ്ററുകളുടെ ഏറ്റവും വലിയ മേന്മ. വികാസ നിരക്ക് കുറവായ ദ്രാവകങ്ങളുപയോഗിക്കുമ്പോള്‍ (ഉദാ. രസം) സംവേദകത വര്‍ധിപ്പിക്കാനായി, വളരെ കുറഞ്ഞ ആന്തരിക വ്യാസം ഉള്ള കുഴലുകളാണ് തെര്‍മോമീറ്റര്‍ നിര്‍മിക്കാനായി തിരഞ്ഞെടുത്തിരുന്നത്.

ക്രമീകരണം. സംവൃത ഗ്ളാസ് - രസ തെര്‍മോമീറ്ററുകള്‍ പ്രചാരത്തിലായതോടെ ഇവയിലെ അംശാങ്കനത്തിനും സൂചിത താപനിലകള്‍ക്കും പൊതു മാനദണ്ഡം സ്വീകരിക്കേണ്ട അവസ്ഥ സംജാതമായി. ഫാരെന്‍ഹൈറ്റ് (നിര്‍ദേശിത താപനിലകള്‍ വെള്ളത്തിന്റെ ഖരാങ്കമായ 32o-ഉം ആരോഗ്യമുള്ള മനുഷ്യന്റെ ശരീരോഷ്മാവായ 98.6o), റെയ്മര്‍ സ്കെയില്‍ (വെള്ളത്തിന്റെ ഖരാങ്കം/തിളനില യഥാക്രമം 0o/80o), ജോസഫ് നിക്കോള്‍ ഡെലിസ്ലെ സ്കെയില്‍ (വെള്ളത്തിന്റെ ഖരാങ്കം/തിളനില 0o150o), സെല്‍സിയസ് (ആദ്യകാലത്ത് സെന്റിഗ്രേഡ്) സ്കെയില്‍ (ജലത്തിന്റെ ഖരാങ്കം/തിളനില 0o/100o) എന്നിങ്ങനെ നാല് വ്യത്യസ്ത അംശാങ്കന രീതികള്‍ നിലവില്‍വന്നു. സെല്‍സിയസ് സ്കെയിലില്‍ ജലത്തിന്റെ ഉറയല്‍/തിളനിലകള്‍ ആദ്യകാലത്ത് യഥാക്രമം 100oC ആയി നിജപ്പെടുത്തിയിരുന്നെങ്കിലും അതിനു വിപരീതമായി ഇന്നത്തെ രീതി സ്വീകരിച്ചത് ലിനെയു ആണ്. 1910-കളില്‍ വീന്‍-പ്ലാങ്ക് പ്രമാണം കണ്ടുപിടിക്കപ്പെട്ടതോടെ അതിനെ അടിസ്ഥാനമാക്കി തെര്‍മോമീറ്ററുകള്‍ പുനഃഅംശാങ്കനം ചെയ്യപ്പെട്ടു.

കാലക്രമത്തില്‍ താപഗതികം വികാസം പ്രാപിച്ചതോടെ വാതക/ദ്വിലോഹ/പ്രതിരോധക ഇനങ്ങളിലുള്ള തെര്‍മോമീറ്ററുകള്‍ നിര്‍മിക്കപ്പെട്ടു. വളരെ ഉയര്‍ന്ന താപനിലകളുടെ മാപനത്തിനായി പൈറോമീറ്ററുകളും നിലവില്‍വന്നു.

വിവിധതരം തെര്‍മോമീറ്ററുകള്‍. ഇന്ന് പ്രധാനമായി ഏഴ് തരം തെര്‍മോമീറ്ററുകള്‍ പ്രചാരത്തിലുണ്ട്.

1.സംവൃത ഗ്ലാസ് - ദ്രാവക തെര്‍മോമീറ്റര്‍. രണ്ടറ്റവും അടച്ച ഒരു ഗ്ലാസ് കുഴലില്‍ അനുയോജ്യമായ ദ്രാവകവും (രസം) വാതകവും ഭാഗികമായി നിറച്ചാണ് ഇത് നിര്‍മിക്കുന്നത്. കുഴലിന്റെ പുറത്തായി നേരിട്ടോ മറ്റു രീതിയിലോ താപനിലകള്‍ അംശാങ്കനം ചെയ്തിരിക്കും. കുഴലിനുള്ളിലെ ദ്രവ തലത്തിന്റെ (meniscus) സ്ഥാനം നോക്കിയാണ് താപനില നിശ്ചയിക്കുന്നത്. പ്രസ്തുത സംവിധാനത്തെ അടിസ്ഥാനപരമായി നിലനിര്‍ത്തിക്കൊണ്ട് മറ്റ് അനുയോജ്യ ക്രമീകരണങ്ങളും സന്ദര്‍ഭോചിതമായി സ്വീകരിക്കാറുണ്ട്. ഉദാഹരണമായി, ദ്രാവകരൂപത്തിലുള്ള ഒരു ലോഹമാണ് ഗ്ലാസ് കുഴലിനുള്ളിലെങ്കില്‍ താപനില ഒരു നിശ്ചിത മൂല്യത്തിലെത്തുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന തരത്തില്‍ അലാറം, വിദൂരസ്ഥ നിയന്ത്രണ ക്രമീകരണം മുതലായവ വിദ്യുത്പരിപഥങ്ങളുപയോഗിച്ച് സജ്ജീകരിക്കാനാകും. നിശ്ചിത സമയാന്തരങ്ങളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകള്‍ തിട്ടപ്പെടുത്തുവാനുള്ള തെര്‍മോമീറ്ററും ലഭ്യമാണ്. സംവൃതഗ്ലാസ് - ദ്രാവക തെര്‍മോമീറ്ററിന്റെ നല്ലൊരുദാഹരണമാണ് കേശിക ക്കുഴലില്‍ രസം നിറച്ച് രൂപപ്പെടുത്തുന്നതും മനുഷ്യന്റെ ശരീരോഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്നതുമായ ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍. താപനിലയ്ക്കനുസൃതമായി വികസിച്ച ദ്രാവകം, ഗുരുത്വാകര്‍ഷണ പ്രഭാവം മൂലം ദ്രാവക സംഭരണിയിലേക്ക് മടങ്ങുന്നതിനെ വിഘാതപ്പെടുത്തുന്ന രീതിയില്‍ കേശികക്കുഴലിനുള്ളില്‍ മാര്‍ഗതടസ്സവും ക്രമീകരിക്കപ്പെട്ടിരിക്കും. തന്മൂലം ദ്രവതലം വികസിച്ചെത്തിയ നിലയില്‍ത്തന്നെ വര്‍ത്തിക്കുകയും താപനില രേഖപ്പെടുത്തുന്നതിന് സാവകാശവും സൗകര്യവും ലഭിക്കുകയും ചെയ്യുന്നു. വീണ്ടും ഉപയോഗിക്കുന്നതിനു മുമ്പ് തെര്‍മോമീറ്റര്‍ രണ്ടുമൂന്നാവര്‍ത്തി കുടഞ്ഞ് കുഴലിലെ രസത്തിനെ രസ സംഭരണിയായ 'ബള്‍ബിള്‍' എത്തിക്കണമെന്നു മാത്രം. -185oC മുതല്‍ +650oC വരെയുള്ള താപനിലകള്‍ സൂക്ഷ്മതയോടെ മാപനം ചെയ്യാന്‍ വിവിധ ഇനം സംവൃത ഗ്ളാസ് - ദ്രാവക ഇനം തെര്‍മോമീറ്റര്‍ അനുയോജ്യമാണ്.

2.ഫില്‍ഡ്-സിസ്റ്റം തെര്‍മോമീറ്റര്‍. ബള്‍ബ്, ബുര്‍ഡന്‍ കുഴല്‍, ഇവയെ ബന്ധിപ്പിക്കുന്ന കേശികക്കുഴല്‍ എന്നിവയാണ് ഇതിന്റെ ഘടകങ്ങള്‍. ബള്‍ബില്‍ വാതകമോ ദ്രാവകമോ ഉപയോഗിക്കുന്നു. വാതക ഇനത്തില്‍, താപനിലയ്ക്ക് ആനുപാതികമായി വാതക മര്‍ദത്തിന് മാറ്റം വരുന്നു. അന്തരീക്ഷമര്‍ദം മൂലം പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനായി ഇവയിലെ വാതകത്തിന്റെ മര്‍ദം അന്തരീക്ഷ മര്‍ദത്തിലും കൂടുതലാക്കി നിലനിര്‍ത്തുന്നു.

താപനിലയ്ക്കനുസൃതമായി ദ്രാവകത്തിന്റെ വ്യാപ്തത്തിലുണ്ടാകുന്ന വ്യതിയാനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ് ദ്രാവക ഇനം. വാതക ഇനത്തിന്റെ മാപന പരാസം -240oC മുതല്‍ +650oC വരെയും ഹൈഡ്രോകാര്‍ബണിക ദ്രാവക ഇനത്തിന്റേത് -87oC മുതല്‍ +315oC വരെയും ആണ്. പൊതുവേ മാപന പരാസത്തിന്റെ 99 ശതമാനത്തോളം മാപന സൂക്ഷ്മതയും ലഭിക്കുന്നു. -40oC മുതല്‍ +650oC വരെ പരിധി വേണമെങ്കില്‍ ദ്രാവകഇനം (രസം) തന്നെ ഉപയോഗിക്കേണ്ടതുണ്ട്.

Image:p139a.png Image:p139b.png

3.ഇരുലോഹ തെര്‍മോമീറ്റര്‍. വിളക്കിച്ചേര്‍ത്ത രണ്ട് വ്യത്യസ്ത ലോഹദണ്ഡുകളുടെ വിഭേദ വികാസ പ്രക്രിയ പ്രയോജനപ്പെടുത്തി താപനില മാപനം ചെയ്യുന്ന ഉപകരണമാണിത്. സര്‍പ്പില രൂപത്തില്‍ ക്രമീകരിച്ചിട്ടുള്ള പ്രസ്തുത ദ്വിലോഹ ദണ്ഡിനെ ഗിയര്‍, ലീവെര്‍ സംവിധാനത്തിലൂടെ ഒരു താപനിലാ സൂചകവുമായി ബന്ധപ്പെടുത്തുന്നു. 100oC മുതല്‍ +550oC വരെ പരാസമുള്ള ഇവ ഉപയോഗിച്ച് 99% സൂക്ഷ്മതയോടെ മാപനം നടത്താനാകും.

4.വാതക-ബാഷ്പമര്‍ദ താപീയ തെര്‍മോമീറ്റര്‍. എഥില്‍ ക്ളോറൈഡ്, എഥില്‍ ആല്‍ക്കഹോള്‍, ക്ലോറോബെന്‍സീന്‍, പ്രൊപേന്‍, മെഥില്‍ ഈഥര്‍ മുതലായ ദ്രാവകങ്ങളുടെ ബാഷ്പമര്‍ദത്തെ അവലംബിച്ച് നിര്‍മിക്കപ്പെടുന്നവയാണിവ. താപ സ്രോതസ്സില്‍ നിന്ന് 60 മീ. ദൂരംവരെ ടെലിമീറ്ററിങ് രീതിയില്‍ താപനില അളക്കാന്‍ ഇവയാണ് ഉത്തമം. കുറഞ്ഞ താപനിലകളില്‍ ഉപയോഗിക്കുന്നവയിലെ പ്രവര്‍ത്തന പരാസം 67oC കൂടിയ താപനിലകളില്‍ ഉപയോഗിക്കുന്നവയിലേത് 10oCആണ്. -18oC-ല്‍ കുറഞ്ഞതോ 43oC-ല്‍ കൂടിയതോ ആയ താപനിലകള്‍ മാപനം ചെയ്യാന്‍ സാധാരണയായി ഇവ ഉപയോഗപ്പെടുത്താറില്ല.

5.പ്രതിരോധക തെര്‍മോമീറ്റര്‍. ലോഹങ്ങള്‍, അര്‍ധചാലകങ്ങള്‍, സിറാമിക പദാര്‍ഥങ്ങള്‍ തുടങ്ങിയ ചാലക വസ്തുക്കളുടെ വിദ്യുത്പ്രതിരോധം താപനിലയ്ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതും പ്രസ്തുത മാറ്റം പുനഃസൃഷ്ടിക്കാവുന്നതുമാണ്. താപനിലയ്ക്കനുസൃതമായി പദാര്‍ഥത്തിന്റെ വിദ്യുത്പ്രതിരോധ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്നവയാണ് പ്രതിരോധക തെര്‍മോമീറ്റര്‍. എച്ച്.എല്‍.കലെണ്ടര്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ്. പ്രതിരോധ മാപന സംവിധാനം, വിദ്യുത്കമ്പികള്‍ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. ഉപകരണത്തിലെ സംവേദകാംശത്തെ ഒരു ബ്രിഡ്ജ് പരിപഥത്തില്‍ ഉള്‍ പ്പെടുത്തി അതില്‍ ശൂന്യ പ്രതിതുലനം സൃഷ്ടിച്ചാണ് താപനില കണ്ടുപിടിക്കുന്നത്. ഈ സംവിധാനത്തില്‍ നേര്‍ധാരയോ പ്രത്യാവര്‍ത്തിധാരയോ ഉപയോഗിക്കാനാകും. പൊതുവേ, സെര്‍വൊ രീതിയിലുള്ള താപനിലാമാപനത്തിന് പ്രത്യാവര്‍ത്തിധാരയും, വളരെ സൂക്ഷ്മവും കൃത്യവുമായ മാപനം നിര്‍വഹിക്കേണ്ടതിന് നേര്‍ധാരയും ഉപയോഗിക്കുന്നു. മാംഗനീസ്/നിക്കല്‍/കോബാള്‍ട്ട്/ചെമ്പ്/മഗ്നീഷ്യം തുടങ്ങിയ ലോഹങ്ങളുടെ ഓക്സൈഡുകള്‍, ധന താപമാനഗുണാങ്കമുള്ള ലോഹം, ബേറിയം ടൈറ്റനേറ്റ് പോലുള്ള സിറാമിക തെര്‍മിസ്റ്ററുകള്‍ മുതലായവ പ്രതിരോധക എലിമെന്റായി ഉപയോഗിക്കുന്നു. വെള്ളത്തിന്റെ ഉറയല്‍/തിളനിലകള്‍, സള്‍ഫര്‍ ഉരുകുന്ന താപനില അഥവാ സള്‍ഫര്‍ ബിന്ദു (444.6oC) എന്നിവയാണ് ഇതിലെ നിര്‍ദേശിത താപനിലകള്‍. എലിമെന്റായി ഉപയോഗപ്പെടുത്തുന്ന പദാര്‍ഥത്തിന് അനുസൃതമായി മാപനാങ്കങ്ങളുടെ പരാസത്തില്‍ വ്യത്യാസം വരാറുണ്ട്. പ്ളാറ്റിനത്തിന് -258oC മുതല്‍ +900o വരെ, നിക്കലിന് -150oC മുതല്‍ +300oC വരെ, ചെമ്പിന് -200oC മുതല്‍ +120o വരെ എന്നിവ താപാങ്ക സീമകളാണ്. പരീക്ഷണശാലകളില്‍ ഉപയോഗപ്പെടുത്തുന്നവ ±0.01o സൂക്ഷ്മതയും വ്യവസായ ശാലകളിലും മറ്റും പ്രയോജനപ്പെടുത്തുന്നവ ±0.30 സൂക്ഷ്മതയും നല്കാറുണ്ട്. സംവേദകാംശത്തിന്റെ (എലിമെന്റ്) താപീയ ചാലകത വളരെ ഉയര്‍ന്നതാവണം, നേര്‍ധാരാ താപീയ വിദ്യുത്ചാലക ബലം, പ്രത്യാവര്‍ത്തിധാരാ പ്രേരണിക/ധാരിതാ വിക്ഷോഭങ്ങള്‍ എന്നിവ പരിപഥത്തില്‍ അനുഭവപ്പെട്ടുകൂടാ തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷമേ ഇവ നിര്‍മിക്കാറുള്ളൂ.

6.താപവൈദ്യുത തെര്‍മോമീറ്റര്‍. തെര്‍മോകപ്പിളിന്റെ പ്രവര്‍ത്തനത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന തെര്‍മോമീറ്ററാണിത്. തെര്‍മോകപ്പിളിന്റെ ഒരഗ്രം സൂചിത ഊഷ്മാവിലുള്ള ഒരു മാധ്യമത്തിലും മറ്റേ അഗ്രം താപനില കണ്ടുപിടിക്കേണ്ട വസ്തു/ബിന്ദുവിലും വരത്തക്കരീതിയില്‍ ക്രമീകരിച്ചാല്‍ തെര്‍മോകപ്പിളിലെ ചാലകങ്ങള്‍ക്കു കുറുകെ അനുഭവപ്പെടുന്ന വോള്‍ട്ടതയുടെ അളവ് അഗ്രങ്ങളിലെ താപ പരാസത്തിന് ആനുപാതികമായിരിക്കും. നോ: തെര്‍മൊകപ്പിള്‍

7.പൈറൊമീറ്റര്‍. വളരെ കൂടിയ താപനിലാ മാപനത്തിന് ഉപയോഗപ്പെടുത്തുന്നവയാണ് പൈറൊമീറ്ററുകള്‍. കളിമണ്‍ വ്യവസായശാലകളിലെ ഉപയോഗത്തിനായി 1780-ല്‍ ആദ്യത്തെ പൈറൊമീറ്റര്‍ വെഡ്ജ്വുഡ്സ് നിര്‍മിച്ചു. ആദ്യകാല ഇനങ്ങളില്‍ സിറാമിക മണികള്‍/ബീഡുകള്‍ ഉപയോഗിച്ചിരുന്നു. താപനിലയ്ക്കനുസൃതമായി മണികളുടെ നിറം വ്യത്യാസപ്പെട്ടിരുന്നു. വസ്തുക്കളില്‍നിന്നു വികിരണം ചെയ്യപ്പെടുന്ന താപോര്‍ജത്തിന്റെ ദീപ്തി, തീവ്രത എന്നിവയെ അവലംബിച്ച് വസ്തുവിന്റെ താപനില കണ്ടുപിടിക്കാവുന്ന പ്രകാശിക/വികിരണ പൈറൊമീറ്ററുകള്‍ പിന്നീട് പ്രചാരത്തില്‍ വന്നു.

പൈറോമീറ്റര്‍

ഇ.എഫ്.മോഴ്സിന്റെ സിദ്ധാന്തത്തെ ആധാരമാക്കി നിര്‍മിക്കപ്പെട്ട ഡിസ്അപ്പിയറിങ് ഫിലമെന്റ് ഇനമാണ് ഏറ്റവും ശ്രദ്ധേയമായ പ്രകാശിക പൈറോമീറ്റര്‍. ലെന്‍സ് സംവിധാനം ഉപയോഗിച്ച് വികിരണ താപദീപ്തിയെ കേന്ദ്രീകരിച്ച്, വസ്തുവിന്റെ പ്രതിബിംബത്തെ ഒരു അംശാങ്കിത ടങ്സ്റ്റന്‍ ഫിലമെന്റ് വിളക്കില്‍ പതിപ്പിക്കുന്നു. തുടര്‍ന്ന് വികിരണ താപദീപ്തിയുടെ പ്രകാശിക പഥത്തില്‍ ഒരു അംശാങ്കിത വെഡ്ജ് സ്ഥാപിച്ച് അതിനെ ക്രമീകരിച്ച് ഫിലമെന്റിന്റെ നിറവും പ്രതിബിംബത്തിന്റെ പ്രതീത നിറവും തുല്യമാക്കി വസ്തുവിന്റെ താപനില നിശ്ചയിക്കുന്നു. വെഡ്ജിനു പകരം വിളക്കിലൂടെ പ്രത്യാവര്‍ത്തിധാര കടത്തിവിട്ടും വര്‍ണ തുല്യത വരുത്താനാകും. നിശ്ചിത തരംഗദൈര്‍ഘ്യമുള്ള കളര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് കൂടുതല്‍ കൃത്യതയോടെ അംശാങ്കനം ചെയ്യാം.

വികിരണ പൈറൊമീറ്ററില്‍ വസ്തുവിന്റെ വികിരണ ഊര്‍ജത്തെ ആദ്യമായി പ്രത്യേക സംവിധാനത്തിലൂടെ ഒരു താപ സംവേദകത്തിലേക്കു പതിപ്പിക്കുന്നു. സംവേദകത്തിനു ലഭിക്കുന്ന മൊത്തം വികിരണ ഊര്‍ജം, സംവേദകത്തിന്റെ താപ ചാലകതാ നിരക്ക് എന്നിവയ്ക്കനുസൃതമായി സംവേദകത്തിന്റെ താപനില വ്യത്യാസപ്പെടുന്നു. പ്രസ്തുത വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുവിന്റെ താപനില നിശ്ചയിക്കുന്നു. തെര്‍മൊപൈല്‍, പ്രതിരോധക തെര്‍മോമീറ്റര്‍, ബോളൊമീറ്റര്‍ എന്നിവയാണ് പൊതുവേ താപ സംവേദകമായി ഉപയോഗിക്കാറുള്ള സംവിധാനങ്ങള്‍. വസ്തുവിന്റെ പ്രതല ഉത്സര്‍ജകത (surface emissivity), പ്രകാശിക ഉപകരണങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന കണ്ണാടിയുടെ സ്വഭാവം, സംവേദകത്തിന്റെ അംശാങ്കന രീതി, തെര്‍മൊമീറ്ററിനും വസ്തുവിനും ഇടയ്ക്ക് അന്തരീക്ഷത്തില്‍ രൂപപ്പെടാവുന്ന അതാര്യ വസ്തുക്കള്‍ (ഉദാ. മൂടല്‍മഞ്ഞ്/പുക) മുതലായ അതാര്യ ഘടകങ്ങള്‍ തെര്‍മോമീറ്ററിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നവയാണ്. സൈദ്ധാന്തികമായി വിലയിരുത്തുമ്പോള്‍ എത്ര കൂടിയ താപനിലയും അളക്കാന്‍ പൈറൊമീറ്റര്‍ ഉപയോഗിക്കാമെന്ന് മനസ്സിലാകും. ഇത്തരം ഉപകരണങ്ങളുടെ താപനിലാമാപന പരിധി സീമാതീതമായി കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍