This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെരുവുജാലവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെരുവുജാലവിദ്യ

പരമ്പരാഗത നാടോടി ജാലവിദ്യക്കാര്‍ തെരുവുകളിലും മറ്റും അവതരിപ്പിക്കുന്ന ജാലവിദ്യകള്‍. അന്യംനിന്നുപോയേക്കാവുന്ന ഭാരതീയ ഇന്ദ്രജാലപാരമ്പര്യത്തിന്റെ പതാകവാഹകരാണ് ഇതിന്റെ അവതാരകര്‍.

ഉത്തരേന്ത്യന്‍ നഗരപ്രാന്തങ്ങളിലാണ് തെരുവുജാലവിദ്യക്കാരുടെ സാന്നിധ്യം ഏറെയുള്ളത്. ഒരു നേരത്തെ വിശപ്പടക്കാനായി ഇവര്‍ പാതകളുടെ ഓരങ്ങളിലും മേല്‍പ്പാലങ്ങളുടെ കീഴിലും വേദികള്‍ കണ്ടെത്തുന്നു.ജാലവിദ്യയ്ക്ക് അവശ്യം വേണ്ടുന്ന മേലാടകളും തലപ്പാവും പാദുകങ്ങളും സ്വയം തുന്നിയും നിര്‍മിച്ചും ഉപയോഗിക്കുകയാണ് ഇവരുടെ ശീലം. ദശാബ്ദങ്ങളിലൂടെ പകര്‍ന്നുകിട്ടിയ ഇന്ദ്രജാലവൈഭവമാണ് ഇവരുടെ നിലനില്പിന് ആധാരം. അച്ഛനോ അപ്പൂപ്പനോ ഉപയോഗിച്ചിരുന്നതും പഴകിയതുമായ മാന്ത്രികദണ്ഡുകള്‍, ഉപകരണങ്ങള്‍, തലപ്പാവ്, കിന്നരികള്‍, മാല എന്നിവയെല്ലാം അണിയുന്നത് അഭിമാനകരമായി കരുതുന്നവരാണ് തെരുവുജാലവിദ്യക്കാരില്‍ പലരും.

ഇന്ത്യന്‍ ബാസ്ക്കറ്റ് മാജിക് അവതരണം-ഒരു ദൃശ്യം

മാജിക് ചെയ്യുമ്പോള്‍ ചുറ്റും കൂടിനില്ക്കുന്ന ആളുകളുടെ എണ്ണമോ ഗുണമോ ഇവര്‍ക്കു ബാധകമല്ല. വായ്ത്താരി, ഓടക്കുഴല്‍, മകുടി എന്നിവയുടെ സന്ദര്‍ഭോചിതമായ ഉപയോഗത്തിലൂടെ കാഴ്ചക്കാരുടെ തലയെണ്ണം കൂട്ടാനുള്ള കുശലത ഇവരോളമുള്ളവര്‍ ചുരുങ്ങും. നാടന്‍പാട്ടുകള്‍, ആംഗ്യങ്ങള്‍, തമാശകള്‍, ദ്വയാര്‍ഥപ്രയോഗങ്ങള്‍, സരസനിരീക്ഷണങ്ങള്‍ എന്നിവയിലൂടെ കണ്ടുനില്ക്കുന്നവരുടെ കണ്ണുകളെ മാത്രമല്ല ബോധമണ്ഡലത്തെയും ഇവര്‍ കെട്ടിക്കളയും. ശബ്ദവെളിച്ച സംവിധാനങ്ങളുടെയോ കര്‍ട്ടനുകളുടെയോ സങ്കീര്‍ണങ്ങളായ ഉപകരണങ്ങളുടെയോ സഹായം ഉപയോഗപ്പെടുത്താതെ തന്നെ ജാലവിദ്യ കാഴ്ചക്കാര്‍ക്ക് ആകര്‍ഷകമാകുന്നു. കരവിരുതാണ് മാന്ത്രികന്റെ മുതല്‍ക്കൂട്ട്; സ്വന്തം വായ്ത്താരിയും കാഴ്ചക്കാരന്റെ കൈയടിയും സംഗീതവും.

പ്രതിഭ വിളങ്ങുന്ന ഇവരുടെ പ്രകടനങ്ങളെല്ലാം അസാധാരണങ്ങളായ അദ്ഭുതവിദ്യകളാല്‍ സമൃദ്ധമാണ്. ഇന്ത്യന്‍ വടാരോഹണ വിദ്യ, ഗ്രീന്‍ മാംഗോ ട്രീ ട്രിക്ക്, ഇന്ത്യന്‍ ബാസ്കറ്റ് തുടങ്ങിയവയാണ് പരമ്പരാഗത തെരുവുജാലവിദ്യകളില്‍ മുഖ്യം. അഗ്നിയെ ആഹരിച്ചും വായില്‍നിന്ന് വിഷസര്‍പ്പങ്ങളെയും ക്ഷുദ്രജീവികളെയും പുറത്തെടുത്തും കാഴ്ചക്കാരെ അദ്ഭുതപരതന്ത്രരാക്കാന്‍ തെരുവുമാന്ത്രികര്‍ക്ക് നിഷ്പ്രയാസം സാധിക്കും. അഗ്നിയില്‍ക്കൂടി അനായാസം നടക്കുക, ആണിമേല്‍ ശയിക്കുക തുടങ്ങിയവയെല്ലാം ഇക്കൂട്ടരുടെ പ്രിയപ്പെട്ട വിദ്യകളാണ്.

ഇന്ത്യന്‍ വടാരോഹണ വിദ്യ. (Indian Rope Trick) ചുരുട്ടിയിട്ട കയറും വരിഞ്ഞുണ്ടാക്കിയ കൂടയും ഉപയോഗിച്ചു കാട്ടുന്ന ഈ വിദ്യയ്ക്കുതന്നെയാണ് പരമ്പരാഗത ഇന്ത്യന്‍ തെരുവുജാലവിദ്യകളില്‍ പരമോന്നത സ്ഥാനം. ബോധിസത്വന്റെയും ശങ്കരാചാര്യരുടെയും കാലത്തോളം പഴക്കം ഈ വടാരോഹണവിദ്യയ്ക്കുണ്ട്. നിമിഷംകൊണ്ട് മണ്ണില്‍ മുളച്ചുവലുതായ മാവിന്റെ കൊമ്പിലേക്ക് എറിഞ്ഞ കയറിലൂടെ കയറിപ്പോയി അപ്രത്യക്ഷനായ മാന്ത്രികനെക്കുറിച്ച് ഫതാക്കയെന്ന ബുദ്ധപുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. അന്തരീക്ഷത്തിലേക്കെറിഞ്ഞ കയറില്‍ പിടിച്ചുകയറി മേലേക്കുപോയ ഒരു മായാവിക്ക് അംഗഛേദം സംഭവിച്ചതും പിന്നീട് കൂടിച്ചേര്‍ന്നതും കണ്ടത് ശങ്കരാചാര്യരും വിവരിക്കുന്നുണ്ട്.

വായില്‍നിന്ന് വിഷപ്പാമ്പിനെ പുറത്തെടുക്കുന്ന ജാലവിദ്യ

14-ാം ശ.-ത്തില്‍ ലോകപര്യടനം നടത്തിയ ഇബ്നു ബത്തൂത്ത ചൈനയിലെ ഹാങ്ഷുവിലെ ഖാന്‍ പ്രഭുവിന്റെ വേനല്ക്കാല വസതിയില്‍ കണ്ട ഈ മാസ്മരവിദ്യയെക്കുറിച്ച് തന്റെ യാത്രാവിവരണത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. സമാനമായ നിരവധി വിശദീകരണങ്ങള്‍ ഈ അദ്ഭുതാവതരണത്തെക്കുറിച്ച് പിന്നീടുണ്ടായി. 17-ാം ശ.-ത്തില്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ ഏഴ് ബംഗാളി മാന്ത്രികര്‍ മാജിക്ക് അവതരിപ്പിച്ചപ്പോള്‍ മനുഷ്യനു പകരം പന്നി, പുലി, കടുവ, സിംഹം എന്നീ വന്യജീവികളായിരുന്നു കയറിലൂടെ മേലേക്കു കയറിയത്. 19-ാം ശ. ആയപ്പോള്‍ ഭാരതത്തിലും യൂറോപ്പിലും ഈ അഭൗമകാഴ്ചയുടെ നിരവധി ഭാവാത്മകവ്യാഖ്യാനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. വടക്കുകിഴക്കന്‍ ഫ്രോണ്ടിയര്‍ പ്രവിശ്യയുടെ ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന സര്‍ റാല്‍ഫ് പിയേഴ്സണ്‍, ക്യാപ്റ്റന്‍ ഹോംസ് തുടങ്ങിയ മാന്യവ്യക്തികള്‍കൂടി ഈ വിദ്യ കണ്ടതായി വിവരിച്ചതോടെ ഇന്ത്യന്‍ വടാരോഹണവിദ്യ വിശ്വവിഖ്യാതിയിലേക്കുയര്‍ന്നു.

പൂര്‍ണതോതിലുള്ള അവതരണം ആധുനിക മാജിക്കിന് അപ്രാപ്യമാണെങ്കിലും ഇന്നും ഇന്ത്യന്‍ വിസ്മയവിഹായസ്സിലെ സൂര്യതേജസ്സാണ് ഒരു കയറും കൂടയും മകുടിയുംകൊണ്ടു കാട്ടുന്ന ഈ വിദ്യ.

മാങ്ങയണ്ടിയെ മുളപ്പിക്കുന്ന വിദ്യ (Green Mango Tree). കണ്‍മുന്നിലെ മണ്ണു കുഴിച്ച് മാങ്ങയണ്ടി അതിനുള്ളില്‍ നിക്ഷേപിച്ച് കുഴി മണ്ണിട്ടു മൂടിയശേഷം അവിടെ ഒരു കൂട കമഴ്ത്തിവച്ചുകൊണ്ട് മാന്ത്രികന്‍ അംഗവിക്ഷേപങ്ങള്‍ കാട്ടി ആ വിത്തിനെ മുളപ്പിക്കുന്ന വിദ്യയാണ് ഇത്. കൂടയെടുത്തു മാറ്റുമ്പോള്‍ അവിടെ കാണുന്നത് തഴച്ചുവളര്‍ന്ന് നിറയെ ഇലകളും കായ്കളുമുള്ള ഒരു ചെറിയ മാവ് ആണ്. മാങ്കൊമ്പില്‍നിന്നു മാങ്ങ അടര്‍ത്തി കാഴ്ച്ചക്കാര്‍ക്ക് തിന്നാന്‍ കൊടുക്കുമ്പോള്‍ മാന്ത്രികന്‍ ചില തമാശകളും പറയുന്നു.

പ്രമുഖ ജാപ്പനീസ് ഗവേഷകയും ഗ്രന്ഥകാരിയുമായ മാമി യമാദ വീല്‍സ് ഒഫ് ഡെസ്റ്റിനി എന്ന തന്റെ ഗ്രന്ഥത്തില്‍ ഗ്രീന്‍ മാംഗോ ട്രിക്കിനെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇതര ലോകഭാഷകളില്‍ ഈ ഗ്രന്ഥം ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

കൂടയ്ക്കുള്ളില്‍ കുട്ടിയെ കാണാതാക്കുന്നത് (Indian Basket). അലൗകികമായ അനുഭൂതി കാഴ്ചക്കാരന് സമ്മാനിക്കുന്നതാണ് 'ഇന്ത്യന്‍ ബാസ്കറ്റ്' എന്ന് പ്രചുരപ്രചാരം നേടിയ ഈ വിദ്യ. ഈറക്കമ്പുകള്‍ വളച്ചുകെട്ടി ഒരു കൂടയുണ്ടാക്കുന്നു. ചുറ്റും തുണി വലിച്ചുകെട്ടി വിടവുകള്‍ ഇല്ലാതാക്കും. ഒരു കൊച്ചു കുട്ടിക്ക് കഷ്ടിച്ച് ഇരിക്കാന്‍ പാകത്തിലുള്ള ദുര്‍ബലമായൊരു കൂടയാണിത്. സഹായിയായ ആണ്‍കുട്ടിയെ മന്ത്രം ചൊല്ലി മയക്കി കൂടയ്ക്കുള്ളിലാക്കുന്നു. കൂടയ്ക്കുമേല്‍ ഒരു ചുവന്ന പട്ട് വിരിക്കും. പൊടുന്നനെ മാന്ത്രികന്‍ തുണിക്കു മീതെ ചവിട്ടി കൂടയ്ക്കുള്ളില്‍ കയറുന്നു. ഒരു കുട്ടിക്ക് നേരെ ഇരിക്കാന്‍ സൌകര്യമില്ലാത്ത കൂടയില്‍ അയാള്‍ കുത്തിയിരിക്കും. കൂടയില്‍ അപ്പോള്‍ കുട്ടിയെ കാണാനാവുന്നില്ല. തുടര്‍ന്ന് കൂടയില്‍നിന്നു പുറത്തേക്കു ചുവടുവയ്ക്കുന്ന മാന്ത്രികന്‍ മകുടിയൂതുമ്പോള്‍ തുണിയിളകുകയും ഒരു ഉഗ്രന്‍ മൂര്‍ഖന്‍ പത്തിവിടര്‍ത്തി പുറത്തേക്കു വരികയും ചെയ്യും. ഉള്ളില്‍ കയറിയ കുട്ടി വിഷസര്‍പ്പമായതുകണ്ട് ആളുകള്‍ അന്ധാളിക്കുമ്പോള്‍ മാന്ത്രികന്‍ തുണി വലിച്ചുമാറ്റുന്നു. അപ്പോള്‍ പാമ്പിനു പകരം പുറത്തേക്കു വരുന്നത് കുട്ടിയായിരിക്കും.

അപാരമായ വൈദഗ്ധ്യത്തിന് ഉടമകളായ വഴിയോര മാന്ത്രികരെ തെരുവിലെ പരാധീനതകളില്‍നിന്ന് അംഗീകാരത്തിന്റെ വേദിയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ മാജിക് അക്കാദമി. കേരളപ്പിറവിയുടെ സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തെരുവുമാന്ത്രികരെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് 2005 ഡി. 10, 11 തീയതികളില്‍ രാജ്യത്താദ്യമായി തെരുവു മാന്ത്രികരുടെ മേളയും മത്സരവും ഈ അക്കാദമി സംഘടിപ്പിച്ചു. ആധുനികവത്കരണവും വേഗതയും നഗരങ്ങളുടെ മുഖഛായ മാറ്റുമ്പോള്‍ തെരുവുമാന്ത്രികര്‍ അനിശ്ചിതത്വത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.

(ഗോപിനാഥ് മുതുകാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍