This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെരുവുനാടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെരുവുനാടകം

തെരുവിനെ അരങ്ങാക്കി ജനബോധനം ലക്ഷ്യം വച്ചുകൊണ്ട് അരങ്ങേറുന്ന നാടകം. നാടകം, നടന്‍, പ്രേക്ഷകന്‍ എന്നീ മൂന്ന് ഘടകങ്ങള്‍ക്ക് തെരുവുനാടകവേദിയിലും വേണ്ടത്ര ബന്ധം ഉണ്ടായിരിക്കും. എന്നാല്‍ അത് അകത്തള നാടകത്തിന്റേതില്‍നിന്ന് വ്യത്യസ്തമായിരിക്കും.

നാടകം കാണാന്‍ തീരുമാനിച്ചെത്തിയവരല്ല തെരുവുനാടകത്തിന്റെ പ്രേക്ഷകര്‍. വഴിയാത്രക്കാരോ കച്ചവടക്കാരോ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്നവരോ വിവിധ കാര്യങ്ങള്‍ക്കായി തെരുവിലൂടെ വന്നു പോകുന്നവരോ ഒക്കെയാണ് തെരുവുനാടകത്തിന്റെ കാണികള്‍. ഇളകിമറിയുന്ന ജനക്കൂട്ടത്തെ തന്റെ ചലനക്രിയകള്‍കൊണ്ടും സ്തോഭപ്രദര്‍ശനം കൊണ്ടും ആകര്‍ഷിക്കാന്‍ നടനു കഴിയണം. അതിനു പാകത്തിലുള്ള സ്ക്രിപ്റ്റുണ്ടാക്കാന്‍ നാടകകാരനും അവരോടു സംവദിക്കാന്‍ പാകത്തിലുള്ള സംവിധാനം നിര്‍വഹിക്കാന്‍ സംവിധായകനും കഴിയണം. ചുരുക്കത്തില്‍, ദൈര്‍ഘ്യം വളരെ കുറഞ്ഞതായിരിക്കണം തെരുവുനാടകം. അഭിനയമാകട്ടെ അത്ര എളുപ്പവുമല്ല. തെരുവുനാടകത്തില്‍ നടന്‍ പ്രേക്ഷകരുമായി ഇടപഴകുകയും പലപ്പോഴും രണ്ടു കൂട്ടരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അര്‍ഥശൂന്യമായിത്തീരുകയും വേണം. ഇക്കാര്യത്തില്‍ അഭിനേതാക്കള്‍ക്ക് കഠിനമായ പരിശ്രമം വേണ്ടിയിരിക്കുന്നുവെന്ന് നാടകദര്‍ശനത്തില്‍ ജി. ശങ്കരപ്പിള്ള വ്യക്തമാക്കിയിട്ടുണ്ട്.

തെരുവിലോ ജനങ്ങള്‍ വന്നും പോയുമിരിക്കുന്ന ഇടങ്ങളിലോ നാടകം അവതരിപ്പിക്കുന്ന സമ്പ്രദായം പണ്ടുമുതല്‍ ഉണ്ടായിരുന്നു. മിസ്റ്ററി നാടകങ്ങള്‍, മിറക്കിള്‍ നാടകങ്ങള്‍, കോമേഡിയാ ദല്ലാര്‍ട്ടോ എന്നീ യൂറോപ്യന്‍ സ്ട്രീറ്റ് നാടകങ്ങള്‍ ഉദാഹരണം. ഇന്ത്യയിലെ തെരുക്കൂത്ത്, വീഥിനാടകം എന്നിവയും ഇക്കൂട്ടത്തില്‍ പ്പെടുന്നു. പല നാടുകളില്‍ നിലവിലുണ്ടായിരുന്ന നാടോടി നാടകവേദികള്‍ തെരുവുനാടകവേദിയുടെ പ്രാഗ്രൂപങ്ങളാണ്.

സമകാലിക തെരുവുനാടകങ്ങളില്‍ മിക്കതും ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയാണ്. വിപ്ലവാനന്തര റഷ്യയിലെ നാടക പ്രവര്‍ത്തകരാണ് അത്തരം തെരുവുനാടകത്തിന്റെ ആദ്യ വക്താക്കള്‍. മിസ്റ്ററി ബൂഫെ, ദ് സ്റ്റോമിങ് ഒഫ് ദ് വിന്റര്‍ പാലസ്, ദ് ഡോണ്‍ മുതലായവ ഈ ഗണത്തില്‍പ്പെടുന്നു. ഗ്രീക്ക് ട്രാജഡിയുടെയും രാഷ്ട്രീയ പൊതുയോഗങ്ങളുടെയും ശൈലികള്‍ സമന്വയിപ്പിച്ചു സൃഷ്ടിച്ച ഉദയം (The Dawn) അവതരിപ്പിച്ചുകൊണ്ടിരിക്കെ പ്രേക്ഷകര്‍ക്കിടയില്‍ ലഘുലേഖ വിതരണവും പോസ്റ്ററുകള്‍ ഒട്ടിക്കലും കൂടി നടത്തി. പ്രേക്ഷകര്‍ക്കിടയില്‍നിന്ന് കയറിവരുന്ന അഭിനേതാക്കള്‍, നാടകത്തിന്റെ ഇടവേളകളില്‍ റഷ്യയിലെ ആഭ്യന്തരകലാപത്തിന്റെ സ്ഥിതിവിവരങ്ങള്‍ അറിയിക്കുന്ന വിളംബരക്കാര്‍ - ഇതൊക്കെ തെരുവുനാടകത്തിന്റെ സ്വഭാവങ്ങളില്‍പ്പെടുന്നു.

തെരുവു നാടകം

തുറസ്സായ അരങ്ങില്‍ ജനകീയമായ അടിയന്തരാവശ്യങ്ങളും ജനകീയ പ്രക്ഷോഭം ലക്ഷ്യമാക്കിയുള്ള ബോധനവും നിറവേറ്റുന്നതിനുവേണ്ടി അവതരിപ്പിക്കുന്നവയാണ് തെരുവുനാടകങ്ങളില്‍ ഏറെയും. അജിറ്റ്-പ്രോപ്പ്, ന്യൂസ് പേപ്പര്‍ തിയെറ്റര്‍, ഗറില്ല തിയെറ്റര്‍, ഇന്‍വിസിബിള്‍ തിയെറ്റര്‍ മുതലായവ ഈ ഗണത്തില്‍പ്പെടുന്നു. ജനങ്ങളെ കാണികളായി കിട്ടാവുന്ന ഏതു പ്രദേശവും 'തെരുവ്' എന്ന പദംകൊണ്ട് കുറിക്കപ്പെടുന്നു.

ഏതെങ്കിലും സംഘത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിട്ടാണ് മിക്ക തെരുവുനാടകങ്ങളും അവതരിപ്പിക്കുന്നത്. അതിനാല്‍ അവയിലെ അഭിനേതാക്കള്‍ അതതിന്റെ പ്രവര്‍ത്തകര്‍തന്നെ ആയിരിക്കും. നടീനടന്മാരുടെ ആത്മാര്‍ഥമായ സാമൂഹിക പ്രതിബദ്ധതയാണ് തെരുവുനാടകത്തെ ചൈതന്യവത്താക്കുന്നത്. തത്സന്ദര്‍ഭത്തിലെ നാടക പ്രമേയത്തിനാണ് പ്രാധാന്യം; നടീ നടന്മാര്‍ക്കല്ല. പ്രമേയപരമായ ആശയവിനിമയമാണ് തെരുവുനാടകം ലക്ഷ്യമാക്കുന്നത്.

അകത്തള നാടകത്തിന്റേതായ രംഗസജ്ജീകരണഭാരമില്ലാത്തതും സാമൂഹിക പ്രതിബദ്ധതയുള്ള അഭിനേതാക്കളുടെ ശരീരഭാഷകൊണ്ടു സാധിക്കുന്നതും ജനകീയ പ്രസ്ഥാനങ്ങളെ പോഷിപ്പിക്കുന്നതുമായ ഒന്നാണ് തെരുവുനാടകം. രംഗജംഗമങ്ങളില്ലാത്ത നാടകവേദി എന്ന അര്‍ഥത്തില്‍ 'വസ്തുരഹിത നാടകവേദി' എന്ന് ടോം തോമസ് (ബ്രിട്ടന്‍) തന്റെ നാടകവേദിക്ക് പേരിട്ടിരിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. സമകാലിക പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ച് അവരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യയിലെ ബാദല്‍ സര്‍ക്കാരിന്റെ 'മൂന്നാം നാടകവേദി'ക്കുള്ളത് (Third Theatre). മനോധര്‍മം പ്രമുഖ ആവിഷ്കാര രീതിയായിട്ടുള്ള ബാദല്‍ നാടകങ്ങള്‍ പാര്‍ക്കുകളിലും വീട്ടുമുറ്റങ്ങളിലുമാണ് അവതരിപ്പിച്ചുപോന്നത്.

കുരിശിന്റെ വഴി, അങ്കക്കോഴികള്‍, സൂക്ഷിക്കുക-ജീവന്‍ വിലയേറിയതാണ്, പടയോട്ടം, ഇന്ത്യനവസ്ഥയുടെ വര്‍ത്തമാനങ്ങള്‍, ഭോപ്പാല്‍ ഭോപ്പാല്‍ മുതലായവ ജനശ്രദ്ധ പിടിച്ചുപറ്റിയ ചില മലയാള തെരുവുനാടകങ്ങളാണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൂട്ടായ്മയുടെ ഫലമായി ഇവിടെ നിരവധി തെരുവുനാടകങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധഃകൃത കോളനിയിലെ കുടിനീര്‍പ്രശ്നം, അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴിലില്ലായ്മ, തൊഴില്‍ സമരത്തിന്റെ ന്യായവിചാരം, പെണ്‍കുട്ടിയോടുള്ള സമൂഹത്തിന്റെ തെറ്റായ മനോഭാവം, കഠിനജോലികള്‍ ചെയ്യേണ്ടിവരുന്ന ബാലികാബാലന്മാരുടെ ദുരിതം, ആദിവാസികള്‍ക്കുമേല്‍ പരിഷ്കൃത സമൂഹം നടത്തുന്ന കൈയേറ്റം, യാത്രാച്ചെലവിലും വിലയിലുമുണ്ടാകുന്ന വര്‍ധനവുകള്‍ ദൈനംദിന ജീവിതത്തിലുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങള്‍, മദ്യപാനത്തിന്റെയോ മയക്കുമരുന്നിന്റെയോ വിപത്തുകള്‍, മാധ്യമങ്ങള്‍ നടത്തുന്ന സംസ്കാരമലിനീകരണം, അന്യായമായ പൊലീസ്മര്‍ദനം, ചേരി നിര്‍മാര്‍ജനവും പുനരധിവാസവും തുടങ്ങിയവയാണ് ഇവയിലെ പ്രമേയങ്ങളെന്ന് കേരളത്തിലെ ബോധന നാടകവേദിയെക്കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കിയ എന്‍.ആര്‍. ഗ്രാമപ്രകാശ് രേഖപ്പെടുത്തുന്നു.

വാചികം, ആംഗികം എന്നീ അഭിനയ രീതികള്‍ക്കാണ് തെരുവുനാടകത്തില്‍ പ്രാധാന്യം. സാത്വികാഭിനയത്തിന് സാധ്യതകള്‍ കുറവാണ്. എന്നാല്‍ ആഹാര്യാംശത്തില്‍ ചില ഉള്‍ക്കൊള്ളലുകള്‍ നടത്തിയിട്ടുണ്ട്. രംഗസാമഗ്രികളോ വേഷഭൂഷാദികളോ അധികം ഉപയോഗിക്കുന്നില്ലെങ്കിലും, പ്രേക്ഷകര്‍ക്ക് അപരിചിതരായ കഥാപാത്രങ്ങളെയോ തിരിച്ചറിയാന്‍ പ്രയാസമുള്ള വസ്തുക്കളെയോ അവതരിപ്പിക്കുമ്പോള്‍ നിര്‍ദേശാത്മകവേഷങ്ങള്‍ ധരിക്കാറുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച നരകം എന്ന നാടകം അവതരിപ്പിക്കുന്നത് ബഫൂണ്‍ എന്ന കഥാപാത്രമാണ്. സര്‍ക്കസ് കോമാളിയുടെ കൂര്‍മ്പന്‍തൊപ്പിയാണ് ആ കഥാപാത്രം ധരിക്കുന്നത്. ബഹുരാഷ്ട്രക്കമ്പനികള്‍ ഔഷധ വിപണിയില്‍ പുലര്‍ത്തുന്ന മേല്ക്കോയ്മ ഈ നാടകത്തില്‍ അനുഭവപ്പെടും. ഈ രംഗത്ത് ഡോക്ടറെ നിയന്ത്രിക്കുന്ന ശക്തികള്‍ കടന്നു വരുന്നത് കാപ്സ്യൂള്‍, ടോണിക്, സിറിഞ്ച് എന്നിവയുടെ കൂറ്റന്‍ 'മാസ്ക്കു'കള്‍ (mask) ധരിച്ചുകൊണ്ടാണ്. ഭോപ്പാല്‍ സംബന്ധിയായ തെരുവുനാടകത്തില്‍, കറുത്ത വേഷത്തില്‍ പൂച്ചയുടെ മുഖാവരണമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കഥപാത്രങ്ങളെ കാണാം. വിഷവാതകദുരന്തത്തിനു കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡിനെ വ്യഞ്ജിപ്പിക്കുന്നുണ്ട് ഈ വേഷങ്ങള്‍. യൂണിയന്‍ കാര്‍ബൈഡിന്റെ ഉത്പന്നമായ എവറെഡി ബാറ്ററിയിലെ ചിത്രമാണ് ഈ വേഷത്തിന് ആധാരം. പ്രതീകാത്മകമായ വേഷവിധാനമുണ്ടാകാമെന്നല്ലാതെ പ്രത്യേകമായ ചമയങ്ങള്‍ തെരുവുനാടകത്തിലുണ്ടാവില്ല. രംഗസാമഗ്രികള്‍ കുറയ്ക്കുക, ചെലവു കുറഞ്ഞ രീതികള്‍ സ്വീകരിക്കുക എന്നിവയാണ് തെരുവുനാടകക്കാരുടെ നയം. കേരളത്തിന്റെ പരമ്പരാഗത നാട്യസമ്പ്രദായങ്ങളിലെ ചില ഘടകങ്ങള്‍ അവര്‍ സ്വീകരിക്കുന്നുണ്ട്. അതതു നടന്മാരുടെ സവിശേഷമായ പെരുമാറ്റങ്ങളിലൂടെയാണ് കഥാപശ്ചാത്തലം, സ്ഥലം, കാലം മുതലായവ നിവേശിപ്പിക്കുന്നത്. ചായക്കട (മാലിന്യം), ചന്ത (പരശുപുരം ചന്ത), യുദ്ധഭൂമി (അശോക ചക്രവര്‍ത്തി), സര്‍ക്കാര്‍ സ്കൂള്‍ (തത്തമ്മേ പൂച്ച പൂച്ച), ധര്‍മാശുപത്രി (നരകം), എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് (ബലിക്കളത്തിലേക്ക്) മുതലായ സ്ഥലങ്ങള്‍ നടന്മാരുടെ പെരുമാറ്റങ്ങളിലൂടെയാണ് കാണികള്‍ മനസ്സിലാക്കുന്നത്. തെരുവില്‍ ചുറ്റും കൂടി നില്ക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തിലുള്ള ഒരു രംഗഭാഷയാണ് തെരുവുനാടകക്കാര്‍ രൂപപ്പെടുത്തുന്നത്.

നാടകം കണ്ണിന്റെ കല എന്ന ഗ്രന്ഥത്തില്‍ ടി.പി. സുകുമാരന്‍ പറയുന്നത് കേരളത്തില്‍ അവതരിപ്പിച്ച തെരുവുനാടകങ്ങള്‍ ഭൂരിപക്ഷവും തെരുവുമൂല നാടകങ്ങള്‍ (street-corner plays) ആയിരുന്നുവെന്നാണ്. അതത് തെരുവിന്റെ സ്വഭാവത്തിനൊത്ത് രംഗഭാഷയില്‍ ചിട്ടപ്പെടുത്തല്‍ നടന്നിട്ടില്ലെന്നതാണ് ഈ അഭിപ്രായം കൊണ്ടുദ്ദേശിക്കുന്നത്. നാടകം അവതരിപ്പിക്കാനുദ്ദേശിച്ചിട്ടുള്ള തെരുവിന്റെ സ്വഭാവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അവിടത്തെ ജീവിതതാളത്തെ നാടകത്തിന്റെ വൈകാരികതാളമാക്കി മാറ്റണം. ജനങ്ങളെ സ്പര്‍ശിക്കുന്ന കാര്യങ്ങള്‍, അവരെ ചിരിപ്പിക്കാനുതകുന്ന വസ്തുതകള്‍, കരയിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന കാര്യങ്ങള്‍ - ഇങ്ങനെ പലതും തെരുവുനാടകക്കാരന്‍ അറിയേണ്ടതുണ്ട്.

സമകാലികമായ തെരുവുനാടകത്തിനും ഭാരതത്തിലെ ദശരൂപകങ്ങളിലൊന്നായ 'വീഥി'ക്കും ബന്ധമുണ്ടെന്ന് ചില സംസ്കൃത പണ്ഡിതന്മാര്‍ പറയാറുണ്ട്. ദശരൂപകത്തില്‍ 'വീഥി'യെക്കുറിച്ച് ഒരു ശ്ളോകമുണ്ട്. അതിന്റെ അര്‍ഥം ഇതാണ്. ഒരങ്കം മാത്രമുള്ളതാണ് വീഥി. ഒരു കഥാപാത്രം മാത്രമായിട്ടും രണ്ടു കഥാപാത്രങ്ങളായും വീഥി അവതരിപ്പിക്കാം. അധമ പ്രകൃതി, മധ്യമ പ്രകൃതി, ഉത്തമ പ്രകൃതി ഇവ മൂന്നും അതില്‍ ഉണ്ടാകണം. എല്ലാ രസങ്ങളും (മുപ്പത്താറു ലക്ഷണങ്ങള്‍) വീഥിയില്‍ വരാം. നിര്‍ദിഷ്ടമായ അംഗങ്ങളും അതിലുണ്ടായിരിക്കണം.

വീഥി എന്ന വാക്കിന് വഴി, ചന്ത, തെരുവ്, മട്ടുപ്പാവ് എന്നെല്ലാം അര്‍ഥമുണ്ട്. എന്നാല്‍ ഈ സ്ഥലങ്ങളെ അവതരണകേന്ദ്രങ്ങളായി നാട്യശാസ്ത്രകാരന്‍ പ്രതിപാദിച്ചിട്ടില്ല. അംഗലക്ഷണങ്ങള്‍ പരിശോധിച്ചാലും 'വീഥി'യില്‍ നിന്നാണ് തെരുവുനാടകമുണ്ടായതെന്ന നിഗമനത്തിലെത്താന്‍ യാതൊരു യുക്തിയും കാണുന്നില്ല. 'വീഥി'ക്ക് തെരുവ് എന്ന അര്‍ഥമുള്ളതാണ് തെറ്റായ ധാരണയ്ക്ക് നിമിത്തമായത്. 'ഇന്നു കാണുന്ന രീതിയിലുള്ള തെരുവുനാടകത്തിന്റെ പാരമ്പര്യം റഷ്യന്‍ സോഷ്യലിസ്റ്റുകളില്‍ നിന്നാണ് ആരംഭിച്ചത്; അത് ഈ നൂറ്റാണ്ടിന്റെ സവിശേഷ സൃഷ്ടിയാകുന്നു' - ഇതാണ് ഇന്ത്യന്‍ തെരുവുനാടക പ്രസ്ഥാനത്തിലെ രക്തസാക്ഷിയായ സഫ്ദര്‍ ഹശ്മിയുടെ വിലയിരുത്തല്‍.

(ദേശമംഗലം രാമകൃഷ്ണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍