This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെര്‍മൈറ്റ്

Thermite

ലോഹങ്ങള്‍ വിളക്കി ചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രാസമിശ്രിതം. അയണ്‍ഓക്സൈഡും (Fe3O4) നേര്‍മയായി പൊടിച്ച അലൂമിനിയവും (Al) 3:1 എന്ന അനുപാതത്തില്‍ അടങ്ങിയിട്ടുള്ള മിശ്രിതത്തിന്റെ വ്യാവസായിക നാമമാണ് തെര്‍മൈറ്റ്. തെര്‍മൈറ്റ് ഉപയോഗിച്ച് ലോഹങ്ങള്‍ വിളക്കുന്ന പ്രക്രിയ തെര്‍മൈറ്റ് വെല്‍ഡനം എന്നാണറിയപ്പെടുന്നത്. വെല്‍ഡനത്തിനാവശ്യമുള്ള ദ്രവ ലോഹത്തിനും ഉയര്‍ന്ന താപത്തിനും രാസപ്രക്രിയയെ ആശ്രയിക്കുന്ന ഒരേയൊരു വെല്‍ഡന പ്രക്രിയയാണിത്. മറ്റ് വെല്‍ഡന പ്രക്രിയകളൊന്നുംതന്നെ ഫലപ്രദമാകാത്ത അവസരങ്ങളില്‍ - വലിയ ലോഹപാളികള്‍ വിളക്കാന്‍ - തെര്‍മൈറ്റ് വെല്‍ഡനം ഉപയോഗപ്രദമാകാറുണ്ട്. യന്ത്രങ്ങളുടെ കേന്ദ്രചക്രങ്ങള്‍, ലോഹ ചട്ടകള്‍, പൈപ്പുകള്‍ തുടങ്ങിയവയുടെ വെല്‍ഡനത്തിനും റെയില്‍പ്പാളങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കപ്പല്‍നിര്‍മാണ ശാലകളിലും ഉരുക്കു മില്ലുകളിലും ഉള്ള നിര്‍മാണ പ്രവര്‍ത്തനത്തിനും തെര്‍മൈറ്റ് പ്രക്രിയയാണ് ഉപയോഗിച്ചുവരുന്നത്.

തെര്‍മൈറ്റ് 1540°C ചൂടാക്കുമ്പോള്‍ മിശ്രിതത്തിലെ അലൂമിനിയം അയണ്‍ഓക്സൈഡിനെ വിജാരണം ചെയ്ത് ദ്രവാവസ്ഥയി ലുള്ള ഇരുമ്പ് അഥവാ ഉരുക്ക് അലോയ് ഉണ്ടാക്കുന്നു.

8 Al + 3 Fe3O4 → 9 Fe + 4Al2O3

വളരെയധികം താപം ബഹിര്‍ഗമിപ്പിക്കുന്ന ഒരു പ്രക്രിയയാണിത്. പ്രക്രിയ ആരംഭിച്ച് സു. 30 സെക്കന്‍ഡിനുള്ളില്‍ത്തന്നെ 2760°C വരെ താപം ഉയരുന്നു. വിളക്കേണ്ട ഭാഗങ്ങള്‍ വൃത്തിയാക്കി യഥാസ്ഥാനങ്ങളില്‍ ചേര്‍ത്തുവച്ചശേഷം ഒരു മോള്‍ഡിനുള്ളില്‍ വയ്ക്കുന്നു. ഉച്ചതാപസഹ (refractory) പദാര്‍ഥം കൊണ്ടുണ്ടാക്കിയ പാത്രത്തിനുള്ളിലാണ് തെര്‍മൈറ്റ് സൂക്ഷിക്കുന്നത്. ഇതിലേക്ക് മാങ്ഗനീസ്, നിക്കല്‍ എന്നീ ലോഹങ്ങള്‍ കൂടി ചേര്‍ത്തശേഷമാണ് ചൂടാക്കുന്നത്. ഈ ലോഹങ്ങള്‍ അലോയിയുടെ രൂപീകരണത്തെ ത്വരിപ്പിക്കുന്നു. വളരെ വേഗം തീപിടിക്കുന്ന ഒരു പദാര്‍ഥം (ഫ്യൂസ്) ഉപയോഗിച്ചാണ് വെല്‍ഡന മിശ്രിതം ചൂടാക്കുന്നത്. ചൂടാക്കിയ ഉടനെതന്നെ തെര്‍മൈറ്റ് മിശ്രിതം ഉരുകുന്നു. ഈ ഉരുകിയ മിശ്രിതം നേരത്തെ ചൂടാക്കിവച്ചിരിക്കുന്ന മോള്‍ഡിലേക്ക് ഒഴിക്കുന്നതോടെ വിളക്കിച്ചേര്‍ക്കേണ്ട ഭാഗങ്ങള്‍ തമ്മില്‍ ചേരുകയും നിമിഷത്തിനുള്ളില്‍ വെല്‍ഡന പ്രക്രിയ പൂര്‍ത്തിയാവുകയും ചെയ്യുന്നു. ഇപ്രകാരം ഉണ്ടാക്കുന്ന വെല്‍ഡുകള്‍ ഉറപ്പേറിയതും ഉരുക്കിനുള്ളത്ര ബലവും കാഠിന്യവും ഉള്ളതുമായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍